മറവിയെ എങ്ങനെ അതിജീവിക്കാം?

HIGHLIGHTS
  • എന്താണു മറവി കൂടാനുള്ള കാരണം?
exam-study
SHARE

പി.ഭാസ്കരൻ മാസ്റ്ററുടെ പ്രശസ്തമായ കവിതയാണ് ‘ഓർക്കുക വല്ലപ്പോഴും’. 

‘ഓർക്കുക വല്ലപ്പോഴും പണ്ടത്തെക്കാടും മേടും 

പൂക്കാലം വിതാനിക്കുമാ കുന്നിൻപുറങ്ങളും...’ 

എന്നിങ്ങനെ പോകുന്നു അതിലെ വരികൾ. 

ഒരു കുഞ്ഞുകഥ കേട്ടിട്ടുണ്ട്. ഒരു രാത്രിയിൽ ശിഷ്യൻ ഗുരുകുലത്തിൽനിന്നു യാത്രയാവുകയായിരുന്നു. ആ ഇരുട്ടിൽ ഗുരു അവന്റെ കയ്യിൽ ഒരു വിളക്കു കൊടുത്തു. കുസൃതിയായി ശിഷ്യൻ ചോദിച്ചു: ‘ഈ വെളിച്ചം എവിടെനിന്നാണു വരുന്നത്?’ ഗുരു ഉടനെ ആ വിളക്ക് ഊതിക്കെടുത്തിക്കൊണ്ട് തിരിച്ചു ചോദിച്ചു: ‘അങ്ങനെയെങ്കിൽ ഈ വെളിച്ചം ഇപ്പോൾ എങ്ങോട്ടാണു പോയത്?’ 

വെളിച്ചവും ഇരുട്ടും സൃഷ്ടിക്കപ്പെടുന്നത് ഒരു തിരിത്തുമ്പിലാണെന്നു പറയുംപോലെ, ഓർമകൾ സൃഷ്ടിക്കപ്പെടുന്നതും അതിനെ മായ്ച്ചുകളയുന്നതും നമ്മുടെ തലച്ചോറിൽ അഥവാ മനസ്സിൽ തന്നെയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഓർമ ഒരു പുസ്തകമാണ്. തലച്ചോർ അടുക്കിയടുക്കി എഴുതിവയ്ക്കുന്ന ഒരു വലിയ സംഭരണി. കണക്കില്ലാത്തത്രയും ഓർമകൾ ശേഖരിച്ചുവയ്ക്കാൻ ശേഷിയുള്ളൊരു ജൈവ കംപ്യൂട്ടറാണു നമ്മുടെയൊക്കെ മനസ്സ്. 

ഓർമശേഷി ഏറ്റവും കൂടുതൽ വികസിപ്പിക്കേണ്ടവരാണു തൊഴിൽ വീഥിയുടെയും കോംപറ്റീഷൻ വിന്നറിന്റെയും പ്രധാന വായനക്കാരായ ഉദ്യോഗാർഥികൾ. ജോലി നേടാനുള്ള വഴിയിൽ മാത്രമല്ല, ജീവിതത്തിൽ മിക്കപ്പോഴും നമ്മൾ പതിവായി പറയുന്നൊരു വാചകമുണ്ട്: ‘അയ്യോ, സോറി ഞാനതു മറന്നുപോയി കേട്ടോ’. 

എന്താണു മറവി കൂടാനുള്ള കാരണം? ചുറ്റുപാടും നടക്കുന്ന പല കാര്യങ്ങളും നമ്മൾ കാണുന്നുണ്ട്, കേൾക്കുന്നുണ്ട്, അറിയുന്നുണ്ട്. പക്ഷേ, ശ്രദ്ധിക്കുന്നില്ല. കണ്ണുകൾ തുറന്നിരിക്കുന്നു എന്നതുകൊണ്ട് നമ്മൾ ഉണർച്ചയിലാണെന്നു പറയാൻ പറ്റില്ല. ഓരോ നിമിഷവും നമുക്കു ചുറ്റും സംഭവിക്കുന്നതും നമ്മൾ ചെയ്യുന്നതും പൂർണമനസ്സോടെയും അതീവശ്രദ്ധയോടെയും ചെയ്യുന്ന അവസ്ഥയാണ് ഉണർച്ച. ആ പൂർണത ആധുനികലോകത്ത് നമുക്കും നമ്മുടെ കുട്ടികൾക്കും വല്ലാതെ നഷ്ടപ്പെടുന്നുണ്ട്. 

നമ്മുടെയൊക്കെ മൊബൈൽ ഫോണിൽ എത്രയോ കോണ്ടാക്ട് നമ്പറുകളുണ്ടാവും. പക്ഷേ, എത്ര നമ്പറുകൾ നമ്മുടെ ഓർമയിലുണ്ട്. ഒരുപക്ഷേ, ഏറ്റവും അടുത്ത കുടുംബാംഗങ്ങളുടെ നമ്പറുകൾ പോലും ഓർമയിലുണ്ടാവില്ല. പേരിനനുസൃതമായി ഫോൺ നമ്പർ തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്തം സാങ്കേതികവിദ്യയെ നമ്മൾ ഏൽപിക്കുകയാണു ചെയ്യുന്നത്. അവിടെ തലച്ചോർ വിശ്രമിക്കുകയാണ്. 

വായനാശീലം കുറയുന്നതും ഏകാഗ്രതയോടെ കാര്യങ്ങൾ ചെയ്യാൻ മനസ്സിനെ പരുവപ്പെടുത്താതുമൊക്കെ മറവിക്കു കാരണമാകുന്നുണ്ടെന്നു ശാസ്ത്രം പറയുന്നു. മറവി ഒരു രോഗം തന്നെയായി വളരുകയുമാണ്. രോഗം ആർക്കും വരാം. പക്ഷേ, ഓർമയുടെ പുസ്തകത്താളുകൾ സ്വയം മറിച്ചുനോക്കാതെ തലച്ചോറിനെ വിശ്രമിക്കാൻ വിടരുതെന്ന ചിന്ത എപ്പോഴുമുണ്ടായാൽ ഏതു ജീവിതപരീക്ഷയിലും അതൊരു നല്ല കൂട്ടുകാരനായിരിക്കും, തീർച്ച. 

English Summary: Magic Lamp Podcast By Gopinath Muthukad

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA