ADVERTISEMENT

പഠനം ഓൺലൈനിലേക്കു ചുവടുമാറിയ കോവിഡ് കാലത്ത് ക്യാംപസ് പ്ലേസ്മെന്റുകൾ എങ്ങനെയായിരിക്കും ? കേരളത്തിലെ ക്യാംപസുകളിൽ കഴിഞ്ഞ അധ്യയനവർഷം ക്യാംപസ് റിക്രൂട്മെന്റുകളിൽ വലിയ കുറവുണ്ടായിരുന്നില്ല. എന്നാൽ, ആ പ്ലേസ്മെന്റുകളിൽ ഏറെയും കോവിഡ് വ്യാപനത്തിനു മുൻപായിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ റിക്രൂട്മെന്റ് ഡ്രൈവുകൾ മിക്ക കോളജുകളിലും റദ്ദായിപ്പോയി. എങ്കിലും അക്കാദമിക് വർഷം നീണ്ടതോടെ കുറെ കമ്പനികൾ വെർച്വലായി റിക്രൂട്മെന്റ് നടത്തി. എന്നാൽ, പ്ലേസ്മെന്റ് ലഭിച്ച എല്ലാവരും ജോലിക്കു ചേർന്നിട്ടുമില്ല. സോഫ്റ്റ്‌വെയർ കമ്പനികളിൽ വെർച്വലായി ജോലിയിൽ പ്രവേശിച്ചെങ്കിലും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ മേഖലകളിലെ കമ്പനികളിൽ പ്ലേസ്മെന്റ് കിട്ടിയ മിക്കവർക്കും ഇപ്പോഴും ജോലിയിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. സ്ഥിതി മെച്ചപ്പെടുന്നതു കാത്തിരിക്കുകയാണ് ഇവർ.

ഈ വർഷമോ ?

കഴിഞ്ഞ വർഷത്തെ പ്ലേസ്മെന്റ് ഡ്രൈവിന്റെ അവസാനഘട്ടത്തിലെ സാഹചര്യമാണ് ഇപ്പോഴുള്ളത്. സോഫ്റ്റ്‌വെയർ കമ്പനികൾ ക്യാംപസുകളെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്. ഓൺലൈനായാണ് നടപടികൾ. എന്നാൽ, മുൻവർഷങ്ങളിലെ അത്രയും പ്ലേസ്മെന്റുകൾക്ക് ഇത്തവണ കമ്പനികൾ തയാറാകുമോ എന്നു സംശയമാണ്.

 

ഐടി ഇതര വ്യവസായ കമ്പനികൾ വൈകി മാത്രമേ ക്യാംപസുകളിലെത്തൂ. കഴിഞ്ഞ വർഷം തിരഞ്ഞെടുത്തവർക്കു തന്നെ ജോലിയിൽ പ്രവേശിക്കാനായിട്ടില്ലെന്നതാണു കാരണം. ബാങ്കിങ് ഉൾപ്പെടെയുള്ള ധനകാര്യ മേഖലയിൽ ഇത്തവണ പ്ലേസ്മെന്റ് കുറഞ്ഞേക്കും. ചുരുക്കത്തിൽ ഈ വർഷം പ്ലേസ്മെന്റുകളിൽ 30 % വരെ കുറവുണ്ടാകുമെന്നു കരുതപ്പെടുന്നു.

 

മാറിച്ചിന്തിക്കാം

പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ വിദ്യാർഥികൾ തയാറെടുക്കേണ്ടതുണ്ട്. ആഗ്രഹിക്കുന്ന മേഖലയിലെ കമ്പനികളിൽ ജോലി ലഭിക്കണമെന്നില്ല.

എവിടെയാണ് സാധ്യത കൂടുതലെന്നു മനസ്സിലാക്കി അതിനനുസരിച്ചുള്ള തയാറെടുപ്പാണു നടത്തേണ്ടത്. ഉദാഹരണത്തിന് ഐടി മേഖലയിലെ ജോലികൾക്കായി കോഡിങ് ഉൾപ്പെടെയുള്ളവ പഠിക്കാം. ഹാക്കർ എർത്ത് പോലുള്ള ഓപ്പൺ കോഡിങ് പ്ലാറ്റ്ഫോമുകൾ അതിനായി പ്രയോജനപ്പെടുത്താം. ഹെൽത്ത്കെയർ, എജ്യുടെക് കമ്പനികളിലേക്ക് ഇത്തവണ കൂടുതൽ റിക്രൂട്മെന്റിനു സാധ്യതയുണ്ട്. ഈ മേഖലകളിലെ ഭാവിസാധ്യതകളും സാങ്കേതിക മുന്നേറ്റങ്ങളും പ്രധാന കമ്പനികളുടെ പ്രവർത്തനരീതികളും അറിഞ്ഞുവയ്ക്കണം.

 

sameer

ഇവ ശ്രദ്ധിക്കുക

ഓഫർ എത്ര എന്നതിനെക്കാൾ പ്രധാനമാണു കമ്പനികളുടെ പശ്ചാത്തലം. മികച്ച കമ്പനികൾക്കു പോലും കോവിഡിന്റെ വെല്ലുവിളികൾക്കിടെ കഴിഞ്ഞ വർഷം പ്ലേസ്മെന്റ് ഓഫർ പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. മുൻവർഷ വിദ്യാർഥികളോട് ഇത്തരം കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം.

നിങ്ങളുടെ പഠനമേഖലയിലെ ശ്രദ്ധേയ കമ്പനികൾ കോവിഡ് കാലത്തെ നേരിട്ടതെങ്ങനെ എന്നു സുഹൃത്തുക്കളും ബന്ധുക്കളും വഴിയും ഓൺലൈൻ ഫോറങ്ങൾ വഴിയും അന്വേഷിക്കുന്നതും നല്ലതാണ്.

 

ഇക്കുറി കമ്പനികൾ ഓഫർ ചെയ്യുന്ന പാക്കേജ് കുറവായിരിക്കാം. വേറെ അവസരം പ്രതീക്ഷിച്ച് അത്തരം കമ്പനികളിലേക്ക് അപേക്ഷിക്കാതിരിക്കരുത്. കോവി‍ഡ് കാലത്ത് ക്യാംപസിൽ നിന്നു തന്നെ ജോലി നേടുന്നതാണ് എളുപ്പം. ഇന്റേൺഷിപ്പിനുള്ള അവസരങ്ങളും നഷ്ടമാക്കരുത്. സ്റ്റൈപ്പൻഡ് ലഭിച്ചില്ലെങ്കിലും ചേരണം.

 

ഡോ. എസ്.എം. സമീർ,

ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് സെൽ മേധാവി,

എൻഐടി കോഴിക്കോട്

English Summary: Campus Placement During Covid 19 Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com