ജീവിതത്തിൽ വിജയിക്കണോ? അറിയണം ഈ 6 കാര്യങ്ങൾ

HIGHLIGHTS
  • വിവേചനബുദ്ധികൊണ്ട് തെറ്റും ശരിയും തിരിച്ചറിയണം
Happy
SHARE

‘ഒന്നുകൊണ്ടറിയേണം രണ്ടിന്റെ ബലാബലം 

പിന്നെ മൂന്നിനെ നാലാൽ വശത്തു വരുത്തണം

അഞ്ചിനെജ്ജയിച്ചുള്ളിലാറിനെയറിഞ്ഞിട്ടു

വഞ്ചനാദികളെല്ലാമറിഞ്ഞു വഴിപോലെ

ഏഴിനെയുപേക്ഷിച്ചു സൗഖ്യത്തെ ലഭിക്കണം…’

ഇത് കടങ്കഥയാണെന്നു തോന്നുന്നോ? അല്ലേ അല്ല. വിവേകത്തിന്റെ പര്യായമായ വിദുരർ ധൃതരാഷ്ട്രർക്കു നല്കുന്ന ഉപദേശമാണിത്. എഴുത്തച്ഛന്റെ മഹാഭാരതം ഉദ്യോഗപർവത്തിലെ വരികൾ. മനസ്സു വെന്തുരുകുന്നതിനാൽ ഉറക്കം വരാത്ത ധൃതരാഷ്ട്രമഹാരാജാവ് സമാധാനത്തിനായി നല്ലവാക്കു പറഞ്ഞുകേൾപ്പിക്കാൻ അർദ്ധസഹോദരനായ വിദുരരോട് ആവശ്യപ്പെട്ടു. നല്ല ഭരണാധികാരി എങ്ങനെയാവണമെന്ന് സൂചിപ്പിക്കുന്ന വരികളാണ് മേൽക്കാണുന്നത്.

ഭരണാധികാരികൾക്കു മാത്രമല്ല, നമ്മെപ്പോലുള്ള സാധാരണക്കാർക്കും പ്രയോജനകരമായ പലതും ഈ സന്ദേശത്തിലുണ്ട്. പക്ഷേ ഇതിലെ ഒന്നും രണ്ടും മറ്റുമെന്തെന്ന് അറിയണം ഒന്ന്: വിവേചനബുദ്ധി. രണ്ട്: തെറ്റും ശരിയും. മൂന്ന്: ‌സുഹൃത്ത്, നിഷ്പക്ഷൻ, ശത്രു. നാല്: ചതുരുപായങ്ങൾ (സാമം, ദാനം, ഭേദം, ദണ്ഡം). അഞ്ച് : പഞ്ചേന്ദ്രിയങ്ങൾ (കണ്ണ്, നാക്ക്, ത്വക്ക്, മൂക്ക്, ചെവി). ആറ്: സഖ്യം, ഉടമ്പടി, യുദ്ധം മുതലായ തന്ത്രങ്ങൾ. ഏഴ്: ചൂതുകളി, നായാട്ട്, പരുഷവാക്ക്, മദ്യപാനം, കൊടുംശിക്ഷ, ദുർവ്യയം മുതലായ തിന്മകൾ.

സാരമിങ്ങനെ. വിവേചനബുദ്ധികൊണ്ട് തെറ്റും ശരിയും തിരിച്ചറിയണം. സാമം, ദാനം, ഭേദം, ദണ്ഡം എന്നിവ ഓരോരുത്തരോടും വേണ്ടവിധം പ്രയോഗിച്ച് ‌സുഹൃത്ത്, അപരിചിതൻ, ശത്രു എന്നിവരെയെല്ലാം വശത്താക്കണം. കണ്ടും കേട്ടും രുചിച്ചും മറ്റുമുള്ള സുഖങ്ങളിൽ മതിമറക്കാതെ, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കണം. സഖ്യവും യുദ്ധമടക്കമുള്ള നടപടികൾ നന്നായി പഠിച്ചു മനസ്സിലാക്കണം. വിവിധതിന്മകളെ ഒഴിവാക്കുകയും വേണം. ആധുനിക രാഷ്ട്രതന്ത്രത്തിലും ജീവിതത്തിലും പ്രയോഗിക്കാവുന്ന കാര്യങ്ങൾ.

നിമിഷകവി കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ വ്യാസഭാരതം നേർതർജ്ജമയിൽ ഇതേ കാര്യം കാണുക. തീരെച്ചുരുക്കിയും എഴുതാമെന്നതിനു വേദവ്യാസന്റെ മാതൃക.

ഒന്നിനാൽ രണ്ടുറച്ചിട്ട്

നാലാലേ മൂന്നടക്ക നീ

അഞ്ചു വെന്നിട്ടാററിഞ്ഞ്

ഏഴു വിട്ടു സുഖിക്കുക

ജീവിതവിജയത്തിനുതകുന്ന മറ്റു പല ആശയങ്ങളും വിദുരവാക്യത്തിലുണ്ട്. ചിലതിങ്ങനെ:

അന്യരുടെ സ്വത്ത് ആഗ്രഹിക്കുന്നവന് ഉറക്കമില്ല. വിവേകമുള്ളയാൾ ധർമ്മം പാലിക്കും. കോപം, ആഹ്ലാദം, അഹങ്കാരം, കപടവിനയം എന്നിവ നമ്മെ ധർമ്മത്തിൽ നിന്നകറ്റരുത്. സ്വന്തം കരുനീക്കങ്ങൾ ശത്രുവിനെ മുൻകൂട്ടി അറിയിക്കരുത്. സ്നേഹബന്ധങ്ങൾ, കാലാവസ്ഥയിലെ ചൂട്, തണുപ്പ് മുതലായവ കൃത്യനിർവഹണത്തിനു തടസ്സമാകരുത്. ഒന്നും നിസ്സാരമായി കരുതരുത്.

ക്ഷമയോടെ‌ കേൾക്കുക, കാര്യങ്ങൾ വേഗം മനസ്സിലാക്കുക, ആവശ്യപ്പെട്ടാൽ മാത്രം അന്യരുടെ കാര്യങ്ങളിൽ ഇടപെടുക, കിട്ടാക്കനിക്കായി ശ്രമിക്കാതിരിക്കുക, നഷ്ടപ്പെട്ടതോർത്ത് ദുഃഖിക്കാതിരിക്കുക, തുടങ്ങിയകാര്യം  പൂർത്തിയാകുംവരെ പ്രയത്നിക്കുക എന്നിവ വിവേകികളുടെ ലക്ഷണം. സദ്കർമ്മങ്ങളിൽ ആഹ്ലാദിക്കുക, സന്തോഷവും ഐശ്വര്യവും നല്കുന്നവ ചെയ്യുക. നന്മയെ പരിഹസിക്കാതിരിക്കുക.

ബഹുമാനിക്കപ്പെട്ടാൽ അത്യാഹ്ലാദമോ അപമാനിക്കപ്പെട്ടാൽ കൊടിയ ദുഃഖമോ കൂടാതെ, ശാന്തമായ ജലാശയത്തെപ്പോലെയായിരിക്കുക. സമസ്തജീവികൾക്കും നാശമുണ്ടെന്നും, മനുഷ്യർ പല തരത്തിലും പെരുമാറുമെന്നും ഓർമ്മ വേണം. 

വിവിധവിഷയങ്ങളെപ്പറ്റി ധീരമായി സംസാരിക്കാനും, ഗ്രന്ഥങ്ങളിലെ സങ്കീർണാശയങ്ങൾവരെ വ്യാഖ്യാനിക്കാനും ആവശ്യമായ പ്രതിഭ പണ്ഡിതന്മാർക്കുണ്ടായിരിക്കും. നന്മ നിറഞ്ഞവരെ അവർ  ബഹുമാനിക്കും. ഏറെ സമ്പത്ത് ആർജ്ജിച്ചാലും വിനയംവിടില്ല. അത്യാഹിതങ്ങളെപ്പോലും ശ്രേഷ്ഠവ്യക്തികൾ സമചിത്തതയോടെ നേരിടും. വിവിധരാജ്യങ്ങളിലെ സംസ്കാരവും ഭാഷയും പഠിക്കുന്നവർക്ക് ഉന്നതിയുണ്ടാകും.

ഇവയ്ക്കെല്ലാം വിപരീതമാണ് മൂഢന്മാർ. വിവരമില്ലാത്ത അഹങ്കാരികൾ സമ്പാദിക്കാൻ ഹീനമാർഗങ്ങൾ സ്വീകരിക്കും. അന്യരുടെ സ്വത്ത് തട്ടിയെടുക്കും. കൂട്ടുകാരെയും ചതിക്കും. മിത്രത്തെ ശത്രുവായും,  ശത്രുവിനെ മിത്രമായും കരുതും. ദുഷ്കൃത്യങ്ങൾ ചെയ്യും. ചെറുകാര്യങ്ങൾ പോലും ചെയ്യാൻ ദീർഘകാലമെടുക്കും. ഏതിനെയും വെറുതേ സംശയിക്കും.  ക്ഷണിക്കാത്തിടത്തു ചെന്ന് ആവശ്യപ്പെടാതെതന്നെ നീട്ടിനീട്ടി സംസാരിക്കും. കുറ്റം ചെയ്തിട്ട് അത് അന്യരിൽ ചാർത്തും. സ്വന്തം ശക്തിദൗർബല്യങ്ങൾ വിലയിരുത്താതെ, നേടാനാവാത്തതിനായി വെറുതേ ശ്രമിക്കും. നിർദ്ദോഷികളെ ശിക്ഷിക്കും. ഒന്നിനുംകൊള്ളാത്തവരെ ആരാധിക്കും. പിശുക്കരെ ആശ്രയിക്കും.

വലിയ വീടും വില കൂടിയ വസ്ത്രവും സദ്യയും ആയി ഐശ്വര്യത്തിൽ കഴിയുമ്പോഴും ആശ്രിതർക്ക് ഒന്നും കൊടുക്കാത്തവർ ഹൃദയശൂന്യർ. ഒരുവൻ ചെയ്യുന്ന പാപത്തിന്റെ ഗുണഫലങ്ങൾ പലരും ആസ്വദിക്കും; പക്ഷേ ദോഷം വരുക ചെയ്തയാൾക്കു മാത്രം. വിഷമോ ആയുധമോ കൊണ്ട് മരിക്കുന്നത് ഒരാൾ മാത്രമാവാം; ദുരുപദേശമാകട്ടെ, രാജ്യത്തെ മുഴുവൻ നശിപ്പിച്ചെന്നു വരാം. 

ക്ഷമിച്ചു മാപ്പുകൊടുക്കുന്നതിലെ ദോഷം, മാപ്പുകൊടുക്കുന്നയാൾ ദുർബലനെന്ന് ജനങ്ങൾ കരുതുന്നതു മാത്രം. പക്ഷേ ആ ദോഷം പരിഗണിക്കരുത്. എന്തെന്നാൽ ക്ഷമിക്കുന്നത് അശക്തരുടെ ഗുണവും ശക്തരുടെ അലങ്കാരവുമാണ്. ക്ഷമ ലോകത്തെ കീഴടക്കും. ക്ഷമയ്ക്കു നേടാനാവാത്തതൊന്നുമില്ല. പരമശാന്തിയാണ് ക്ഷമ. പരുഷവാക്കു പറയാതെ, ദുഷ്ടരെ അവഗണിക്കുന്നയാൾ കീർത്തിമാനാകും. ക്ഷമിക്കുന്ന ശക്തനും ദാനശീലനായ ദരിദ്രനും സ്വർഗത്തിനും മീതേ കഴിയുന്നു. ഏതും പിന്നെയാകട്ടെയെന്നു പറയുന്നവർ, മടിയന്മാർ, മുഖസ്തുതിക്കാർ, വിവരംകെട്ടവർ എന്നിവരുടെ ഉപദേശം അധികാരികൾ കേൾക്കരുത്. ദുർബലശത്രുവിനെയും അവഗണിച്ചുകൂടാ.

ആറു കൂട്ടർ മറക്കുന്നതു ലോകസാധാരണം : പഠിച്ചുമിടുക്കരായവർ ഗുരുവിനെ, വിവാഹിതർ അമ്മയെ, ആഗ്രഹങ്ങൾ സാധിച്ചുകിട്ടിയവർ തൃപ്തിയൊരുക്കിയവരെ, വിജയികൾ സഹായിച്ചവരെ, നദി കടന്നവർ വഞ്ചിയെ, രോഗം മാറിയവർ വൈദ്യനെ. ഇക്കാര്യങ്ങളിൽ നാം പരാതിപ്പെടേണ്ടെന്ന സൂചനയാണ് വിദുരർ നല്കുന്നത്.

ആറു കാര്യങ്ങളുണ്ടെങ്കിൽ ജീവിതം സന്തോഷപ്രദമാകും : ആരോഗ്യം, കടബാധ്യതയില്ലായ്ക, പാർക്കാൻ വീട്, നല്ല സുഹൃത്തുക്കൾ, ജീവിക്കാനുള്ള വരുമാനം, ഭയമില്ലാത്ത അവസ്ഥ.

ആറു കാര്യങ്ങൾ ജീവിതം ദുരിതപൂർണമാക്കും : അസൂയ, വിദ്വേഷം, അതൃപ്തി, മുൻകോപം, സംശയം, ജീവിക്കാനുള്ള വകയ്ക്കു പരാശ്രയം. 

ജീവിതവിജയത്തിനുതകുന്ന വിവേകം സംബന്ധിച്ച സമഗ്രനിർദ്ദേശങ്ങളടങ്ങിയ വിദുരനീതിയുടെ ചെറിയ പരിച്ഛേദം  മാത്രമാണിത്. വിവേകത്തിന്റെ ഈ നിഘണ്ടു വ്യാസഭാരതത്തിലെ ഉദ്യോഗപർവത്തിൽ 33 മുതൽ 40 വരെ അധ്യായങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.

കൂടുതൽ വസ്തുതകൾ അറിയുന്നയാൾക്ക് വിവേകമുണ്ടാകണമെന്നില്ല. ജീവിതാനുഭവങ്ങൾ, യുക്തി, വിവേചനബുദ്ധി, വിലയിരുത്താനുള്ള ശേഷി, ഉൾക്കാഴ്ചയോടെയുള്ള പ്രായോഗികസമീപനം എന്നിവയും അറിവിനോടു  ചേരുമ്പോഴാണ് വിവേകമുണ്ടാവുക. അറിവുണ്ടെന്നു കരുതുന്നയാളെ കണ്ണടച്ചു പിൻതുടരാതെ വിവേകപൂർവം ഓരോ ചുവടും വയ്ക്കാനാവട്ടെ നമ്മുടെ ശ്രമം. ഒന്നുകൊണ്ടറിയുക! 

English Summary:  Success Tips By B. S. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA