പരിചരണം കാത്ത് സ്റ്റാഫ് നഴ്സ്

HIGHLIGHTS
  • റാങ്ക് ലിസ്റ്റുകൾ 2021 ജൂലൈ 15ന് 3 വർഷ കാലാവധി പൂർത്തിയാക്കി അവസാനിക്കും
Nurse
SHARE

അവശ്യ തസ്തികയായ സ്റ്റാഫ് നഴ്സ് ഗ്രേഡ്– 2 റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനത്തിൽ വൻ കുറവ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യ വകുപ്പിലും നിലവിലുള്ള സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഒരുപോലെ നിയമനം കുറഞ്ഞിട്ടുണ്ട്. രൂക്ഷമായ കോവിഡ്– 19 വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നിയമന ശുപാർശ നടക്കേണ്ട റാങ്ക് ലിസ്റ്റുകളാണിത് എന്നാൽ ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യാതെയും താൽക്കാലിക ജീവനക്കാരെ നിയമിച്ചും ഈ ലിസ്റ്റുകളെ ‘മരണത്തിലേക്ക് തള്ളി വിടുകയാണ് അധികൃതർ’.  ഇപ്പോഴില്ലെങ്കിൽ പിന്നെപ്പോൾ എന്നാണ്  റാങ്ക് ലിസ്റ്റിൽ നിയമനം കാത്തിരിക്കുന്നവർ ചോദിക്കുന്നത്.

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്– 2 

14 ജില്ലകളിലുമായി ഇതുവരെ നിയമന ശുപാർശ–  1738 

എൻജെഡി– 377 

യഥാർഥ നിയമനം– 1361.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് 

ഇതുവരെ നിയമന ശുപാർശ–1129 

എൻജെഡി– 415

യഥാർഥ നിയമനം– 714.

nurse-rank-list

എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലായിരുന്നെങ്കിൽ രണ്ടു റാങ്ക് ലിസ്റ്റുകളിലെയും നിയമനം ഇതിലും താഴെ പോയേനെ.  

ഇനി മാസങ്ങൾ മാത്രം ബാക്കി

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്– 2 റാങ്ക് ലിസ്റ്റുകൾക്ക് ഇനി ഒരു വർഷംപോലും കാലാവധി അവശേഷിക്കുന്നില്ല. 2018 ജൂലൈ 16നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകൾ 2021 ജൂലൈ 15ന് 3 വർഷ കാലാവധി പൂർത്തിയാക്കി അവസാനിക്കും. ഇനി 9 മാസങ്ങൾകൂടിയേ ഈ റാങ്ക് ലിസ്റ്റുകൾക്ക് കാലാവധിയുള്ളൂ. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്– 2 റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 31–10–2018ലാണ്. ഈ ലിസ്റ്റ് 2021 ഒക്ടോബർ 30ന് അവസാനിക്കും. ഇനി ഒരു വർഷംകൂടി  കാലാവധി ബാക്കി. ഈ രീതിയിലാണ് നിയമനമെങ്കിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികൾ നിരാശരാകേണ്ടിവരും. 

റാങ്ക് ലിസ്റ്റുകൾക്ക് ക്വാറന്റീൻ

കോവിഡ് വ്യാപനം രൂക്ഷമായതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ/ െമഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ പതിനായിരത്തോളം നിയമനങ്ങൾ സർക്കാർ നടത്തി. ഇതിൽ സ്റ്റാഫ് നഴ്സ് നിയമനം മൂവായിരത്തിൽ താഴെയേ വരൂ. ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയവരെയാണ് കൂടുതലായും നിയമിച്ചത്. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ 8379 പേരെ നിയമിച്ചു.  എൻഎച്ച്എം വഴി താൽക്കാലിക അടിസ്ഥാനത്തിലാണ് ഇതിൽ ഭൂരിഭാഗം നിയമനങ്ങളും. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ വളരെ കുറവായിരുന്നു.  ജൂലൈയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ മൾട്ടി സ്പെഷൽറ്റി ബ്ലോക്കിനായി 102 തസ്തിക സൃഷ്ടിച്ചു. ഇതിൽ 40  സ്റ്റാഫ് നഴ്സ് തസ്തികയാണ് ഉണ്ടായിരുന്നത്. കാസർകോട് പുതിയതായി ആരംഭിച്ച കോവിഡ് ആശുപത്രിക്കായി കഴിഞ്ഞമാസം 191 തസ്തിക സൃഷ്ടിച്ചു. 30 വീതം സ്റ്റാഫ് നഴ്സ് ഗ്രേഡ്–1, ഗ്രേഡ്– 2 തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു. ഒരു വർഷത്തേക്ക് താൽക്കാലിക/ ഡപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് ഈ തസ്തികകളിൽ നിയമനം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തൽക്കാലം ഇതുകൊണ്ട് നേട്ടമൊന്നുമില്ല.  

കണ്ണൂർ മെഡിക്കൽ കോളജിലേക്ക് 768  തസ്തിക സൃഷ്ടിക്കാൻ കഴിഞ്ഞ ആഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. 11 ഹെഡ് നഴ്സ്, 232 സ്റ്റാഫ് നഴ്സ് ഗ്രേഡ്– 1, 276 സ്റ്റാഫ് നഴ്സ് ഗ്രേഡ്– 2 എന്നീ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു. ഇതിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 തസ്തികയിലെ ഒഴിവുകൾ നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നു നികത്തുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ. ജീവനക്കാർക്ക് പ്രമോഷൻ നൽകിയ ശേഷം ബാക്കിയുള്ള സ്റ്റാഫ് നഴ്സ് ഒഴിവും റാങ്ക് ലിസ്റ്റിൽ നിന്നു നികത്തേണ്ടതാണ്. 

കേസിൽ പോയി ഒരു വർഷം

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് ചില ജില്ലകളിൽ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷത്തിനു ശേഷമാണ് നിയമന ശുപാർശ ആരംഭിച്ചത്. ഈ തസ്തികയുടെ മുൻ ലിസ്റ്റിലെ ഉദ്യോഗാർഥികൾ നൽകിയ കേസിൽ വിധി വരാൻ വൈകിയതാണ് കാരണം. തങ്ങളുടേതല്ലാത്ത കാരണത്താൽ  നഷ്ടപ്പെട്ട  ഈ കാലയളവ് തിരിച്ചു നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. 

കോവിഡ് പിടിയിൽ ആരോഗ്യ മേഖലയും

കഴിഞ്ഞ ഒന്നര മാസത്തിനിടെ ആരോഗ്യ വകുപ്പിലെ 3430 ജീവനക്കാർക്ക് കോവിഡ് ബാധിച്ചു. ഒാഗസ്റ്റ് 26 മുതൽ ഒക്ടോബർ 9 വരെയുള്ള കണക്കാണിത്. രോഗബാധിതരിൽ ഭൂരിഭാഗവും സ്റ്റാഫ് നഴ്സുമാരാണ്. ചികിൽസ, ക്വാറന്റീൻ എന്നിവയ്ക്കായി ഇത്രയും ജീവനക്കാർ മാറിനിൽക്കുമ്പോൾ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റും. സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ആശുപത്രികളുടെയും അവസ്ഥയാണിത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ചത് ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാലാണെന്ന്  ആരോഗ്യ മേഖലയിലെ വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതു മുഖവിലയ്ക്കെടുക്കാൻ സർക്കാർ തയാറായിട്ടില്ല. 

∙സ്റ്റാഫ് നഴ്സ് (മെഡിക്കൽ വിദ്യാഭ്യാസം) നിയമനം ഒറ്റ നോട്ടത്തിൽ

റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്-റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ-നിയമന ശുപാർശ-അവസാന നിയമന ശുപാർശ-മുൻ ലിസ്റ്റിലെ നിയമന ശുപാർശ

31/10/2018-8568-1129-17/08/2020-2076

കണ്ണൂർ മെഡിക്കൽ കോളജിന്  768 തസ്തിക

കണ്ണൂർ പരിയാരം സർക്കാർ  മെഡിക്കൽ കോളജിന് 768 തസ്തിക സൃഷ്ടിക്കാൻ കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭായോഗം തീരുമാനിച്ചു. 247 അധ്യാപക തസ്തികകളും 521 നഴ്സിങ് തസ്തികകളുമാണ് സൃഷ്ടിക്കുന്നത്. അധ്യാപക തസ്തികകൾ ഇനി പറയുന്നു. പ്രഫസർ– 45, അസോഷ്യേറ്റ് പ്രഫസർ– 44, അസിസ്റ്റന്റ് പ്രഫസർ– 72, ലക്ചറർ– 26, ട്യൂട്ടർ– 6, സീനീയർ റസിഡന്റ്– 36, ജൂനിയർ റസിഡന്റ്– 18. നഴ്സിങ് തസ്തികകൾ ഇനി പറയുന്നു. നഴ്സിങ് സൂപ്രണ്ട് ഗ്രേഡ്. 2– രണ്ട്, ഹെഡ് നഴ്സ്– 11, സ്റ്റാഫ് നഴ്സ് ഗ്രേഡ്. 1– 232, സ്റ്റാഫ് നഴ്സ് ഗ്രേഡ്. 2– 276. മെഡിക്കൽ കോളജിന്റെ പ്രവർത്തനം സുഗമമാക്കാൻ പ്രിൻസിപ്പൽ ഉൾപ്പെടെ 11 തസ്തിക സൃഷ്ടിച്ചിരുന്നു. ഇതിനു പുറമേയാണ് 768 തസ്തിക.

English Summary:  Kerala PSC Nurse RankList

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA