ചാർട്ടേഡ് അക്കൗണ്ടന്റ് ആകാം; കണക്കുകൂട്ടാം ഭാവി

HIGHLIGHTS
  • പഠിക്കാൻ റഗുലർ കോളജുകളില്ല
calculator-rupees
SHARE

ബാങ്ക് ഓഡിറ്റിങ് അടക്കമുള്ള സാമ്പത്തിക പ്രവർത്തനങ്ങൾക്കു നിയമപരമായ അധികാരമുള്ള പ്രഫഷനലാണു ചാർട്ടേഡ് അക്കൗണ്ടന്റ്. പഠിക്കാൻ റഗുലർ കോളജുകളില്ല. 

പഠനത്തിനു മൂന്നു ഘട്ടങ്ങൾ 

∙ഫൗണ്ടേഷൻ: ഏതെങ്കിലും ഗ്രൂപ്പെടുത്തു പ്ലസ് ടു പരീക്ഷയെഴുതി റജിസ്റ്റർ ചെയ്യുക. നാലു മാസത്തെ പഠനം പൂർത്തിയാക്കുക. ഇതിനകം പ്ലസ് ടു ജയിച്ചിരിക്കും. പ്ലസ് ടുവിൽ ഇത്ര മാർക്ക് വേണമെന്നില്ല. ഫൗണ്ടേഷനിൽ നാലു ലളിത പേപ്പറുകൾ: 

(1) Principles & Practice of Accounting  

(2) Business Laws/Business Correspondence & Reporting 

(3) Business Mathematics & Logical Reasoning/Statistics 

(4) Business Economics/Business & Commercial Knowledge. ഈ പരീക്ഷയെഴുതി ജയിക്കുക.

∙ഇന്റർമീഡിയറ്റ്: റജിസ്റ്റർ ചെയ്തു പഠനം തുടങ്ങുക. ഗ്രൂപ് I നാലു പേപ്പർ, ഗ്രൂപ് II നാലു പേപ്പർ. എട്ടു മാസത്തെ പഠനത്തിനു ശേഷം ഒരു ഗ്രൂപ്പോ രണ്ടും ചേർത്തോ എഴുതി ജയിക്കുക. ഒരു ഗ്രൂപ്പെങ്കിലും ജയിച്ചവർക്കു സിഎ ഓഫിസിൽ മൂന്നു വർഷത്തെ ആർട്ടിക്കിൾഷിപ് (പ്രാക്ടിക്കൽ ട്രെയിനിങ്) തുടങ്ങാം. പക്ഷേ, ഇതു തുടങ്ങുംമുൻപു നാലു മാസത്തെ ‘ഇന്റഗ്രേറ്റഡ് കോഴ്സ് ഓൺ ഐടി & സോഫ്റ്റ് സ്കിൽസ്’ പൂർത്തിയാക്കിയിരിക്കണം. ഇന്റർ രണ്ടു ഗ്രൂപ്പും ജയിക്കുക. 

∙ഫൈനൽ: റജിസ്റ്റർ ചെയ്തു പഠനം തുടങ്ങുക. ഗ്രൂപ് I നാലു പേപ്പർ, ഗ്രൂപ് II നാലു പേപ്പർ. ഇവ ജയിക്കുക. ആർട്ടിക്കിൾഷിപ് പൂർത്തിയാക്കിയിട്ടോ അതിന്റെ അവസാന ആറുമാസക്കാലത്തിലോ ഫൈനൽ എഴുതാം. ഫൈനൽ പഠനകാലത്തു നാലു മാസത്തെ ‘അഡ്വാൻസ്ഡ് ഇന്റഗ്രേറ്റഡ് കോഴ്സ് ഓൺ ഐടി & സോഫ്റ്റ് സ്കിൽസ്’ പൂർത്തിയാക്കണം.

ഫൈനലും ജയിച്ച്, ഇൻസ്റ്റിറ്റ്യൂട്ടിൽ എൻറോൾ ചെയ്ത് ‘ചാർട്ടേർഡ് അക്കൗണ്ടന്റ്’ ആയി പ്രാക്റ്റീസ് തുടങ്ങാം.

ഫൗണ്ടേഷൻ കൂടാതെയും വഴി 

55% മാർക്കോടെ കൊമേഴ്സ് ബിരുദം/പിജി, 60% മാർക്കോടെ മറ്റു ബിരുദം/പിജി, കമ്പനി സെക്രട്ടറിഷിപ്പിന്റെയോ കോസ്റ്റ് അക്കൗണ്ടൻസിയുടെയോ ഇന്റർ യോഗ്യത എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്കു സിഎ ഇന്ററിന് നേരിട്ടു റജിസ്റ്റർ ചെയ്യാം. ഇവർ ഫൗണ്ടേഷൻ എഴുതേണ്ട. ഫൈനൽ ഇയർ ബിരുദവിദ്യാർഥികൾക്കു സിഎ ഇന്ററിനു താൽക്കാലിക റജിസ്ട്രേഷനും ആകാം.

ജോലി അവസരങ്ങൾ 

ഇൻസ്‌റ്റിറ്റ്യൂട്ട് അയച്ചു തരുന്ന സ്‌റ്റഡി മെറ്റീരിയൽ, ഓൺലൈൻ കോച്ചിങ്, ചില തലങ്ങളിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ശാഖകൾ ഒരുക്കുന്ന ക്ലാസുകൾ, സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ എന്നിവയുണ്ടെങ്കിലും പരിശീലനത്തിന്റെ വലിയ പങ്ക് സ്വയംപഠനം തന്നെ. 

സംഖ്യകളോടു പ്രണയം, സ്വയം പഠനത്തിൽ താൽപര്യം വിശകലനപാടവം, സാധ്യതകൾ ആരായാൻ വാസന, ദീർഘനേരം ഇരുന്നു ജോലി ചെയ്യാനുള്ള ‍സന്നദ്ധത, നല്ല ആശയവിനിമയശേഷി, രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള ക്ഷമ എന്നിവ പഠിതാവിനുണ്ടാകണം. 

അക്കൗണ്ട്സ് ഓഫിസർ, ഓഡിറ്റർ, കോസ്റ്റ് അക്കൗണ്ടന്റിന്റെയും കമ്പനി സെക്രട്ടറിയുടെയും ചില ചുമതലകൾ, ഒസ്യത്ത് (വിൽ) നടപ്പാക്കൽ, ഇൻവെസ്റ്റിഗേറ്റർ, ഫൈനാൻഷ്യൽ കൺട്രോളർ, ടാക്സ്/ഫൈനാൻഷ്യൽ കൺസൾട്ടന്റ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ, റിസീവർ, ട്രസ്റ്റി തുടങ്ങിയവയിലെ ജോലികളിൽ സാധ്യത. 

ചാർട്ടേഡ് അക്കൗണ്ടൻസി പരിശീലനവും സർട്ടിഫിക്കേഷനും അടക്കം പ്രഫഷന്റെ സമസ്ത ചുമതലകളും നിറവേറ്റുന്നത് The Institute of Chartered Accountants of India, ICAI Bhawan, Indraprastha Marg, New Delhi - 110 002; ഇ–മെയിൽ: bosnoida@icai.in, വെബ്: www.icai.org. 

English Summary: Career Scope of Chartered Accountancy

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA