ADVERTISEMENT

കോവിഡ് സൃഷ്ടിച്ച ഈ നീണ്ട അവധിക്കാലത്ത്, നടന്ന വഴികളിലേക്കൊക്കെ തിരിഞ്ഞുനോക്കുന്നുണ്ടാവും പലരും. പിഴച്ചുപോയ കാൽവയ്പുകൾ ഓർത്തെടുക്കാൻ, ഇനിയുള്ള യാത്രയിൽ പിഴയ്ക്കാതെ നടന്നുതീർക്കാൻ ഉള്ള ഒരുതരം സ്വയംശുദ്ധീകരണം. 

 

ആദ്യകാലങ്ങളിൽ മാജിക് ട്രൂപ്പുമായി ഷോയ്ക്കു പോകുന്ന സമയത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം വരുന്ന സ്വഭാവമായിരുന്നു എനിക്ക്. മാജിക്കിനോടുള്ള അമിതമായ ആവേശവും വേദിയിൽ തെറ്റു പറ്റരുതെന്ന നിർബന്ധവുമൊക്കെ ചേർന്ന് ട്രൂപ്പിലുള്ളവരോട് ഒരുപാടു കയർത്തിട്ടുണ്ട്. നിസ്സാരകാര്യത്തിനുപോലും അവരെ വഴക്കു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ വല്ലാത്ത കുറ്റബോധം. 

 

വിക്ടർ ഹ്യൂഗോയുടെ Les Miserables നോവലിലെ ജീൻവാൽജീന്റെ കഥ വായിച്ചിട്ടില്ലേ? സഹോദരിമാരുടെ കുഞ്ഞുമക്കൾ വിശന്നു കരയുന്നതു കേട്ട് സഹിക്കാനാവാതെ മഴക്കാല രാത്രിയിൽ പുറത്തിറങ്ങി നടന്നതായിരുന്നു ജീൻവാൽജീൻ. വിശപ്പു സഹിക്കാനാവാതെ വന്നാൽ മനുഷ്യൻ എന്തും ചെയ്യും. റൊട്ടിക്കടയുടെ ചില്ലലമാര പൊട്ടിച്ച് ഒരു കഷണം റൊട്ടി ജീൻവാൽജീൻ മോഷ്ടിച്ചത് അങ്ങനെയാണ്. അതുമായി വീട്ടിലേക്കോടാൻ തുടങ്ങുമ്പോൾ കടക്കാരൻ ജീൻവാൽജീനെ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപിച്ചു. പൊലീസ് റിമാൻഡ് ചെയ്തു. വിശന്നു കരയുന്ന കുഞ്ഞുമക്കളുടെ മുഖം ജീൻവാൽജീനിന്റെ ഉറക്കം കെടുത്തി. അയാൾ റിമാൻഡ് ചാടി. പൊലീസ് വീണ്ടും പിടിച്ചു. രണ്ടു മാസത്തെ ജയിൽശിക്ഷ. പിന്നെയും അയാൾ ജയിൽ ചാടി. അങ്ങനെയങ്ങനെ ആ ശിക്ഷ 19 വർഷം തുടർന്നു. 

 

പുറത്തിറങ്ങിയ അയാൾ എല്ലായിടത്തും ആട്ടിയകറ്റപ്പെട്ടു. ഒരു രാത്രിയിൽ, അകലെ കണ്ട ബംഗ്ലാവിനരികിലേക്ക് അയാൾ നടന്നു. വാതിലിൽ മുട്ടി. അകത്തുനിന്ന് ഒരു ശബ്ദം കേട്ടു: ‘സഹോദരാ, അകത്തേക്കു കടന്നുവരൂ. വാതിൽ ചാരിയിട്ടേയുള്ളൂ’. അവിടത്തെ ബിഷപ്പായിരുന്നു അത്. അദ്ദേഹം പറഞ്ഞു: ‘സഹോദരാ, നിനക്കു വിശക്കുന്നില്ലേ? നമുക്കൊരുമിച്ചു ഭക്ഷണം കഴിക്കാം’. 

 

വെള്ളിക്കാലുകളുള്ള മെഴുകുതിരിയുടെ പ്രകാശത്തിൽ വെള്ളിപ്പാത്രങ്ങൾ മേശപ്പുറത്തു തിളങ്ങി. അയാൾ ആർത്തിയോടെ ഭക്ഷണം വാരിവാരിക്കഴിച്ചു. ബിഷപ് അയാൾക്ക് ഉറങ്ങാൻ സൗകര്യം കൊടുത്തു. 19 വർഷങ്ങൾക്കുശേഷം ജീൻവാൽജീൻ ഒരു കിടക്കയിൽ കിടന്നുറങ്ങി. പക്ഷേ, പള്ളിമണി മൂന്നടിച്ചപ്പോൾ അയാൾ ഉണർന്നു. താൻ സുഖമായുറങ്ങുമ്പോഴും സഹോദരിമാരും കുഞ്ഞുങ്ങളും എന്തു ചെയ്യുകയായിരിക്കുമെന്ന ചിന്ത അയാളെ അസ്വസ്ഥനാക്കി. അയാൾ എഴുന്നേറ്റ് ആ വെള്ളിപ്പാത്രങ്ങൾ ഭാണ്ഡത്തിലാക്കി ഓടി. പക്ഷേ, അയാൾ വീണ്ടും പിടിക്കപ്പെട്ടു. 

 

പൊലീസ് അയാളെ ബിഷപ്പിനു മുന്നിലെത്തിച്ചു. ബിഷപ് ജീൻവാൽജീനോടു ചോദിച്ചു: ‘സഹോദരാ, നീ മടങ്ങിവരാൻ വേണ്ടി ഞാൻ പ്രാർഥിക്കുകയായിരുന്നു. നിനക്കു തന്ന വെള്ളിപ്പാത്രങ്ങളോടൊപ്പം ആ മെഴുകുതിരിയുടെ വെള്ളിക്കാലുകളും ഞാൻ തന്നതാണല്ലോ. അതെന്തേ നീ കൊണ്ടുപോകാഞ്ഞത്?!’. അതു കേട്ട് പൊലീസ് മടങ്ങിപ്പോയി. കുറ്റബോധം കൊണ്ടു ജീൻവാൽജീൻ ബിഷപ്പിന്റെ കാൽക്കൽ വീണു കരഞ്ഞു. ബിഷപ്പിന്റെ സ്നേഹത്തിന്റെയും തലോടലിന്റെയും ബാക്കിപത്രമായി ജീൻവാൽജീൻ നൻമയുള്ള മനുഷ്യനാവുന്നതും പിന്നീട് ആ നഗരത്തിന്റെ മേയറാവുന്നതുമാണു നോവലിന്റെ അന്ത്യം. 

നമ്മുടെ ദേഷ്യപ്പെടൽ ഒന്നു മാറ്റിവച്ചാൽ, ക്ഷമിക്കാൻ പഠിച്ചാൽ ഒരുപക്ഷേ, ഒരു വ്യക്തിയുടെ ജീവിതംതന്നെ നമുക്കു മാറ്റിമറിക്കാൻ സാധിച്ചേക്കും. ഒന്നു മനപ്പൂർവം ശ്രമിച്ചാൽ നമുക്കും നടപ്പിലാക്കാൻ ബുദ്ധിമുട്ടില്ലാത്ത കാര്യം. 

English Summary: Magic Lamp Podcast By Gopinath Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com