ADVERTISEMENT

സംവരണമില്ലാതിരുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായവർക്ക് സർക്കാർ നിയമനങ്ങളിൽ ഏർപ്പെടുത്തിയ 10%  സംവരണം  നടപ്പിലായി. പട്ടികവിഭാഗത്തിലോ മറ്റു പിന്നാക്ക വിഭാഗത്തിലോ ഉൾപ്പെടാത്തവർക്കും ജാതിയില്ലാത്തവർക്കും സാമ്പത്തികമായി പിന്നാക്കമാണെങ്കിൽ സംവരണം ലഭിക്കും. ഉത്തരവ് പുറത്തിറങ്ങിയ ഒക്ടോബര്‍ 23 മുതൽ ഇതിനു പ്രാബല്യമുണ്ടായിരിക്കും. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് ചട്ടം ഭേദഗതി ചെയ്ത് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണു വിജ്ഞാപനമിറക്കിയത്. 

 

സാമ്പത്തിക സംവരണത്തിന് അർഹരായവർ റാങ്ക് ലിസ്റ്റിൽ ഇല്ലെങ്കിൽ ആ നിയമനം ഒാപ്പൺ മെറിറ്റിലേക്ക് നൽകും. ഇതിനായി പ്രത്യേക വിജ്ഞാപനം പ്രസിദ്ധീകരിക്കില്ല. ഒരൊഴിവ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിൽ സാമ്പത്തിക സംവരണം ബാധകമാകില്ല എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.  

പിഎസ്‌സി നിയമനത്തിലെ റൊട്ടേഷൻ ചാർട്ടിൽ 9, 19, 29, 39, 49, 59, 69, 79, 89, 99 എന്നീ ഊഴങ്ങളാണ് സാമ്പത്തിക സംവരണത്തിന് നീക്കിവയ്ക്കുക. 20 തസ്തികയിൽ രണ്ടെണ്ണം പട്ടിക വിഭാഗത്തിനും എട്ടെണ്ണം മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും രണ്ടെണ്ണം ഈ വിഭാഗത്തിലൊന്നും ഉൾപ്പെടാത്ത സാമ്പത്തിക പിന്നാക്ക വിഭാഗത്തിനും നൽകും. ബാക്കി 8 തസ്തികയിൽ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം. 

 

സർക്കാർ വിജ്ഞാപനമിറങ്ങിയ ഒക്ടോബർ 23നു നിലവിലുണ്ടായിരുന്ന എല്ലാ പിഎസ്‌സി വിജ്ഞാപനങ്ങൾക്കും ബാധകം. ഇന്നലെ ചേർന്ന പിഎസ്‌സി യോഗമാണ് ഈ തീരുമാനമെടുത്തത്.സാമ്പത്തിക സംവരണത്തിനു മുൻകാല പ്രാബല്യം ഇല്ലെങ്കിലും ഒക്ടോബർ ഒന്നിനോ അതിനു ശേഷമോ ഇറക്കിയ വിജ്ഞാപനങ്ങൾക്കു ഫലത്തിൽ ഇതു ബാധകമാകും. ഒക്ടോബർ ഒന്നിന് ഇറക്കിയ 3 വിജ്ഞാപനങ്ങളിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ഒക്ടോബർ 30ന് 61 വിജ്ഞാപനങ്ങൾ കൂടി ഇറക്കിയിരുന്നു. ഫലത്തിൽ നിലവിലുള്ളത് 64 വിജ്ഞാപനങ്ങളാണ്. 

 

ഇവയ്ക്കും ഇനി ഇറങ്ങാൻ പോകുന്ന വിജ്ഞാപനങ്ങൾക്കും സാമ്പത്തിക സംവരണം ബാധകമാകും.സാമ്പത്തിക സംവരണ വിജ്ഞാപനം ഒക്ടോബർ 23ന് ഇറക്കിയപ്പോൾ, 22 വരെ അപേക്ഷിച്ചവർക്ക് അവകാശം നിഷേധിക്കപ്പെടുകയും അതേ തസ്തികയിലേക്ക് 23 മുതൽ നാളെ വരെ അപേക്ഷിക്കുന്നവർക്ക് അവസരം ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. അതിനാലാണ് 23നു നിലവിലുള്ള എല്ലാ വിജ്ഞാപനങ്ങൾക്കും സംവരണം ബാധകമാക്കി അപേക്ഷിക്കാൻ തീയതി നീട്ടി നൽകുന്നത്.

സംവരണം അവകാശപ്പെടാൻ സമയം നീട്ടിനൽകും

ക്ടോബർ 23 കഴിഞ്ഞും അപേക്ഷിക്കാൻ അവസരമുള്ള എല്ലാ വിജ്ഞാപനങ്ങളിലും ഉദ്യോഗാർഥികൾക്കു സാമ്പത്തിക സംവരണം അവകാശപ്പെടാൻ ഓൺലൈൻ അപേക്ഷയിലും പ്രൊഫൈലിലും ഭേദഗതി വരുത്താം. ഇതനുസരിച്ച്, നാളെ അവസാന തീയതിയുള്ള വിജ്ഞാപനങ്ങളിൽ സംവരണം അവകാശപ്പെടാൻ ഈ മാസം 14നു രാത്രി 12 വരെ സമയം നീട്ടിനൽകും.സാമ്പത്തിക സംവരണം അനുവദനീയമല്ലാത്ത വകുപ്പുതല ക്വോട്ട തസ്തികയിലേക്കുള്ള വിജ്ഞാപനങ്ങൾക്കു തീയതി നീട്ടി നൽകില്ല.

English Summary: Kerala economic reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com