ADVERTISEMENT

പരിചയപ്പെടലും ഐസ്ബ്രേക്കിങ്ങുമെല്ലാം ഓൺലൈനിൽ ഒതുക്കുന്ന പുതിയ ഡിഗ്രി, പിജി ബാച്ചുകളോട് തിരുവനന്തപുരം എംജി കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ ഡോ. വൈശാഖൻ തമ്പി പറയുന്നു...

കോവിഡ് മറ്റെല്ലാ മേഖലകളിലുമെന്നപോലെ വിദ്യാഭ്യാസത്തിലും വെല്ലുവിളികൾ ഏറ്റെടുക്കാനാണ് നമ്മെ നിർബന്ധിക്കുന്നത്. എന്നാൽ ഏതു പ്രതിസന്ധിയും ചില നല്ല ഫലങ്ങളുണ്ടാക്കുമെന്നു പറഞ്ഞതുപോലെ, ഒരുപക്ഷേ ദശാബ്ദങ്ങൾ കഴിഞ്ഞു മാത്രം ഇവിടെ ഉണ്ടാകുമായിരുന്ന ചില മാറ്റങ്ങൾ നേരത്തേ കൊണ്ടുവരാൻ കോവിഡിനു കഴിഞ്ഞിട്ടുണ്ട്. ഓൺലൈൻ ക്ലാസ് പോലെയുള്ള മാറ്റങ്ങളോടു നാം ഏറെക്കുറെ പൊരുത്തപ്പെട്ടുവരികയും ചെയ്യുന്നു. 

എന്നാൽ പുതുതായി ഡിഗ്രി, പിജി ക്ലാസുകളിലേക്കു പ്രവേശനം നേടിയെത്തുന്ന വിദ്യാർഥികളെ സംബന്ധിച്ച് ഈ പൊരുത്തപ്പെടൽ നടക്കാനിരിക്കുന്നതേയുള്ളൂ. ലോക്ഡൗൺ തുടങ്ങുമ്പോഴേക്കും അവരുടെ മുൻവർഷ ക്ലാസുകൾ ഏതാണ്ടു കഴിഞ്ഞിരുന്നു. കോളജിലെ മറ്റു ബാച്ചുകളെ അപേക്ഷിച്ച് ഒരു വ്യത്യാസം കൂടിയുണ്ട്. മറ്റു വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോൾ തങ്ങൾക്കൊപ്പമുള്ള സഹപാഠികളെ അറിയാം. പുതിയ ബാച്ചിലാകട്ടെ, പരസ്പരം അറിയാത്ത കുറേപ്പേരാണ് വെർച്വൽ ക്ലാസുകളിൽ ഒരുമിച്ചെത്തുന്നത്. അഡ്മിഷൻ സമയത്തു കണ്ടിട്ടുണ്ടാകാമെങ്കിലും, സാമൂഹിക അകലവും മാസ്കിന്റെ മറയുമൊക്കെ കാരണം പരിചയപ്പെടൽ നടന്നുകാണില്ല. ആദ്യ ദിവസങ്ങളിലെ കൂട്ടുകൂടലും പുതിയ ക്യാംപസ് അനുഭവങ്ങളുമൊക്കെ മിസ്സ് ചെയ്യും. 

പക്ഷേ പുതുതലമുറയുടെ നേരമ്പോക്കായോ വഴിപിഴയ്ക്കാനുള്ള മാർഗമായിട്ടോ വരെ വിളിക്കപ്പെട്ടിരുന്ന ഇന്റർനെറ്റ് ഇന്നിന്റെ അനിവാര്യതയായി പൊതുസമൂഹം തിരിച്ചറിഞ്ഞു. ഉപകരണമല്ല ഉപയോക്താവാണ് ഗുണദോഷങ്ങൾ തീരുമാനിക്കുന്നത് എന്ന ബോധ്യത്തിലേക്കു നാം വരുന്നു. ഒരു ടീച്ചർക്കു സ്വന്തം വാക്കും ശരീരവും കൊണ്ടോ ക്ലാസിലെ ബോർഡ് കൊണ്ടോ ഒക്കെ മനസിലാക്കിക്കൊടുക്കാവുന്നതിലും ആഴത്തിൽ ആശയങ്ങളെ വിദ്യാർഥിമനസ്സിലെത്തിക്കാൻ ഡിജിറ്റൽ സങ്കേതങ്ങൾ സഹായിക്കുന്നുണ്ട്. ലോകത്തെ മുൻനിര സർവകലാശാലകളുടെ നൂതന വിഷയങ്ങളിലെ സൗജന്യവും അല്ലാത്തതുമായ കോഴ്സുകൾ നമ്മുടെ വിരൽത്തുമ്പിലെത്തുന്നു.

പല വിദ്യാർഥികൾക്കും ഡിജിറ്റൽ ഡിവൈസുകളുടെ പരിമിതി, ഇന്റർനെറ്റ് കണക്‌ഷന്റെ വേഗക്കുറവ് തുടങ്ങിയ ഒട്ടേറെ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നതും സത്യമാണ്. ഡിജിറ്റൽ സ്ക്രീനിലൂടെയുള്ള പഠനം ഒരിക്കലും ക്ലാസ് മുറിയിലേതു പോലെ ജീവനുള്ളതാകില്ലെന്നതും ശരിയാണ്. പക്ഷേ നമ്മളാരും ഇത് ആഗ്രഹിച്ചു നടപ്പാക്കിയതല്ലല്ലോ. കോവിഡ് കടന്നുപോകും. അപ്പോൾ ക്യാംപസുകൾക്കു വീണ്ടും ജീവൻ വയ്ക്കുക തന്നെ ചെയ്യും. മാറ്റങ്ങളെ ഉൾക്കൊണ്ടു ഭാവിയിലേക്കു ചുവടുവയ്ക്കുന്ന തലമുറയുടെ കണ്ണികളാകട്ടെ, പുതിയ ബാച്ചിലെ ഓരോ വിദ്യാർഥിയും. 


English Summary: Pros And Cons Of Online Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com