ADVERTISEMENT

പി വി സുനിൽകുമാർ മാഷിന്റെ ശിഷ്യഗണങ്ങളെല്ലാം ഐഎഎസുകാരാണ്. കോളേജിൽ പഠിപ്പിച്ച വിദ്യാർത്ഥികൾ ഐഎഎസ് നേടിയതല്ല, മറിച്ച് ഐഎഎസ് നേടിയ ശേഷമാണ് സുനിൽമാഷിനെ തേടി ശിഷ്യരെത്തുന്നത്. കേരള കേഡറിലെത്തുന്ന ഐഎഎസുകാർ മലയാളം വശമാക്കുന്നത് ഈ അധ്യാപകനിലൂടെയാണ്. 2010ൽ റവന്യൂവകുപ്പിൽ ജോലിക്കു കയറിയതു മുതൽ സുനിൽകുമാറിന്റെ പ്രവർത്തനം ഐഎഎസ് പരിശീലനാർത്ഥികൾക്കൊപ്പമാണ്. പുതിയ ബാച്ചിലെ ഐഎഎസുകാരെ ഒരു വർഷത്തേക്കാണ് കലക്ടറേറ്റിലേക്ക് പരിശീലനത്തിനു വിടുന്നത്. ആ പരിശീലനരീതിയെക്കുറിച്ച് പി.വി. സുനിൽ കുമാർ മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിച്ചു..

അക്കാദമിയിൽ നിന്നും അക്ഷരങ്ങൾ പഠിച്ചെത്തുന്ന ഐഎഎസുകാർക്ക് അക്ഷരങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നതിൽ നിന്നും തുടങ്ങുന്നു സുനിൽമാഷിന്റെ ജോലി. തുടർന്ന് പത്രം വായിക്കാൻ പഠിപ്പിക്കുക എന്നതാണ് അടുത്ത ജോലി. കിട്ടാവുന്ന പത്രങ്ങളിൽ നിന്നെല്ലാം വലിയ ഹെഡ്‌ലൈനുകളും വാർത്തകളും വായിക്കാൻ പരിശീലിപ്പിക്കും. കാര്യങ്ങൾ പറയാൻ പഠിപ്പിക്കും, അത് മിക്കപ്പോഴും സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയാവും. ഒരു പരാതിക്കാരനെത്തിയാൽ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് സാധാരണക്കാരന്റേതായ ഭാഷയിലാണ് പരിശീലിപ്പിക്കുക. ഒരു അപേക്ഷ കണ്ടാൽ വായിച്ചു മനസ്സിലാക്കാനും പ്രത്യേകം പരിശീലനമുണ്ട്. ഒരു വർഷത്തിനിടെയിലെ പരിശീലനവേളയിൽ ദിവസവും ഒരു മണിക്കൂർ വീതമാണ് ഐഎഎസുകാർ സുനിൽ മാഷിനു മുന്നിലിരിക്കുക. രാവിലെ 10 മുതൽ 11 വരെയാണ് സമയം. മലയാളം പഠിക്കാൻ ബുദ്ധിമുട്ടാണെന്ന് പറയാത്ത ഒരു ഐഎഎസുകാരൻ പോലുമില്ല മാഷിന്റെ ഓർമയിൽ.

 

‘ ഴ ’ യും ‘ള’ യുമായി ഐഎഎസുകാര്‍ നടത്തുന്ന മൽപ്പിടുത്തത്തിനും ഏക സാക്ഷിയാണ് മാഷ് . മലയാളം മാത്രം പറഞ്ഞാൽ ഒന്നും മനസ്സിലാവില്ല എന്നതുകൊണ്ടു തന്നെ ഇംഗ്ലീഷിലെഴുതിയാണ് മലയാളം പറഞ്ഞു കൊടുക്കുന്നത്. ചില അക്ഷരങ്ങൾ എത്ര തന്നെ പറഞ്ഞാലും ഉത്തരേന്ത്യൻ സ്റ്റൈലിൽ മാത്രമാകും തിരിച്ചു പറയുക. ഉദാഹരണത്തിന് പാറ്റ എന്ന് പറഞ്ഞു കൊടുത്താൽ പാട്ട എന്ന് വായിയ്ക്കും. പാറ്റയും പാട്ടയും മലയാളികൾക്ക് രണ്ടാണെന്ന കാര്യവും കൂടി പറഞ്ഞു വശപ്പെടുത്തും സുനിൽമാഷ്. ആ ഉച്ചാരണ രീതി മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും കലക്ടർ എസ് സുഹാസൊക്കെ ഇന്നും അദ്ഭുതമാണ് സുനിൽ മാഷിന്. എത്ര മനോഹരമായി മലയാളം പറയുന്നവരാണെന്നും കൂട്ടി ചേർക്കുന്നു.

 

ഈ കാലയളവിൽ കലക്ടർക്കു പുറമെ ഇവർ കാണുന്ന ഏക അധ്യാപകനും സുനിൽമാഷ് തന്നെ. അതുകൊണ്ടു തന്നെ ആ ഗുരുസ്നേഹവും ആവോളം കിട്ടുന്നുണ്ട്. ആദ്യം പഠിപ്പിച്ച മുൻ ഫോർട് കൊച്ചി സബ്കളക്ടർ സോബലു ഭണ്ഡാരി കഴിഞ്ഞ ദിവസവും വിളിച്ച് മാഷിന്റെ വിശേഷങ്ങൾ ചോദിച്ചു. ഗുരു–ശിഷ്യ ബന്ധത്തിൽ പിറന്നാൾ ആശംസകളും മറക്കാറില്ല. മാഷിനും മാഷ് തിരിച്ചും ആശംസകൾ വിളിച്ചറിയിക്കും. ശിഷ്യരെല്ലാം ഒരു വിളിക്കപ്പുറത്തുണ്ടെന്നത് തന്നെയാണ് ഈ മാഷിന് ലഭിക്കുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ. 

 

പരിശീലനത്തിനെത്തിയ 11 പേരിൽ 8 പേരും മറ്റു സംസ്ഥാനക്കാരാണ്.10 വര്‍ഷമായി ഈ തസ്തികയിലാണ് സുനിൽകുമാറിന്റെ ജോലി. ഡോ. എ കൗശികൻ, ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, എസ്. സുഹാസ്, മൃൺമയി ജോഷി , എയ്ഞ്ചൽ ഭാട്ടി എന്നിവരുടെ മുഴുവൻ സമയ സഹായിയായിരുന്നു.

English Summary: P. V. Sunil Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com