എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നവർ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

HIGHLIGHTS
  • മനഃക്ലേശം നമ്മെ ഇല്ലാതാക്കുന്നതിനു മുൻപേ നാം മനഃക്ലേശത്തെ ഇല്ലാതാക്കണം
tension
പ്രതീകാത്മക ചിത്രം
SHARE

പ്രചോദക പ്രഭാഷണത്തിനെത്തിയ പ്രഫസർ പാതി  നിറച്ച ഗ്ലാസുയർത്തി. ‘നിറഞ്ഞ പാതിയിലേക്കു നോക്കുക, ഒഴിഞ്ഞ പാതിയെ അവഗണിക്കുക’ എന്ന പഴഞ്ചൻ കഥ പറയാനാണെന്നു പലരും കരുതി. പക്ഷേ പ്രഫസർ പുതിയ പല്ലവി പാടാനാണു തുനിഞ്ഞത്. അദ്ദേഹം സദസ്സിലേക്കു ചോദ്യമെറിഞ്ഞു : ‘ഈ ഗ്ലാസിനെന്തു തൂക്കം വരും?’

150 ഗ്രാം, 200 ഗ്രാം, 250 ഗ്രാം, 300 ഗ്രാം എന്നിങ്ങനെ പല ഉത്തരങ്ങളും അന്തരീക്ഷത്തിൽ മുഴങ്ങി. പ്രഫസറുടെ സമീപനം വേറെയായിരുന്നു. ത്രാസിൽ ഇതിന്റെ തൂക്കമെത്രയെന്നതല്ല, എന്റെ ചോദ്യം ലക്ഷ്യമിടുന്നത്. രണ്ടോ മൂന്നോ മിനിറ്റ് പിടിച്ചുകൊണ്ടിരുന്നാൽ ഇതിനു വലിയ ഭാരമൊന്നുമില്ല. ഒരു മണിക്കൂർ പിടിച്ചുകൊണ്ടിരുന്നാൽ കൈ വല്ലാതെ കഴയ്ക്കും; ഭാരം കൂടിയെന്നു തോന്നും. ദിവസം മുഴുവനും പിടിച്ചുകൊണ്ടിരിക്കാൻ ശ്രമിച്ചാൽ, താങ്ങാനാവാത്ത ഭാരമായി മാറും. കൈ മരവിക്കും. എനിക്കിതു പിടിക്കാനേ വയ്യാതാകും. ഇത്രയൊക്കെ പറഞ്ഞിട്ട്, പ്രഫസർ ഗ്ലാസെടുത്ത് ചവറ്റുകുട്ടയിലേക്കെറിഞ്ഞു. മനഃക്ലേശത്തോട് ആ സമീപനം വേണമെന്ന മട്ടിൽ.

നമ്മുടെ വേവലാതികളും പിരിമുറുക്കവും മനഃക്ലേശവും മറ്റും ഇതുപോലെയാണ്. അവയൊന്നും മനസ്സിൽ ഏറെ നേരം വച്ചുപുലർത്തിക്കൂടാ. മനഃപ്രയാസപ്പെട്ടതുകൊണ്ട് ഒരു പ്രശ്നവും പരിഹൃതമാകുന്നില്ല. പ്രശ്നത്തിന്റെ രൂക്ഷത കുറയുന്നുപോലുമില്ല. പക്ഷേ വന്നുപോയ വിഷമത്തെപ്പറ്റി വീണ്ടും വീണ്ടു‌ം ആലോചിച്ച് നാമെല്ലാം പിരിമുറുക്കം വർദ്ധിപ്പിക്കുന്നു. കാണുന്നവരോടെല്ലാം എനിക്ക് വലിയ ടെൻഷനാണെന്ന‌ു പറയുന്നു. അവരിൽ എത്ര പേരുണ്ടാവും സഹതപിക്കാൻ? മിക്കവരും ഇക്കാര്യത്തിൽ നിസ്സംഗരായിരിക്കും. ചിലർ സ്വന്തം മനസ്സിൽ തട്ടാതെ സാന്ത്വനവാക്കുകൾ പറയും. തീരെക്കുറച്ചുപേർ ഉള്ളിൽത്തട്ടി അനുതപിക്കും. പക്ഷേ അവർക്കും നമ്മെ സഹായിക്കാനായി ഏറെയൊന്നും ചെയ്യാൻ കഴിയില്ല. പിന്നെ ചിലരുണ്ട് – നിങ്ങളുടെ വിഷമത്തിൽ സന്തോഷിക്കുന്നവർ.

മനഃക്ലേശത്തെപ്പറ്റി ചിന്തിക്കുമ്പോൾ സെൻതത്ത്വങ്ങൾ മനസ്സിൽ വരും. മഹായാന ബുദ്ധമതത്തിലെ ആശയങ്ങളിൽ നിന്ന് ചൈനയിൽ സെൻ രുപംകൊണ്ടു. ജപ്പാനിൽ പ്രചരിച്ചു. ധ്യാനപ്രധാനമായ ബുദ്ധമതവിഭാഗമാണ് സെൻ. അവരുടെ പല ഉപദേശങ്ങളും അതിലളിതം. ‘നടക്കുമ്പോൾ നടക്കുക,  തിന്നുമ്പോൾ തിന്നുക’ എന്നത് ഉദാഹരണം. കാര്യം ശരിയല്ലേ? നാമെല്ലാം പലപ്പോഴും സ്വീകരിക്കുക അവിയൽരീതി. പലതിലും ഒരേ സമയം വ്യാപരിച്ച് മനസ്സിനു ഭാരം നല്കും.

ലോകമിന്ന് അതിസങ്കീർണമാണ്. വെറുതേ ശാന്തമായിരിക്കാൻ നമ്മെ അനുവദിക്കില്ല. വാർത്തകൾ, പത്രം, റേഡിയോ, ടെലിവിഷൻ, ഫോൺകോൾ, വാട്സാപ്, ഇന്റർനെറ്റ്, ഫേസ്ബുക്, ഇ–മെയിൽ, ഇൻസ്റ്റഗ്രാം, സംശയച്ചോദ്യങ്ങൾ, ഉപദേശങ്ങൾ, പരാതികൾ, സംഘടനകളുടെ ആവശ്യങ്ങൾ, മീറ്റിങ്ങുകൾ, കലഹങ്ങൾ, കുറ്റകൃത്യങ്ങൾ, ആരോപണങ്ങൾ, യുദ്ധങ്ങൾ എന്നിവയുടെയെല്ലാം മലവെള്ളപ്പാച്ചിൽ. എല്ലാം ആവശ്യത്തിനു മതിയെന്ന് തീരുമാനിച്ചാൽ സമാധാനമുണ്ടാകും. അറിയാതെ അവയുടെ ആഴങ്ങളിൽ വീണ് കൈകാലിട്ടടിക്കുകയല്ലേ നാമെല്ലാം? പലരും അവർക്കിഷ്ടമുള്ളേടത്തേക്കു നമ്മെ വലിക്കും. നമ്മൾ അയഞ്ഞാൽ സംഗതി കുഴയും.

സങ്കീർണപ്രശ്നങ്ങളെയും ശാന്തമായി ചിന്തിച്ചു നേരിട്ടാൽ, ആധിയും ആവലാതിയും കുറയും. നിങ്ങൾ ഓടുകയല്ലേ? തെല്ലു നിൽക്കൂ. അല്പനേരം സാവധാനം ശ്വാസം വിടൂ. പാത്രം കഴുകുന്നെങ്കിൽ പതുക്കെക്കഴുകുക. സെൻ സഹായത്തിനുണ്ട്.

എന്റെ കത്ത് െതറ്റിദ്ധാരണയുളവാക്കുമോ? എന്റെ വേഷത്തെ അവർ പരുഹസിക്കുമോ? എന്നിങ്ങനെ സംശയിച്ച് ആകുലപ്പെടുന്നവരേറെ. ഇവിടെയെല്ലാം സെൻസമീപനം തുണയ്ക്കും. പഴയ സെൻകഥ നിങ്ങൾ കേട്ടിരിക്കും :

യാത്രയ്ക്കിടെ സന്ന്യാസിയും യുവശിഷ്യനും പുഴ കടക്കാനെത്തി. എങ്ങനെ കടക്കുമെന്ന് അറിയാതെ വിഷമിച്ച് ഒരു യുവതി പുഴക്കരയിൽ നിൽക്കുന്നു. സന്ന്യാസി അവളെ ചുമന്ന് മറുകരയെത്തിച്ചുവിട്ടു. ഗുരുവും ശിഷ്യനും യാത്ര തുടർന്നു. ആശ്രമത്തിലെത്തി. പിറ്റേന്നു രാവിലെ ശിഷ്യൻ ഗുരുവിനോടു സംശയം ചോദിച്ചു: ‘ഇന്നലെ അങ്ങു ചെയ്തത് ശരിയാണോ? നമ്മൾ യുവതികളെ ചുമക്കാമോ?’

സന്ന്യാസി : ‘അല്ല, നീ ഇപ്പോഴും അവളെ തലയിൽ ചുമന്നുകൊണ്ടു നടക്കുകയാണോ? അവൾ നിന്റെ മനസ്സിനെ അലട്ടുകയാണോ? ഞാൻ അപ്പോഴേ അവളെ വിട്ടല്ലോ.’ 

മനഃക്ലേശം പങ്കിടണമെന്നുണ്ടെങ്കിൽ, നല്ല അടുപ്പവും സഹതാപശീലവും ഉള്ളവരുമായി മാത്രമാവട്ടെ. അതും ഒ‌രിക്കൽ മാത്രം മതി. കഴിയുന്നതും വേഗം മനസ്സിൽ നിന്ന് പിരിമുറുക്കത്തെ ബോധപൂർവം പുറത്താകുന്നതാവൂം വിവേകത്തിന്റെ വഴി. മനസ്സിൽവച്ചു താലോലിക്കുന്തോറും  വേവലാതി വളർന്ന് നമ്മെ നിഷ്ക്രിയതയിലേക്കും ആലസ്യത്തിലേക്കും നയിച്ചെന്നിരിക്കും. 

വേവലാതിപ്പെടുമ്പോൾ ഒന്നോർക്കാം. നാം വേവലാതിപ്പെട്ട എത്ര കാര്യങ്ങൾ ശക്തമായി വന്ന് നമ്മുടെ ജീവിതത്തെ തകരാറിലാക്കി? ചുരുക്കം ചിലത് അങ്ങനെയുണ്ടാവാം. പക്ഷേ മിക്കവയും വന്നപോലെ മാഞ്ഞുപോയിക്കാണും. മനഃക്ലേശം നമ്മെ ഇല്ലാതാക്കുന്നതിനു മുൻപേ നാം മനഃക്ലേശത്തെ ഇല്ലാതാക്കണം എന്ന് കനേഡിയൻ ദാർശനികൻ മറ്റ്ഷോണ ധിൽവായോ.

അന്യർ തന്നെപ്പറ്റി എന്തു ചിന്തിക്കുമെന്നത് പലരുടെയും വേവലാതിക്കു കാരണമാണ്. ഇതു മനസ്സിൽവച്ചു ജീവിക്കാൻ തുടങ്ങിയാൽ നമുക്കിഷ്ടമുള്ളതു പലതും വെറുതേ ഉപേക്ഷിക്കേണ്ടിവരും. എല്ലാവരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നയാൾ ആരെയും തൃപ്തിപ്പെടുത്തുന്നില്ല. നമുക്കില്ലാത്തതിനെയോർത്ത് മനഃപ്രയാസപ്പെടേണ്ട. നേടാൻ കഴിയുന്നതിനായി ശ്രമിക്കാം.

അനൂഗൃഹീതനായ ഫ്രഞ്ച് പിയാനിസ്റ്റ് ഒരു മണിക്കൂർ നിർത്താതെ അസാധാരണ മികവോടെ പിയാനോ വായിച്ചു. നിറഞ്ഞ ആസ്വാദകസദസ്സ് ആനന്ദസാഗരത്തിൽ ആറാടി. ഓഡിറ്റോറിയത്തിൽ ഉജ്ജ്വലകരഘോഷം. അതിൽ സന്തോഷിച്ചപ്പോഴും അതിദ്രുതചലനംമുലമുണ്ടായ കൈവേദന ക്ലേശിപ്പിച്ചു. സംഗീതാരാധികയായ ആറുവയസ്സുകാരി ഓട്ടോഗ്രാഫ് ബുക്കുമായിച്ചെന്ന് പിയാനിസ്റ്റിനോട് രണ്ടു വരി എഴുതിത്തരാൻ അപേക്ഷിച്ചു.

‘നീ പോ, കുട്ടീ! ഇങ്ങനെ പിയാനോ വായിച്ച് എന്റെ കൈ വേദനിക്കുകയാണ്’

‘എന്റെയുമതെ. ഈ നേരമത്രയും ഞാൻ നിറുത്താതെ കൈയടിക്കുകയായിരുന്നു.’

പിയാനിസ്റ്റ് ഒരു നിമിഷം ചിന്തിച്ചു. പെട്ടെന്ന് പേനയെടുത്ത് കുട്ടിക്ക് ഐശ്വര്യം നേർന്ന് രണ്ടു വരിയെഴുതി ഒപ്പിട്ടു. വേദനയിൽ വ്യാകുലപ്പെടാത്ത കുട്ടിയുടെ മാതൃക പിയാനിസ്റ്റിനെ വിസ്മയിപ്പിച്ചു.

വേവലാതി എത്ര നല്ല മനസ്സിനെയും മലിനമാക്കും. പക്ഷേ വേവലാതി ചിലപ്പോൾ ദൃഢനിശ്ചയത്തിലേക്കു നയിച്ചേക്കാം. ചില പ്രയാസങ്ങൾ സഹിച്ചാലേ ആകാശത്തിനു മാരിവില്ലിന്റെ മനോഹാരിത കൈവരിക്കാൻ കഴിയൂ. 

‘ഇന്നു ലോകാവസാനമെന്നു കരുതി വേവലാതിപ്പെടേണ്ട. ഓസ്ട്രേലിയയിൽ ഇപ്പോൾ നാളെയായിക്കഴിഞ്ഞു’ എന്ന് അമേരിക്കൻ കാർട്ടൂണിസ്റ്റ് ചാൾസ് എം ഷുൾസ്. റോമൻ കവി ഒവീദ് : ‘മനസ്സിനെ നോവിക്കുന്ന ചങ്ങല തകർത്തയാൾ സന്തോഷിക്കും.’

English Summary: Career Column By B. S. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA