ADVERTISEMENT

കഴിഞ്ഞവർഷം എറണാകുളം കിഴക്കമ്പലത്ത് എടിഎം കവർച്ചാ ശ്രമം തടയാനായി. പുലർച്ചെ മൂന്നേമുക്കാലോടെ മുഖംമൂടിധാരി എടിഎം തകർക്കാനൊരുങ്ങുമ്പോൾ അപായസന്ദേശം ലഭിച്ച പൊലീസ് ഞൊടിയിടയിൽ എത്തുകയായിരുന്നു. പുറത്തുനിന്നെങ്ങുമുള്ള സാങ്കേതിവിദ്യയല്ല, നമ്മുടെ നാട്ടിലെ ഒരു ഗവേഷക വിദ്യാർഥിയുടെ ബുദ്ധിയായിരുന്നു അതിനു പിന്നിൽ. 

ആ ഗവേഷക വിദ്യാർഥിയാണ് അജയ് ജോൺ ചെമ്മനം, മാവേലിക്കര സ്വദേശി. ‘പ്രൈം മിനിസ്റ്റേഴ്സ് ഫെലോഷിപ് സ്കീം ഫോർ ‍ഡോക്ടറൽ റിസർച്’ ജേതാവായ കേരളത്തിൽനിന്നുള്ള ആദ്യ വിദ്യാർഥി. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) അങ്ങനെ ഈ ഫെലോഷിപ് ലഭിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാകുകയും ചെയ്തു. മനുഷ്യ സ്വഭാവവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും എന്നതാണ് അജയിന്റെ വിഷയം. ഇതുപയോഗിച്ച് എടിഎം, ബാങ്ക് ശാഖകളിലെ സുരക്ഷ ഉറപ്പാക്കുകയാണു പദ്ധതി.

എന്താണ് ഈ ഫെലോഷിപ് ? 

വ്യവസായ മേഖലയ്ക്കു വേണ്ട ഗവേഷണങ്ങൾ പ്രോൽസാഹിപ്പിക്കാനാണിത്. പ്രൈംമിനിസ്റ്റേഴ്സ് റിസർച് സ്കോളർഷിപ് (പിഎംആർഫ്) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണു നൽകുന്നതെങ്കിൽ ഇതു ശാസ്ത്രസാങ്കേതിക വകുപ്പാണു നൽകുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) സഹകരണവുമുണ്ട്. ഗവേഷണവുമായി സഹകരിക്കാൻ ഒരു വ്യവസായ സ്ഥാപനം മുന്നോട്ടുവരണം.

ഗവേഷണം എവിടെ വരെയായി ? 

ഫെഡറൽ ബാങ്കിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്ന വ്യൂലോജിക്സ് ടെക്നോളജീസുമായി സഹകരിച്ചുള്ള ഗവേഷണം ഒന്നര വർഷമായി. വികസിപ്പിച്ച സുരക്ഷാ സംവിധാനത്തിന്റെ ആദ്യരൂപം പരീക്ഷണഘട്ടത്തിലാണ്.   ഇതിനിടെയാണു കിഴക്കമ്പലത്തു കവർച്ചാശ്രമം തടഞ്ഞത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം പ്രാവർത്തികമാക്കാൻ ആദ്യം പൊതുവായ എടിഎം ഉപയോഗരീതികൾ, പല പ്രായക്കാരുടെ മാനറിസങ്ങൾ തുടങ്ങിയവ ഫീഡ് ചെയ്യും. 

  ഇതിനു വിരുദ്ധമായ അസാധാരണ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം കംപ്യൂട്ടർ അധിഷ്ഠിത തൽസമയ നിരീക്ഷണ സംവിധാനത്തിലെത്തും. എടിഎം കവർച്ച മാത്രം തടയാനാണെങ്കിൽ സെൻസർ സംവിധാനം കാര്യക്ഷമമാക്കിയാൽ മതിയല്ലോ. എന്നാൽ, അതിലുപരി ആരെങ്കിലും ആക്രമണത്തിനിരയാകുകയോ തളർന്നുവീഴുകയോ ഒക്കെ ചെയ്താലും ഉടൻ അറിയാനാകും. 

എങ്ങനെ ഗവേഷണ മേഖലയിലെത്തി ? 

ഇലക്ട്രോണിക്സിൽ ബിടെക് കഴിഞ്ഞ് പ്ലേസ്മെന്റ് ലഭിച്ചെങ്കിലും എംടെക്കിനു പോയി. തുടർന്ന് ഐടിസി കമ്പനിയിൽ 2 വർഷം ജോലി ചെയ്ത ശേഷം അതുവിട്ട് ഗവേഷണത്തിനു പോകാൻ തീരുമാനിക്കുകയായിരുന്നു. സമൂഹത്തിനു ഗുണകരമായ പദ്ധതികളാകണമെന്നും ആഗ്രഹമുണ്ടായിരുന്നു. 

കുടുംബം ?

അച്ഛൻ പ്രഫ. ജോൺസൺ ചെമ്മനം മാവേലിക്കര ബിഷപ് മൂർ കോളജിലെ മലയാള വിഭാഗം മേധാവിയായിരുന്നു. അമ്മ ആനി ബാങ്കിൽ അക്കൗണ്ടന്റായി വിരമിച്ചു. സഹോദരി ഐറിൻ സിവിൽ എൻജിനീയറിങ് കഴിഞ്ഞ് കൊല്ലം ടൗൺ പ്ലാനിങ് ഓഫിസിലാണ്. 

പ്രൈം മിനിസ്റ്റേഴ്സ് ഫെലോഷിപ് സ്കീം ഫോർ ‍ഡോക്ടറൽ റിസർച്: 

4 വർഷം വരെയുള്ള ഫെലോഷിപ്പിന് മാസം ലഭിക്കുക 70,000– 80,000 രൂപ. പകുതി സർക്കാരും പകുതി ഗവേഷണ പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനവും നൽകും. ഓരോ വർഷവും സിഐഐയുടെ നേതൃത്വത്തിൽ ഗവേഷണ പുരോഗതി വിലയിരുത്തും. 

വിശദവിവരങ്ങൾക്ക്: www.primeministerfellowshipscheme.in

English Summary: Prime Minister's fellowship scheme for Doctoral Research Scheme Winner Ajay John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com