ആവശ്യമുണ്ടോ മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ കാട്ടിക്കൂട്ടുന്ന ധൂർത്ത്?

HIGHLIGHTS
  • ഒരു കല്യാണത്തിനുതന്നെ പല ദിവസങ്ങളിലായി പലതരം ആഘോഷം
man
Photo Credit : shutterstock.com/Still AB
SHARE

ൈബിളിൽ മത്തായിയുടെ സുവിശേഷം 13–ാം അധ്യായത്തിൽ കളകളുടെ ഉപമയെക്കുറിച്ചു പറയുന്നുണ്ട്. ഖലീൽ ജിബ്രാൻ അതിനെ മറ്റൊരു തരത്തിൽ മനോഹരമായി വ്യാഖ്യാനിക്കുന്നുമുണ്ട്. 

പശ്ചാത്തലം ഇതാണ്. ഒരാൾ അയാളുടെ വയലിൽ ഗോതമ്പുവിത്തുകൾ വിതച്ചു. എന്നാൽ, മറ്റാരോ ആ കൃഷി നശിപ്പിക്കാനായി അതേ വയലിൽ കാട്ടുചെടികളുടെയും കളകളുടെയും വിത്തുകൾ കൊണ്ടിട്ടു. ‘എങ്ങനെ വിളവിനെ രക്ഷിക്കും?’ എന്ന ആശങ്കയിലായി ജോലിക്കാർ. ‘ഇപ്പോൾ ഒന്നും ചെയ്യേണ്ട. വിള കൊയ്യുന്ന സമയത്ത് രണ്ടിനെയും വേർതിരിക്കാം’ എന്നായിരുന്നു യജമാനന്റെ മറുപടി. 

ഇനിയാണു ഖലീൽ ജിബ്രാന്റെ ട്വിസ്റ്റ്. ഒരു ദിവസം ഒരു പണിക്കാരൻ പ്രധാന വേലക്കാരനോടു പറയുന്നു: ‘പാടത്തേക്കു കളകളുടെ വിത്തുകൾ വലിച്ചെറിഞ്ഞത് ആരാണെന്ന് എനിക്കറിയാം. രാത്രി പാടത്തിനു കാവൽ കിടക്കുമ്പോൾ ഞാനതു വ്യക്തമായി കണ്ടതാണ്’. പേടിച്ചുകൊണ്ട് അടക്കിപ്പിടിച്ച ശബ്ദത്തിൽ വേലക്കാരൻ പറഞ്ഞു: ‘കളകളുടെ വിത്തുകൾ വലിച്ചെറിഞ്ഞതു നമ്മുടെ യജമാനൻ തന്നെയാണ്’. 

ഇതിനകത്തു വലിയൊരു അർഥതലമുണ്ട്. ഈ ലോകത്തു മുഴുവനുമുള്ളവർക്കു സുഭിക്ഷമായി കഴിക്കാനുള്ള ഭക്ഷണം ഈ ഭൂമിയിൽത്തന്നെയുണ്ട്. പക്ഷേ, ഈ ലോകത്ത് ഇത്രയേറെ പട്ടിണി സൃഷ്ടിക്കുന്നതും സുഭിക്ഷമായി ഭക്ഷണം കഴിക്കാൻ വകയുള്ള ഈ യജമാനൻമാർ തന്നെയാണ്. ലോകമെങ്ങും കോടാനുകോടിപ്പേരാണ് ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ കഴിഞ്ഞുകൂടുന്നത്. പോഷകാഹാരക്കുറവുമൂലം മരിക്കുന്ന കുട്ടികളുടെ എണ്ണവും നമുക്കു ചിന്തിക്കാവുന്നതിൽ അപ്പുറമാണെന്നു യുനിസെഫ് കണക്കുകൾ പറയുന്നു. 

ലോകം മുഴുവൻ നടക്കുന്ന ഭക്ഷണ ധൂർത്തിന്റെയും കഴിക്കാതെ കളഞ്ഞ് കുഴിച്ചുമൂടുന്ന ഭക്ഷണത്തിന്റെയും കണക്ക് ഒന്നെടുത്തുനോക്കിയാൽ നമ്മൾ അന്തംവിട്ടുപോകും. അവിടെയാണ്, കൊറോണ വൈറസിനോടു നന്ദി പറയാൻ തോന്നുന്നത്. കോവിഡ് പടർന്നുപിടിച്ചശേഷം ലോകമാകെ പാഴാക്കിക്കളയുന്ന ഭക്ഷണത്തിന്റെ അളവ് കുത്തനെ കുറഞ്ഞു എന്നാണു പറയപ്പെടുന്നത്. 

കോവിഡിനു മുൻപും ശേഷവുമുള്ള നമ്മൾ ഓരോരുത്തരുടെയും ജീവിതരീതി ഒന്നു താരതമ്യം ചെയ്താൽ നമുക്കുതന്നെ ഇക്കാര്യം വ്യക്തമായി ബോധ്യപ്പെടും. അനാവശ്യമായി എന്തെല്ലാം ആർഭാടങ്ങളായിരുന്നു നേരിട്ടോ പങ്കാളിയായോ നമ്മൾ നടത്തിക്കൊണ്ടിരുന്നത്? ലോകം മുഴുവൻ അത്തരം ആർഭാടങ്ങളിൽനിന്നു വിട്ടുനിന്നപ്പോൾ എത്രമാത്രം ഭക്ഷണം സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടാകുമെന്ന് ഒന്നോർത്തുനോക്കൂ. 

ഒരു കുട്ടി ജനിക്കുന്ന സമയം മുതൽ ആ കുട്ടിയുടെ പേരിലുള്ള ആഘോഷങ്ങൾ ഒന്നാലോചിച്ചുനോക്കൂ. പിറന്നാളുകൾ, വിവാഹം... അങ്ങനെ മരണംവരെ മറ്റുള്ളവരുടെ മുന്നിൽ നമ്മുടെ ഗർവ് കാണിക്കാനുള്ള ധൂർത്തിന്റെ ഒരുതരം മാനസികരോഗം പടർന്നുപിടിച്ച ലോകത്തായിരുന്നു നമ്മളൊക്കെ ജീവിച്ചിരുന്നത്. ഒരു കല്യാണത്തിനുതന്നെ പല ദിവസങ്ങളിലായി പലതരം ആഘോഷം. മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ കാട്ടിക്കൂട്ടുന്ന ഈ ധൂർത്ത് ആവശ്യമില്ലെന്നല്ലേ കോവിഡ് നമ്മളോടു പറയാതെ പറഞ്ഞതും പഠിപ്പിച്ചതും? 

കോവിഡ് വിട്ടുപോയിക്കഴിഞ്ഞാലും എല്ലാവർക്കും അവകാശപ്പെട്ട, എല്ലാവർക്കും വയറു നിറച്ചു കഴിക്കാൻ ലോകം വയലിലെറിഞ്ഞ വിത്തുകൾക്കിടയിൽ നമ്മളിലെ യജമാനൻമാർ കളകൾ എറിയാതിരുന്നാൽ മതി. പട്ടിണികൊണ്ട് ആരും പൊറുതിമുട്ടേണ്ടിവരില്ല. 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA