തെറ്റും ശരിയും വിവേകപൂർവം വിശകലനം ചെയ്ത് നല്ല മനുഷ്യനാകാൻ...

HIGHLIGHTS
  • മനസ്സിന്റെ സ്ഥിരത ഒടുക്കമല്ല, തുടക്കമാണ്
success-tips
SHARE

1985–ൽ ഒരാഴ്ചയിലേറെ സ്പേസ് ഷട്ടിലിൽ സഞ്ചരിച്ച ജോൺ ഡേവിഡ് ബാർട്ടോ എന്ന അമേരിക്കൻ അസ്ട്രോഫിസിസിസ്റ്റ് ബഹിരാകാശത്തു നിന്നു കണ്ട അദ്ഭുതക്കാഴ്ചയോർത്തു പറഞ്ഞു :  ‘വലിയ നദി വളഞ്ഞുപുളഞ്ഞ് സാവധാനം മൈലുകളോളം ഒഴുകുന്നു. ഒരു രാജ്യത്തിൽ നിന്ന് മറ്റൊന്നിലേക്കു കടക്കുമ്പോൾ നിൽക്കാതെ. നിരവധി രാജ്യാതിർത്തികൾക്കു കുറുകെ മഹാവനങ്ങൾ. പല ഭൂഖണ്ഡങ്ങളെ സ്പർശിക്കുന്ന മഹാസമുദ്രം. ഇതെല്ലാം കണ്ടപ്പോൾ രണ്ടു പദങ്ങൾ മനസ്സിൽ വന്നു – പൊതുസ്വഭാവം, പരസ്പരാശ്രയം. നാമെല്ലാം ഒരേ ലോകം.’ ഭാരതീയാചാര്യന്മാർ പണ്ടേ ഇക്കാര്യം പറഞ്ഞുവച്ചിരുന്നു : വസുധൈവ കുടുംബകം. ലോകമേ തറവാട്. വിശ്വസാഹോദര്യത്തിന്റെ സന്ദേശമാണിത്.

പാശ്ചാത്യരെന്നും പൗരസ്ത്യരെന്നും മനുഷ്യരെ വേർതിരിക്കുന്നതിൽ കാര്യമുണ്ടോ? ദാഹവും വിശപ്പും സ്നേഹവും ദ്വേഷവും അസൂയയും അധികാരമോഹവും ഏതു ദേശത്തെയും മനുഷ്യരിലുണ്ട്. മാനവരാശി ഒറ്റയൊന്ന്. ചരിത്രത്തിലെ വേർതിരിവ് ഭൂമിശാസ്ത്രത്തിലില്ല. പെട്രോളിയം–ഇന്ധനം വേണ്ടാത്ത കാറോ, ആന്റിബയോട്ടിക് ഔഷധമോ ഏതെങ്കിലും രാജ്യത്തു കണ്ടുപിടിച്ചാൽ, ഏറെ വൈകാതെ അത് ലോകമെങ്ങും വ്യാപിക്കും.

ആധുനികമനുഷ്യപ്രകൃതി രസകരമായി വരച്ചു കാട്ടുന്ന കവിതയിലെ ചില വരികളുടെ സാരമിങ്ങനെ:

പണമില്ലാത്തപ്പോൾ കാട്ടുപച്ചക്കറി വീട്ടിൽ കഴിക്കും

പണമുള്ളപ്പോൾ കാട്ടുപച്ചക്കറി റസ്റ്റൊറാന്റിൽ കഴിക്കും

പണമില്ലാത്തപ്പോൾ സൈക്കിൾ ചവിട്ടിപ്പോകും;

പണമുള്ളപ്പോൾ സൈക്കിൾ വ്യായാമയന്ത്രമാക്കും.

പണമില്ലാത്തപ്പോൾ ആഹാരം തേടി നടക്കും;

പണമുള്ളപ്പോൾ തടി കുറയ്്ക്കാൻ നടക്കും.

പണമില്ലാത്തപ്പോൾ ധനികനെന്നു നടിക്കും;

പണമുള്ളപ്പോൾ ദരിദ്രനെന്നു നടിക്കും.

വലുതും ചെറുതും ആയ മോഹങ്ങൾക്കടിപ്പെട്ട് മനുഷ്യമനസ്സ് വട്ടംതിരിയുമെന്ന് കുമാരനാശാൻ – ചിന്താവിഷ്ടയായ സീത : 13

‘‘തിരിയും രസബിന്ദുപോലെയും

പൊരിയും നെന്മണിയെന്നപോലെയും,

ഇരിയാതെ മനം ചലിപ്പു ഹാ!

ഗുരുവായും ലഘുവായുമാർത്തിയാൽ’’ 

വിവേകശാലികളുടെ രീതി  തീർത്തും വ്യത്യസ്തം. തെറ്റും ശരിയും ബുദ്ധിപൂർവം വിശകലനം ചെയ്ത്, ഓരോ ജീവിതസാഹചര്യത്തിലും ചെയ്യേണ്ട  ഉചിതമായ രീതി തീരുമാനിക്കും. തീരുമാനം നടപ്പാക്കുന്നതിൽ സ്ഥിരത പുലർത്തും. മനസ്സിന്റെ സ്ഥിരത ഒടുക്കമല്ല, തുടക്കമാണ്. ഓരോ സന്ദർഭത്തിലും സ്വീകരിക്കേണ്ട സമീപനം സ്ഥിരതയുള്ള മനസ്സു പറഞ്ഞുതരും.  സ്ഥിരതയും സുതാര്യതയും ഉള്ളവരെ അന്യർ ഇഷ്ടപ്പെടും. നന്മ നിറഞ്ഞ മനസ്സുമുള്ളവരെ വിശേഷിച്ചും. സ്ഥിരപരിശ്രമം വിജയത്തിലേക്കു നയിക്കും. സ്ഥിരമായ വിനയശീലം ശത്രുക്കളെ നിരായുധരാക്കും. കടങ്കഥയാകാനല്ല, സ്ഥിരതയുള്ള മനുഷ്യനാകാനാണ് ശ്രമിക്കേണ്ടത്.

‘കിട്ടുന്നതു കൊണ്ട് നാം കഴിഞ്ഞുകൂടുന്നു. കൊടുക്കുന്നതുകൊണ്ടു  ജീവിതം സൃഷ്ടിക്കുന്നു.’ എന്ന് വിൻസ്റ്റൻ ചർച്ചിൽ ജീവിതത്തെ നിർവചിക്കുന്നു. വിവേകംതുടിക്കുന്ന വാക്കുകൾ. ദാനത്തെക്കാൾ മഹത്വം മറ്റെന്തിനാണുള്ളത് !

മികച്ച ജീവിതം കെട്ടിപ്പടുക്കുന്നതിനു സഹായകമായ മറ്റൊന്നും ചർച്ചിൽ പറഞ്ഞു, ‘വിജയം അന്തിമമല്ല; പരാജയം മാരകവുമല്ല. തുടർന്നും ജീവിക്കാനുള്ള ധൈര്യമാണ് പ്രധാനം’ ധീരതയാണ് ഒരുവന്റെ ഒന്നാമത്തെ ഗുണമെന്ന് അരിസ്റ്റോട്ടിൽ.

സത്യം, വിനയം, ദുർബലരോട് അനുകമ്പ മുതലായവ പണം കൊടുത്തു വാങ്ങാനാവില്ല. ഇതെല്ലാം ഉള്ളിൽനിന്നു വരണം. യാതൊരു സഹായവും ചെയ്തുതരാൻ കഴിവില്ലാത്തയാളോടു കാട്ടുന്ന പെരുമാറ്റരീതിയാണ് ഏതു മനുഷ്യനെയും വിലയിരുത്തുന്നത് എന്ന് സാമുവൽ ജോൺസൻ.

അലക്സാണ്ടർ സ്മിത്ത് (1829–1867) എന്ന സ്കോട്ടിഷ് കവി മനോഹരമായി പറഞ്ഞു, ‘മനുഷ്യപ്രകൃതി പൂർണതയ്ക്ക് അടുത്തെങ്കിലും എത്തണമെങ്കിൽ, അവയിൽ സുജനമര്യാദ, ദാനശീലം, ഐശ്വര്യം എന്നിവയുടെ മുന്തിരിച്ചാറ് നിറയ്ക്കേണ്ടതുണ്ട്. കായ്കൾ പഴുത്തു മധുരിക്കാൻ സൂര്യപ്രകാശമെന്നപോലെ.’

ആദികാവ്യമായ രാമായണത്തിന്റെ ആദ്യവരികൾ ഏതാനും ചോദ്യങ്ങളാണ്. സർവജ്ഞനായ നാരദരോട് വാല്മീകിയുടെ ചോദ്യങ്ങൾ. ‘ഈ ലോകത്ത് ഗുണവാനാരാണ്്? ധർമ്മജ്ഞനും കൃതജ്ഞനും സത്യവാക്കും ആര്? ഉറച്ച തീരുമാനമെടുക്കുന്നതാര്? നല്ലവണ്ണം പെരുമാറുന്നതാര്? എല്ലാ ജീവജാലങ്ങള്‍ക്കും ഇഷ്ടമുള്ളയാളാര്? വിദ്വാനാര്? സമർത്ഥനാര്? പ്രിയദർശനനാര്? ക്രോധത്തെ ജയിച്ചവനാര്? …..’ ചോദ്യങ്ങളങ്ങനെ നീളുന്നു. ആദർശപുരുഷനാര് എന്നതാണ് അന്വേഷണം. ഉത്തരത്തിനല്ല നാം പ്രാധാന്യം കല്പിക്കേണ്ടത്. നല്ല മനുഷ്യനു വേണ്ട ഗുണങ്ങൾ എണ്ണിയെണ്ണി സൂചിപ്പിക്കുകയാണ് ആദികവി. ഉത്തരമുണ്ട്. രാമായണകഥയിലെ നായകനായ രാമൻ.

നന്മ പലർക്കും പലതാണ്. ശാസ്ത്രജ്ഞർ കരുതിയേക്കാം, നന്മയെന്നാൽ നിരീക്ഷണപാടവവും കൃത്യതയും യുക്തിബോധവും ജിജ്ഞാസയുമാണെന്ന്. ചിലർക്ക് ഏറ്റവും വലുത് സർഗശേഷി. അതെല്ലാം ചില വീക്ഷണങ്ങൾ മാത്രം. ചിട്ടയും അച്ചടക്കവും ഇച്ഛാശക്തിയും വിജയികൾക്കു വേണ്ട സദ്ഗുണങ്ങൾ തന്നെ. പക്ഷേ ദുർബലരോടുള്ള കാരുണ്യത്തേക്കാൾ വലിയ നന്മയുണ്ടോ?

വലിയ ബുദ്ധിമാന്മാരും പ്രതിഭാശാലികളും ധാരാളമുണ്ടായിരിക്കാം. പക്ഷേ അവർക്കെല്ലാം നന്മനിറഞ്ഞ മനസ്സുണ്ടോയെന്ന പഴയ ചോദ്യമുണ്ട്. പ്രതിഭ തെല്ലു കുറഞ്ഞാലും മനുഷ്യത്വം ഏറി നിന്നാൽ സമൂഹത്തിന് നന്ന്. നല്ല മനുഷ്യർ അന്യരിലെ നന്മയും പുറത്തുകൊണ്ടുവരും. എങ്ങനെ ജീവിക്കണമെന്ന് ഓരോരുത്തർക്കും തീരുമാനിക്കാം. നന്മ നിറഞ്ഞ മനസ്സാകട്ടെ ലക്ഷ്യം.

English Summary: Success Tips: Career Column By B. S. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA