ADVERTISEMENT

ഐസ് ബ്രേക്കിങ്, ഫ്രഷേഴ്സ് ഡേ എന്നൊക്കെ കേട്ടാൽ,  നറുക്കെടുത്തു കിട്ടുന്ന ടാസ്കുകൾ അവതരിപ്പിച്ച് സഹപാഠികൾക്കു മുൻപിൽ മാസ് എൻട്രി നടത്തിയ കാലമാകും ഓർമ വരിക. കോവിഡ് ഈ സങ്കൽപങ്ങളും  മാറ്റിയെഴുതി. എല്ലാം വെർച്വൽ ! 

ഐസില്ലാത്ത ബ്രേക്കിങ് 

സീനിയേഴ്സ് ചേർന്ന് ഡിപ്പാർട്മെന്റിലെ പൈതങ്ങളെ ആചാരപൂർവം വരവേൽക്കുകയും അവർക്കു സ്വയം പരിചയപ്പെടുത്താൻ അവസരം നൽകുകയും ചെയ്യുന്ന ഐസ് ബ്രേക്കിങ് ഇപ്പോൾ പല കോളജുകളിലും വാട്സാപ് ചാലഞ്ച് മട്ടിലാണ്. നറുക്കെടുത്ത് ടാസ്ക് കൊടുക്കുന്നതിനു പകരം, വാട്സാപ്പിലൂടെ ഒരു സംഖ്യ തിരഞ്ഞെടുക്കണം. അതിനനുസരിച്ച് ഓൺലൈനിലാണു ടാസ്ക്.  ‘ഡേറ്റ റിച്ച്’ കോളജുകൾക്കു വിപുലമായ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ് പരിചയപ്പെടൽ.

വെർച്വൽ ക്യാംപസ് (ടൂറും)

ക്യാംപസിലെ സ്ഥിരം ഒത്തുചേരൽ – സൊറപറച്ചിൽ കേന്ദ്രങ്ങളുടെ അനുഭവം ഇല്ലാതാകുന്നതാണ് വലിയ നഷ്ടം. ആർക്കും എവിടെയും പോകാനില്ല. പക്ഷേ, അതു മറികടക്കാൻ വെർച്വൽ ക്യാംപസ് ടൂർ സെക്‌ഷൻ വിപുലീകരിക്കുകയാണ് കോളജ് വെബ്സൈറ്റുകൾ. 360 ഡിഗ്രി വിഡിയോകളുടെ കാലം. ‘യഥാർഥ ഞാൻ അവിടെയെവിടെയോ ആണ്’ എന്നാശ്വസിച്ച് ഓൺലൈൻ ക്ലാസിൽ ഇരിക്കാം. 

പല സ്ഥലങ്ങളിലിരുന്ന് പാട്ടുപാടി ഒന്നിച്ചൊരു പാട്ടാക്കുന്നു; ഫോട്ടോഷൂട്ട് നടത്തി ഒറ്റ പടമാക്കുന്നു. എങ്കിലും സ്പോർട്സ് മീറ്റിനു സ്റ്റേഡിയത്തിൽ തന്നെ വരണ്ടേ ? 

തിരഞ്ഞെടുപ്പില്ലാത്ത കോളജ്

നിയമസഭാ, തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുകൾ നടക്കുമെങ്കിലും കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഇക്കൊല്ലമില്ല. വെർച്വൽ ക്ലാസിന്റെ കാലത്ത് തിരഞ്ഞെടുപ്പ് എന്തുകൊണ്ട് ഓൺലൈൻ ആയിക്കൂടാ എന്ന ചോദ്യം കേട്ടുതുടങ്ങിയിട്ടില്ല. 

മിക്സ്ഡ് റിയാലിറ്റി

ഐഐടി മദ്രാസിന്റെ ഈ വർഷത്തെ ബിരുദദാനം മിക്സ്ഡ് റിയാലിറ്റി പരിപാടിയായിരുന്നു. ന്യൂസ് ചാനലുകളിൽ കണ്ടു പരിചയിച്ച വെർച്വൽ റിയാലിറ്റിയുടെ അക്കാദമിക് രൂപം. ഐഐടി മദ്രാസ് ഡയറക്ടർ പ്രഫ. ഭാസ്കർ രാമമൂർത്തി ഉൾപ്പെടെയുള്ള അതിഥികൾ വേദിയിൽ. മറ്റ് അതിഥികൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ. പേരു വിളിക്കുമ്പോൾ വിദ്യാർഥികൾ ‘ശൂം!’ എന്നു പ്രത്യക്ഷപ്പെട്ട് മെഡൽ ഏറ്റുവാങ്ങി. 

സർട്ടിഫിക്കറ്റുകൾ മുൻപേ തന്നെ വിദ്യാർഥികൾക്ക് അയച്ചുകൊടുത്തിരുന്നു. ഇതു രക്ഷിതാവിൽനിന്നോ മറ്റോ ഏറ്റുവാങ്ങി അതിന്റെ വിഡിയോ വിദ്യാർഥികൾ ഐഐടിയിലേക്കയച്ചു. ചടങ്ങിൽ പേരു വിളിക്കുമ്പോൾ ആ വിഡിയോ അനിമേഷൻ മോഡലിൽ കാണിക്കും. വിദ്യാർഥി നേരിട്ടുവന്ന് അവാർഡ് വാങ്ങുന്ന അതേ അനുഭവം. 

വെർച്വൽ ഫെയർവെൽ നടത്തിയെങ്കിലും സഹപ്രവർത്തകർക്ക് ഉള്ളുതുറന്നൊരു യാത്രയയപ്പ് നൽകാൻ കഴിഞ്ഞില്ല. ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ഓൺലൈനായി നടത്തി കുട്ടികളുടെ സമ്മർദം കുറയ്ക്കാൻ ശ്രമം നടത്തി. എല്ലാ ആഘോഷങ്ങളും ഒത്തുചേരാനുള്ളതാണ്. ഓണ്‍ലൈൻ ആഘോഷങ്ങൾ അതിനു പകരമാവില്ലെന്നറിയാം.

career-guru-n-sreeja-s-n-college-kollam

എൻ.ശ്രീജ

അസിസ്റ്റന്റ് പ്രഫസർ, മലയാളം,

എസ്എൻ കോളജ്, കൊല്ലം

 

career-guru-faheem-barami-jamia-millia-islamia-islamia

 

ക്യാംപസ് ജീവിതമെന്നാൽ കെട്ടിടങ്ങളും പഠനവും മാത്രമല്ല. പുറത്തെ ലോകം, സമരം, പ്രഭാഷണങ്ങൾ, യാത്രകൾ, ഭക്ഷണം എല്ലാമുണ്ട്. പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഒത്തുചേരുന്ന, അവരുടെ ആഘോഷങ്ങൾ നടക്കുന്ന ഹോസ്റ്റൽ ലൈഫാണ് വലിയ നഷ്ടം.

ഫഹീം ബറാമി

എംഎ മീഡിയ ഗവേണൻസ്, 
 

English Summary: Online Class during Covid 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com