ക്ലോക്സൂചിയിൽ നിന്നും പഠിക്കാം

HIGHLIGHTS
  • ചില വീട്ടിലെ ക്ലോക്ക് വീട്ടുകാരുടെ മനോദൗർബല്യം വിളിച്ചുപറയും
Clock-Vasthu
SHARE

നമുക്കു ചുറ്റും ഗുരുക്കന്മാർ പല തരം. മഹാഗുരു പ്രകൃതി തന്നെ. പക്ഷേ മനുഷ്യനിർമ്മിതമായ പലതിന്റെയും പ്രവർത്തനങ്ങളും പാഠങ്ങൾ പകർന്നുതരുന്നു. അവ കാണാനും കേൾക്കാനും സമയവും ക്ഷമയും വിനയവും വേണമെന്നു മാത്രം. 

അത്തരത്തിലൊന്നാണ് ക്ലോക്കും അതിന്റെ സൂചികളും. മണിക്കൂർസൂചിയും മിനിറ്റ് സൂചിയും തിരിയുന്നുണ്ടെന്ന് ഒറ്റനോട്ടത്തിൽ തോന്നില്ല. പക്ഷേ നേരം കഴിയുന്തോറും അവയുടെ സ്ഥാനങ്ങളിൽ മാറ്റം വന്നതായി കാണാം. നിശ്ശബ്ദപ്രവർത്തനം. കിറുകൃത്യമായ ചലനം. ദിവസം ഒരു മിനിറ്റ് മാറ്റം വന്നാൽപ്പോലും നാം ക്ലോക്കിനോട് ക്ഷമിക്കില്ല. 

ചില ക്ലോക്കുകളുണ്ട്. അര മണിക്കൂർ കൂടുമ്പോൾ മുഴങ്ങും. ജീവിതത്തിലെ അര മണിക്കൂർകൂടെ കഴിഞ്ഞു എന്ന് വീണ്ടുംവീണ്ടും ഓർമ്മിപ്പിക്കും. കഴിഞ്ഞുപോയ നേരം തിരികെപ്പിടിക്കാൻ എത്ര പ്രഗല്ഭനും കഴിയില്ല. ഒരു പ്രസിഡന്റിനും പ്രധാനമന്ത്രിക്കും കഴിയില്ല. എത്ര വലിയ സയന്റിസ്റ്റിനും കഴിയില്ല. ഒരു സുപ്രീംകോടതി ജഡ്ജിക്കും കഴിയില്ല. വലിയ പ്രതാപം കാട്ടുന്നവരും സമയത്തിന്റെ മുന്നിൽ നിസ്സാരരും നിസ്സഹായരുമാണെന്ന് ഇക്കാര്യം ഓർമ്മിപ്പിക്കുന്നു. ഏതു ദേശീയനേതാവിനാണ് മിന്നലിനെയോ ഇടിവെട്ടിനെയോ സുനാമിയെയോ തടയാൻ കഴിയുക! ഇതെല്ലാം മനുഷ്യനിൽ വിനയം വളർത്തുന്ന സാരപൂർണമായ ചിന്തകൾ.

ചുരുക്കം ചില ക്ലോക്കുകളിൽ ഘടിപ്പിക്കാറുള്ള സെക്കൻഡ് സൂചിയാകട്ടെ, സമയം എത്ര വേഗമാണ് കടന്നുപോകുന്നതെന്ന് നിരന്തരം ഓർമ്മിപ്പിക്കും. നമുക്ക് അനുവദിച്ചുകിട്ടിയ നേരം അതിവേഗം തീർന്നു പോകുന്നുവെന്ന മുന്നറിയിപ്പ്.

ഇനി നമുക്ക് മണിക്കൂർസൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള ബന്ധം നോക്കാം. രണ്ടിനും കേന്ദ്രമൊന്ന്. തിരിയുന്നത് ഒരേ മണ്ഡലത്തിൽ. പക്ഷേ മുഖാമുഖം കൂടിക്കാഴ്ച നടത്തുന്നതോ? ഇടയ്ക്കിടെ നിമിഷനേരത്തേക്കു മാത്രം. അതും മണി‌ക്കൂറിലൊരിക്കൽ. കൂടിക്കാഴ്ചകളിലെ ഇടവേളകൾ കൂടിക്കാണുന്ന നേരത്തിനെ അപേക്ഷിച്ച് എത്രയോ വലുത്!  എങ്കിലും ബന്ധം ദൃഢമായി നില്ക്കുന്നു. 

നേരിട്ടു ബന്ധപ്പെടുന്നത് വല്ലപ്പോഴുമാണെങ്കിലും, ബന്ധം ദൃഢമായി നിലനിർത്തുന്നതിൽ ശുഷ്കാന്തി വേണം. ഇംഗ്ലിഷ്‌മൊഴിയുണ്ട്, ‘‘സൗഹൃദം നിലനിർത്താൻ അതിലെ പിശകുകൾ നിരന്തരം തിരുത്തിക്കൊണ്ടിരിക്കണം.’’ സമൂഹജീവിയായ മനുഷ്യന്റെ ജീവിതം അർത്ഥപൂർണമാകണമെങ്കിൽ നിറവുള്ള വ്യക്തിബന്ധങ്ങൾ കൂടിയേ തീരൂ. പെട്ടെന്നു ദേഷ്യപ്പെട്ട് ഇടംവലം നോക്കാതെ വ്യക്തിബന്ധത്തിന്റെ പൊൻനൂൽ പൊട്ടിക്കാനെളുപ്പം. പക്ഷേ അത് കൂട്ടിക്കെട്ടുക പ്രയാസം. ഇനി കൂട്ടിക്കെട്ടിയാലോ?  ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും.

ക്ലോക്സൂചികൾ സമയം സൂചിപ്പിക്കുക മാത്രമാണ് ചെയ്യുക. സൂചി പിറകോട്ടു തിരിച്ചാൽ കഴിഞ്ഞുപോയ സമയം തിരിച്ചുപിടിക്കാൻ കഴിയില്ല. കഴിഞ്ഞുപോയ ശൈശവമോ ബാല്യമോ യൗവനമോ വീണ്ടും സന്ദർശിച്ച് ആനന്ദിക്കാൻ ആർക്കും കഴിയില്ല.  ഓരോന്നും അപ്പപ്പോൾ ആസ്വദിച്ചുകൊള്ളണം. അല്ലെങ്കിൽ, വേണ്ടപ്പെട്ടവർ ആസ്വദിപ്പിച്ചുകൊള്ളണം. ക്ലോക്സൂചി മുന്നോട്ടേ കറങ്ങൂ.  റിവേഴ്സ് ഗിയറില്ലാത്ത ഓട്ടമാണതിന്. ജീവിതത്തെപ്പോലെ.

ഓരോരുത്തരുടെയും കഴിഞ്ഞ കാലം നീണ്ടുനീണ്ടു വരും. ഇനിയുള്ള കാലം ചുരുങ്ങിയും. കൈവശമുള്ള നേരം, തരിമ്പും പാഴാക്കാതെ മുന്നേറാനുള്ള വിവേകം നമുക്കു വേണം. നമ്മുടെ മുന്നിലുള്ള നേരം അനന്തമാണെന്ന തോന്നൽ ശരിയല്ല. നേരം ഏവർക്കും പരിമിതം. ‘വിദൂരത്തിലെന്നു കരുതിയ ഭാവിയിലേക്ക് എത്ര വേഗമാണ് ക്ലോക് സൂചികൾ കറങ്ങിയെത്തുന്നത് ! എത്ര വേഗം നാം നമ്മുടെ  അമ്മമാരാകുന്നു!’ എന്ന് നർമ്മം കലർത്തി എഴുത്തുകാരി പെഗി ടോണി ഹോർട്ടൻ.

സമയം കാട്ടുന്ന ക്ലോക്കിൽ തുടങ്ങുന്നതാണ് ഷേക്സ്പിയറുടെ 12–ാമത്തെ ഗീതകം (When I do count the clock that tells the time). കാലം വരുത്തുന്ന മാറ്റങ്ങളെ പ്രകൃതിദൃശ്യങ്ങൾ കടമെടുത്ത് മനോഹരമായി വർണ്ണിക്കുന്ന മഹാകവി പറഞ്ഞവസാനിപ്പിക്കുന്നതു ശ്രദ്ധേയം. ഒടുവിൽ മൃത്യുവിന്റെ അരിവാൾ വരുമ്പോൾ തടുക്കാനാവില്ല. സന്തതികൾ നിങ്ങളുടെ സ്ഥാനമേറ്റുകൊള്ളും. ഉദാത്തമായ ദാർശനികചിന്ത വീരവാദമുയർത്തുന്ന മനുഷ്യന്റെ പരിമിതിയെ ഓർമ്മിപ്പിക്കുന്നു. 

ഇതിനോടു കൂട്ടിവായിക്കാവുന്ന വരികൾ ജി ശങ്കരക്കുറുപ്പിന്റേതായുണ്ട്:

‘സമയം വരുന്നേരം സർവ്വശക്തമാക്കൈയ്യിൽ

 മമജീവിതം ക്ഷുദ്രം സസ്മിതം സമർപ്പിക്കും’ (എന്റെ വേളി)

ഇവയൊന്നും നിഷേധചിന്തകളല്ല. മനുഷ്യജീവിതത്തെക്കുറിച്ചുള്ള ചില ഓർമ്മപ്പെടുത്തലുകൾ മാത്രം. കണ്ണടച്ച് ഇല്ലാതാക്കാനാവാത്ത സത്യങ്ങൾ. പക്ഷേ ഒരു കാര്യം മനസ്സിലെപ്പോഴും വേണം. ശുഭാപ്തിവിശ്വാസത്തോടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള പ്രയത്നത്തിനു പകരം മറ്റൊന്നുമില്ല.

ക്ലോക്കിനൊരു വിശേഷമുണ്ട്. അത് ചത്തുനിന്നുപോയാലും ദിവസവും രണ്ടു പ്രാവശ്യം കൃത്യസമയം കാണിക്കും. ഓടുന്ന ക്ലോക്കിന് കഴിയാത്ത കാര്യം. അത് ഏതാനും സെക്കൻഡെങ്കിലും മുന്നോട്ടോ പിന്നോട്ടോ ആയി ഓടുമ്പോൾ, ഒരിക്കലും കിറുകൃത്യമായി നേരം കാട്ടിയെന്നു വരില്ല. ചത്ത ക്ലോക്കിനും വിലയുണ്ട്.

ക്ലോക്സൂചികളെ ഭയപ്പെടുന്നതായി വയലാറെഴുതിയ സിനിമാഗാനത്തിലുണ്ട് : 

‘നാഴികമണിയുടെ സൂചികളേ

 കാലമാം യാത്രക്കാരന്റെ

 കൂടെ നടക്കും തോഴികളേ

 പേടിയാകുന്നൂ, നിങ്ങളെ പേടിയാകുന്നൂ‘ – (1971, കളിത്തോഴി, ജി ദേവരാജൻ, പി സുശീല).

സൂചികൾ പിന്നിട്ട വീഥികളിൽ കൊഴിഞ്ഞുവീണ മധുരപ്രതീക്ഷകളെയും, തകർന്നു പോയ നിസ്വാർഥ ഹൃദയങ്ങളെയും ഓർത്താണ് ഭയം. അതെല്ലാം ലോകസാധാരണമെന്നു കരുതിയാൽ പേടിക്കേണ്ടതില്ലല്ലോ. സൂചികൾ സൂചകമാണ്, മാരകമല്ല.

ചില വീട്ടിലെ ക്ലോക്ക് വീട്ടുകാരുടെ മനോദൗർബല്യം വിളിച്ചുപറയും. ക്ലോക്ക് മനഃപൂർവം പത്തു മിനിറ്റ് മുന്നോട്ടു കയറ്റി വച്ചിരിക്കും. ചോദിച്ചാൽ പറയും, കൃത്യസമയത്തിന് ജോലിക്കു പോകാനാണെന്ന്. 9 മണിക്കിറങ്ങണമെന്നു വിചാരിച്ച് ഒരുങ്ങിയാൽ 9.10 ആയിപ്പോകുമെന്നും, അത് നിയന്ത്രിക്കാൻ തങ്ങൾക്കു  കഴിയില്ലെന്നും വിളിച്ചുപറയുകയാണവർ. ക്ലോക്ക് 9.10 കാണിക്കുമ്പോൾ, യഥാർത്ഥസമയം 9 മണിയായിരിക്കും. കൃത്യം 9 മണിക്ക് ജോലിക്കിറങ്ങാം. ഈ ദുർബലയുക്തി നമുക്കു വേണോ? ആത്മവിശ്വാസവും ചിട്ട‌യും കൃത്യനിഷ്ഠയും സമയബോധവും വളർത്തി ഈ മാനസിക അടിമത്തത്തിൽ നിന്ന് ആർക്കും മോചനം നേടാം.

ക്ലോക്കിന്റെയും കലണ്ടറിന്റെയും അടിമയാകാതെ നോക്കുന്നതു പ്രധാനം. അഞ്ചു മണിക്ക് വീട്ടിലെത്തണമെന്ന ചിന്തയ്ക്ക് അടിമയായാൽ ജേണലിസ്റ്റും പൈലറ്റുമടക്കം പലേ ജോലികളിലും എത്താൻ കഴിയില്ല. നമ്മുടെ പ്രയത്നങ്ങളെല്ലാം നിയന്ത്രിക്കുന്നതു സമയമാണ്. അത് വിവേകത്തോടെ വകയിരുത്താൻ ഘടികാരസൂചികൾ തുണയായിവരട്ടെ.

English Summary: Success Tips By B. S. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA