പിഎസ്‌സി ജോലിയിൽ പ്രവേശിക്കുന്നതിന്: വിദേശ ജോലിക്കാർക്ക് 6 മാസം; നാട്ടിലുള്ളവർക്ക് 3 മാസം

HIGHLIGHTS
  • ൽ നിയമന ഉത്തരവ് തീയതി മുതൽ പരമാവധി 45 ദിവസം വരെ ദീർഘിപ്പിച്ചു നൽകാം
PSC
SHARE

പിഎസ്‌സിയുടെ നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർഥികൾക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് സമയം ദീർഘിപ്പിച്ചു നൽകുന്നതും എൻജെഡി ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതും സംബന്ധിച്ച് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് 28–10–2020ൽ പ്രസിദ്ധീകരിച്ച  സ.ഉ (അച്ചടി) നം. 15/2020/ഉഭപവ ഉത്തരവിലാണ് ഇതു സംബന്ധിച്ച വിശദാശംങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിലവിലുള്ള സർക്കുലറുകളും ഉത്തരവുകളും പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചതോടെ അപ്രസക്തമായി. ഉത്തരവിലെ പ്രധാന നിർദേശങ്ങൾ ചുവടെ. 

∙നിയമനാധികാരികൾ  നിയമന ഉത്തരവിൽ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിന് അനുവദിച്ചിട്ടുള്ള പരമാവധി സമയം (തീയതി ഉൾപ്പെടെ) വ്യക്തമായി രേഖപ്പെടുത്തണം. 

∙അർഹതയുള്ളവർക്ക് അപേക്ഷയുടെ അടിസ്ഥാനത്തിൽ നിയമന ഉത്തരവ് തീയതി മുതൽ പരമാവധി 45 ദിവസം വരെ ദീർഘിപ്പിച്ചു നൽകാം. 

∙ഏതെങ്കിലും കോഴ്സ് ചെയ്യുന്നവർക്കും ട്രെയിനിങ്ങിൽ പങ്കെടുക്കുന്നവർക്കും 45 ദിവസത്തിലധികം സമയം വേണമെങ്കിൽ 180 ദിവസം വരെ (കോഴ്സ്/ട്രെയിനിങ് പൂർത്തിയാക്കാൻ ഇത്രയും സമയം മതിയെങ്കിൽ) ദീർഘിപ്പിച്ചു നൽകാം. ഇതിൽ കൂടുതൽ സമയം വേണ്ടിവരുന്നവർക്ക് 45 ദിവസം വരെ പ്രവേശന സമയം നിയമനാധികാരികൾക്ക് ദീർഘിപ്പിച്ചു നൽകാവുന്നതും പിന്നീട് ജോലിയിൽ പ്രവേശിച്ച ശേഷം ശൂന്യവേതനാവധിയിൽ കോഴ്സ്/ട്രെയിനിങ് പൂർത്തിയാക്കാം. 

∙വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നിയമന ഉത്തരവ് തീയതി മുതൽ 180 ദിവസം വരെയോ വിദേശ തൊഴിൽദാതാവുമായുള്ള കരാർ അവസാനിച്ച ശേഷം ഒരു മാസമോ (ഏതാണോ ആദ്യം) അതുവരെ നിയമനാധികാരിക്കു തന്നെ പ്രവേശന സമയം ദീർഘിപ്പിച്ചു നൽകാം. നിയമന ഉത്തരവ് ലഭിച്ച ശേഷമാണ് ഉദ്യോഗാർഥി കരാറിൽ ഏർപ്പെട്ടിട്ടുള്ളതെങ്കിൽ പ്രവേശന സമയം ദീർഘിപ്പിച്ചു നൽകില്ല. എന്തു കാരണത്താലും പരമാവധി ആറു മാസത്തിലധികം ഇങ്ങനെയുള്ളവർക്ക് സമയം ദീർഘിപ്പിച്ചു നൽകില്ല.

∙സംസ്ഥനത്തിനകത്തോ, ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ സ്വകാര്യ മേഖലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്നവർക്ക് പരമാവധി 90 ദിവസം വരെ പ്രവേശന സമയം ദീർഘിപ്പിച്ചു നൽകാം. നിയമന ഉത്തരവ് ലഭിച്ച ശേഷം തൊഴിൽ കരാറിൽ ഏർപ്പെടുന്നവർക്ക് സമയം ദീർഘിപ്പിച്ചു നൽകില്ല.   എന്തു കാരണത്താലും പരമാവധി 3 മാസത്തിലധികം ഇങ്ങനെയുള്ളവർക്ക് സമയം ദീർഘിപ്പിച്ചു നൽകില്ല.

∙അംഗീകൃത സർവകലാശാലകളിൽ/ സ്ഥാപനങ്ങളിൽ പൂർണസമയ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് 180 ദിവസം വരെ പ്രവേശന സമയം ദീർഘിപ്പിച്ചു നൽകും. ഇതിൽ കൂടുതൽ സമയം വേണ്ടവർക്ക് 45 ദിവസം വരെ പ്രവേശന സമയം നിയമനാധികാരികൾക്ക് ദീർഘിപ്പിച്ചു നൽകാവുന്നതും പിന്നീട് ജോലിയിൽ പ്രവേശിച്ച ശേഷം ശൂന്യവേതനാവധിയിൽ പ്രവേശിച്ച് ഗവേഷണം പൂർത്തിയാക്കാം. 

∙കേന്ദ്ര സർക്കാർ, ഇതര സംസ്ഥാന സർക്കാർ, കേന്ദ്ര/സംസ്ഥാന/ഇതര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 3 മാസം വരെ പ്രവേശന സമയം ദീർഘിപ്പിച്ചു നൽകും. 

∙നിലവിൽ കേരള സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവർക്ക് ഒൗദ്യോഗിക കാരണങ്ങളാൽ വകുപ്പിൽ നിന്ന് വിടുതൽ ചെയ്യുന്നതിനുള്ള കാലതാമസം മൂലം 45 ദിവസത്തിലധികം പ്രവേശന കാലാവധി ആവശ്യമാണെങ്കിൽ 60 ദിവസം വരെ പ്രവേശന സമയം ദീർഘിപ്പിച്ചു നൽകും. ഇതനുസരിച്ച് അനുവദിച്ച പ്രവേശന പരിധിക്ക് 10 ദിവസം മുൻപെങ്കിലും ബന്ധപ്പെട്ട നിയമനാധികാരി ഉദ്യോഗാർഥിയുടെ വിടുതൽ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. 

∙അപകടം, രോഗം തുടങ്ങിയ കാരണങ്ങളാൽ 45 ദിവസത്തിലധികം പ്രവേശന കാലാവധി ആവശ്യമായിട്ടുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ സഹിതം നിയമനാധികാരിക്ക് അപേക്ഷ നൽകണം. നിയമനാധികാരി നിയമന ഉത്തരവ് തീയതി മുതൽ 45 ദിവസത്തിനകം ഇത് സർക്കാരിലേക്ക് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും കൂടുതൽ സമയം അനുവദിക്കണോ എന്ന് തീരുമാനിക്കപ്പെടുക. 

∙പൊലീസ്, എക്സൈസ്, ഫയർഫോഴ്സ് തുടങ്ങിയ സേനാ വിഭാഗങ്ങളിലെ നിയമനങ്ങളിൽ പ്രവേശന കാലാവധി അനുവദിക്കുന്നതിന് ബന്ധപ്പെട്ട ഭരണ വകുപ്പുകൾക്ക് പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കാം. ഉത്തരവില്ലെങ്കിൽ മുകളിൽ പരാമർശിച്ച വ്യവസ്ഥകൾ ഇവർക്കും ബാധകമായിരിക്കും. 

∙പ്രവേശന തീയതി ദീർഘിപ്പിക്കുന്നതിനുള്ള ഉദ്യോഗാർഥിയുടെ അപേക്ഷ നിരസിക്കപ്പെട്ടാൽ ഈ വിവരം ഉദ്യോഗാർഥിയെ കത്ത് മുഖേന (റജിസ്ട്രേഡ് പോസ്റ്റിൽ അക്‌നോളഡ്ജ്മെന്റ് സഹിതം) അറിയിക്കേണ്ടതും, കത്ത് കൈപ്പറ്റി 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കുവാൻ ഉദ്യോഗാർഥിക്ക് നിർദേശം നൽകേണ്ടതുമാണ്. 

∙എൻജെഡി ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിനു മുൻപ് പ്രവേശന സമയം ദീർഘിപ്പിക്കുന്നതു സംബന്ധിച്ച് ഉദ്യോഗാർഥികളുടെ അപേക്ഷയൊന്നും നിയമനാധികാരി/സർക്കാർ തലത്തിൽ തീർപ്പാക്കാനില്ലെന്നും, പ്രവേശന സമയം ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷ നിരസിച്ച അറിയിപ്പ് ഉദ്യോഗാർഥി കൈപ്പറ്റി 10 ദിവസം പൂർത്തിയായിട്ടുണ്ട് എന്നും വകുപ്പ് മേധാവികൾ ഉറപ്പു വരുത്തണം.  

English Summary: Kerala PSC Job

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA