ADVERTISEMENT

മമ്പാട് കോളജിൽ പ്രീഡിഗ്രിക്കു രണ്ടു വർഷം എന്നെ ഇംഗ്ലിഷ് പഠിപ്പിച്ച ഹാഷിം സാർ ഓർമയായത് കഴിഞ്ഞ മാസമാണ്. മാജിക്കിന്റെ ലോകത്തേക്കു കുതിക്കാൻ ഞാൻ കൊതിക്കുന്ന കാലമാണത്. വേദിയിൽ പറയുന്ന മലയാളത്തെ ഇംഗ്ലിഷിലേക്കു മാറ്റി വലിയ ലോകം തുറക്കാൻ അദ്ദേഹത്തിന്റെ മുറിയിൽ ചെന്നു മിക്കപ്പോഴും റിഹേഴ്സൽ നടത്തുമായിരുന്നു. വാക്കുകളുടെ ഉച്ചാരണത്തിനായി അദ്ദേഹം തന്ന പരിശീലനം എക്കാലത്തും എനിക്കു മുതൽക്കൂട്ടായിട്ടുണ്ട്. 

 

ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം കാണുമ്പോൾ അദ്ദേഹം പറഞ്ഞു: ‘തത്വചിന്താപരമായ കുറേ ആശയങ്ങൾ മനസ്സിലുയർന്നത് കുറിച്ചുവച്ചിട്ടുണ്ട്. അതെല്ലാം വിശദമായി ഒന്ന് എഴുതണം. നല്ലൊരു പുസ്തകമായി പുറത്തിറക്കണം’. പക്ഷേ, ആ മോഹങ്ങൾ ബാക്കിയാക്കി അദ്ദേഹം പോയി. 

 

മരണശയ്യയിൽ കിടക്കുന്ന രബീന്ദ്രനാഥ ടഗോറിന്റെ വികാരവിചാരങ്ങൾ അടുത്തിടെ ഞാൻ വായിച്ചിരുന്നു. മരണക്കിടക്കയിൽ കിടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കണ്ണിൽനിന്നു കണ്ണുനീർ ധാരധാരയായി ഒഴുകുകയായിരുന്നു. അദ്ദേഹം തേങ്ങിത്തേങ്ങി കരയുകയായിരുന്നു. അരികിലിരിക്കുന്ന ശിഷ്യൻ ചോദിച്ചു: ‘എന്തിനാണ് അങ്ങ് ഇങ്ങനെ വിഷമിക്കുന്നത്?’. ലോകത്തു മറ്റൊരു കവിക്കും രചിക്കാനാകാത്തത്ര കാവ്യങ്ങൾ അദ്ദേഹം രചിച്ചുകഴിഞ്ഞിരുന്നു. നൊബേൽ സമ്മാനമടക്കമുള്ള ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായ ശാന്തിനികേതൻ സാക്ഷാത്കൃതമായിരുന്നു. 

 

ദുഃഖിക്കാൻ ഒരു കാരണവും അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നുതന്നെ ശിഷ്യൻ ഉറച്ചു വിശ്വസിച്ചു. ‘അങ്ങ് ആഗ്രഹിച്ചതെല്ലാം രചിച്ചുകഴിഞ്ഞില്ലേ? നേടാവുന്നതെല്ലാം നേടിക്കഴിഞ്ഞില്ലേ? പാടാവുന്നതെല്ലാം പാടിക്കഴിഞ്ഞില്ലേ?’–ശിഷ്യൻ ചോദിച്ചു. 

 

ശിഷ്യന്റെ കൈകൾ ചേർത്തുപിടിച്ച് ടഗോർ ഇങ്ങനെ പറഞ്ഞത്രെ: ‘ഞാൻ രചിക്കാൻ ആഗ്രഹിച്ച കാവ്യം, ഞാൻ പാടാനാഗ്രഹിച്ച ഗാനം ഇനിയുമെനിക്കു പാടാൻ സാധിച്ചിട്ടില്ല. അതിപ്പോഴും ഒരു വിത്തുപോലെ എന്റെ ഉള്ളിലുണ്ട്. എന്റെ ആറായിരം കാവ്യങ്ങളും ആ ഒരു ഗാനത്തിലേക്ക് എത്തിച്ചേരാനുള്ള ശ്രമം മാത്രമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അതെല്ലാം എന്റെ പരാജയങ്ങളായിരുന്നു. ഞാൻ എന്റെ തംബുരുവിന്റെ കമ്പികൾ മുറുക്കിയെടുത്തിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞാൻ പാടാനാഗ്രഹിച്ചത് പാടാനായി എന്ന് ഇപ്പോൾ തോന്നാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ, അപ്പോഴേക്കും മരണം എന്നെ വന്നു വിളിക്കുന്നത് ഞാൻ കാണുന്നു’. 

 

വല്ലാത്ത വരികളാണിത്. എത്ര തവണയാണ് ഞാൻ ഈ വരികൾ വായിച്ചതെന്ന് ഓർമയില്ല. അത്രയേറെത്തവണ. ഓരോ തവണ വായിക്കുമ്പോഴും ഞാൻ ടഗോറിനെയും അദ്ദേഹത്തിന്റെ അരികിലിരിക്കുന്ന ആ അരുമശിഷ്യനെയും അദ്ദേഹത്തിന്റെ കണ്ണിൽനിന്നു ധാരധാരയായി ഒഴുകുന്ന കണ്ണുനീർത്തുള്ളികളെയും ഭാവനയിൽ കാണുകയായിരുന്നു. 

 

ടഗോറിന്റെയും ഹാഷിം സാറിന്റെയും ബാക്കിവച്ച മോഹങ്ങൾ വായിക്കുകയും കേൾക്കുകയും ചെയ്തപ്പോൾ തോന്നി, നമ്മളൊക്കെ ഇടയ്ക്കിടെ സ്വയം ഇങ്ങനെ ചോദിക്കണമെന്ന്: ‘നമുക്ക് ഇനിയെന്താണു ബാക്കിയുള്ളത്? എന്താണു നമുക്ക് ഓരോരുത്തർക്കും ഇനിയും ഈ ഭൂമിയിൽ ചെയ്തുതീർക്കാൻ അവശേഷിക്കുന്നത്?’. 

 

ഉത്തരങ്ങൾ സ്വയം കണ്ടെത്തുക. ആഗ്രഹിച്ചത് എത്രയും പെട്ടെന്നു ചെയ്തുതീർക്കുക. ആരോടും പിണക്കമില്ലാതെ, എല്ലാവരെയും ഹൃദയം തുറന്ന് സ്നേഹിക്കുക. നാളെ ചെയ്യാൻ ബാക്കിവയ്ക്കുന്നത് ഇന്നുതന്നെയും ഇന്നു ചെയ്യാനിരിക്കുന്നത് ഇപ്പോൾത്തന്നെയും നടപ്പാക്കുക. ഒന്നും മാറ്റിവയ്ക്കേണ്ട.  

English Summary: Magic Lamp Podcast By Gopinath Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com