ADVERTISEMENT

മാസ്കിട്ട്, ഡിസ്റ്റൻസ് കൃത്യമായി പാലിച്ച് ആദ്യ ക്ലാസിലിരിക്കുമ്പോൾ പ്രഫസർ ഞങ്ങളെ ചെറുതായിട്ടൊന്നു തോണ്ടി. “ഈ വർഷം എല്ലാവർക്കും 100 % അറ്റൻഡൻസ് ആണല്ലോ ?”

 

ഓൺലൈൻ ക്ലാസിനോടു ഞങ്ങൾ കാണിച്ചിരുന്ന ആത്മാർഥതയ്ക്കുള്ള 'അഭിനന്ദന'മാണതെന്ന് അറിയാഞ്ഞിട്ടല്ല. “തമാശയ്ക്കാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേ സാറേ” എന്നു തിരിച്ചുപറയാൻ തോന്നിയില്ല. എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണു കോളജിലെത്തുന്നത്. ഓഫ്‌ലൈൻ ക്ലാസിന്റെ വില ശരിക്കും മനസ്സിലായത് ഓൺലൈൻ ക്ലാസിലിരുന്നപ്പോഴാണ്; പ്രത്യേകിച്ച് ഞങ്ങൾ അവസാന വർഷ ഡിഗ്രിക്കാർക്ക്. ക്യാംപസിലെ അവസാന കാലമെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസമാണിപ്പോൾ. 

 

എന്നു കരുതി ഇതു പഴയ ക്യാംപസ് അല്ലതാനും. ഓൺലൈൻ ക്ലാസിൽ മാസ്ക് വേണ്ടായിരുന്നെങ്കിലും ഇവിടെയതു വേണം. അധ്യാപകർക്ക് ഫെയ്സ് ഷീൽഡ് കൂടിയുണ്ട്; ചിലർക്കു ഗ്ലൗസും. 

 

ഇടയ്ക്കിടെ പ്രയോഗിക്കാനായി ഞങ്ങളിൽ മിക്കവരുടെയും യൂണിഫോം പോക്കറ്റിൽ ചെറിയൊരു കുപ്പി സാനിറ്റൈസറും ഇടം പിടിച്ചിട്ടുണ്ട്.

career-guru-shreya-cathrine-george

 

കൂട്ടുകാരോടൊപ്പം ഒരു ബെഞ്ചിൽ തിക്കിത്തിരക്കിയിരുന്ന കാലമൊക്കെ പോയി. അകലം പാലിച്ചിട്ടിരിക്കുന്ന ബെഞ്ചുകളിൽ 2 പേർ വീതം മാത്രം. ക്ലാസിനു പുറത്താണെങ്കിൽ ലൈബ്രറി വരെ അടഞ്ഞുകിടക്കുന്നു. മൂന്നു പേരിൽ കൂടുതൽ കൂട്ടംകൂടി നിന്നാൽ സെക്യൂരിറ്റി സ്റ്റാഫ് വിസിലടിച്ചെത്തി ഓടിക്കും. 

ഇതിനിടെ ഇന്റേണൽസ് പോലെ പതിവു തിരക്കുകളൊക്കെയുണ്ടു താനും. ഓൺലൈൻ കാലത്ത് സബ്മിറ്റ് ചെയ്യാനാകാതെ പോയവർക്ക് ഇപ്പോൾ ഓഫ്‌ലൈൻ ഇന്റേണൽസ് നിർബന്ധമാണ്. ഇന്നലെയുമുണ്ടായിരുന്നു ഒരു ഇന്റേണൽ. 

 

എങ്കിലും റേഞ്ചിന്റെ പ്രശ്നമില്ല. മൊബൈലിന്റെയോ ലാപ്പിന്റെ സ്ക്രീനിലേക്കു കണ്ണുനട്ടിരിക്കേണ്ട. ടെക്സ്റ്റും നോട്ടും ക്ലാസിലെ ബോർഡുമൊക്കെ എത്രമേൽ പ്രിയപ്പെട്ടതാണെന്ന് ഇപ്പോൾ ഞങ്ങളും തിരിച്ചറിയുന്നു.

 

ശ്രേയ കാതറിൻ ജോർജ്(അവസാനവർഷ ബിരുദ വിദ്യാർഥിനി,സെന്റ് അലോഷ്യസ് കോളജ്, മംഗളൂരു)

English Summary: College Life In Mangalore During Covid 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com