ADVERTISEMENT

എന്റെ കലാതട്ടകം നിലമ്പൂരിൽനിന്നു തിരുവനന്തപുരത്തേക്കു മാറുന്ന കാലം. മാജിക് അക്കാദമി തുടങ്ങാനുള്ള എല്ലാ ആലോചനകൾക്കും പിന്നിലെ പ്രധാന ശക്തി മലയാറ്റൂർ രാമകൃഷ്ണൻ സാറായിരുന്നു. ഒപ്പം നിന്നപ്പോഴും അദ്ദേഹം തന്ന ഉപദേശം ഇങ്ങനെയായിരുന്നു: ‘ഇന്ത്യയുടെ വളർച്ചയ്ക്ക് ഇത്രയിത്ര ഡോക്ടർമാരും ഐഎഎസ് ഓഫിസർമാരും അധ്യാപകരും ജഡ്ജിമാരുമൊക്കെ വേണമെന്നതു നിർബന്ധമാണ്. പക്ഷേ, എത്ര മാജിക്കുകാർ ഇന്ത്യയ്ക്കു നിർബന്ധമായി വേണം? നിങ്ങൾ കലാകാരൻമാരും കലാകാരികളും കുറേ കാലത്തേക്കു പരിപാടികൾ അവതരിപ്പിക്കുന്നില്ലെന്നു തീരുമാനിച്ചാലും രാജ്യം ഇതുപോലെത്തന്നെ മുന്നോട്ടുപോകും’. 

 

മലയാറ്റൂർ സാർ എന്ന ‘അയ്യർ ദ് ഗ്രേറ്റി’ന്റെ പ്രവചനം ശരിക്കും ഫലിച്ചതുപോലെയല്ലേ ഇപ്പോൾ? എട്ടു മാസമായി രാജ്യത്തെ സിനിമാതിയറ്ററുകളും എന്റർടെയ്ൻമെന്റ് പാർക്കുകളും നാടകക്കമ്പനികളും മാജിക് ട്രൂപ്പുകളുമെല്ലാം ഒരു വേദിപോലുമില്ലാതെ അടഞ്ഞുകിടക്കുന്നു. രാജ്യം ഒന്നും സംഭവിക്കാത്തതുപോലെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. 

 

2014 ഒക്ടോബർ 31 നു തിരുവനന്തപുരം കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റ് തുറക്കുമ്പോഴേക്കു മലയാറ്റൂർ സാർ ഓർമയായിക്കഴിഞ്ഞിരുന്നു. പ്ലാനറ്റ് തുറക്കുന്നതിനോടടുത്തുള്ള സന്ദർഭങ്ങളിൽ ഞാനനുഭവിച്ച മാനസിക സമ്മർദങ്ങൾ ചെറുതല്ല. അപ്പോഴൊക്കെ മലയാറ്റൂർ സാർ ഒപ്പമുണ്ടായിരുന്നെങ്കിലെന്നു പലവട്ടം ചിന്തിച്ചുപോയിട്ടുണ്ട്. എന്തായാലും അദ്ദേഹം നൽകിയ ഊർജം മനസ്സിൽ ഇപ്പോഴുമുണ്ട്. അതുതന്നെയാകാം, ഇക്കഴിഞ്ഞ നവംബർ 1 നു മാജിക് പ്ലാനറ്റ് വീണ്ടും തുറക്കാൻ ശക്തി നൽകിയതും

ഒരു സ്വപ്നം മനസ്സിൽ നാമ്പിട്ടു, ലോകത്തെ ആദ്യ മാജിക് പ്ലാനറ്റ്. തെരുവുമാജിക്കും മെന്റലിസവും ക്ലോസപ് മാജിക്കും ഇല്യൂഷനുമെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഒരിടം. മാജിക്കിന്റെ ചരിത്രം പറയുന്ന ഹിസ്റ്ററി മ്യൂസിയം, തെരുവുസർക്കസുകാരെയും തെരുവുജാലവിദ്യക്കാരെയുമൊക്കെ പുനരധിവസിപ്പിക്കുന്ന സർക്കസ് കാസിലും മാന്ത്രികത്തെരുവും... മുന്നിൽ ഒരു മാതൃകയില്ല. തുടങ്ങിയാൽത്തന്നെ ആളുകൾ വരുമോയെന്ന ആധി. പ്രോത്സാഹനത്തേക്കാൾ നിരുത്സാഹപ്പെടുത്തലുകളായിരുന്നു ചുറ്റിലും. ബാങ്ക് വായ്പ പരിധി കടന്നപ്പോൾ, സ്വന്തം വീടുവരെ വിൽക്കേണ്ടിവന്നു. 

എങ്കിലും, നടക്കില്ലെന്നു ചിലപ്പോഴെങ്കിലും എന്റെ മനസ്സിൽപ്പോലും തോന്നിപ്പോയ മാജിക് പ്ലാനറ്റ് ഉദ്ദേശിച്ച ദിവസംതന്നെ കണ്ണുതുറന്നു. ഭിന്നശേഷി കുട്ടികൾക്കായുള്ള എംപവർ സെന്ററും ഡിഫറന്റ് ആർട്സ് സെന്ററും പിൽക്കാലത്തു സാക്ഷാത്ക്കരിക്കപ്പെട്ടു. കലാരംഗത്തു തൊഴിൽ നൽകി ഈ കുട്ടികളെ സ്വയംപര്യാപ്തരാക്കാനുള്ള യൂണിവേഴ്സൽ മാജിക് സെന്ററിന്റെ പണി ഇപ്പോൾ നടക്കുന്നു. 

 

കോവിഡ് മൂലം എല്ലാം നഷ്ടപ്പെട്ടു എന്നു ചിന്തിക്കുന്നവർക്കും പുതിയ ഒരു പ്രസ്ഥാനം തുടങ്ങിയാൽ എന്തായിത്തീരുമെന്ന് ആശങ്കപ്പെടുന്നവർക്കും വേണ്ടിയാണ് എന്റെ അക്കാലത്തേക്ക് ഒന്നു തിരിഞ്ഞുനടന്നത്. അവർക്കുവേണ്ടി എനിക്കു പറയാനുള്ളത് ഇതാണ്: 

∙നിങ്ങളുടെ ലക്ഷ്യം സത്യസന്ധമാണെങ്കിൽ, സ്വപ്നം ആത്മാർഥമാണെങ്കിൽ നടക്കാത്ത ഒരു കാര്യവും ഈ ലോകത്തില്ലെന്നു മനസ്സിലാക്കുക. 

∙മറ്റൊന്നിനെ അനുകരിക്കാതെ, നിങ്ങൾ തെളിക്കുന്ന പാത പുതിയതും വേറിട്ടതുമാണെങ്കിൽ അതു ലോകം ഏറ്റെടുത്തിരിക്കും. 

∙നിരുത്സാഹപ്പെടുത്തലുകളെ അതിജീവിച്ച് മനസ്സിനെ പോസിറ്റീവായി നിലനിർത്താൻ കഴിഞ്ഞാൽ ലക്ഷ്യത്തിലെത്തിയിരിക്കും. 

∙എപ്പോഴും പ്രതിസന്ധികളുടെ കണക്കു പറയാതെ, കുതിപ്പിന്റെ കണക്കുകൾ മാത്രം ആവർത്തിച്ചു ചിന്തിക്കുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്യുക. 

∙പ്രിയപ്പെട്ടവരോടു നിങ്ങളുടെ സ്വപ്നങ്ങളും ചിന്തകളും പ്രശ്നങ്ങളും പങ്കുവയ്ക്കുക. ലക്ഷ്യം ആത്മാർഥമാണെന്ന് അവർക്കു ബോധ്യപ്പെട്ടാൽ തീർച്ചയായും അവർ കൂടെയുണ്ടാകും. 

English Summary: Gopinath Muthukad About The Opening Of Magic Planet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com