ADVERTISEMENT

കോവിഡിന്റെ നീണ്ട ഇടവേള പിന്നിട്ട് കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റ് തുറന്നത് അടുത്തിടെയാണ്. മാസങ്ങളോളം അടഞ്ഞുകിടന്ന തീം പാർക്ക് തുറന്നുപ്രവർത്തിക്കാൻ ദിവസങ്ങളോളം ഉറക്കം തന്നെ മാറ്റിവയ്ക്കേണ്ടിവന്നു. പക്ഷേ, ആ ക്ഷീണമൊക്കെ മാറിയത് അവിടത്തെ ഡിഫറന്റ് ആർട്സ് സെന്ററിലേക്ക് ഭിന്നശേഷി കുട്ടികൾ പ്രസന്നമായ മുഖവുമായി കടന്നുവന്നപ്പോഴായിരുന്നു. 

 

പ്ലാനറ്റ് സന്ദർശിക്കാനെത്തുന്ന പലരും പങ്കുവച്ചതും സ്വപ്നങ്ങൾ തകിടം മറിച്ച കോവിഡ് കാലത്തിന്റെ അങ്കലാപ്പുകൾതന്നെ. വീടിനകത്തു മാസങ്ങളായി അടച്ചിരിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥയാണ് എല്ലാവരും എടുത്തുപറഞ്ഞത്. നമ്മൾ നമ്മുടെ ദുഃഖങ്ങളെയും ദുരിതങ്ങളെയും കുറിച്ച് ആവലാതി പറയുമ്പോൾ മറ്റുള്ളവരുടെ സുഖങ്ങളിലേക്കു കണ്ണുനട്ടിരിക്കുന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ ദൗർബല്യം എന്നു ഞാൻ പറയും. നമ്മുടെ കുട്ടികൾ വീട്ടിലിരിക്കേണ്ടിവരുന്നതിനെക്കുറിച്ചു വേവലാതിപ്പെടുന്നതിൽ തെറ്റില്ല. പക്ഷേ, അതോടൊപ്പം ഇവിടെയുള്ള ഭിന്നശേഷി കുട്ടികളെക്കുറിച്ചൊന്നു വെറുതെയൊന്നാലോചിച്ചാൽ ആ വേവലാതി പറപറക്കും. 

 

ജീവിതകാലം മുഴുവൻ ഒരു സൗഭാഗ്യവും അനുഭവിക്കാൻ കഴിയാത്ത, കാഴ്ചയ്ക്കും കേൾവിക്കും സംസാരശേഷിക്കുമൊക്കെ ബുദ്ധിമുട്ടുള്ള ഇത്തരം കുട്ടികളുടെ കാര്യം ഒന്നാലോചിച്ചുനോക്കൂ. സ്വന്തം മാതാപിതാക്കളെപ്പോലും തിരിച്ചറിയാൻ കഴിയാത്ത കുട്ടികളാണ് പലരും. ഏതൊരു രോഗവും ചികിത്സിച്ചാൽ നാളെ മാറുമെന്നു നമ്മൾ പ്രതീക്ഷിക്കുന്നു. എന്നാൽ, ജീവിതകാലം മുഴുവൻ ഇങ്ങനെ കഴിയുന്ന കുട്ടികളുടെ മാതാപിതാക്കളുടെ സാഹചര്യവും ഒന്നാലോചിച്ചുനോക്കൂ. 

 

അതുകൊണ്ട്, നമ്മുടെ ചെറിയ ദുഃഖങ്ങളും പ്രയാസങ്ങളുമൊന്നും ഒന്നുമല്ലെന്ന് എപ്പോഴും ഓർക്കുക. ഒരാൾക്കു സന്തോഷിക്കാനായി ആയിരക്കണക്കിനു കാര്യങ്ങൾ ഇവിടെയുണ്ട്. എന്നിട്ടും മനുഷ്യർ ദുഃഖിതരാണ്. 90% മനുഷ്യരും ദുഃഖങ്ങളിലൂടെയും പരാതികളിലൂടെയും പരിഭവങ്ങളിലൂടെയും ജീവിതം തള്ളിനീക്കുന്നവരാണ്. എന്തിനാണ് ഈ മനോഹര ഭൂമിയിൽ ഇത്രയും ദുഃഖം നിലനിൽക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? അതാണു പ്രകൃതിയുടെ ഏറ്റവും വലിയ വികൃതി. ഒന്നും പൂർണതയിലെത്താൻ പ്രകൃതി ആഗ്രഹിക്കുന്നില്ല. അപ്പോഴേ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും പ്രസക്തിയുണ്ടാവൂ.

ടഗോറിന്റെ നല്ലൊരു കവിതയുണ്ട്. അതിൽ പറയുന്നത് ഇങ്ങനെയാണ്: ‘എത്രയോ കാലമായി ഞാൻ ദൈവത്തെ അന്വേഷിച്ചു നടക്കുകയായിരുന്നു. പർവതശിഖരങ്ങളിലും പുഴയുടെ ഓളങ്ങളിലും പുൽക്കൊടിത്തുമ്പുകളിലും വരെ ഞാൻ ദൈവത്തെ അന്വേഷിച്ചു. പക്ഷേ, അവിടെയൊന്നും ദൈവമില്ലായിരുന്നു. അങ്ങനെ ഒരു നാളിൽ ഞാൻ കണ്ടു, ദൈവത്തിന്റെ വീട്. ആകാംക്ഷയോടെ ആ വീട്ടിലേക്കുള്ള പടികൾ ഓടിക്കയറി. മണിയടിക്കാനായി കൈ ഉയർത്തുമ്പോൾ പെട്ടെന്ന് ഒരു ചിന്ത എന്നെ കീഴ്പ്പെടുത്തി. 

 

ഞാൻ മണിയടിച്ചാൽ ദൈവം വാതിൽ തുറക്കും. ഞാൻ ദൈവത്തെ കാണും. പിന്നെയോ, പിന്നെയെന്തിനാണു ഞാൻ ജീവിക്കേണ്ടത്? ഇത്രയും കാലം ഞാൻ ദൈവത്തെ കാണാൻ മാത്രമാണു ജീവിച്ചത്. അത് ഇവിടെവച്ച് അവസാനിപ്പിച്ചുകൂടാ. അതുകൊണ്ട് മണിയടിക്കാതെ, പാദരക്ഷകൾപോലും കയ്യിലെടുത്ത് ഒച്ചയുണ്ടാക്കാതെ ഞാൻ തിരിച്ചുപോന്നു. ഇപ്പോഴും ദൈവത്തെത്തേടി നടക്കുകയാണു ഞാൻ. ദൈവം എവിടെയുണ്ടെന്ന് എനിക്കറിയാം. എന്നിട്ടും ജീവിതം തുടരാനായി ആ അന്വേഷണം നടത്തിക്കൊണ്ടേയിരിക്കുന്നു’. 

ഓരോ ദുഃഖം അരികിലെത്തുമ്പോഴും പ്രതീക്ഷകൾ നശിക്കുമ്പോഴും ഓർക്കുക: നമ്മുടെ സന്തോഷം, നമ്മുടെ ഉയർച്ച, വളർച്ച എല്ലാം നമ്മുടെ അരികിൽ തന്നെയുണ്ട്. അതിലേക്കെത്താൻ, ഏതു ദുഃഖത്തിലും ദുരിതത്തിലും സ്വപ്നങ്ങൾ കൈവിടാതെ മുന്നേറുക. 


English Summary: Magic Lamp Podcast By Gopinath Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com