ADVERTISEMENT

ഇന്ത്യയിലും വിദേശത്തും നല്ല പ്രഫഷനൽ സാധ്യതയുള്ള പഠനമേഖലയാണു നഴ്സിങ്. ഈ രംഗത്തു കടക്കാനും പല തലങ്ങളിലും മികവു പുലർത്താനും സഹായകമായ പല യോഗ്യതകളുമുണ്ട്. 

 

നഴ്സിങ് പരിശീലനത്തിന്റെയും സേവനത്തിന്റെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ 2019 മാർച്ച് 14 ലെ വിജ്ഞാപനപ്രകാരം ശ്രദ്ധേയമായ പല മാറ്റങ്ങളും വന്നു. (www.indiannursingcouncil.org). 3 വർഷത്തെ ജനറൽ നഴ്‌സിങ് ആൻഡ് മി‍‍‍ഡ്‌വൈഫറി പ്രോഗ്രാം നിർത്തലാക്കി. ഹ്യുമാനിറ്റീസ്/കൊമേഴ്സ് പഠിച്ചവർക്കും നഴ്സിങ് പ്രോഗ്രാമുകളിൽ ചേരാവുന്നവിധം യോഗ്യതകൾ വൈകാതെ പുതുക്കിയേക്കാം. 

നിലവിൽ കൗൺസിൽ വ്യവസ്ഥകൾ ഇങ്ങനെ:

∙2 വർഷത്തെ ഓക്സിലിയറി നഴ്സ് & മിഡ്‌വൈഫ് (ANM): മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ജ്യോഗ്രഫി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഹോം സയൻസ്, സോഷ്യോളജി, സൈക്കോളജി, ഫിലോസഫി ഇവയിൽ ഏതെങ്കിലും അടങ്ങിയ പ്ലസ് ടു ജയിച്ചവർക്കു ചേരാം. ഇംഗ്ലിഷും ഉണ്ടായിരിക്കണം. വൊക്കേഷനൽ സ്ട്രീംകാർക്കുമുണ്ട് പ്രവേശനം. പാസ് മാർക്ക് മതി. പ്രായം: 17–35. 

∙4 വർഷത്തെ ബിഎസ്‌സി (ബേസിക്) നഴ്സിങ്: 12–ാം ക്ലാസ് പരീക്ഷയിൽ ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 45% മാർക്കോടെ ജയിച്ചിരിക്കണം. (11–ാം ക്ലാസിലെ മാർക്ക് പരിഗണിക്കില്ല). 

∙2 വർഷത്തെ ബിഎസ്‌സി (പോസ്റ്റ് ബേസിക്) നഴ്സിങ്: വിദൂരശൈലിയിലെങ്കിൽ 3 വർഷം. പ്ലസ് ടുവിനു പുറമെ ജനറൽ നഴ്‌സിങ് ആൻഡ് മി‍‍‍ഡ്‌വൈഫറി യോഗ്യതയും കൗൺസിൽ റജിസ്ട്രേഷനും ഉള്ളവർക്കു പ്രവേശനം. ജിഎൻഎംകാർക്കു ബിഎസ്‌സിയിലേക്കു വഴിതുറക്കും. 

∙2 വർഷത്തെ എംഎസ്‌സി നഴ്സിങ്: 55% എങ്കിലും മാർക്കോടെ ബിഎസ്‌സി നഴ്‌സിങ്ങും (റഗുലർ/പോസറ്റ് ബേസിക്) റജിസ്ട്രേഷനും ഒരു വർഷത്തെ നിർദിഷ്‌ട സേവനപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

 

∙എംഫിൽ: ഫുൾടൈം ഒരു വർഷം, പാർട് ടൈം 2 വർഷം. 

 

∙പിഎച്ച്ഡി: 3–5 വർഷം. 

നഴ്സിങ്ങിനു ചേരുംമുൻപ് സ്ഥാപനത്തിനും പഠിക്കാൻ ഉദ്ദേശിക്കുന്ന പ്രോഗ്രാമിനും ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പു വരുത്തുക. പൂർണ ലിസ്റ്റ് വെബ്സൈറ്റിലുണ്ട്. സംസ്ഥാന കൗൺസിലിങ്ങിന്റെ മാത്രം അംഗീകാരമുള്ള പ്രോഗ്രാം ജയിച്ചാൽ സംസ്ഥാനത്തിനു പുറത്തു പ്രാക്ടീസ് ചെയ്യാൻ കഴിയില്ല.

 

കേരളത്തിൽ ബിഎസ്‍സി നഴ്സിങ് പ്രവേശനം നടത്തുന്ന ചുമതല സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ എൽബിഎസ് സെന്ററിനാണ്. വെബ്: www.lbscentre.kerala.gov.in. എൻട്രൻസ് പരീക്ഷയില്ല. സിലക്‌ഷൻ 12–ാം ക്ലാസിലെ മാർക്ക് ആധാരമാക്കിയായിരിക്കും. വേറെയും ധാരാളം പഠനാവസരങ്ങളുണ്ട്: 

 

∙AFMC College of Nursing, Pune; Rajkumari Amrit Kaur College of Nursing, New Delhi; AIIMS New Delhi; College of Nursing, Banaras Hindu University,Varanasi; College of Nursing, CMC Vellore & Ludhiana; Apollo College of Nursing Chennai. മിലിറ്ററി നഴ്സിങ് സാധ്യത വേറെ. 

English Summary: Career Scope Of Nursing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com