ഇന്ത്യന്‍ ജീവനക്കാരില്‍ 83 ശതമാനത്തിനും വാക്‌സീന്‍ ഇല്ലാതെ ഓഫീസിലേക്ക് മടങ്ങാന്‍ പേടി

HIGHLIGHTS
  • . 50 ശതമാനം മാനേജര്‍മാരും തങ്ങളുടെ തൊഴില്‍ സുരക്ഷ മെച്ചപ്പെട്ടു എന്ന് അഭിപ്രായമുള്ളവരാണ്
work-from-home
SHARE

ഇന്ത്യയിലെ ജീവനക്കാരില്‍ 83 ശതമാനത്തിനും കോവിഡ് വാക്‌സീന്‍ ലഭിക്കാതെ ഓഫീസിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ആശങ്കയും പേടിയുമുണ്ടെന്ന് സര്‍വേ. കോവിഡ് ആണെങ്കിലും അല്ലെങ്കിലും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ ഇന്ത്യക്കാരാണ് മുന്നിലെന്നും അറ്റ്‌ലേഷ്യന്‍ കോര്‍പ്പറേഷന്‍ നടത്തിയ സര്‍വേ ചൂണ്ടിക്കാണിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം ഇന്ത്യക്കാരും ഈ അഭിപ്രായം പങ്കു വയ്ക്കുന്നവരാണ്. 

'റീവര്‍ക്കിങ്ങ് വര്‍ക്ക്: അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ദ റൈസ് ഓഫ് വര്‍ക്ക് എനിവെയര്‍' എന്ന് പേരിട്ടിരിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് മാറുന്ന തൊഴില്‍ സങ്കല്‍പങ്ങളിലേക്കുള്ള ചൂണ്ടു പലകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലെ പുതിയ വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും സര്‍വേയില്‍ പങ്കെടുത്ത പലരും ഓഫീസില്‍ പോകേണ്ട എന്നുള്ളതില്‍ വലിയ ആശ്വാസം കണ്ടെത്തുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് മുന്‍പ് ഉള്ളതിലും തൊഴില്‍ സംതൃപ്തി തങ്ങള്‍ക്കുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 70%  പേരും അഭിപ്രായപ്പെടുന്നു. വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യാന്‍ സാധിക്കുന്നതായി 61 % പേരും കരുതുന്നു. 

അതേ സമയം തങ്ങളുടെ വീട്ടിലെ സാഹചര്യങ്ങള്‍ എങ്ങനെയാണെന്ന് സഹപ്രവര്‍ത്തകര്‍ അറിയും എന്നതില്‍ ഭൂരിഭാഗം ഇന്ത്യന്‍ ജീവനക്കാര്‍ക്കും(78 % ) അല്‍പം പരിഭ്രമമൊക്കെയുണ്ട്. എന്നാല്‍ ഇത് ജീവനക്കാര്‍ക്കിടയിലെ അടുപ്പം വര്‍ദ്ധിപ്പിക്കാനും കാരണമായിട്ടുണ്ട്. തങ്ങളുടെ ടീം അംഗങ്ങളുമായി കുറച്ച് കൂടി അടുപ്പം തോന്നുന്നതായി 86 % ജീവനക്കാരും അഭിപ്രായപ്പെടുന്നു. കോവിഡിന് മുന്‍പുള്ള അവസ്ഥയിലും നന്നായി തങ്ങളുടെ ടീം ജോലി ചെയ്യുന്നുണ്ടെന്ന് ഇവരില്‍ 75 ശതമാനവും വിചാരിക്കുന്നു. 

ടീം അംഗങ്ങളുമായി വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ജീവനക്കാരില്‍ പലരും തയ്യാറാകുന്നു. ടീമുമായി ഒരു ഐക്യദാര്‍ഢ്യം തോന്നുന്നതായി 89 % ജീവനക്കാരും അഭിപ്രായപ്പെട്ടു. 

കോവിഡ് മൂലമുള്ള വര്‍ക്ക് ഫ്രം ഹോം മൂലം മാനേജര്‍ തലത്തിലുള്ളവര്‍ക്ക് തൊഴില്‍ സുരക്ഷിതത്വ ബോധം  വര്‍ദ്ധിച്ചു എന്നതാണ് മറ്റൊരു ശുഭകരമായ മാറ്റം. പലയിടങ്ങളിലായി ഇരുന്നു ജോലി ചെയ്യുന്നവരെ സംഘടിപ്പിക്കുന്നവരെന്ന നിലയില്‍ തങ്ങള്‍ സ്ഥാപനത്തിന് പ്രധാനപ്പെട്ട ജീവനക്കാരാണെന്ന് മാനേജര്‍മാര്‍ക്ക് തോന്നുന്നു. 50 ശതമാനം മാനേജര്‍മാരും തങ്ങളുടെ തൊഴില്‍ സുരക്ഷ മെച്ചപ്പെട്ടു എന്ന് അഭിപ്രായമുള്ളവരാണ്. 

അതേ സമയം, ഇത്തരമൊരു വര്‍ക്ക് ഫ്രം ഹോം സംവിധാനം വരാന്‍ ഒരു മഹാമാരി വേണ്ടി വന്നു എന്നത് ഇന്ത്യന്‍ ജീവനക്കാരെ അലട്ടുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 78 ശതമാനം ഇന്ത്യക്കാരും ഈ വികാരം പങ്കുവച്ചു. ജോലിയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുന്നതിനെ പറ്റിയുള്ള ആശങ്കയും ഇതിനിടെ ജീവനക്കാര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇത് ബുദ്ധിമുട്ടായി മാറിയെന്ന് ഇന്ത്യക്കാരില്‍ 81 ശതമാനം പേരും പറയുന്നു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഇത് 79 ശതമാനവും അമേരിക്കയില്‍ 58 ശതമാനവുമാണ്. 

മഹാമാരിയെ നേരിടാന്‍ ഡിജിറ്റല്‍ സങ്കേതകങ്ങളുമായി പെട്ടെന്ന് ഇണങ്ങി ചേര്‍ന്നത് ഇന്ത്യയിലെ ജീവനക്കാരാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. സാഹചര്യത്തിന് അനുസരിച്ച് പുതിയ സാങ്കേതിക വിദ്യയുമായി ഇണങ്ങിയില്ലെങ്കില്‍ തങ്ങള്‍ പിന്നില്‍ ഉപേക്ഷിക്കപ്പെട്ട് പോകുമെന്ന ആശങ്കയാണ് ഇന്ത്യക്കാരെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിച്ചത്. 

English Summary: 83% of Indian workforce nervous to return to office without Covid-19 vaccine

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA