വാക്ക് ഉപയോഗിക്കുമ്പോൾ

HIGHLIGHTS
  • പറയുന്നത് കേൾവിക്കാരന്റെ ഭാഷയിൽ വേണമെന്നതു പ്രധാനം
thumbs-up
SHARE

മാനവചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല നടന്നത് 1945 ഓഗസ്റ്റ് 6ന് രാവിലെ, ജാപ്പനീസ് സമയം 8.15ന്. 26കാരനായ കേണൽ തോമസ് ഫെറിബീ എന്ന അമേരിക്കൻ വിദഗഗ്ധൻ ‘എനോലാ ഗേ’ എന്ന ബി–29 വിമാനത്തിലിരുന്ന് പരീക്ഷിച്ചുറപ്പിച്ച ഒരു കമ്പി നീക്കി. സെക്കൻഡുകൾക്കുള്ളിൽ 9700 പൗണ്ട് ഭാരമുളള ‘ലിറ്റിൽ ബോയ്’ എന്ന ആറ്റം ബോംബ് അസാമാന്യപ്രഭ ചൊരിഞ്ഞ് പൊട്ടിയുണ്ടായ അഗ്നിഗോളം മൂന്നര ലക്ഷം ജനങ്ങളുള്ള ഹിരോഷിമ നഗരത്തിൽ വീണു. 70,000 പേരെങ്കിലും ഉടൻ മരിച്ചു. 40,000 പേർ അംഗഹീനരായി. എല്ലാം നിമിഷങ്ങൾക്കുള്ളിൽ. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനനാളുകളിലുണ്ടായ സംഭവങ്ങളാണ് ഹിരോഷിമയിലും മൂന്നു ദിവസത്തിനു ശേഷം നാഗസാക്കിയിലും അണുബോംബുകൾ വർഷിച്ചത്. ആകെ രണ്ടു ലക്ഷത്തിലേറെ പേർ മരിച്ചത്രേ.

ബോംബിങ്ങിനു കാരണങ്ങൾ പലത്. പക്ഷേ ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു എന്നു പറയാറുള്ളതുപോലെ, തൊട്ടുമുൻപുണ്ടായ കാരണം തർജ്ജമയിലെ തകരാറ്. ജർമ്മനി കീഴടങ്ങിക്കഴിഞ്ഞിരുന്നെങ്കിലും ജപ്പാൻ യുദ്ധം തുടർന്നു. സഖ്യകക്ഷിത്തലവന്മാരായ ചർച്ചിൽ, ട്രൂമൻ, ചിയാങ് കൈഷെക്ക് എന്നിവർ ജർമ്മൻ നഗരമായ പോട്സ്ഡമിൽ കൂടി, ജപ്പാന് അന്ത്യശാസനം നല്കി. നിരുപാധികം കീഴടങ്ങുക. അല്ലെങ്കിൽ ‘ഭൂമിയിലുണ്ടായിട്ടില്ലാത്ത വിധം ആകാശത്തുനിന്ന് സർവനാശം വർഷിക്കും.’ ഇതെപ്പറ്റി പത്രക്കാർ ചോദിച്ചപ്പോൾ ജാപ്പനീസ് പ്രധാനമന്ത്രി സുസുക്കി പ്രതികരിച്ചത് ഒറ്റവാക്കിൽ – മൊകുസറ്റ്സു (mokusatsu). ഈ വാക്കിന് ആ സന്ദർഭത്തിൽ പല അർത്ഥങ്ങളുമുണ്ട്. നിശ്ശബ്ദനായിരിക്കുന്നു, നിശ്ശബ്ദതകൊണ്ടു തകർക്കാം, അഭിപ്രായമില്ല, പുച്ഛിച്ചു തള്ളുന്നു എന്നെല്ലാം. ‘ഇപ്പോൾ പറയാറായിട്ടില്ല’ എന്ന അർത്ഥമായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്.  ‘പുച്ഛിച്ചു തള്ളുന്നു’ (ignore with contempt) എന്ന പ്രകോപനപരമായ രീതിയിലാണ് വിവർത്തകർ ഇംഗ്ലിഷിലാക്കിക്കൊടുത്തത്. ശേഷം ചരിത്രം.

വാക്കിന്റെ ശക്തി നോക്കൂ. അർത്ഥം തെറ്റിദ്ധരിച്ച് ലക്ഷക്കണക്കിനു പേർ മരിക്കാനിടയാക്കിയ അതിക്രൂരപ്രവൃത്തി. വാക്കുപയോഗിക്കുന്നത് സൂക്ഷിച്ചുവേണമെന്ന് ഓർമ്മിപ്പുക്കുന്ന ദാരുണകഥ. ഭ്രമകല്പനകളെഴുതിയ (ഫാന്റസി) ബെൻ ഗെയിലി പറഞ്ഞു, ‘വാക്കുകൊണ്ട് ആണിയടിക്കാനാവില്ല, പക്ഷേ യുദ്ധം തുടങ്ങാം.’

പറയുന്നത് കേൾവിക്കാരന്റെ ഭാഷയിൽ വേണമെന്നതു  പ്രധാനം. മലയാളം, തമിഴ് തുടങ്ങിയ ഭാഷകളല്ല ഉദ്ദേശിക്കുന്നത്. കേൾവിക്കാരന്റെ പദസമ്പത്തും വിജ്ഞാനനിലവാരവും കൂടെ പരിഗണിക്കണം. നഴ്സറിക്കുഞ്ഞുങ്ങളോട് വലിയ വാക്കുകളും െനടുനെടുങ്കൻ വാക്യങ്ങളും ഉപയോഗിച്ചു പ്രസംഗിച്ചാൽ എങ്ങനെയിരിക്കും? ലളിതകഥകളിലൂടെയാവണം അവരുടെ ഹൃദയത്തിലേക്കു കടക്കുക.

പറയുന്നതിലെ സ്വരഭേദംകൊണ്ട് ഒരേ വാക്കുകൾക്ക് വിപരീതാർത്ഥം വരുത്താമെന്നതും ഓർക്കാം. ‘ഈ മന്ത്രി ഹരിശ്ചന്ദ്രനാണ്’ എന്ന വാക്യംകൊണ്ട് അദ്ദേഹം സത്യസന്ധനാണെന്നോ പെരുങ്കള്ളനാണെന്നോ സൂചിപ്പിക്കാൻ കഴിയും.

ആശയം പ്രകടിപ്പിക്കാനെന്നപോലെ അജ്ഞത മറയ്ക്കാനും വാക്കുകളുപയോഗിക്കാം. കഠിനപദങ്ങളോ ദുർഗ്രഹവാക്യങ്ങളോ പ്രയോഗിച്ച് വാക്കുകൊണ്ടു കോട്ട കെട്ടുന്നവരെ തിരിച്ചറിയണം. 

വാക്കുകളിൽ കാരുണ്യം വേണമെന്നതു മറ്റൊരു കാര്യം. ദീർഘകാലത്തെ സൗഹൃദവും  വിശ്വാസ്യതയും തെറ്റായൊരു വാക്കുകൊണ്ടു തകരാം. ഒരൊറ്റ കള്ളം ആയിരം സത്യങ്ങളെ നിഷ്പ്രഭമാക്കും. വാക്കു നിയന്ത്രിക്കാത്തയാൾക്ക് സ്വന്തം ഭാവിയെ നിയന്ത്രിക്കാൻ കഴിയില്ല. പുണ്ണിലൊരമ്പു തറച്ചതുപോലുള്ള വാക്കുകൾ ബോധപൂർവം പ്രയോഗിച്ച് കീഴ്ജീവനക്കാരെയും മറ്റും പേടിച്ചുവിറപ്പിക്കുന്നവർ ക്ഷുദ്രമാനസരാണ്. അവരുടെ  അധികാരം ‘ഠ’ വട്ടത്തിൽ മാത്രം. ജീവിതവിജയത്തിന് പരസ്പരസ്നേഹവും വിശ്വാസവുമാണ് വേണ്ടത്. ‘വേണ്ട നേരത്ത് വേണ്ടയാൾ വേണ്ട വാക്കുകൾ പറഞ്ഞിരുന്നെങ്കിൽ, ആത്മഹത്യ ചെയ്ത എത്രയോ പേർ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു’ എന്ന് നോവലിസ്റ്റ് വെയിൻ ട്രോട്മൻ. ഒരു പുഞ്ചിരിക്ക് സൗഹൃദം തുറക്കാമെന്നപോലെ, ഒരു വാക്കിന് യുദ്ധം അവസാനിപ്പിക്കാനുമാവും.

വാക്കിനുവാക്കു  പറഞ്ഞ് വിജയിക്കാൻ നോക്കേണ്ട. ‘വാക്കിൽ തോറ്റവനും മൂക്കിൽ കയറിയവനുമില്ല’ എന്നു പറഞ്ഞയാൾക്കു അനുഭവസമ്പത്ത് ഏറെയുണ്ട്, തീർച്ച. വിഡ്ഢിയോടു വാദിക്കുന്നത് രണ്ടു വിഡ്ഢികളെ സൃഷ്ടിക്കുമെന്നതും മനസ്സിൽ വേണം.

വാക്കുകളെ കീഴടക്കിയവരുണ്ട്. വശ്യവചസ്സുകൾ. വിചാരിക്കുംപടി ഏറ്റവും യോജിച്ച വാക്കുകൾ അവരിലേയ്ക്ക് ഒഴുകിയെത്തും. ‘മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം, എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം, കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം’ എന്നിവയിലെ വാക്കുകളെല്ലാം അറിയാവുന്നവരേറെ. പക്ഷേ അവയെ ഇങ്ങനെ കോർത്തിണക്കി മനംകവരുന്ന മാലകളാക്കാൻ രണ്ടാമതൊരു നമ്പ്യാരുണ്ടോ? Brevity is the soul of wit, Uneasy lies the head that wears a crown, Cowards die many times before their deaths എന്നീ ആശയങ്ങൾ ഇത്ര മനോഹരമായി ഒതുക്കിപ്പറയുവാൻ ഷേക്സ്പിയർക്കല്ലാതെ ആർക്കാണു കഴിയുക?

രൂപംകൊണ്ടോ വേഷംകൊണ്ടോ മാന്യനെന്നു വരുത്താൻ കഴിഞ്ഞേക്കാമെങ്കിലും, വായ് തുറക്കുന്നതോടെ തനിസ്വരൂപം വെളിവാകും. കാക്കയും കുയിലും കറുത്തത്, വസന്തകാലം വരുമ്പോൾ, കാക്ക കാക്കയും കുയിൽ കുയിലും ആകുമെന്ന് സംസ്കൃതശ്ലോകം.

ഇവയെക്കാളെല്ലാം പ്രധാനമാണ് വാക്കു പാലിക്കണമെന്നത്. പറഞ്ഞ വാക്കനുസരിച്ചു പ്രവർത്തിക്കാത്തവരെ അന്യർ വിശ്വസിക്കില്ല. അഞ്ചു കൊല്ലംകൊണ്ട് അഞ്ചു ലക്ഷം ജോലിയുണ്ടാക്കാമെന്ന് പ്രസംഗിച്ച് അധികാരത്തിലെത്തി, അഞ്ചു ജോലി പോലുമുണ്ടാക്കാത്ത രാഷ്ട്രീയപ്രവർത്തകന് വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയുമോ? നേരേമറിച്ച്, വാക്കു പാലിക്കാനായി മഹാത്യാഗങ്ങൾ സഹിച്ച അനശ്വരകഥാപാത്രങ്ങളുടെ രോമാഞ്ചജനകമായ ചരിതങ്ങൾ നമ്മുടെ പുരാണങ്ങളിലുണ്ട്.

നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതും എല്ലാം ഓം  എന്ന പ്രണവമന്ത്രത്തിൽ അടങ്ങിയിരിക്കുന്നുവെന്ന വിശ്വാസമുണ്ട്. എല്ലാറ്റിന്റെയും തുടക്കം ഓം തന്നെ. ഇതുമായി കൂട്ടിവായിക്കേണ്ടതാണ് ‘ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു’ എന്ന ബൈബിൾ വാക്യം (യോഹന്നാൻ 1:1). വചനം = വാക്ക്. പ്രപഞ്ചമത്രയും ഒരു വാക്കിൽ നിന്നുണ്ടായെന്ന ചിന്ത വാക്കിന്റെ അനന്യപ്രാധാന്യം എടുത്തോതുന്നു. അറിവിന്റെ തുടക്കവും വാക്കിൽ. ഇരുളിൽ നിന്നു വെളിച്ചത്തിലേക്കു നയിക്കുന്നതും വാക്ക്.

ബന്ധപ്പെട്ട വരികൾ വയലാർ രചിച്ച് അഭിനയിച്ചുപാടിയ സിനിമാഗാനത്തിലുണ്ട്.

ആദിയിൽ വചനമുണ്ടായി

ആ വചനം രൂപമായി 

പ്രളയജലധിയിൽ പ്രണവരൂപിയായ്‌

പ്രപഞ്ചശിൽപ്പിയുറങ്ങിയുണർന്നു 

(1965 – ചേട്ടത്തി : ബാബുരാജ്, യേശുദാസ്.)

വാക്കു പവിത്രമാണ്. അതെടുത്ത് അലക്ഷ്യമായി പെരുമാറിക്കൂടാ. ‘വാക്കിൽ പിഴവും നെല്ലിൽ പതിരും പതിവ്’ എന്നു പറഞ്ഞാലും, പിഴവൊഴിവാക്കാൻ പരമാവധി ശ്രമിക്കണം. അന്യരുടെ ആദരവു പിടിച്ചുപറ്റാമെന്നു കരുതി, പലരും വലിയ വാക്കുകളും പെട്ടെന്ന് മനസ്സിലാക്കാനാവാത്ത വാക്കുകളും എടുത്തു വീശാറുണ്ട്. പറയുന്നതിന്റെയും എഴുതുന്നതിന്റെയും ലക്ഷ്യം ആശയവിനിമയമാണ്. ദുർഗ്രഹമായ വാക്കുകളറിയാമെന്നു കാട്ടുന്നത് ലക്ഷ്യത്തെ പരാജയപ്പെടുത്തും. കഴിയുന്നത്ര ലളിതമായ വാക്കുകൾ പ്രയോഗിക്കുക. വാക്കുകൊണ്ടാകുന്നത് വാക്യംകൊണ്ടാക്കരുത്. മധുരമുന്തിരിങ്ങ തിന്നാൻ കൊടുക്കാം. പൊതിയാത്തേങ്ങ കൊടുത്ത് വെള്ളമെടുക്കാൻ പറയേണ്ട.

English Summary: Success Tips By B. S. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA