ADVERTISEMENT

ഡോക്ടറുടെ ചികിത്സാ മികവ്, നഴ്സിന്റെ ശുശ്രൂഷാ പാടവം – ഡോ. അഹമ്മദ് കബീർ തയ്യിലിന് ഇവ രണ്ടുമുണ്ട്. എംഎസ്‌സി നഴ്സിങ് പഠന ശേഷം ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നതിനിടെ ‘നീറ്റ്’ എഴുതി എംബിബിഎസ് പഠിച്ചു. മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് സ്വദേശിയായ കബീർ കാസർകോട് കുമ്പള സിഎച്ച്സിയിൽ അസിസ്റ്റന്റ് സർജനായി നിയമിതനായത് ഈ മാസം. 

 29–ാം വയസ്സിൽ വീണ്ടും പ്ലസ്ടു പുസ്തകങ്ങൾ പഠിച്ച് എൻട്രൻസ്. എന്തായിരുന്നു പ്രചോദനം ?

പ്ലസ്ടു കഴിഞ്ഞ് മെഡിക്കൽ എൻട്രൻസ് എഴുതിയെങ്കിലും കിട്ടിയില്ല. തുടർന്ന് നഴ്സിങ്ങിൽ പിജി കഴിഞ്ഞ് പിഎസ്‌സി വഴി കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി; 2010ൽ. അപ്പോഴാണ് സർക്കാർ നഴ്സുമാർക്ക് ഒരു എംബിബിഎസ് സീറ്റ് റിസർവ് ചെയ്തിട്ടുണ്ടെന്ന് അറിയുന്നത്. വർഷങ്ങളായി പലരും ആ അവസരം ഉപയോഗിച്ചിരുന്നില്ല.  അപ്പോഴേക്കും വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞായിരുന്നു. പഠിക്കാൻ പോയാൽ ശമ്പളം മുടങ്ങും. എങ്കിലും 2013ൽ നീറ്റ് എഴുതി. 

വീണ്ടും എൻട്രൻസ് എഴുതാൻ കോച്ചിങ്ങിനു പോയിരുന്നോ?

പ്ലസ്ടു കഴിഞ്ഞിട്ട് 11 വർഷത്തോളമായിരുന്നെങ്കിലും കോച്ചിങ്ങിനു പോയില്ല. ദിവസവുമുള്ള മലപ്പുറം– കണ്ണൂർ ട്രെയിൻ യാത്രയിലും മറ്റുമായി പഠിച്ചു. ഫിസിക്സായിരുന്നു അൽപം പ്രയാസം. എങ്കിലും കോഴിക്കോട്ട് അഡ്മിഷൻ കിട്ടി.

എങ്ങനെയായിരുന്നു രണ്ടാം വിദ്യാർഥി ജീവിതം ?

ഒന്നാം ദിവസം ക്ലാസിൽ ചെന്നപ്പോൾ സാറാണെന്നോർത്ത് എല്ലാവരും എഴുന്നേറ്റുനിന്നു. ഹോമിയോ, ആയുർവേദ ക്വോട്ടയിലെത്തിയ ചിലരും ക്ലാസിലുണ്ടായിരുന്നു. പിന്നെ, എല്ലാവരും ഒരുപോലെയായി. 

പഠന കാലത്ത് കുടുംബം, ചെലവുകൾ ?

ശമ്പളമില്ലാത്ത അവധിയായിരുന്നു. ഭാര്യ ഷബീബ സ്വകാര്യമേഖലയിൽ നഴ്സായിരുന്നെങ്കിലും രണ്ടാമത്തെ കുഞ്ഞായപ്പോൾ ജോലി വിട്ടിരുന്നു. ഒരു വർഷം അങ്ങനെ പോയി. ചെലവുകളേറിയതോടെ ഷബീബ കുവൈത്തിൽ നഴ്സായി ജോലിക്കുപോയി. കൊച്ചുകുഞ്ഞ് ഉള്ളതിനാൽ ഞാൻ വീട്ടിൽനിന്നു കോളജിൽ പോയിവന്നു; ദിവസവും 80 കിലോമീറ്ററോളം യാത്ര. ആദ്യവർഷം ബയോകെമിസ്ട്രി പേപ്പർ കിട്ടിയില്ല. പഠന ശൈലി മാറ്റണമെന്ന് അപ്പോഴാണു മനസ്സിലായത്. പിന്നെ, പരീക്ഷാസമയത്തു കംബൈൻഡ് സ്റ്റഡിക്ക് ഹോസ്റ്റലിൽ നിന്നു. മൂന്നു വർഷത്തോളം കഴി‍ഞ്ഞു ഷബീബ നാട്ടിലെത്തി. പിഎസ്‌സി വഴി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണിപ്പോൾ. മൂന്നു മക്കൾ: മൻഹ, ഹൻഫ, ദാവൂദ് മഹ്‌ദി. 

നഴ്സായും ഡോക്ടറായും ജോലി ചെയ്തല്ലോ.  2 പ്രഫഷനുകളെയും എങ്ങനെ വിലയിരുത്തുന്നു?

എംബിബിഎസിനു ശേഷം തിരികെ നഴ്സിങ് ജോലിയിൽ ചേർന്നിരുന്നു; തലശ്ശേരിയിൽ. നഴ്സുമാരുടെ യൂണിഫോം ഇടാതെ, സാധാരണ ഡ്രസിനു മുകളിൽ കോട്ടിടാമെന്നു പറഞ്ഞു. ഐസിയുവിൽ ഉൾപ്പെടെ നഴ്സും ഡോക്ടറുമായി സേവനം ചെയ്യാൻ പറ്റി. പിന്നീടാണു ഡോക്ടറായുള്ള നിയമന ഉത്തരവു വന്നത്. 

ഹൃദയം കൊണ്ടു ജോലി ചെയ്യുകയാണു നഴ്സിങ്ങിൽ. പ്രായോഗിക വൈദഗ്ധ്യവും അനുതാപത്തോടെയുള്ള ഇടപെടലും വേണം. പല രോഗികൾക്കും നഴ്സുമാരാണു സാന്ത്വനം. ഡോക്ടർക്കു കൃത്യമായ രോഗനിർണയം, ചികിത്സാ വൈദഗ്ധ്യം, മരുന്ന് തിരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മത എന്നിവയാണു മുഖ്യം. 

നഴ്സ് ക്വോട്ടയെക്കുറിച്ച് ഡോക്ടർ പറയുന്നു

പ്രധാനപ്പെട്ട രണ്ടുകാര്യങ്ങൾ പറയാനുണ്ടെന്നു ഡോ. കബീർ:

∙സർക്കാർ നഴ്സുമാർക്കുള്ള എംബിബിഎസ് ക്വോട്ടയെക്കുറിച്ച് പലർക്കും അറിയില്ല. ഒട്ടേറെപ്പേരെ ഞാനിപ്പോൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ആയുർവേദ, ഹോമിയോ ഡോക്ടർമാർക്കുള്ള ക്വോട്ടകളിൽ പല ഘട്ടമായി സീറ്റ് ഉയർത്തി. ഇപ്പോൾ ആയുർവേദം 7, ഹോമിയോ 4. നഴ്സ് ക്വോട്ടയിലാകട്ടെ ഇപ്പോഴും ഒരു സീറ്റ് മാത്രം. ഇതു കൂട്ടണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നു; ഒപ്പം സ്റ്റൈപ്പൻഡും അനുവദിക്കണം. പലരും വളരെ കഷ്ടപ്പെടുകയാണ്. 

ഈ വർഷവും ഒരു പിൻഗാമി

career-guru-a-rekha

ഇത്തവണ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് അഡ്മിഷൻ കിട്ടിയവരിലുമുണ്ട് ഒരു നഴ്സ്– കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി എ. രേഖ (34). പത്തു വർഷത്തോളം നഴ്സിങ് ജോലി ചെയ്ത ശേഷമാണു മെഡിക്കൽ പഠനം. 

ലീവെടുത്ത് ഒരു വർഷം എൻട്രൻസ് കോച്ചിങ്. എന്നാൽ കോവിഡ് രൂക്ഷമായപ്പോൾ മാർച്ചിൽ തിരികെ ജോലിക്കു കയറി. അതിനിടെയായിരുന്നു പരീക്ഷ. 

പേരാമ്പ്ര അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ലതീഷ് മാണിക്കോത്താണു ഭർത്താവ്. 

മക്കൾ: യദുകൃഷ്ണൻ, ലക്ഷ്മിപ്രിയ.

English Summary: Dr Ahamed Kabeer About Nurse's Quota in Medical Colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com