വിജയത്തിന്റെ പടവുകൾ കയറണോ? ഉപേക്ഷിക്കണം ഈ കാര്യങ്ങൾ

HIGHLIGHTS
  • വിവേകമില്ലാത്ത ജന്തുവാണ് അഹങ്കാരം
pride
SHARE

ആ ഗ്രാമത്തിലൊരു മാവുണ്ടായിരുന്നു. പ്രായമേറെ. നാലുഭാഗത്തും ശാഖകൾവീശി പറമ്പു നിറഞ്ഞു നിന്ന വലിയ മാവ്. പഴയ മാവ്. കുംഭം–മീനം മാസങ്ങളിൽ ഇല കാണാത്തവിധം മാമ്പഴം നിറയുന്ന മാവ്‍. അതിനെ എല്ലാവരും സ്നേഹത്തോടെ പഴമാവെന്നു വിളിച്ചു. പഴയ മാവെന്നും പഴംതരുന്ന മാവെന്നും ആളുകൾ തരംപോലെ വ്യാഖ്യാനിച്ചുപോന്നു. വേനലവധിക്കാലത്ത് കുട്ടികളെല്ലാം ആ മാഞ്ചുവട്ടിലെ സുഖകരമായ തണലിൽ ഒത്തുകൂടി കളിക്കും. നാടൻകളികൾ പലതും. ഓണക്കാലത്ത് മാവിൽ വലിയ ഊഞ്ഞാലിടും. കുട്ടികളും മുതിർന്നവരും ഉത്സാഹിച്ച് ഊഞ്ഞാലാടും. പഴമാവ് നാട്ടുകാരുടെ കണ്ണിലുണ്ണി.

അങ്ങനെയിരിക്കെ, കുട്ടികൾ ചേർന്ന് മാഞ്ചുവട്ടിൽ ഒരു പനിനീർച്ചെടി നട്ടു. വെള്ളം കോരി. ഏറെ വൈകാതെ പൂത്തു. അതിമനോഹരപുഷ്പങ്ങൾ ധാരാളം. പ്രദേശമാകെ പരിമളം. കുട്ടികൾ പൂക്കൾ പറിച്ച് തലയിൽ വച്ചു സന്തോഷിക്കും. അവർ പനിനീർപ്പൂക്കളെ പുകഴ്ത്തും. ഇതു കേട്ട്  പനിനീർച്ചെടിക്കു സന്തോഷം. പ്രശംസ കേൾക്കുന്തോറും പനിനീർച്ചെടിക്കു തോന്നിത്തുടങ്ങി, താൻ സ്ഥലത്തെ ദിവ്യയാണെന്ന്്. താനില്ലെങ്കിൽ ഗ്രാമീണർക്ക് ആഹ്ലാദിക്കാൻ കഴിയില്ല. എന്നല്ല, തന്റെ മുകളിൽ പന്തലിച്ചു നിൽക്കുന്ന കിഴട്ടുമാവിന് എന്റെ സൗന്ദര്യത്തിന്റെ ചെറിയ അംശമെങ്കിലുമുണ്ടോ? സുഗന്ധം നൽകാൻ കഴിവുണ്ടോ? കിളവന്റെ തടിയിൽ ആരു നോക്കും? എന്നെപ്പോലെ കാറ്റിൽ നൃത്തം ചെയ്യാൻ മരമൂപ്പിലാനു കഴിയുമോ? പഴമാവിനോട് പരമപുച്ഛം.

ഒരുനാൾ ആളൊഴിഞ്ഞപ്പോൾ, അഹങ്കാരത്തോടെ ചെടി മരത്തോട് ഇക്കാര്യമെല്ലാം ഒരു മയവുമില്ലാതെ വെട്ടിത്തുറന്നു പറഞ്ഞു. പഴമനസ്സിൽത്തോന്നിയത് പഴമാവു പറഞ്ഞു : ‘പൂ പറിക്കാൻ വരുന്നവരുടെ വിരലുകൾ നീ മുള്ളുകൊണ്ടു കുത്തിമുറിക്കുന്നു. എന്നെ കല്ലെറിയുന്നവർക്കും ഞാൻ മാമ്പഴം നല്കുന്നു. കൊഴിയെറിയുന്നവർക്കു കൂടുതൽ മാമ്പഴം. അതിലേറെ സഹായിക്കാൻ എനിക്കു കഴിവില്ല. ഒന്നു ഞാൻ മറക്കില്ല. നിന്നെ ചവിട്ടിയരയ്ക്കുന്ന പാദത്തിനും നീ സുഗന്ധം നല്കും.’

ജീവിതാനുഭവം ഏറെയുള്ള പഴമാവ് കൂടുതലൊന്നും പറഞ്ഞില്ല. പനിനീരിന് സൗന്ദര്യത്തോടൊപ്പം ബുദ്ധിയുമുണ്ടായിരുന്നു. ഇരുത്തംവന്ന മാവിന്റെ ശാന്തമായ പ്രതികരണം പനിനീരിൽ പുതുചിന്തകളുണർത്തി. തന്നെ പുകഴ്ത്തിപ്പറഞ്ഞതും ശ്രദ്ധിച്ചു. മാവിനോടു ‌സംശയം പലതും ചോദിച്ചു. വിവേകത്തിന്റെ അംശങ്ങൾ മാവ് ക്ഷമയോടെ കൈമാറി. പനിനീർച്ചെടി സ്വന്തം പരിമിതി തിരിച്ചറിഞ്ഞു. മാവും പനിനീരും മാത്രമല്ല, മറ്റു പലതുമുണ്ടെങ്കിലേ ലോകം മുന്നോട്ടു പോകൂ എന്ന് മനസ്സിലാക്കി.

എന്നെക്കഴിഞ്ഞാരുമില്ലെന്ന വിചാരം തകർച്ചയുടെ തുടക്കമാണ്. ഓരോരുത്തരുടെയും കഴിവും പ്രാധാന്യവും നാം വകവച്ചുകൊടുക്കണം. എനിക്ക് ഒരു കാര്യത്തിൽ പ്രാവീണ്യമുണ്ടായിരിക്കാം. പക്ഷേ ആയിരം കാര്യങ്ങളിൽ പ്രാഥമിക അറിവുപോലും ഇല്ലെന്നതാണ് വാസ്തവം. ചെറിയ അറിവുവച്ച് അഹങ്കരിക്കുകയോ, ആ അറിവില്ലാത്തവരെ നിന്ദിക്കുകയോ വേണ്ട. തലച്ചോറിൽ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറുടെ വൈദഗ്ധ്യം പ്രധാനമാണ്. അദ്ദേഹം സമൂഹത്തിലെ പ്രധാനവ്യക്തിയുമാണ്. പക്ഷേ കാറിനു കേടുവന്നാൽ വർക്‌ഷോപ്പിലെ മെക്കാനിക്കിനെ ആശ്രയിച്ചേ മതിയാവൂ. ഭാരിച്ച ചുമടെടുത്തുവയ്ക്കാൻ കായബലമുള്ള നിരക്ഷരനാവാം സഹായിക്കുക. ഏവർക്കുമുണ്ട് പ്രാധാന്യം.

വിവരമുള്ളവർ പല ഉപദേശങ്ങളും നല്കിയിട്ടുണ്ട്. വിവേകമില്ലാത്ത ജന്തുവാണ് അഹങ്കാരം. ആകെയുള്ളത് പൊള്ളിക്കുന്ന നാക്കും ചൂണ്ടുന്ന  വിരലും മാത്രം. അഹങ്കരിക്കുന്ന വിജയികൾ ഒന്നോർക്കണം. വിജയം തലയ്ക്കു പിടിക്കരുത്; പരാജയം ഹൃദയത്തിലെത്തുകയും വേണ്ടാ. നിന്ദിക്കാതിരിക്കുക. നല്ലവാക്കു പറയുക. അഭിനന്ദിക്കാൻ മറക്കാതിരിക്കുക. സ്നേഹവും ആദരവും നല്കുന്നത് വ്യക്തിബന്ധങ്ങളെ ബലപ്പെടുത്തും. നിന്ദയും പരിഹാസവും മനസ്സുകളെ തമ്മിൽ അകറ്റും. ഏതു പരിഹാസത്തിന്റെയും പിന്നിൽ ഞാൻ മികച്ചവൻ എന്ന ചിന്തയുണ്ട്. ഇതു തിരിച്ചറിയാതെപോയാൽ സമൂഹത്തിൽ ക്രമേണ ഒറ്റപ്പെടും.

ആത്മാഭിമാനവും അഹങ്കാരവും തമ്മിൽ വേർതിരിക്കുന്ന രേഖ തീരെ നേർത്തതാണ്. ആത്മാഭിമാനം വേണം, അഹങ്കാരം വേണ്ടാ. പ്രചോദനം പകർന്നു നല്കുന്ന പല ഗുരുക്കന്മാരും ആത്മവിശ്വാസം ഉറപ്പാക്കി, വിജയത്തിന്റെ പടവുകൾ കയറാൻ ആത്മാഭിമാനം വളർത്തണമെന്നു നിർദ്ദേശിക്കാറുണ്ട്. ഇതിൽ കഴമ്പുണ്ട്. എനിക്കിതു കഴിയും എന്നു വിശ്വസിക്കാത്തയാളിന് ഒന്നും ചെയ്യാനാവില്ലെന്നതു സത്യം. പക്ഷേ എന്നോളം നന്നായി മറ്റാർക്കും കഴിയില്ലെന്ന വിചാരം വരുന്നതോടെ അഹന്ത ശക്തമാകുന്നു. വിനയം വിട പറയുന്നു. മറ്റുള്ളവർ അകലുന്നു. ഇതിനൊന്നും വഴിവച്ചുകൂടാ. 

ചക്രവർത്തി നഗ്നനെന്നു വിളിച്ചുപറഞ്ഞ കുട്ടിയെപ്പറ്റി കേട്ടിരിക്കും. ആരാണ് ഇക്കഥ പറഞ്ഞത്? ‍‍ഡെന്മാർക്കിലെ പ്രശസ്തകഥാകാരനായ ഹാൻസ്  ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ (1805 – 1875) ‘ദ് എംപറേഴ്’സ് ന്യൂ ക്ലോത്‌സ്’ എന്ന കുട്ടിക്കഥയിലാണ് ഇതിന്റെ തുടക്കം. നെയ്ത്തുകാരെന്നു നടിച്ച് രണ്ടു തട്ടിപ്പുകാർ ഉടയാടബ്ഭ്രാന്തനായ ചക്രവർത്തിയെക്കണ്ട് ആഡംബരപ്രൗഢിയുളള വിശേഷവസ്ത്രം വാഗ്ദാനം ചെയ്തു. വിഡ്ഢികൾക്കു കാണാനാവാത്ത വസ്ത്രം. നെയ്ത്തുശാലയുണ്ടാക്കി, അവർ പണി തുടങ്ങി. മേൽനോട്ടത്തിനെത്തിയവർക്കോ ചക്രവർത്തിക്കു പോലുമോ നൂലോ തുണിയോ കാണാൻ വയ്യ. വിഡ്ഢികളാകുമോയെന്നു ഭയന്ന് അവരെല്ലാം നെയ്ത്തു കണ്ടതായി നടിച്ചു. വസ്ത്രത്തിന്റെ മനോഹാരിതയെ പുകഴ്ത്തി. ഒടുവിൽ തട്ടിപ്പുകാർ ചക്രവർത്തിയെ വിവസ്ത്രനാക്കി. പുതുവസ്ത്രം ധരിപ്പിക്കുന്ന ചലനങ്ങൾ കാട്ടി. ചക്രവർത്തി വിസ്മയവസ്ത്രം ധരിച്ച് നഗരവീഥിയിൽ ഘോഷയാത്ര നടത്തി. തന്റെ ഉടയാട അനന്യമെന്ന് അഹങ്കരിച്ചു. വിഡ്ഢിയാകുമോയെന്നു ഭയന്ന് ചക്രവർത്തി തുണിയുടുത്തിട്ടില്ലെന്നു പറയാൻ ആരും ധൈര്യപ്പെട്ടില്ല. പക്ഷേ ചെറിയൊരു കുട്ടി വിളിച്ചുപറഞ്ഞു : ‘അയ്യോ, ഇദ്ദേഹം ഒന്നും ഉടുത്തിട്ടില്ലല്ലോ.’ ഇല്ലാത്ത നില തനിക്കുണ്ടെന്നു ഭാവിച്ച് അന്യരെ പുച്ഛിച്ച ചക്രവർത്തി പരമവിഡ്ഢിയായി. ഉള്ള ആദരവും ഇല്ലാതാക്കി.

സമാനകഥ 13–ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജൈനകവി ജിനരത്നന്റെ ലീലാവതിസാരം എന്ന കവിതയിലുണ്ടെന്നും ഐതിഹ്യമുണ്ട്.

അന്യരെ മാനിക്കുന്നവർ സ്വയം മാനിക്കുന്നു. കടുംപിടിത്തം ആർക്കും ഭൂഷണമല്ല. അമേരിക്കൻ പ്രസിഡന്റായിരുന്ന ജെ എഫ് കെന്നഡി 1961–ലെ സ്ഥാനാരോഹണപ്രസംഗത്തിൽ പറഞ്ഞ പ്രശസ്തവരി : ‘പേടി കാരണം ഒരിക്കലും കൂടിയാലോചന നടത്തരുത്. പക്ഷേ കൂടിയാലോചനയെ പേടിക്കയുമരുത്.’ ആരെയായാലും പറഞ്ഞു ബോധ്യപ്പെടുത്തി, നമുക്ക് നല്ലയാളാകാൻ കഴിയില്ല. പ്രവൃത്തി നോക്കിയാണ് ജനങ്ങൾ അന്യരെ വിലയിരുത്തുക. നോവലിസ്റ്റ് ജില്യൻ ഫ്ലിൻ നവദമ്പതികളോട്, ‘വിട്ടുവീഴ്ച ചെയ്യുക, സംസാരിക്കുക, കോപത്തോടെ ഉറങ്ങാൻ പോകാതിരിക്കുക.’ ദാമ്പത്യത്തിന്റെ ലക്ഷ്യം വാദിച്ചു ജയിക്കുകയല്ല, സ്നേഹത്തോടെ ജീവിക്കുകയാണ്.

വിട്ടുവീഴ്ചയുടെ തെറ്റായ മാതൃകകളുമുണ്ട്. ഒന്നിങ്ങനെ. ബംഗാളി യുവാവ് പഞ്ചാബി യുവതിയെ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചു. ഭാഷക്കാര്യത്തിൽ തുടക്കം മുതൽ അഭിപ്രായവ്യത്യാസങ്ങൾ. ഒരുനാൾ യുവാവ് മനസ്സു തുറന്ന് വിട്ടുവീഴ്ച നിർവചിച്ചു  : ‘എനിക്ക് ബംഗാളി മതി. നിനക്ക് പഞ്ചാബി മതി. എന്തുകൊണ്ട് നീ വിട്ടുവീഴ്ച ചെയ്ത് ബംഗാളി മതിയെന്നു തീരുമാനിക്കുന്നില്ല?’

പ്രശസ്ത ഗ്രന്ഥകാരൻ മിലൻ കുന്ദേര മനോഹരമായി പറഞ്ഞു :‘ഹൃദയത്തിന്റെ കാര്യത്തിൽ അനുരഞ്ജനം വേണ്ടാ. എല്ലാം പരസ്പരം കൊടുക്കുകയെന്നതാണ് സ്നേഹം.’ അന്യരിലും നന്മയും സാമർത്ഥ്യവും ഉണ്ടെന്ന് അംഗീകരിച്ചു വിനയത്തോടെ പെരുമാറിയാൽ വ്യക്തിബന്ധങ്ങൾ സുദൃഢമാക്കി നിറുത്താം.  

English Summary: Success Tips: Career Column By B. S. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA