ADVERTISEMENT

ജീവിതത്തിലായാലും കരിയറിലായാലും പ്രതിസന്ധികള്‍ എപ്പോള്‍ വിരുന്നു വരുമെന്ന് പറയാന്‍ കഴിയില്ല. കൊറോണ പോലൊരു മഹാമാരിയുടെ രൂപത്തിലോ, സാമ്പത്തിക പ്രതിസന്ധിയുടെ രൂപത്തിലോ, വ്യക്തിപരമായ ദുരന്തങ്ങളുടെ രൂപത്തിലോ ഒക്കെ പ്രതിസന്ധിയെത്താം. ഇത്തരം ഘട്ടങ്ങളില്‍ പലര്‍ക്കും സംഭവിക്കുന്ന ഒരു പ്രശ്‌നം അതേ വരെ പുലര്‍ത്തിയ ദീര്‍ഘകാല ആസൂത്രണങ്ങള്‍ മറന്ന് ഏറ്റവും അടിയന്തിരമായ തീരുമാനങ്ങളില്‍ മാത്രം ശ്രദ്ധയൂന്നും എന്നതാണ്. കുടുംബത്തെ സുരക്ഷിതമാക്കുക, ജോലിയിലാണെങ്കില്‍ മേലധികാരിയെ സന്തോഷിപ്പിച്ചു നിര്‍ത്തുക, ജോലി പോയാല്‍ എത്രയും പെട്ടെന്നൊരു ജോലി കണ്ടെത്തുക എന്നതൊക്കെ മാത്രമേ നമ്മുടെ മുന്‍ഗണനകള്‍ ആകാറുള്ളൂ.

മനസ്സ് തളര്‍ന്നിരിക്കുന്ന ഈ ഘട്ടത്തില്‍ ദീര്‍ഘകാല പദ്ധതികളെ കുറിച്ചൊന്നും ആലോചിക്കാന്‍ കൂടി പലര്‍ക്കും സാധിക്കാറില്ല. ഫലമോ വിട്ടുവീഴ്ചകളിലും ഒത്തുതീര്‍പ്പുകളിലും കരിയറും ജീവിതവും കുടുങ്ങികിടക്കും. 

എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ കുറിക്കാതെ തന്ത്രപരമായ തീരുമാനങ്ങളെടുത്താല്‍ പ്രതിസന്ധിയെ അവസരമാക്കി മാറ്റാനാകും. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കരിയറിനെ അഴിച്ചു പണിയാന്‍ സഹായിക്കുന്ന അഞ്ച് തന്ത്രങ്ങള്‍ പരിചയപ്പെടാം.

1. ചിന്തിക്കാന്‍ പോലുമാകാത്ത സാധ്യതകള്‍ ആരായാം

അനിശ്ചിതത്വങ്ങളുടെ സമയത്ത് എന്തും സംഭവിക്കാം. അതിനാല്‍ ചിന്തിക്കാന്‍ പോലുമാകാത്ത സാധ്യതകള്‍ ഈ ഘട്ടത്തില്‍ ആരായണം. ഉദാഹരണത്തിന് പുതിയ ജോലി തേടുകയാണെങ്കില്‍ നിങ്ങള്‍ പ്രതീക്ഷിച്ചതിലും ഇരട്ടി സമയം നിങ്ങള്‍ തൊഴില്‍രഹിതനായി തുടരുന്ന സാധ്യത ആലോചിക്കുക. ഒപ്പം നിങ്ങളുടെ പങ്കാളിക്കും ജോലി നഷ്ടമായാല്‍ എങ്ങനെയുണ്ടാകും എന്ന് ചിന്തിക്കുക. അചിന്ത്യമായത് കൂടി ചിന്തിച്ച് തുടങ്ങുമ്പോള്‍ ഉണ്ടാകാനിടയുള്ള കനത്ത ആഘാതത്തെ മുന്‍കൂട്ടി കണ്ട് തയ്യാറെടുക്കാന്‍ സാധിക്കും. 

2. ഭാവിയില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യത്തെ കുറിച്ചും ഭാവന ചെയ്യാം

തന്ത്രപരമായ ആസൂത്രണത്തില്‍ ഏറ്റവും മോശം സാഹചര്യത്തെ കുറിച്ച് മാത്രമല്ല, ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഏറ്റവും മികച്ച കാര്യത്തെ കുറിച്ചും ഭാവന ചെയ്യാം. സെയില്‍സ് ജോലിക്ക് പറ്റാത്ത ആളെന്ന് സ്വയം കരുതിയിരുന്ന നിങ്ങളൊരു സ്ഥാപനത്തിന്റെ സെയില്‍സ് ജനറല്‍ മാനേജര്‍ പോലും ആയി തീരാമെന്ന് സങ്കല്‍പിക്കാം. നിങ്ങള്‍ പോലും അറിയാതെ കിടന്ന നിങ്ങളുടെ ചില കഴിവുകള്‍ ഒക്കെ കണ്ടെത്താന്‍ ഇത് വഴി സാധിക്കും. 

നിങ്ങള്‍ക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു സമയവും, ആ ഘട്ടത്തില്‍ നിങ്ങള്‍ പുറത്തെടുത്ത കഴിവുകളെയും കുറിച്ച് ചിന്തിക്കാം. നിങ്ങള്‍ ഏറ്റവും മികച്ച പ്രകടനം  കാഴ്ച വച്ച നിമിഷങ്ങളെ വീണ്ടും ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുക്കാം. നിങ്ങളുടെ മൂല്യമെന്തെന്ന് അറിയാനായി നിങ്ങള്‍ ഒഴിവ് സമയം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ മുന്‍കാല അനുഭവപരിചയത്തിനും പരിചിത മേഖലകള്‍ക്കും അപ്പുറം പുതിയ മേച്ചില്‍പുറങ്ങളും ഉയര്‍ന്ന് വരുന്ന ട്രെന്‍ഡുകളും തേടാം.

3. ഭാവിയിലെ നിങ്ങള്‍ക്കായുള്ള ശേഷികള്‍ പടുത്തുയര്‍ത്താം

ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് എന്തുമാകട്ടെ. ഈ അനിശ്ചിതാവസ്ഥയുടെ നടുവില്‍ നിങ്ങള്‍ ഭാവിയില്‍ ചെയ്യാന്‍ പോകുന്ന ജോലിയെ കുറിച്ച് വേണം ആലോചിക്കാന്‍. അതിന് ആവശ്യമായ തരം നൈപുണ്യങ്ങള്‍ ആര്‍ജ്ജിക്കാനും ശ്രമിക്കണം. നിലവിലെ ജോലിയില്‍ ഇരുന്ന് കൊണ്ട് അവ എങ്ങനെ നേടാം എന്ന് ചിന്തിക്കാം. ഓണ്‍ലൈന്‍ കോഴ്‌സുകളുടെയും മെന്റര്‍മാരുടെയും സഹായം തേടാം. 

4. ആരംഭിക്കാം ചെറിയ തോതില്‍ 

മുന്നിലുള്ളത് വലിയൊരു ഭീമന്‍ ഉദ്യമമാണെങ്കിലും അതിനെ ചെറിയ ചെറിയ ലക്ഷ്യങ്ങളാക്കി വിഭജിക്കാം. എന്നിട്ട് ചെറിയ തോതിലാണെങ്കിലും ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിക്കാം. ഒരു പുസ്തകം എഴുതുന്നത് വലിയൊരു ജോലിയായിരിക്കാം. എന്നാല്‍ ഒരു വൈകുന്നേരം ഒറ്റയിരുപ്പിന് വേണമെങ്കില്‍ അതിന്റെ ഔട്ട്‌ലൈന്‍ പൂര്‍ത്തിയാക്കാം. റെസ്യൂമേ പുതുക്കല്‍, ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ പുതുക്കല്‍ എന്നിങ്ങനെ ലക്ഷ്യത്തിലേക്കുള്ള ഏത് ചെറിയ പരിശ്രമവും സ്വാഗതാര്‍ഹമാണ്.

5. പിന്നിലുപേക്ഷിക്കാന്‍ മടി വേണ്ട

അനിശ്ചിതത്വം നിറഞ്ഞൊരു ഭാവിക്ക് വേണ്ടി  ആസൂത്രണം ചെയ്യുമ്പോള്‍ പുതിയ ശേഷികളും ബന്ധങ്ങളും  മാത്രം ഉണ്ടായാല്‍ പോരാ. ചിലതൊക്കെ യാതൊരു മടിയും കൂടാതെ ഉപേക്ഷിക്കാനും സാധിക്കണം. നിങ്ങളുടെ പണവും സമയവും പരിശ്രമവും ഒക്കെ വന്‍തോതില്‍ നിക്ഷേപിച്ച പല കാര്യങ്ങളെയും അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ ചിലപ്പോള്‍ മനസ്സ് സമ്മതിച്ചെന്ന് വരില്ല. എന്നാല്‍ മുന്നോട്ടുള്ള യാത്രയ്ക്ക് ചിലപ്പോള്‍ അത്തരം ഗൃഹാതുരതത്വമൊക്കെ പിന്നിലുപേക്ഷിക്കേണ്ടി വരും. 

അനിശ്ചിതത്വം നിറഞ്ഞ കാര്യങ്ങളെ ഒഴിവാക്കാനാണ് മനുഷ്യന്റെ സഹജവാസന. എന്നാല്‍ അനിശ്ചിതത്വത്തില്‍ വളര്‍ച്ചയ്ക്കുള്ള ഒരു അവസരം കൂടി എപ്പോഴും ഒളിഞ്ഞിരിപ്പുണ്ടാകും. അതിനു വേണ്ടി മനസ്സ് തുറന്ന് വച്ച് ഇറങ്ങി തിരിക്കേണ്ടതുണ്ട്. 

English Summary: How To Move Forward In Your Career After A Setback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com