ADVERTISEMENT

നമ്മുടെയൊക്കെ മരണം എപ്പോഴെങ്കിലും ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. പക്ഷേ, മരണശേഷം ഭൂമിയിൽ നമ്മൾ എങ്ങനെ ഓർമിക്കപ്പെടണമെന്നു തീരുമാനിക്കേണ്ടത് ജീവിച്ചിരിക്കുന്ന കാലത്താണ്. ജീവിച്ചിരിക്കുമ്പോൾ എന്തു ബാക്കിവയ്ക്കുന്നു എന്നതിനനുസരിച്ചാണു ലോകം നാളെ നമ്മളെ ഓർക്കുക. 

 

മൂന്നു കാര്യങ്ങളാണ്–ജനനം, ജീവിതം, മരണം. ഇതിൽ ജനനവും മരണവും എപ്പോൾ, എവിടെ വേണമെന്നു നമുക്കു തീരുമാനിക്കാൻ പറ്റില്ല. എന്നാൽ, ജീവിതം എങ്ങനെയൊക്കെ വേണമെന്ന കാര്യം ഒരു പരിധി വരെ നമുക്കു തീരുമാനിക്കാം. ജീവിച്ചിരിക്കുമ്പോൾ നമ്മൾ എന്തു മാറ്റിവയ്ക്കുന്നു, അതിനനുസരിച്ചാണു ലോകം നമ്മളെ ഓർക്കുക. 

 

മരണശേഷം മറ്റുള്ളവർ നമ്മളെ എങ്ങനെ വിലയിരുത്തുന്നു എന്നതു കാണാനോ അനുഭവിക്കാനോ നമുക്കു പറ്റില്ല. നൊബേൽ സമ്മാനത്തിന്റെ ഉപജ്ഞാതാവായ ആൽഫ്രഡ് നൊബേലിനു മാത്രമായിരിക്കും ഒരുപക്ഷേ, അങ്ങനെയൊരു അവസരം കിട്ടിയിട്ടുണ്ടാവുക. ഡൈനാമിറ്റിന്റെ കണ്ടുപിടിത്തത്തോടെ ആൽഫ്രഡ് നൊബേൽ ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാളായി. ഖനികളിൽ പാറ പൊട്ടിക്കാൻ ഉപയോഗിച്ച ഡൈനാമിറ്റ് പിന്നെ കൂട്ടക്കൊലപാതകങ്ങൾക്കു കാരണമായി. ഒരു ദിവസം ആൽഫ്രഡ് നൊബേലിന്റെ സഹോദരൻ ലൂഡ്‌വിങ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മരിച്ചത് ആൽഫ്രഡാണെന്നു കരുതി ഒരു ഫ്രഞ്ച് പത്രം വലിയ പ്രാധാന്യത്തോടെ അച്ചടിച്ചത് ഇങ്ങനെയായിരുന്നു: ‘മരണത്തിന്റെ മൊത്തവ്യാപാരി ആൽഫ്രഡ് നൊബേൽ അന്തരിച്ചു’. 

 

വാർത്ത വായിച്ച് സാക്ഷാൽ നൊബേൽ ഞെട്ടി. താൻ മരണപ്പെട്ടാൽ ഇങ്ങനെയായിരിക്കില്ലേ ലോകം വിലയിരുത്തുക എന്ന കുറ്റബോധത്തിൽനിന്നാണു നൊബേൽ സമ്മാനമെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ മുളയ്ക്കുന്നത്. സമ്പാദ്യത്തിന്റെ 94 ശതമാനവും അദ്ദേഹം നൊബേൽ സമ്മാനത്തിനായി മാറ്റിവച്ചു. ഇന്ന് അദ്ദേഹം അറിയപ്പെടുന്നതു മരണത്തിന്റെ വ്യാപാരി എന്ന പേരിലല്ല, സമാധാനത്തിനു നൊബേൽ സമ്മാനം ഏർപ്പെടുത്തിയ വ്യക്തി എന്ന പേരിലാണ്. 

 

അതാണു പറഞ്ഞത്, ഭൂതകാലം എങ്ങനെയോ ആകട്ടെ, ഇനിയുള്ള നാളുകൾ നമുക്കു മനോഹരമാക്കാൻ എപ്പോഴും അവസരമുണ്ടെന്ന്. അതിന് ആവശ്യം അനുകരണമല്ല, പുതിയ പുതിയ ആശയങ്ങളാണ്. മറ്റുള്ളവർക്ക് അസാധ്യം എന്നു തോന്നുന്നവയാകണം ആ ആശയങ്ങൾ. അന്നേവരെ ആർക്കും തോൽപിക്കാനാവാത്ത എവറസ്റ്റ് കൊടുമുടി കീഴടക്കിയതുകൊണ്ടാണ് എഡ്മണ്ട് ഹിലരി ചരിത്രത്തിന്റെ ഭാഗമായത്. അതിനുശേഷം എത്രയോ പേർ എവറസ്റ്റ് കീഴടക്കിയപ്പോഴും, അത്രയും വലിയ വാർത്തയാകാതിരുന്നത് അതെല്ലാം ആവർത്തനമായതുകൊണ്ടാണ്. 

 

മൂന്നു കാര്യങ്ങൾ ഇവിടെയും പ്രധാനമാണ്–പുതിയ ആശയമാകണം, നൻമയുള്ളതായിരിക്കണം, കാലം ഓർമിക്കപ്പെടുന്നതായിരിക്കണം. അപ്പോഴേ അതു ചരിത്രത്തിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തൂ. പ്രതിസന്ധികൾ പറഞ്ഞിരിക്കാതെ, അസാധ്യമെന്നു മറ്റുള്ളവർ പറയുന്നതിനു ചെവികൊടുക്കാതെ പ്രവർത്തിച്ചുകൊണ്ടേയിരിക്കുക. മരിക്കുംമുൻപ്, നമ്മൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്തുക. 

 

റോബിൻ ശർമയുടെ Who will cry when you die? എന്നൊരു ചെറിയ പുസ്തകമുണ്ട്. എളുപ്പത്തിൽ വായിച്ചുപോകാവുന്ന പുസ്തകം. നമ്മൾ സ്വയം ചോദിക്കേണ്ട ചോദ്യമാണ് ഈ പുസ്തകത്തിന്റെ പേര്–‘നിങ്ങൾ മരിക്കുമ്പോൾ ആരാണു കരയാനുണ്ടാവുക?’ നമ്മൾ മരിക്കുമ്പോൾ മറ്റുള്ളവർ ആഹ്ലാദിക്കുന്ന സാഹചര്യം നമ്മളായി സൃഷ്ടിക്കരുതെന്നോർക്കുക എന്ന് എപ്പോഴും ഓർക്കാം.

English Summary: Magic Lamp Podcast By Gopinath Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com