88 ലക്ഷത്തിന്റെ വിദേശ സ്കോളർഷിപ്; സമയവും പണവും തീർന്നാലെന്തു ചെയ്യും ?

HIGHLIGHTS
  • ഗവേഷണത്തിനിടയ്ക്കുവച്ച് സമയവും പണവും തീർന്നാലെന്തു ചെയ്യും ?
parvathi-venugopal
SHARE

യുകെയിലേക്കു വിമാനം കയറുമ്പോൾ ഏകദേശം 88 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പും 3 വർഷവുമാണ് പാർവതി വേണുഗോപാലിന്റെ മുന്നിലുണ്ടായിരുന്നത്. കോട്ടയം കിടങ്ങൂർ സ്വദേശിയായ പാർവതി യുകെയിലെ ബ്രിസ്‌റ്റോൾ സർവകലാശാലയിലാണു ഗവേഷണം നടത്തിയത്.  ദക്ഷിണേഷ്യയിലെ 2 തരം വവ്വാലുകളുടെ വർഗീകരണം എന്നതായിരുന്നു ഗവേഷണ വിഷയം. പക്ഷേ, നമ്മുടെ നാട്ടിലെ ചുവപ്പുനാടയിൽ കുടുങ്ങി ഗവേഷണം നീണ്ടതോടെ സമയവും പണവും തീർന്നു.  88 ലക്ഷം രൂപയുടെ കോമൺവെൽത്ത് സ്‌കോളർഷിപ് നേടിയിട്ടും പാർട്‌ടൈം ജോലി ചെയ്തും സുഹൃത്തുക്കളുടെ വീട്ടിൽ താമസിച്ചും ഗവേഷണം മുന്നോട്ടുകൊണ്ടുപോകേണ്ടിവരുന്നതിന്റെ സമ്മർദം ആലോചിച്ചുനോക്കൂ. വിദേശപഠനം ആഗ്രഹിക്കുന്നവർക്കെല്ലാമുള്ള ചില പാഠങ്ങൾ ഇതാ പാർവതിയുടെ തന്നെ വാക്കുകളിലൂടെ. 

പാഠം 1

ആദ്യം പഠിക്കേണ്ടത് ഹാൻഡ് ബുക്ക്

‘സസ്‌പെൻഷൻ’ എന്നു കേട്ടാൽ നമ്മൾ ഞെട്ടും. ഞാനും ഞെട്ടി. പക്ഷേ, ഞെട്ടേണ്ട കാര്യമില്ലായിരുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും ഫീൽഡ് വർക്കിനുള്ള അനുമതി നീണ്ടുപോയതോടെയാണ് എന്റെ ഗവേഷണം വൈകിയത്. പിഎച്ച്ഡി സസ്‌പെൻഡ് ചെയ്യാമെന്ന് സൂപ്പർവൈസർ പറഞ്ഞു. എന്നു വച്ചാൽ, ഗവേഷണം തൽക്കാലം നിർത്തിവച്ച്, ഫീൽഡ് വർക്കിന് അനുമതി കിട്ടുന്ന മുറയ്ക്ക് പുനരാരംഭിക്കാം. ഇതനുസരിച്ച് സ്‌കോളർഷിപ്പും നീട്ടിക്കിട്ടുമെന്നു പക്ഷേ, എനിക്കറിയില്ലായിരുന്നു.

ഇത്തരം വിവരങ്ങളെല്ലാമുള്ള ഹാൻഡ് ബുക്ക് യൂണിവേഴ്‌സിറ്റി എല്ലാവർഷവും പുറത്തിറക്കും. ആ വർഷം അതു കൃത്യമായി പഠിക്കാത്തതാണ് എനിക്കു വിനയായത്. മറ്റുള്ളവർ ഈ വിവരങ്ങളെല്ലാം നമ്മോടു പങ്കുവയ്ക്കണമെന്നില്ല. സസ്‌പെൻഡ് ചെയ്യാതിരുന്നതോടെ, ഗവേഷണം നീണ്ടു. സ്‌കോളർഷിപ് തീർന്നു പ്രതിസന്ധിയായി.

പാഠം 2

ജോലി ചെയ്ത് പഠിക്കാം

ഇവിടെ യൂണിവേഴ്‌സിറ്റിയിൽ തന്നെ പാർട്‌ടൈം ജോലിക്ക് അവസരമുണ്ട്. മറ്റു വിദ്യാർഥികളെ സഹായിക്കുക, പുതിയ വിദ്യാർഥികൾക്കു ക്യാംപസ് പരിചയപ്പെടുത്തുക തുടങ്ങിയവയാണു ചെയ്യാനുള്ളത്. പഠനം തുടങ്ങിയപ്പോൾതന്നെ അപേക്ഷകൾ അയച്ചെങ്കിലും അത്തരം ജോലി ലഭിച്ചില്ല. എക്‌സ്പീരിയൻസ് ഇല്ലാത്തതായിരുന്നു കാരണം. നമ്മുടെ നാട്ടിൽ പാർട്‌ടൈം ജോലി എന്ന പതിവില്ലല്ലോ. വിദേശത്ത് അതു ന്യൂനതയായി മാറും.

ആദ്യ പാർട്‌ടൈം ജോലി ലഭിച്ച ശേഷം എനിക്കു ജോലിക്കു ബുദ്ധിമുട്ടേണ്ടി വന്നതേയില്ല. എക്‌സ്പീരിയൻസ് ഉണ്ടല്ലോ. നാട്ടിലും അത്തരം അവസരങ്ങൾ ഒരുക്കാൻ സർക്കാരും മറ്റും മുൻകയ്യെടുക്കേണ്ടതാണ്. 

പാഠം 3

അറിയണം, അധ്യാപനരീതി

നാട്ടിൽ വിദ്യാർഥികളുടെ ഓരോ കാര്യത്തിലും അധ്യാപകർ കൂടെനിൽക്കും. വിദേശത്തെ അനുഭവം നേർവിപരീതം. സംശയങ്ങളും ആവശ്യങ്ങളുമായി സൂപ്പർവൈസറെ സമീപിച്ചില്ലെങ്കിൽ നമ്മുടെ അവസ്ഥ പരിതാപകരമാകും.

അധ്യാപകർക്കെല്ലാം വ്യത്യസ്ത രീതികളാവും. ഇതു തിരിച്ചറിഞ്ഞ് പരമാവധി അവരെ ഉപയോഗപ്പെടുത്തണം. ആദ്യം ഞാനിക്കാര്യം തിരിച്ചറിഞ്ഞിരുന്നില്ല. പിഎച്ച്ഡി ചെയ്യുമ്പോൾ സൂപ്പർവൈസറെ സംബന്ധിച്ച് പല ജോലികളിൽ ഒന്നു മാത്രമാണ് വിദ്യാർഥികളെ സൂപ്പർവൈസ് ചെയ്യുക എന്നത്. പക്ഷേ, വിദ്യാർഥികൾക്കങ്ങനെയല്ല. ഏറ്റവും പ്രധാനം പഠനമാണ്. അതിനായി അധ്യാപകരെ ഉപയോഗപ്പെടുത്തുകയാണു വേണ്ടത്.

പാഠം 4

സ്ട്രെസ്സിനെ മറികടക്കാം

നാട്ടിലെപ്പോലെയല്ല ഇവിടെ; പനി വന്നാൽ പറയുന്നതു പോലെ സ്ട്രെസ്സിനെക്കുറിച്ച് എല്ലാവരും പറയും. പ്രതിസന്ധികളിൽ തളരാതെ നിൽക്കാൻ ആ തുറന്നുപറച്ചിൽ സഹായകരമാണ്. ഇവിടെ യൂണിവേഴ്സിറ്റിയിൽ സ്ട്രെസ്സിനെ മറികടക്കുന്നതിനെക്കുറിച്ച് അധ്യാപകർ പറയും. മാനസികാരോഗ്യത്തിനായി യാത്ര പോകാനും മറ്റും നിർദേശിക്കുകയും ചെയ്യുമായിരുന്നു.

പാഠം 5

നമ്മൾ അടിപൊളിയല്ലേ...

മലയാളം മീഡയത്തിൽ പഠിച്ചു വളർന്ന പലരെയും പോലെ ഇംഗ്ലിഷിലുള്ള ആത്മവിശ്വാസക്കുറവുമായാണ് ഞാനും വിമാനം കയറിയത്. ഐഇഎൽടിഎസ് നേടിയെങ്കിലും ഇംഗ്ലിഷ് സംസാരിക്കുമ്പോൾ തെറ്റുമോ എന്ന ഭയം. സൗഹൃദക്കൂട്ടങ്ങളിൽനിന്ന് ആദ്യം ഉൾവലിഞ്ഞുനിന്നു. പതിയെയാണ് മനസ്സിലാകുക... നമ്മൾ അത്ര മോശമല്ല, അടിപൊളിയാണെന്ന്. 

ഗ്രാമർ നല്ലതാണെന്നും ഭയം മാറിയാൽ മതിയെന്നും പല സുഹൃത്തുക്കളും പറയുമായിരുന്നു. തെറ്റുമെന്ന പേടി വെറും ഫോബിയയാണ്. അതങ്ങു മാറ്റണം. അവസരങ്ങളുടെ ആകാശം തുറന്നുകിട്ടും.

English Summary: Parvathi Venugopal About Foreign Scholarship

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA