മക്കളോട് ഒരിക്കലും പറയരുത് ഈ കാര്യങ്ങൾ

HIGHLIGHTS
  • പരിഹാസത്തിന്റെ ആ ചെറിയ മുനയിലൂടെ തളരുന്നത് വലിയൊരു പ്രതീക്ഷയാണ്
scolding
SHARE

ഒരു ഗ്രാമത്തിൽ വർഷങ്ങളായി മഴ പെയ്തിട്ടുണ്ടായിരുന്നില്ല. മഴ പെയ്യാനായി ഗ്രാമവാസികൾ ചേർന്നു പ്രാർഥനായോഗം നടത്താൻ തീരുമാനിച്ചു. പ്രാർഥനയ്ക്കായി ആരാധനാലയത്തിലെത്തിയവരിൽ ഒരു കൊച്ചുകുട്ടിയുടെ കയ്യിൽ മാത്രം കുടയുണ്ടായിരുന്നു. അതു കണ്ട് എല്ലാവരും അവനെ പരിഹസിച്ചു. 

പുരോഹിതൻ ചോദിച്ചു: ‘എന്റെ കുഞ്ഞേ, നീ ഇത്രയും വിഡ്ഢിയാണോ? ഈ ഗ്രാമത്തിൽ എത്രയോ കാലമായി മഴ പെയ്തിട്ടില്ലെന്നു നിനക്കറിഞ്ഞുകൂടേ? ഇവിടെ പ്രാർഥിക്കാൻ വന്ന ആരുടെയെങ്കിലും കയ്യിൽ കുടയുണ്ടോ? പിന്നെ നീ മാത്രം എന്തിനാണ് ഈ കുടയും പിടിച്ചു നടക്കുന്നത്?’. സത്യത്തിൽ അവനാണോ തെറ്റുകാരൻ? മഴ പെയ്യില്ലെങ്കിൽ പിന്നെ എന്തിനാണ് എല്ലാവരും പ്രാർഥിക്കാൻ തീരുമാനിച്ചത്? പ്രാർഥിച്ചാൽ മഴ പെയ്യുമെന്ന് അവൻ അത്രമാത്രം വിശ്വസിച്ചിരുന്നു. 

ഇതു വായിക്കുന്ന പലരുടെയും വീടുകളിൽ, നല്ലൊരു ജോലി കിട്ടി മകനോ മകളോ ഒരു കര പറ്റണമെന്ന വലിയ പ്രതീക്ഷ നിലനിൽക്കുന്നുണ്ടാവാം. വാസ്തവത്തിൽ നമ്മളും നമ്മുടെ മക്കളുമൊക്കെ അത്രമാത്രം വിശ്വാസത്തോടെതന്നെയല്ലേ ജീവിതം തുടങ്ങുന്നത്? വളർന്നുവരുമ്പോൾ വിശ്വാസങ്ങളിൽ മുതിർന്നവർ വിഷം ചേർക്കുകയല്ലേ? ‘നീ ഒരുകാലത്തും ഗുണം പിടിക്കില്ല’ എന്നു മക്കളോടു പറയുന്ന ചില മാതാപിതാക്കളുണ്ട്. ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലുമൊക്കെ എന്തെങ്കിലും വ്യത്യസ്തമായതു ചെയ്യുന്ന കുട്ടികളോട്, ‘നീയല്ലേ നാളെ വലിയ സയന്റിസ്റ്റാവാൻ പോകുന്നത്?’ എന്നോ ‘ഓ, നീയിപ്പോൾ കലക്ടറാവാൻ പോവുകയല്ലേ?’ എന്നോ ഒക്കെ ചോദിക്കുന്ന മുതിർന്നവർ കുറവല്ല. പരിഹാസത്തിന്റെ ആ ചെറിയ മുനയിലൂടെ തളരുന്നത് വലിയൊരു പ്രതീക്ഷയാണ്. ആ കുട്ടിയോ ചെറുപ്പക്കാരനോ നാളെ സയന്റിസ്റ്റോ കലക്ടറോ ആവില്ലെന്നാരു കണ്ടു? 

എല്ലാവരിലും എന്തെങ്കിലുമൊരു കഴിവുണ്ട്. അതു കണ്ടെത്തി വളർത്തിയെടുക്കുന്നതിലാണ് മാതാപിതാക്കളുടെയും മുതിർന്ന തലമുറയുടെയും കഴിവ്. സർക്കാർ ജോലിക്കു പോകാൻ നിർബന്ധിക്കപ്പെടുന്നവനു ചിലപ്പോൾ പൈലറ്റാകാനായിരിക്കും കഴിവും താൽപര്യവും. തിരിച്ചുമുണ്ടാകാം. പക്ഷേ, ഞാൻ എങ്ങനെയായിരുന്നോ അതുപോലെ മകനോ മകളോ സഞ്ചരിക്കട്ടെ എന്നു നിർബന്ധപൂർവം ചിന്തിക്കുമ്പോൾ പല സ്വപ്നങ്ങളും ചിറകറ്റു വീഴുന്നു. എല്ലാത്തരം മണ്ണിനടിയിലും വെള്ളമുണ്ട്. കുഴിക്കാൻ തുടങ്ങുമ്പോൾ ആദ്യം ചരൽക്കല്ലുകളാകാം കാണുക. പിന്നെ ഒരുപക്ഷേ, ചെളിക്കട്ടകളാവും. പാഴ്‌വസ്തുക്കളും കണ്ടേക്കാം. പിൻമാറരുത്. നനഞ്ഞ മണ്ണിലേക്കും വെള്ളത്തിലേക്കും എത്താതിരിക്കില്ല. 

മക്കളുടെ ഉള്ളിന്റെ ഉള്ളിൽ അടിഞ്ഞുകിടക്കുന്ന ആ വെള്ളമാണ് അവരുടെ Passion അഥവാ സ്വപ്നതുല്യമായ മോഹം. അതു മനസ്സിലാക്കി അതിലേക്ക് അവരെ നയിക്കാൻ സാധിച്ചാൽ അവർ ഈ ഭൂമിയിൽ അദ്ഭുതങ്ങൾ തീർക്കും. അല്ലാതെ മക്കളിലൂടെ മാതാപിതാക്കൾ ജീവിക്കുക എന്ന ആശയം മനസ്സിലുറപ്പിക്കുന്നത് അപകടകരമാണ്. എന്റെ മകൻ മാജിക്കിന്റെ വഴിയിലേക്കു വരണമെന്നു ശാഠ്യം പിടിച്ച് അവനെ വളർത്തുന്നത് എന്റെ സ്വാർഥതയാണ്. ഞാൻ മാജിക്കിനെ പ്രണയിക്കുന്നു എന്നതിന്റെ പേരിൽ അവനും അതിഷ്ടപ്പെടണമെന്നു വാശി പിടിക്കുന്നത് എന്റെ മൂഢത്വമാണ്. അവൻ അവനാണ്, അവന്റേത് അവന്റെ ലോകമാണ്. 

‘എന്റെ പ്രതീക്ഷകളുടെ പ്രതിനിധിയും എന്റെ ഇഷ്ടങ്ങളുടെ പൂർത്തീകരണവുമാകണം എന്റെ മക്കൾ’ എന്നു ചിന്തിക്കാതിരിക്കുക. അവരുടെ Passion ൽനിന്നു പറിച്ചുമാറ്റി എന്തു ചെയ്താലും അവർക്കതിൽ ലയിക്കാൻ സാധിക്കില്ല. അതിൽ അവർ പൂർണമായും ലയിച്ചുജീവിക്കുന്നതു കണ്ട് ആനന്ദിക്കുന്നതാവട്ടെ നമ്മുടെയെല്ലാം ജീവിതസാഫല്യം! 

English Summary: Magic Lamp Podcast By Gopinath Muthukad

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA