ഐഡിയ മിന്നി, ലക്ഷം ലക്ഷം പിന്നാലെ

HIGHLIGHTS
  • റീബൂട്ട് കേരള ഹാക്കത്തണിലെ വിജയികളുടെ കിടിലൻ ആശയങ്ങൾ ഇങ്ങനെ
team
SHARE

എന്തു കൃഷി ചെയ്യണമെന്നു പറഞ്ഞുതരാൻ പറമ്പിൽ സെൻസറുകൾ, തലയിൽ ഹെൽമറ്റ് ഉണ്ടോയെന്നു കണ്ടുപിടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആളുകളുടെ ഇഷ്ടാനിഷ്ടങ്ങളറിഞ്ഞ് സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് ഒരുക്കാൻ ടെക്നോളജി...ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) സംഘടിപ്പിച്ച റീബൂട്ട് കേരള ഹാക്കത്തണിലെ വിജയികളുടെ കിടിലൻ ആശയങ്ങൾ ഇങ്ങനെ.

കൃഷി, ആഭ്യന്തരം, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകൾ മുന്നോട്ടുവച്ച പ്രശ്നങ്ങൾക്കാണ് ഇവർ ഉറക്കം പോലുമില്ലാതെ 36 മണിക്കൂർ തുടർച്ചയായി തലപുകച്ച് ഇവർ പരിഹാരം കണ്ടെത്തിയത്.

3 ലക്ഷം രൂപ സമ്മാനം

വാഴ വയ്ക്കണോ ? ഡേറ്റ പറയും !

ടീം സിബറോൺ, അമൽ ജ്യോതി കോളജ് ഓഫ് എൻജിനീയറിങ്, കാഞ്ഞിരപ്പള്ളി

കൃഷിയിടത്തിൽ എന്തു വിളവിറക്കണമെന്ന് അവിടെ സ്ഥാപിക്കുന്ന സെൻസറുകൾ പറഞ്ഞുതരും. താപനില, ആർദ്രത, ഈർപ്പം, സൂര്യപ്രകാശം, പിഎച്ച് വാല്യു, മണ്ണിലെ രാസസാന്നിധ്യം തുടങ്ങി മുപ്പതോളം ഘടകങ്ങൾ തത്സമയം പരിശോധിച്ച് കൃഷിവകുപ്പിനെ വിവരമറിയിക്കും. ഇവയിലെ മാറ്റങ്ങൾ വിലയിരുത്തി ഓരോ പ്രദേശത്തും വിളകൾക്കുണ്ടാകുന്ന രോഗങ്ങൾ പ്രവചിക്കാനുമാകും.വിലകൂടിയ സെൻസറുകളാണെങ്കിൽ ഏകദേശം 60,000 രൂപ ചെലവ് വരും. രണ്ടോ മൂന്നോ കിലോമീറ്റർ ചുറ്റളവിൽ ഒരെണ്ണം മതി.

ടീം: പ്രത്യാശ് ജെ. ബിനു, ജെറിൻ ജോസഫ്, നിർമൽ കൃഷ്ണകുമാർ, നോയൽ എബി കുഞ്ഞച്ചൻ, ലിനു ജോസഫ്, ശ്രേയ.

2 ലക്ഷം രൂപ സമ്മാനം

ഹെൽമറ്റ് നോക്കാൻ ‘മുകളിലൊരാളുണ്ട്’

team3

ടീം ബ്ലിറ്റ്സ്ക്രീഗ്, മാർ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം

ട്രാഫ്ക് സിഗ്നലിലെ ക്യാമറ ദൃശ്യങ്ങൾ വിലയിരുത്തി ഹെൽമറ്റ് ഇല്ലാത്തവരെ പിടികൂടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം. തോക്ക്, കത്ത് ഉൾപ്പടെയുള്ള ആയുധങ്ങളുമായി എത്തുന്നവരെയും തിരിച്ചറിയാം. ഹെൽമറ്റ് ഡിറ്റക്‌ഷനു വേണ്ടി മൂവായിരത്തോളം ചിത്രങ്ങൾ ഉപയോഗിച്ച് കംപ്യൂട്ടറിനെ പരിശീലിപ്പിച്ചു. കൃത്യത 95 %. ക്രിമിനലുകളുടെ ഡേറ്റാബേസ് തയാറാക്കി ആൾക്കൂട്ടത്തിൽ അവരെ കണ്ടെത്താനുള്ള വിദ്യയുമുണ്ട്.

ടീം: നന്ദിത സായി പ്രശാന്ത്, വിഷ്ണു എം. നായർ, അബിൻഷാ അമീർ, അമേയ്സ് അന്ന ടോംസ്, ജോജി ജോർജ്, വൈഷ്ണവി ശ്രീകുമാർ

1 ലക്ഷം രൂപ സമ്മാനം

കിറ്റ് നമ്മുടെ സ്വന്തം ചോയ്സ്

team2

ടീം പ്രോംതിയൻസ്, കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം (സിഇടി)

സർക്കാരിന്റെ ഭക്ഷ്യ കിറ്റ് ആളുകളുടെ വ്യക്തിഗത താൽപര്യങ്ങൾ കൂടി കണക്കിലെടുത്താണെങ്കിലോ ? സപ്ലൈകോ സ്റ്റോറുകളിലെ കസ്റ്റമർ ഡേറ്റ അപഗ്രഥിച്ച് 20 ട്രെൻഡിങ് ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കുകയാണ് ആദ്യപടി. ഓരോ പ്രദേശത്തും കൂടുതൽ താൽപര്യമുള്ള 3 ഇനങ്ങൾ ഇങ്ങനെ കണ്ടെത്തും. ബാക്കി ഇനങ്ങൾ ജനങ്ങൾക്കു വെബ്സൈറ്റ് മുഖേന നിർദേശിക്കാം. ഇതിൽ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ട ഇനങ്ങൾ ചേർത്ത് പല തരം കിറ്റുകൾ സജ്ജമാക്കും. ഓരോ ഇനവും ഓരോ കടയിലേക്ക് എത്രയെണ്ണം വേണമെന്നു സിസ്റ്റം പ്രവചിക്കും.

ടീം: പി.എസ്. അജ്മൽ, കൃഷ്ണപ്രിയ നായർ, ജൂഡ് ഫ്രാൻസിസ്, എം.ജെ. അക്ഷയ, എ.അബ്ദുൽ മുസവ്വിർ, അർജുൻ ഹരിദാസ്

English Summary: Reboot Kerala Hackathon Winners

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA