നിങ്ങളെ മോശക്കാരാക്കുന്നതിൽ ആത്മസംതൃപ്തിയണയുന്നവരെ എങ്ങനെ അവഗണിക്കും?

HIGHLIGHTS
  • വിജയിക്കുന്ന ലക്ഷണം കാണിക്കുമ്പോഴേ നിരുത്സാഹപ്പെടുത്തുന്ന വാക്കുകൾ കേൾക്കാം.
  • അന്യരു‌ടെ വിജയത്തിൽ സന്തോഷിക്കുന്ന ശീലം വളർത്തിയാൽ മനഃസുഖം വർദ്ധിക്കും
career-success-tips-by-bs-warrier-tall-poppy-syndrome
Representative Image. Photo Credit :G-Stock Studio / Shutterstock.com
SHARE

‘ഉയരമേറിയ മരത്തിൽ കാറ്റു കൂടുതൽ പിടിക്കും’ എന്ന് പ്രശസ്ത ചൈനീസ്മൊഴി. കാറ്റുവീശുമ്പോൾ പൊക്കം കൂടിയ മരങ്ങളിലാവും കൂടുതൽ ചലനങ്ങൾ. കൊടുങ്കാറ്റെങ്കിൽ, ഉയരമേറിയവ കടപുഴകിയേക്കാം. കുറിയ മരങ്ങൾ നീണ്ടവയുടെ തണലിൽ രക്ഷപ്പെടും. പൊക്കത്തിൽ അഹങ്കരിക്കുന്ന മരങ്ങൾ കൊടുങ്കാറ്റിനെ കൂടുതൽ പേടിക്കും.

വളരെക്കൂടുതൽ പേടി, തടികൂടിയ വന്മരങ്ങൾക്ക്. തടിയന്മാർക്കൊരു പ്രയാസമുണ്ട്. കൊടുങ്കാറ്റടിച്ചാലും കടുംപിടിത്തംകാരണം വളഞ്ഞുകൊടുക്കാൻ കഴിയില്ല. നിവർന്നുതന്നെ നില്ക്കണം. ഉയരമേറെയാണെങ്കിലും മുളകൾക്ക് കൊടുങ്കാറ്റിൽ വലിയ പരുക്കു പറ്റാറില്ല. കാറ്റനുസരിച്ച് അവ വളഞ്ഞു താഴും. ഉയർന്നേ നിൽക്കൂ എന്ന കടുംപിടിത്തം മുളകൾക്കില്ല. കാറ്റ് അതിശക്തമായി വീശിയടിക്കുമ്പോൾ, സന്തോഷത്തോടെ താണുകൊടുക്കുന്ന മുള, കാറ്റു മാറുമ്പോൾ നിവർന്ന് പഴയപോലെ തലയുയർത്തി നിൽക്കും. വഴങ്ങാത്ത വന്മരങ്ങൾ കടപുഴകി വീണു നശിക്കുകയും ചെയ്യും.

പ്രകൃതിയിലെ ഈ വികൃതികളിലെല്ലാം നമുക്കു പല പാഠങ്ങളുമുണ്ട്. പ്രയത്നിച്ച്ു വിജയം വരിച്ച് ഉയർന്ന സ്ഥാനങ്ങിലെത്തുന്നവർ പല പുതിയ പ്രയാസങ്ങളും നേരിടും.‌ അസൂയക്കാരുണ്ടെന്നു വരാം. വിജയിച്ചവരെ മനഃപൂർവം ഇടിച്ചു താഴ്ത്താൻ ഒരുമ്പെട്ടിറങ്ങുന്നവർ ഏതു സമൂഹത്തിലുമുണ്ട്. മാങ്ങയുള്ള മാവിലേ കല്ലെറിയൂ. എന്നല്ല. മാങ്ങയുണ്ടെങ്കിൽ, കല്ലെറിഞ്ഞതു തന്നെ. അന്യരെ മോശക്കാരാക്കുന്നതിൽ ആത്മസംതൃപ്തിയണയുന്നവർ. ‘എനിക്കില്ലാത്തത് നിനക്കും വേണ്ട’ എന്നു ശഠിക്കുന്നവർ. അവർ കുഴിമടിയന്മാരാവാം. വിജയികൾ നിരന്തരം ജാഗ്രത പുലർത്തണം. കൊള്ളക്കാർ കയറുന്നത് ധനികരുടെ വീട്ടിലെന്നുമോർക്കാം.

വളർന്നു വലുതായവരെ തകർക്കുന്ന ശീലത്തിന് ‘ടാൾ പോപ്പി സിൻഡ്രോം’ എന്നു പറ‌യും. ഇതിനു പിന്നിലൊരു കഥയുണ്ട്. നിഷ്ഠുര സ്വേച്ഛാധിപതിയായിരുന്നു അവസാന റോമൻ രാജാവ് ലൂഷ്യസ് ടാർക്കിനിസ്. അടുത്തുള്ള ഗാബീ നഗരം ചതിയിലൂടെ കീഴടക്കാൻ മകൻ സെക്സ്റ്റൂസിനെ നിയോഗിച്ചു. അയാൾ കുതന്ത്രങ്ങൾവഴി അവിടുത്തെ സർവാധികാരിയായി. ഇനിയെന്തു ചെയ്യണമെന്ന ഉപദേശം അച്ഛനിൽനിന്നു വാങ്ങാൻ ദൂതനെ അയച്ചു. സന്ദേശത്തിനു മറുപടി പറയുന്നതിനു പകരം രാജാവ് തോട്ടത്തിൽച്ചെന്ന് വലിയ കമ്പെടുത്ത് ആഞ്ഞു വീശി. ഏറ്റവും ഉയരമുള്ള പോപ്പിച്ചെടികളുടെയെല്ലാം തലയൊടിച്ചുവീഴ്ത്തി. മടങ്ങിയെത്തിയ ദൂതൻ സംഭവം മകനെ അറിയിച്ചു. മകൻ സൂചന ഗ്രഹിച്ചു. ഗാബീയിലെ തലമുതിർന്ന സമർത്ഥരെയെല്ലാം മകൻ വകവരുത്തി. എതിർക്കാൻ ശക്തിയുള്ളവർ ഇല്ലാതായി. 

2018ൽ കനേഡിയൻ വനിതാജീവനക്കാരുടെ ജോലിസ്ഥലത്തെ അനുഭവങ്ങളെപ്പറ്റി വിദഗ്ധപഠനം നടന്നു. വിവിധവ്യവസായങ്ങളിലെ 1501 പേരുടെ അനുഭവങ്ങൾ. 87% പേർ സഹപ്രവർത്തകർ കാട്ടിയ ടാൾ പോപ്പി സിൻഡ്രോമിന് വിധേയർ. കഷ്ടപ്പെട്ടു പ്രവർത്തിച്ചവർക്ക് ജോലിയിൽ മടുപ്പ്. കാര്യക്ഷമത നശിച്ചു. ആത്മാർത്ഥമായി ജോലി ചെയ്യുന്നവർക്ക് പ്രോത്സാഹനം ഉറപ്പാക്കുന്നതിൽ ഏതു മാനേജ്മെന്റും ശ്രദ്ധിക്കേണ്ടതുണ്ട്.  സ്വന്തം വിജയത്തിനുവേണ്ടി സഹപ്രവർത്തകരെ നിർദ്ദയം പീഡിപ്പിക്കുന്ന ‘‍ഡോഗ്–ഈറ്റ്–ഡോഗ്’ രീതി സ്ഥാപനത്തിനു ദോഷമാകും.

കല്ലേറു തുടങ്ങാൻ വിജയിച്ചുകഴിയണമെന്നില്ല. വിജയിക്കുന്ന ലക്ഷണം കാണിക്കുമ്പോഴേ നിരുത്സാഹപ്പെടുത്തുന്ന വാക്കുകൾ കേൾക്കാം. അനുസരിച്ചില്ലെങ്കിൽ ആക്ഷേപം വരാം. നീചർക്കു കൂട്ടു വേണം. Misery loves company എന്ന് പ്രശസ്തമൊഴി. തുടക്കത്തിൽ ചില വീഴ്ചകൾ ഏതു പരിശ്രമിക്കും വരും.  അതു ചൂണ്ടിക്കാട്ടി പ്രയത്നത്തിൽ നിന്നു പിന്തിരിപ്പിക്കാൻ ആളുണ്ടാവും. അത്തരം നിഷേധചിന്തക്കാരെ അവഗണിക്കാം. ഏതു കുഞ്ഞാണ് വിഴാതെ നടക്കാൻ പഠിച്ചിട്ടുള്ളത്? നടക്കാനല്ല, ഓടാനും പഠിച്ചവരും ചിലപ്പോൾ തട്ടിവീണെന്നു വരും. അവർ ഉടൻ എഴുനേറ്റുപോകുകയും ചെയ്യും.

സ്വിസ് ടൂറിസ്റ്റിന്റെ അനുഭവം നിങ്ങൾ കേട്ടിരിക്കും. ചീനയിലെ കടൽത്തീരം ആസ്വദിക്കാനെത്തി. നാട്ടുകാരൻ ഞണ്ടുകളെ പിടിച്ചു കൂടയിലിടുന്നു. വീണ്ടും വെള്ളത്തിലേക്ക് വലയുമായി പോകുന്നു. പക്ഷേ കൂടയടയ്ക്കുന്നതേയില്ല. ഞണ്ടുകൾ പിടിച്ചുകയറി കൂടയിൽ നിന്നു രക്ഷപെട്ടു പോകില്ലേ? വെള്ളത്തിൽനിന്ന് പുതിയ ഞണ്ടുകളുമായി വന്നപ്പോൾ ആംഗ്യഭാഷയിൽ ചോദിച്ചു, ‘എന്താണ് നിങ്ങൾ കൂടയടയ്ക്കാത്തത്? ഇവ ഇറങ്ങിപ്പോകില്ലേ?’

‘ഒരു ഞണ്ടേയുള്ളെങ്കിൽ കൂടയടയ്ക്കും. പലതുണ്ടെങ്കിൽ ഒന്നിനും രക്ഷപെടാനാവില്ല. ഒരു ഞണ്ട് കൂടയുടെ വശത്തുപിടിച്ചു കയറാൻ ശ്രമിച്ചാലുടൻ മറ്റുള്ളവ ചേർന്ന് അതിനെ കാലിൽ വലിച്ചു താഴോട്ടിട്ടുകൊള്ളും.’

മനുഷ്യരിലുമുണ്ട് ഇത്തരം ഞണ്ടുകൾ. നമുക്കു ജാഗ്രത വേണം. കൂടയ്ക്കു പുറത്തുചാടിയേ മതിയാകൂ. കൂടുതൽ നേരം കൂടയിൽക്കിടന്നാൽ നീചരുടെ ശീലവും മനോഭാവവും നമ്മിേലക്കു പകരും. നന്മ നീചരിലേക്കു പകരാൻ സാധ്യത തീരെക്കുറവ്. പത്തു ലിറ്റർ പാലിൽ ഒരു തുള്ളി വിഷമിറ്റിച്ചാൽ പത്തു ലിറ്ററും വിഷമാകും. വെറുമൊരു തുള്ളി മാത്രമായ വിഷം പാലാകുകില്ല.

വലിയ വിജയങ്ങൾ നേടിയവരുടെ ചെറിയ പരാജയം പെരുപ്പിക്കുന്നവരുണ്ട്. പഴയ  മരുമക്കത്തായത്തറവാട്ടിൽ  അധ്വാനിയായൊരു കാരണവർ വർഷങ്ങളോളം ഭരണം നടത്തി. കൃഷിയും വ്യാപാരവും ഉൾപ്പെടെ പലതിലും കഷ്ടപ്പെട്ടു പ്രയത്നിച്ച് കുടുംബത്തിന്റെ ധനസ്ഥിതി വള‌രെ ഉയർത്തി. ഏറെ പ്രായമായപ്പോൾ ഒരുനാൾ കാരണവർക്ക് ചെറിയ കൈയബദ്ധം പറ്റി. കൈയിൽനിന്നു ഒരു ഭരണി താഴെ വീണ് പൊട്ടാനിടയായി. പിൽക്കാലത്ത് മരുമക്കൾക്ക് ആ കാരണവർ ‘ഭരണി പൊട്ടിച്ച അമ്മാവൻ’ ആയിരുന്നു.

അന്യരു‌ടെ വിജയത്തിൽ സന്തോഷിക്കുന്ന ശീലം വളർത്തിയാൽ മനഃസുഖം വർദ്ധിക്കും. വിജയിയെ അനുമോദിക്കാൻ കഴിഞ്ഞാൽ സന്തോഷം ഇരട്ടിക്കുകയും ചെയ്യും. അസൂയക്കാരായ ഞണ്ടുകൾക്ക് ഒരു പരിമിതിയുണ്ട്. വളരെ ഉയരത്തിലെത്തിയെ വിജയിയെ അവയ്ക്ക് എത്തില്ല. അവർ അത്ര ‌ഉയരത്തിലെത്താത്ത പാവങ്ങളെ ലക്ഷ്യമിട്ടുകൊള്ളും.  നമുക്കു വലിയ സ്വപ്നങ്ങളാണു വേണ്ടത്. അവ നേടിക്കഴിയുമ്പോൾ വിജയം തലയ്ക്കു പിടിക്കാതെ നോക്കുകയും വേണം.

മഹത്തുക്കളുടെ മര്യാദയെപ്പറ്റി കാളിദാസശാകുന്തളം അഞ്ചാം അങ്കത്തിലുണ്ട്. ശകുന്തള കണ്വാശ്രമത്തിൽനിന്നു താപസന്മാരൊത്ത് കൊട്ടാരത്തിലെത്തുന്നു.  പരമാധികാരിയായ ദുഷ്ഷന്തമഹാരാജാവ് എഴുനേറ്റുനിന്ന്, കേവലം ആശ്രമവാസികൾ മാത്രമായവരെ സ്വീകരിക്കുന്നു. വിനയത്തോടെയുള്ള ആ പെരുമാറ്റത്തെ ശ്ലാഘിക്കുന്ന ശാർങ്ഗരവൻ എന്ന താപസന്റെ മൊഴി :

മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍

പരം നമിക്കുന്നു ഘനം നവാംബുവാൽ

സമൃദ്ധിയിൽ സജ്ജനമൂറ്റമാര്‍ന്നിടാ

പരോപകാരിക്കിതുതാന്‍ സ്വഭാവമാം (ആറ്റൂര്‍ കൃഷ്ണപ്പിഷാരടിയുടെ വിവർത്തനം).

മരം വളർന്ന് പഴങ്ങൾ നിറയുമ്പോൾ അവ  മദിച്ചു ചാടുന്നില്ല. പഴങ്ങളുടെ ഭാരത്താൽ ശാഖകൾ താഴുന്നു. നീരാവിയുയർന്ന് മേഘമായി ഏറ്റവും സാന്ദ്രമാകുമ്പോൾ മഴത്തുള്ളികളായി താഴോട്ടുപോരുന്നു. വിനയത്തിന്റെ വലിയ ദൃഷ്ടാന്തങ്ങൾ. സമൃദ്ധിയും ഐശ്വര്യവും വരുമ്പോൾ അഹങ്കാരം വേണ്ടാ. വിനയത്തോടെ ലോകത്തെ നമിക്കാം.

ശക്തന്റെ വിനയത്തിന് ഇരട്ടിമധുരം. കാളിദാസശാകുന്തളത്തിലെ സംസ്കൃതശ്ലോകം നേരിയ മാറ്റത്തോടെ ഭർത്തൃഹരിയുടെ നീതിശതകത്തിലുമുണ്ട്. വരികൾ ആരുടെയുമാകട്ടെ. വിജയികൾ നിശ്ചയമായും സ്വീകരിക്കേണ്ട ആശയമിതിലുണ്ട്.

‘നിർദ്ദേശങ്ങൾക്കു പല ഗുണങ്ങളുമുണ്ട്. പക്ഷേ പ്രോത്സാഹനമാണ് എല്ലാമെല്ലാം’ എന്ന് ജർമ്മൻ ചിന്തകൻ ഗോയ്ഥേ. വിജയികളെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിൽ വേണ്ടാ. ആക്രമിക്കാതിരിക്കുകയെങ്കിലും ചെയ്യാം. ലൂഷ്യസ് രജാവിന്റെ വടി നമുക്കു ഗുണം ചെയ്യില്ല. ‘ഉള്ളതിൽ കുറവു കാട്ടുക, അറിവതിൽ കുറവു ചൊല്ലുക’ എന്നു ഷേക്സ്പിയർ. –‘Have more than thou showest, Speak less than thou knowest’ – (കിങ് ലിയർ – 1:4). 

English Summary : Career Success Tips by B.S. Warrier- Tall poppy syndorme

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA