ബിരുദതല ശാസ്ത്ര പഠനത്തിന് 80,000 രൂപയുടെ സ്കോളർഷിപ്, അപേക്ഷ 31 വരെ

HIGHLIGHTS
  • ബിരുദതല ശാസ്ത്ര പഠനത്തിന് 80,000 രൂപയുടെ പ്രതിവർഷ സ്കോളർഷിപ്
scholarship-for-higher-education
Representative Image. Photo : Daniel M Ernst / Shutterstock.com
SHARE

കേന്ദ്ര ശാസ്ത്ര–സാങ്കേതിക വകുപ്പിന്റെ സ്കോളർഷിപ് ഫോർ ഹയർ എജ്യൂക്കേഷന് (S.H.E) ഇപ്പോൾ അപേക്ഷിക്കാം. ബേസിക്/ നാച്വറൽ സയൻസസിൽ ബിരുദപഠനം നടത്തുന്നവർക്കാണ് അവസരം. കേന്ദ്ര സർക്കാരിന്റെ ഇന്നവേഷൻ ഇൻ സയൻസ് പർസ്യൂട്ട് ഫോർ ഇൻസ്പയേർഡ് റിസർച്ച് (ഐഎൻഎസ്പി ഐആർഇ–ഇൻസ്പയർ) പദ്ധതിയുടെ ഭാഗമാണ് ഷീ സ്കോളർഷിപ്. സയൻസ് പഠന/ഗവേഷണ മേഖലകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം.

യോഗ്യതയും കോഴ്സുകളും

അംഗീകൃത ഇന്ത്യൻ ബോർഡിൽ നിന്നു പ്ലസ്ടു പാസായ ശേഷം, ബേസിക്/നാച്വറൽ സയൻസിലെ ഒരു വിഷയത്തിൽ മൂന്നു വർഷ ബാച്ച്ലർ ഓഫ് സയൻസ് (ബിഎസ്സി), ബിഎസ്സി (ഓണേഴ്സ്), നാലു വർഷ ബിഎസ്, അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എംഎസ്സി/ എംഎസ് കോഴ്സുകൾക്കു പഠിക്കുന്ന ആദ്യ വർഷക്കാർക്ക് അപേക്ഷിക്കാം. യുജിസി അംഗീകൃത സ്ഥാപനത്തിലെ വിദ്യാർഥികളെയാണു പരിഗണിക്കുക. സ്കോളർഷിപ്പിന്റെ പരിധിയിൽ വരുന്ന വിഷയങ്ങൾ ചുവടെ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, അസ്ട്രോഫിസിക്സ്, അസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രോപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫറിക് സയൻസ് ആൻഡ് ഓഷ്യൻ സയൻസസ്. എൻജിനീയറിങ്, മെഡിസിൻ, ടെക്നോളജി, മറ്റു പ്രഫഷനൽ/ ടെക്നിക്കൽ/ അപ്ലൈഡ് സയൻസസ് കോഴ്സുകൾ എന്നിവ ഈ സ്കീമിന്റെ പരിധിയിൽ വരില്ല. പഠനം റഗുലർ കോഴ്സിലായിരിക്കണം. കറസ്പോണ്ടൻസ് പഠനം അനുവദനീയമല്ല.

മറ്റു വ്യവസ്ഥകൾ

അപേക്ഷാർഥിയുടെ പ്രായം 17നും 22നും ഇടയ്ക്കായിരിക്കണം. 12–ാം ക്ലാസ് പരീക്ഷ 2020 ൽ ജയിച്ചതായിരിക്കണം. സൂചിപ്പിച്ച വിഷയങ്ങളിലൊന്നിൽ അംഗീകൃത സ്ഥാപനത്തിലെ (2020–21 ൽ) ആദ്യ വർഷ ക്ലാസിൽ പ്രവേശനം നേടിയിരിക്കണം. പ്ലസ്ടു തലത്തിൽ നിശ്ചിത മാർക്ക് അല്ലെങ്കിൽ നിശ്ചിത ദേശീയതല പരീക്ഷയിലെ വിജയം/ സ്കോളർഷിപ്/ ഫെലോഷിപ് നേടിയിരിക്കണം. പ്ലസ്ടു ബോർഡ് പരീക്ഷയിലെ മാർക്ക് വ്യവസ്ഥ പ്രകാരം 2020 ൽ തങ്ങളുടെ ബോർഡ് പരീക്ഷയിൽ മുന്നിലെത്തിയ ഒരു ശതമാനം പേരിൽ ഉൾപ്പെടുന്നവർക്കാണ് അപേക്ഷിക്കാൻ അർഹത. 2020ലെ ഇൗ കട്ട് ഓഫ് സ്കോർ ഇതുവരെ നിർണയിക്കപ്പെട്ടിട്ടില്ല. സൂചനയ്ക്കായി 2019ലെ വിവിധ ബോർഡുകളിലെ ഒരു ശതമാനം കട്ട് ഓഫ് മാർക്ക് www.online-inspire.gov.in എന്ന വെബ്സൈറ്റിൽ ഉള്ള വിജ്ഞാപനത്തിൽ (അനൗൺസ്മെന്റ്സ്>സ്കോളർഷിപ്സ് ലിങ്കിൽ) നൽകിയിട്ടുണ്ട്. 2020ലെ കട്ട് ഓഫ് തിരഞ്ഞെടുപ്പു ഘട്ടത്തിൽ പരിഗണിക്കും.

ദേശീയ തല പരീക്ഷാ വ്യവസ്ഥയനുസരിച്ച്, ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ/ അഡ്വാൻസ്ഡ്, നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്നിവയിലൊന്നിൽ കോമൺ മെറിറ്റ് പട്ടികയിൽ 10,000നുള്ളിൽ റാങ്ക് നേടിയവർക്ക് അപേക്ഷിക്കാം. സ്കോളർഷിപ് അർഹതാ വ്യവസ്ഥാ പ്രകാരം നാഷനൽ ടാലന്റ് സെർച് എക്സാമിനേഷൻ (എൻടിഎസ്ഇ) സ്കോളർമാർ, ഇന്ത്യൻ ഒളിംപ്യാഡ് മെഡലിസ്റ്റുകൾ, ജഗദീശ് ബോസ് നാഷനൽ സയൻസസ് ടാലന്റ് സെർച് (ജെബിഎൻഎസ്ടിഎസ്) സ്കോളർമാർ എന്നിവരെ പരിഗണിക്കും.

കൂടാതെ താഴെപ്പറയുന്ന സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം.

∙ ജെഇഇ അഡ്വാൻസ്ഡിൽ 10,000 നുള്ളിൽ റാങ്ക് നേടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) ബേസിക്/നാച്വറൽ സയൻസിൽ 4 വർഷ ബിഎസ്/ 5 വർഷ ഇന്റഗ്രേറ്റഡ് എംഎസ് പ്രോഗ്രാമിൽ ചേർന്നവർ.

∙ ജെഇഇ/നീറ്റിൽ 10,000 നുള്ളിൽ റാങ്ക് വാങ്ങുകയോ, ബോർഡ് പരീക്ഷയിൽ 1% കട്ട് ഓഫിൽ വരികയോ ചെയ്ത, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച് (ഐസർ), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ & റിസർച് (നൈസർ), സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (സിഇബിഎസ്) എന്നീ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവർ.

∙ദേശീയതല പ്രവേശന പരീക്ഷ വഴി (ജെഇഇ/നീറ്റ്) ബേസിക്/നാച്വറൽ സയൻസസിലെ ബിരുദതല/ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിൽ സർവകലാശാലാ തല പ്രവേശനം നേടിയവർ.

സ്കോളർഷിപ് മൂല്യം

പ്രതിവർഷ സ്കോളർഷിപ് 80,000 രൂപയാണ്. ഇതിൽ 60,000 രൂപ പണമായി വിദ്യാർഥിക്കു ലഭിക്കും. സമ്മർടൈം റിസർച് പ്രോജക്ടിൽ പങ്കെടുക്കുന്നവർക്ക് 20,000 രൂപ നൽകും. ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ആദ്യ വർഷം മുതൽ പരമാവധി 5 വർഷത്തേക്ക് (എംഎസ്സി തലം വരെ) സ്കോളർഷിപ് ലഭിക്കും. ഓരോ വർഷത്തെയും പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്കോളർഷിപ് തുടർന്നു ലഭിക്കൂ. മൊത്തം 10,000 സ്കോളർഷിപ്പുകളാണ് ഓരോ അക്കാദമിക് വർഷത്തേയ്ക്കുമായി നീക്കിവച്ചിട്ടുള്ളത്. കൂടുതൽ അപേക്ഷകർ ഉള്ളപക്ഷം ലഭ്യമായ സ്കോളർഷിപ്പുകൾ ‘ബോർഡ് ഇൻക്ലൂസീവ്’ തത്വം ഉപയോഗിച്ചു വിഭജിച്ചു നൽകും.

അപേക്ഷിക്കാൻ

അപേക്ഷ ഓൺലൈനായി ഡിസംബർ 31 വരെ നൽകാം. അപേക്ഷാ സമർപ്പണത്തിനുള്ള മാർഗനിർദേശങ്ങളും അപ്ലോഡ് ചെയ്യേണ്ട രേഖകളുടെ വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കും. വെബ്സൈറ്റ്: www.online-inspire.gov.in

English Summary : Career Zone - Scholarship for Higher Education

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA