പുതുവത്സരത്തെ പുൽകുമ്പോൾ

HIGHLIGHTS
  • പുതിയ നന്മകൾ, പുതിയ പ്രതീക്ഷകൾ
new-year
Photo Credit : shutterstock.com/maximmmmum
SHARE

പുതുവത്സരം ജീവിതത്തിൽ പുതുവർണങ്ങൾ ചാർത്തണം. പഴയതിൽനിന്ന് പുതിയതിലേക്കുളള സംക്രമം. പുതിയ നന്മകൾ, പുതിയ പ്രതീക്ഷകൾ.

പണ്ട് കേരളത്തിൽ കർക്കടകം അവസാനദിവസം വീടുകളിൽ ‘ചേട്ട കളയുക’ എന്ന ചടങ്ങുണ്ടായിരുന്നു. പല പ്രദേശങ്ങളിലും ചേട്ട, മൂതേവി, മൂധേവി, അലക്ഷ്മി എന്നെല്ലാം അറിയപ്പെട്ടിരുന്നത് മഹാലക്ഷ്മിയുടെ ജ്യേഷ്ഠത്തിയായ ജ്യേഷ്ഠാഭഗവതി. ധനത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് ലക്ഷ്മി. ലക്ഷ്മിയുടെ നേർവിപരീതം ചേട്ട, ദാരിദ്ര്യത്തിന്റെയും തിന്മയുടെയും അധിദേവത. വർഷാന്തദിനം വീട്ടിനുള്ളിലെ ചവറെല്ലാം വാരിക്കൂട്ടി മുറത്തിൽ വയ്ക്കും. ‘പന്നമൂധേവീ പോ പോ, ഐശ്വര്യലക്ഷ്മീ വാ വാ’ എന്നു പറഞ്ഞ്, മുറം തട്ടി, ചവറു പുറത്തുകളയുന്നതാണ് ചടങ്ങ്. ചിലേടത്ത് ‘പന്നക്കർടകമേ പോ പോ, പൊന്നിൻ ചിങ്ങമേ വാ വാ’ എന്നാകും പറയുക. അതേതായാലും ഈ ചടങ്ങൊരു പ്രതീകം. ചവറ് കേവലം ചവറല്ല, മനസ്സിലെ തിന്മയാണ്. അതിനെ ബോധപൂർവം ഉപേക്ഷിക്കുകയും നന്മയെ ക്ഷണിക്കുകയും ചെയ്യുന്നു. പുതുവത്സരം പുതിയ തുടക്കം. പന്നക്കർക്കടകം കഴിഞ്ഞ് പൊന്നിൻചിങ്ങത്തെ സ്വാഗതം ചെയ്യുന്ന മലയാളിയുടെ സങ്കല്പം പുതുവർഷം ഐശ്വര്യപൂർണമാക്കാമെന്ന്.

ജനുവരി ഒന്ന് മുന്നിലെത്തി. പല ചിന്തകൾക്കും വഴിവയ്ക്കുന്ന നാൾ. ഏവരിലുമുണ്ട് തീരെക്കുറഞ്ഞ തോതിലെങ്കിലും തിന്മയുടെ അംശം. അസൂയയും ദുരാഗ്രഹവും ആലസ്യവും നിഷേധരീതികൾ. അവയെ അകറ്റിക്കളഞ്ഞ് പുതിയ തുടക്കം കുറിക്കട്ടെ  ഈ പുതുവത്സരപ്പിറവി. സ്നേഹവും സംതൃപ്തിയും ഉത്സാഹവും നിറയട്ടെ. കൂടുതൽ നല്ല മനുഷ്യനാകാനുള്ള ശ്രമം വേണം. സഹതാപവും കാരുണ്യവും വളർത്തുക, അന്യന്റെ ദുഃഖം പങ്കിടുക, ദുർബലരെ സഹായിക്കുക, എല്ലാം എനിക്ക് – എനിക്കു മാത്രം എന്ന ചിന്ത ഉപേക്ഷിക്കുക എന്നിവ ഏതൊരാളിന്റെയും സ്വീകാര്യത വർദ്ധിപ്പിക്കും. വ്യക്തിബന്ധങ്ങൾ ദൃഢതരമാകും. സ്വയം വിലയിരുത്തി, ഇത്തരത്തിലുള്ള ആരോഗ്യകരമായ സ്വയംപരിവർത്തനത്തെപ്പറ്റി ചിന്തിക്കാം. 

ഈ വർഷം മുൻപെങ്ങുമില്ലാത്ത വിധം ലോകമെങ്ങും നാശം വിതച്ചു. ജനങ്ങൾ വീട്ടിലൊതുങ്ങിയും സ്വജനങ്ങളെപ്പോലും കാണാൻ വയ്യാതെയും കഷ്ടപ്പെട്ടു. സന്തോഷത്തിലോ സന്താപത്തിലോ ഒത്തുചേരാനായില്ല. കുട്ടികൾക്കു കൂട്ടുകാരെക്കാണാനോ ഇണങ്ങിയും പിണങ്ങിയും ഇടപെടാനോ കഴിഞ്ഞില്ല. കളിയുമില്ല, കാര്യവുമില്ല. ഒറ്റപ്പെട്ട് മൊബൈൽ ഫോണിന്റെയും കംപ്യൂട്ടറിന്റെയും ടെലിവിഷൻ സെറ്റിന്റെയും സ്ക്രീനുകളിൽ മാറിമാറി കണ്ണുനട്ട് ജീവിതം മുഷിഞ്ഞ കുഞ്ഞുങ്ങൾ. രോഗികളുടെയും വിട്ടുപോയവരുടെയും കണക്കു നിത്യവും കേട്ട് മനസ്സു മരവിച്ച മനുഷ്യർ. ഈ കൂരിരുട്ട് മാറും. ഇരുളിന്റെ തീവ്രത കൂടുന്തോറും തുടർന്നുള്ള പ്രകാശം കൂടുതൽ ആഹ്ലാദകരമാകും. നീണ്ട വിരഹത്തിനു ശേഷമുള്ള സമാഗമമെന്നപോലെ. നമുക്ക് പ്രത്യാശയിൽ മനമൂന്നാം. ശുഭാപ്തിവിശ്വാസത്തെപ്പോലെ മറ്റൊന്നുണ്ടോ?

ജനുവരി ഒന്ന് ആഘോഷത്തിന്റെ മാത്രമല്ല, മാറ്റത്തിന്റെയും ദിനമാകട്ടെ. ചിന്തകനായിരുന്ന ബഞ്ചമിൻ ഫ്രാങ്ക്ലിൻ: ‘നിങ്ങളിലെ തിന്മയോടു പൊരുതുക, അയൽക്കാരുമായി സ്നേഹത്തിൽ കഴിയുക, പുതുവത്സരം ഓരോരുത്തരെയും കൂടുതൽ നല്ലവനും  നല്ലവളും ആക്കട്ടെ.’ പ്രശസ്തകവി ടി എസ് എലിയറ്റ് : ‘പോയ വർഷത്തെ പദങ്ങൾക്ക് പോയ വർഷത്തെ ഭാഷ, വരുംവർഷത്തിലെ പദങ്ങൾക്കു മറ്റൊരു  നാദം.’

ഓരോ ജനുവരി ഒന്നും ജീവിതത്തിലെ ഒരു നാല്ക്കവലയായി കരുതുന്നത് മാറ്റത്തിനു പ്രേരകമാവും. എത്ര നല്ലയാൾക്കും കുറെക്കൂടെ മെച്ചപ്പെടാം. ഇതു നിരന്തരശ്രമമാക്കുകയുമാകാം. ആണ്ടുപിറവിയെപ്പറ്റി സംഗീത‍ജ്ഞൻ ഡയസ് പയസ്ലി : ‘365 പുറങ്ങളുള്ള ഒഴിഞ്ഞ പുസ്തകത്തിന്റെ ആദ്യത്തെ പുറമാണ് നാളെ. നല്ലൊരു പുസ്തകമെഴുതുക.’

പുതുവത്സരപ്രതിജ്ഞകൾ എങ്ങും പതിവ്. പക്ഷേ അവ ലംഘിക്കുന്നതും പതിവ്. ‘ഈ പുതുവത്സരദിനത്തിൽ ഞാൻ പുകവലി നിർത്തും’ എന്നു വീമ്പടിച്ചയാളോട് സുഹൃത്ത് : ‘ഇതിലെന്തു പുതുമ? എത്രയോ തവണ ഞാൻ ഈ പ്രതിജ്ഞയെടുത്തിരിക്കുന്നു!’ ഇതു നർമ്മമൊഴി. നിശ്ചയമായും പുതിയ തീരുമാനങ്ങളാകാം.

ചിലരുടെ കാര്യത്തിൽ കഴിവും നേട്ടവും തമ്മിൽ വലിയ അന്തരമുണ്ടാവും. കഴിവു കുറഞ്ഞവർ പരിശ്രമംവഴി ഉയരങ്ങളിലെത്തുമ്പോൾ, അലസരായ സമർത്ഥർ പിന്നിൽ. മുയലിനെ തോല്പ്പിച്ച ആമയുടെ കഥ നല്കുന്ന സന്ദേശവുമിതാണ്. പ്രയത്നം ആര‌െയും തളർത്തില്ല. വിയർപ്പിൽ മുങ്ങി മരിച്ചവരില്ല. കഴിവിന്റെ പരമാവധി പ്രയത്നിക്കുന്നതു പ്രധാനം. ഉത്സാഹികളിൽ ഐശ്വര്യമെത്തുന്നുമെന്ന് സംസ്കൃതമൊഴി.

‘The heights by great men reached and kept

Were not attained by sudden flight,

But they, while their companions slept,

Were toiling upward in the night.’

എന്ന് ലോങ്ഫെലോ (1807 – 1882). മഹാന്മാർ ഒറ്റച്ചാട്ടത്തിന് ഉയരങ്ങളിലെത്തിയവരല്ല, മറ്റുള്ളവർ വെറുതേകിടന്നുറങ്ങിയപ്പോൾ അവർ കഠിനമായി പ്രയത്നിച്ചു. ശാശ്വതസത്യം. ഏതു വിജയിയുടെ കഥയും ഇതു തെളിയിക്കും. 

മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവനിൽത്തന്നെയാണ് – അലസത. മടി കുടികെടുത്തും. പിന്നെയാകട്ടെ, പിന്നെയാകട്ടെ എന്ന ചിന്ത മടിയുടെ ലക്ഷണം. ‘പിന്നെയാകട്ടെ’ എന്ന തെരുവിലൂടെ പോയാൽ എത്തുന്നത് ‘ഒരിക്കലുമില്ല’ എന്ന ഗ്രാമത്തിൽ. ഉടൻ തുടങ്ങുക. എന്തു തുടങ്ങാനും ഏറ്റവും പറ്റിയ ദിനം ഇന്ന്, സമയം ഇപ്പോൾ. പുതുസ്വപ്നങ്ങൾ വേണം. ഉറക്കത്തിൽ കാണുന്നവയല്ല, ഉറക്കം കെടുത്തുന്നവ !

ആവശ്യങ്ങളും മോഹങ്ങളും തമ്മിൽ വേർതിരിക്കണം. ആവശ്യങ്ങൾ നിറവേറ്റണം. മോഹങ്ങൾ സഫലമാക്കാൻ ശ്രമിക്കണം. ഗാന്ധിജി പറഞ്ഞു, ‘ഭൂമിയിൽ നമ്മുടെ ആവശ്യങ്ങൾക്കു വേണ്ടത്ര വിഭവങ്ങളുണ്ട്, അതിമോഹത്തിന് അവ തികയില്ല.’

വലിയ ലക്ഷ്യങ്ങൾ വേണമെന്നതു ശരി. പക്ഷേ എത്താത്ത കൊമ്പത്തു മാത്രം എത്തിപ്പിടിക്കാൻ ശ്രമിച്ചാൽ എങ്ങും എത്തില്ല. തിരിച്ചടികൾ വരും. അവയിൽ പതറാതെ ഉയരുക. വിജയത്തിന്റെ കല്പടവുകളിൽ തട്ടിവീണേക്കാം. തട്ടിവീഴ്ത്താനെത്തുന്ന പാറകളെ ചവിട്ടുപടികളാക്കുകയെന്ന മൊഴിയോർക്കാം.

ബ്രിട്ടീഷ് നോവലിസ്റ്റ് നീൽ ഗെയ്മന്റെ പുതുവീക്ഷണം കൂടെയറിയുക. ‘വരുംവർഷത്തിൽ നിങ്ങൾ കൂടുതൽ തെറ്റുകൾ ചെയ്യുമെന്നു കരുതുന്നു. തെറ്റുവരുത്തി നിങ്ങൾ പുതിയതു പലതും കണ്ടെത്തും. പുതിയ പരീക്ഷണങ്ങളിലേർപ്പെടും. പഠിക്കും. ജീവിക്കും. നിങ്ങൾ മാറും. നിങ്ങളുടെ ലോകത്തിൽ മാറ്റം വരുത്തും. മുൻപു ചെയ്യാത്തതു പലതും ചെയ്യും. ഏറ്റവും പ്രധാനം, നിങ്ങൾ എന്തെങ്കിലുമെല്ലാം ചെയ്യുമെന്നത്.’ 

പുതുവർഷം പടിവാതിൽക്കലെത്തി. സഹർഷം സ്വാഗതം ചെയ്യാം. ‘പുതുവത്സരത്തിന്റെ വാതിൽപ്പടിയിൽ പ്രത്യാശ പുഞ്ചിരിച്ചുനിൽക്കൂന്നു, അത് ഏറെ ആഹ്ലാദകരമാകുമെന്ന് കാതിലോതിക്കൊണ്ട്’ എന്ന് ജനപ്രിയകവി ആൽഫ്രഡ് ടെന്നിസൻ. പുതുവർഷത്തിന്റെ പാതയിൽ വിജയത്തിന്റെ പൂക്കൾ വിരിയട്ടെ. വിജയത്തിന്റെ നാദം ഉയരട്ടെ!

English Summary: Career Guru - Success Tips By B. S. Warrier

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA