കോവിഡ് പരീക്ഷ ജയിച്ച് പിഎസ്‌സി

HIGHLIGHTS
  • ഒക്ടോബർ 31 വരെ 22,591 പേർക്ക് പിഎസ്‌സി നിയമന ശുപാർശ നൽകി
PSC
SHARE

പിഎസ്‌സിയെ സംബന്ധിച്ച് വലിയ ഒരു പരീക്ഷണ വർഷമായിരുന്നു 2020. കോവിഡ് മഹാമാരി  വിലപ്പെട്ട കുറേ മാസങ്ങൾ തട്ടിയെടുത്തപ്പോഴും കൃത്യനിർവഹണത്തിൽ നിന്നു പിന്നോട്ടു പോകാതെ കിട്ടിയ അവസരങ്ങളെല്ലാം ശരിയായ വിധത്തിൽ വിനിയോഗിച്ച്  പിഎസ്‌സി കോവിഡിനെ നേരിട്ടു. പരീക്ഷകൾ കുറച്ചു നാളത്തേക്കു മുടങ്ങിയെങ്കിലും പഴയ താളം വീണ്ടെടുക്കാൻ പിഎസ്‌സിക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല. ലോക്ഡൗണിനെ തുടർന്ന് ആഴ്ചകളോളം പിഎസ്‌സിയുടെ കേന്ദ്ര/മേഖലാ/ജില്ലാ ഒാഫിസുകൾ അടഞ്ഞു കിടന്നിട്ടും സർക്കാർ സർവീസിലേക്കുള്ള നിയമനങ്ങൾ വലിയ തോതിൽ കുറയാതെ നോക്കാൻ പിഎസ്‌സിക്കു കഴിഞ്ഞു. 

കഴിഞ്ഞ ജനുവരി ഒന്നു മുതൽ ഒക്ടോബർ 31 വരെ 22,591 പേർക്ക് വിവിധ തസ്തികകളിൽ പിഎസ്‌സി നിയമന ശുപാർശ നൽകി.    ലോക്ഡൗണിനെ തുടർന്നുള്ള ആറു മാസം പരീക്ഷ നടത്താൻ കഴിഞ്ഞില്ലെങ്കിലും പിന്നീടു ലഭ്യമായ സമയം പരീക്ഷാ വിഭാഗവും പരമാവധി വിനിയോഗിച്ചു.  ആറു മാസം കൊണ്ട് 245 പരീക്ഷകളാണ് നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജ്ഞാപനങ്ങൾ കുറവാണെങ്കിലും ഡിസംബർ 15 വരെ 372 തസ്തികകളിൽ വിജ്ഞാപനവും പ്രസിദ്ധീകരിച്ചു.

ഈ മാസം അവസാനത്തോടെ ഇരുനൂറിലധികം  വിജ്ഞാപനങ്ങൾകൂടി പ്രസിദ്ധീകരിക്കാനും പിഎസ്‌സി തയാറെടുക്കുകയാണ്.  റാങ്ക്/ഷോർട് ലിസ്റ്റ് പ്രസിദ്ധീകരണവും വലിയ തോതിൽ കുറയാതെ നോക്കാൻ പിഎസ്‌സിക്കു കഴിഞ്ഞെന്നു  കണക്കുകൾ വ്യക്തമാക്കുന്നു. 

ഇതുവരെ 372 വിജ്ഞാപനങ്ങൾ

2020 ജനുവരി മുതൽ ഡിസംബർ 15 വരെ 372 വിജ്ഞാപനങ്ങൾ പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 10 ഘട്ടമായാണ് ഇത്രയും വിജ്ഞാപനങ്ങൾ  പ്രസിദ്ധീകരിച്ചത്. ആദ്യ വിജ്ഞാപനം  2020 ജനുവരി 15 ഗസറ്റിലായിരുന്നു. 7 തസ്തികകളിലേക്കാണ് അന്ന് വിജ്ഞാപനമിറക്കിയത്. പിന്നീട് 4 മാസത്തേക്ക് ഒരു വിജ്ഞാപനം പോലും പ്രസിദ്ധീകരിച്ചില്ല. രണ്ടാമത്തെ വിജ്ഞാപനം വരുന്നത് മേയ് 20ലെ ഗസറ്റിൽ. പിന്നീട് ഒാഗസ്റ്റ് 3, ഒാഗസ്റ്റ് 25, സെപ്റ്റംബര്‍ 19, ഒക്ടോബര്‍ 1, ഒക്ടോബര്‍ 30, നവംബർ 16, നവംബർ 30, ഡിസംബർ 15 ഗസറ്റ് തീയതികളിലായി ബാക്കിയുള്ള വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചു.  ഡിസംബർ 30, 31 തീയതികളിലായി  ഇരുനൂറിലധികം വിജ്ഞാപനങ്ങൾകൂടി പ്രസിദ്ധീകരിക്കുമെന്നാണ് ‌ലഭിക്കുന്ന വിവരം. സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള വിവിധ അനധ്യാപക തസ്തികകൾ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബവ്കോ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങൾ തുടങ്ങിയവയും  ഇതിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019ൽ 633 വിജ്ഞാപനങ്ങളാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. 

ഒക്ടോബർ 31 വരെ 22,591 നിയമന ശുപാർശ

ഈ വർഷം ഒക്ടോബര്‍ 31 വരെ 22,591 നിയമന ശുപാർശയാണ് പിഎസ്‌സി നൽകിയത്.  അന്നുവരെയുള്ള നിയമന ശുപാർശയുടെ കണക്കേ പിഎസ്‌സി തയാറാക്കിയിട്ടുള്ളൂ.  നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കുകൂടി പുറത്തു  വരുമ്പോൾ ആകെ നിയമന ശുപാർശ 27,000 കടക്കുമെന്നാണ് പ്രതീക്ഷ. 2019ൽ വിവിധ തസ്തികകളിലായി 35,422 പേർക്കാണ്  നിയമന ശുപാർശ നൽകിയത്.

ഏറ്റവും കൂടുതൽ ജൂണിൽ

സിവിൽ പൊലീസ് ഒാഫിസർ ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമന ശുപാർശ നടന്ന ജൂൺ മാസത്തിലാണ് ഈ വർഷം ഏറ്റവും കൂടുതൽ നിയമന ശുപാർശ നടന്നത്. 3544 പേർക്ക് ജൂണിൽ നിയമന ശുപാർശ ലഭിച്ചു. ഏറ്റവും കുറവ്  ഏപ്രിൽ മാസത്തിൽ– 794. ലോക്ഡൗണിനെ തുടർന്ന് 2 മാസം ഒാഫിസ് അടഞ്ഞു കിടന്നപ്പോഴും അത്യാവശ്യം ജീവനക്കാരെ നിയോഗിച്ച് അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള അവശ്യ തസ്തികകളിൽ പിഎസ്‌സി  നിയമന ശുപാർശ നൽകി.

നാലര വർഷം, 1,47,879 ശുപാർശ

എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം 1,47,879 പേർക്ക് പിഎസ്‌സി നിയമന ശുപാർശ നൽകിയിട്ടുണ്ട്. 25–05–2016 മുതൽ 31–10–2020 വരെയുള്ള കണക്കാണിത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന നാലര വർഷക്കാലം (20–05–2011 മുതൽ 31–10–2015 വരെ) 1,39,192 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. 

245 പരീക്ഷ

2020 ജനുവരി മുതൽ ഡിസംബർ വരെ 245 പരീക്ഷകളാണ് പിഎസ്‌സിയുടെ കണക്കിലുള്ളത് (ഡിസംബർ 31 വരെ). ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ കെഎഎസ് പ്രിലിമിനറി ഉൾപ്പെടെയുള്ള പരീക്ഷകൾ ഇതിൽ ഉൾപ്പെടും. 2020ൽ വെറും ആറു മാസം മാത്രമാണ് പരീക്ഷ നടത്താൻ പിഎസ്‌സിക്കു കഴിഞ്ഞത്. ശരാശരി 40 പരീക്ഷകൾവച്ച് ഒരു മാസം നടത്തി. കെഎഎസിനൊപ്പം എൽപി, യുപി ടീച്ചർ, ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ) തുടങ്ങിയ വലിയ പരീക്ഷകളും ഈ വർഷം നടന്നു.   

കഴിഞ്ഞ വർഷത്തെ 400 പരീക്ഷകൾ എന്ന കണക്കുവച്ച് നോക്കുമ്പോൾ ഈ സംഖ്യ ചെറുതാണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ  വലിയ കുറവായി വിലയിരുത്താനാവില്ല. 

kerala-psc-appointments

ലോക്ഡൗണിനെ തുടർന്നുള്ള മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ, ഒാഗസ്റ്റ് മാസങ്ങളിൽ ഒരു പരീക്ഷപോലും നടത്താൻ പിഎസ്‌സിക്കു  കഴിഞ്ഞില്ല. പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പരീക്ഷകളെല്ലാം മാറ്റി. പിന്നീട് സെപ്റ്റംബര്‍ 4നാണ് പരീക്ഷകൾ പുനരാരംഭിച്ചത്. എസ്എസ്‌എൽസി നിലവാരത്തിൽ 149 തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ ഡിസംബറിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഫെബ്രുവരിയിലേക്കു മാറ്റേണ്ടിവന്നു.

∙പ്രധാന സംസ്ഥാനതല റാങ്ക് ലിസ്റ്റുകളിലെ നിയമന ശുപാർശ തസ്തിക, വകുപ്പ് നിയമന ശുപാർശ

അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ്/പിഎസ്‌സി-225

അസിസ്റ്റന്റ്, കമ്പനി/കോർപറേഷൻ/ബോർഡ് (ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്, സിഡ്കോ മുതലായവ)-255

അസിസ്റ്റന്റ്, കമ്പനി/കോർപറേഷൻ/ബോർഡ് (കെഎസ്എഫ്ഇ, കെഎസ്ഇബി മുതലായവ)-1468

അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ, ജയിൽ-603

കംപ്യൂട്ടർ അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ്/പിഎസ്‌സി-426

അസിസ്റ്റന്റ് ഗ്രേഡ് 2, ബവ്കോ-910

ലാസ്റ്റ് ഗ്രേഡ് സർവന്റ്, കമ്പനി/കോർപറേഷൻ/ബോർഡ്-964

എൽഡിസി, ബവ്കോ-706

വനിതാ സിവിൽ പൊലീസ് ഒാഫിസർ -364

പൊലീസ് കോൺസ്റ്റബിൾ, ഐആർബി (റഗുലർ വിഭാഗം)-520

പൊലീസ്, ടെലികമ്യൂണിക്കേഷൻ-162

ഈ വർഷത്തെ നിയമന ശുപാർശ

മാസം-നിയമന ശുപാർശ

ജനുവരി-2166

ഫെബ്രുവരി-2001

മാർച്ച്-2657

ഏപ്രിൽ-794

മേയ്-2736

ജൂൺ-3544

ജൂലൈ 2429

ഒാഗസ്റ്റ്-2283

സെപ്റ്റംബര്‍-2232

ഒക്ടോബര്‍-1749

ആകെ-22591
English Summary: Kerala PSC Appointments During Covid 19 Pandemic

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA