പുതുവർഷം ഒാൺലൈൻ പിഎസ്‌സി പരീക്ഷക്കാലം

HIGHLIGHTS
  • സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒാൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ
online-exam
Photo Credit : shutterstock.com/michaeljung
SHARE

പുതുവർഷത്തിൽ ഒാൺലൈൻ പരീക്ഷകൾക്ക് പ്രാമുഖ്യം നൽകിയുള്ള പ്രവർത്തനങ്ങൾക്കു പിഎസ്‌സി മുൻഗണന നൽകുമെന്ന്  ചെയർമാൻ എം.കെ. സക്കീർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒാൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ  തുടങ്ങുന്നതിനുള്ള നടപടികൾ പിഎസ്‌സി ആരംഭിച്ചു കഴിഞ്ഞെന്നും പിഎസ്‌സി നടത്തുന്ന ആകെ പരീക്ഷകളിൽ 50 ശതമാനം പരീക്ഷകളും ഒാൺലൈനിൽ നടത്താനാണ് ആലോചനയെന്നും ചെയർമാൻ അറിയിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാകുമെന്നതിനാൽ ഉദ്യോഗാർഥികൾക്കും ഇതു ഗുണകരമാണ്. പത്താം ക്ലാസ്, പ്ലസ് ടു, ബിരുദ നിലവാരത്തിലുള്ള പൊതു പരീക്ഷകൾ പുതുവർഷത്തിൽ നടത്തേണ്ടതുണ്ട്. ഇതിലേക്കുള്ള മെയിൻ പരീക്ഷകളും മുൻഗണനാ ക്രമത്തിൽ പൂർത്തിയാക്കും. കോളജ് അധ്യാപക തസ്തിക ഉൾപ്പെടെയുള്ള പ്രധാന തസ്തികകളിൽ രണ്ടു ഘട്ട പരീക്ഷ നടത്തുന്നതിനും ആലോചനയുണ്ടെന്ന് ചെയർമാൻ തൊഴിൽവീഥിയോട് വ്യക്തമാക്കി.

വരുന്നു, മൾട്ടിപർപ്പസ് പരീക്ഷാ കേന്ദ്രങ്ങൾ

പിഎസ്‌സി പരീക്ഷകൾക്കൊപ്പം യുപിഎസ്‌സി, ബാങ്കിങ്, റെയിൽവേ തുടങ്ങിയ  പരീക്ഷകളും നടത്താൻ കഴിയുന്ന  വിധത്തിൽ മൾട്ടിപർപ്പസ് ഒാൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ എന്ന ആശയമാണ് പിഎസ്‌സി മുന്നോട്ടു വയ്ക്കുന്നത്.  പിഎസ്‌സി നടത്തുന്ന ആകെ പരീക്ഷകളുടെ 50 ശതമാനമെങ്കിലും ഒാൺലൈൻ വഴി നടത്താനും പിഎസ്‌സി ഇതുവഴി ലക്ഷ്യമിടുന്നുണ്ട്.   സർക്കാർ അനുമതിയോടെ മാത്രമേ പദ്ധതി നടപ്പാക്കാനാവൂ. ഇതിനായുള്ള  കൂടിയാലോചനകളും തുടങ്ങിക്കഴിഞ്ഞു. ൈവകാതെ ഇക്കാര്യത്തിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ 2021 പകുതിയോടെ മൾട്ടിപർപ്പസ് ഒാൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ യാഥാർഥ്യമാകും.    50,000 പേർക്കെങ്കിലും ഒരേ സമയം പരീക്ഷ എഴുതാൻ കഴിയുന്ന തരത്തിലുള്ള ഒാൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കാനാണ് പിഎസ്‌സിയുടെ നീക്കം. ഇപ്പോൾ രണ്ടായിരത്തിൽ താഴെ ഉദ്യോഗാർഥികൾക്കാണ് പിഎസ്‌സിയുടെ ഒാൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ ഒരേ സമയം പരീക്ഷ എഴുതാൻ കഴിയുന്നത്. പിഎസ്‌സിക്ക് പുറത്തുള്ള സെന്ററുകൾകൂടി എടുത്ത് 10,000 പേർക്ക് വരെ പരീക്ഷ നടത്തുന്നുണ്ട്. ഇത് 50,000 ആക്കുകയാണ് ലക്ഷ്യം.  സർക്കാർ അനുമതി ലഭിച്ചാലുടൻ പിഎസ്‌സി ഇതു യാഥാർഥ്യമാക്കും. 

പൊതുപരീക്ഷകൾ പൂർത്തിയാക്കും

പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ നിലവാരത്തിലുള്ള പൊതു പരീക്ഷകൾ ഈ വർഷം പൂർത്തിയാക്കും. പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷ ഫെബ്രുവരിയിൽ നടത്താനാണ് തീരുമാനം. 15 ലക്ഷത്തിലധികം പേർക്ക്  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നത് പ്രയാസമാണെങ്കിലും  ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചാൽ പരീക്ഷാ നടപടികളുമായി മുന്നോട്ടു പോകാനാണ് പിഎസ്‌സിയുടെ തീരുമാനം.  പരീക്ഷാ നടത്തിപ്പിന് പിഎ‌സ്‌സി പൂർണസജ്ജമാണ്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെങ്കിൽ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷ പൂർത്തിയാക്കിയ ശേഷമായിരിക്കും പ്ലസ്ടു, ബിരുദ നിലവാലത്തിലുള്ള പൊതുപരീക്ഷകൾ ആരംഭിക്കുക. 

മെയിൻ മുൻഗണനാടിസ്ഥാനത്തിൽ

പത്താം ക്ലാസ് നിലവാരത്തിലുള്ള പ്രാഥമിക പരീക്ഷ വിജയിക്കുന്നവർക്കുള്ള മെയിൻ പരീക്ഷ മുൻഗണനാടിസ്ഥാനത്തിൽ നടത്തും. റാങ്ക് ലിസ്റ്റ് റദ്ദായതും ഉടൻ റദ്ദാകാൻ പോകുന്നതുമായ തസ്തികകളുടെ പരീക്ഷയ്ക്കാവും പ്രഥമ പരിഗണന.  കുറച്ച് അപേക്ഷകർ മാത്രമേയുണ്ടാവൂ എന്നതിനാൽ പരീക്ഷ നടത്തി മാസങ്ങൾക്കകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമന ശുപാർശ ആരംഭിക്കാൻ കഴിയും. മെയിൻ പരീക്ഷയും ഒബ്ജക്ടീവ് രീതിയിൽ തന്നെയാവും നടത്തുക.

കോളജ് അധ്യാപകർക്ക് രണ്ടു ഘട്ട പരീക്ഷ

കോളജ് അധ്യാപക തസ്തികയുൾപ്പെടെയുള്ള സുപ്രധാന തസ്തികകളിൽ ഇനി രണ്ടു ഘട്ട പരീക്ഷ നടത്തുന്നത് പരിഗണനയിലാണ്. പ്രാഥമിക, മെയിൻ പരീക്ഷകൾ നടത്തി ഇന്റർവ്യൂ കൂടി പൂർത്തിയാക്കിയാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. പ്രാഥമിക പരീക്ഷ ഒാൺലൈൻ വഴി നടത്തും. മെയിൻ പരീക്ഷ ഇത്തവണ നടത്തിയതുപോലെ വിവരണാത്മക രീതിയിൽ. ഒാൺസ്ക്രീൻ മാർക്കിങ് വഴി മൂല്യനിർണയം പൂർത്തിയാക്കുന്നതിനാൽ ലിസ്റ്റ് പ്രസിദ്ധീകരണം വൈകുമെന്ന ആശങ്കയും വേണ്ട. എന്നാൽ  ഹയർ സെക്കൻഡറി തലം വരെയുള്ള അധ്യാപക തസ്തികകളിൽ നിലവിലുള്ള രീതി തുടരും. 

പരീക്ഷ എഴുതാൻ 35 ലക്ഷത്തിലധികം പേർ

പുതുവർഷം പിഎസ്‌സി പരീക്ഷയ്ക്കായി കാത്തിരിക്കുന്നത് 35 ലക്ഷത്തിലധികം പേർ. എസ്എസ്എൽസി, പ്ലസ്ടു, ബിരുദതല പൊതു പരീക്ഷകൾ 2021ൽ നടക്കും. ഇതോടൊപ്പം മറ്റു പരീക്ഷകളും നടത്താനുണ്ട്. എസ്എസ്എൽസി നിലവാരത്തിലുള്ള പൊതുപരീക്ഷ എഴുതാനുള്ളത് 15.69 ലക്ഷം പേരാണ്.  

പ്ലസ്ടു തലത്തിലുള്ള സിവിൽ പൊലീസ് ഒാഫിസർ, സിവിൽ എക്സൈസ് ഒാഫിസർ, ഫയർമാൻ തുടങ്ങിയ തസ്തികകളിൽ 11 ലക്ഷത്തിലധികം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ തുടങ്ങിയ ബിരുദ നിലവാരത്തിലുള്ള പരീക്ഷകൾക്ക് 10 ലക്ഷത്തോളം അപേക്ഷകരുണ്ട്. പൊതുവായ അപേക്ഷകരെ കണ്ടെത്തി,  കൺഫർമേഷൻകൂടി പൂർത്തിയാക്കുമ്പോൾ ആകെയുള്ള അപേക്ഷകരുടെ എണ്ണം ഇനിയും കുറയും.

∙പ്രധാന പ്ലസ്ടു, ബിരുദതല തസ്തികകളിലെ അപേക്ഷകർ

തസ്തിക -അപേക്ഷകർ

സബ് ഇൻസ്പെക്ടർ-2,72,535

എക്സൈസ് ഇൻസ്െപക്ടർ-5,60,471

അസിസ്റ്റന്റ് ജയിലർ-1,21,567

ഫയർമാൻ-2,50,495

സിവിൽ എക്സൈസ് ഒാഫിസർ-3,35,855

സിവിൽ പൊലീസ് ഒാഫിസർ-3,17,017

വനിതാ സിവിൽ പൊലീസ് ഒാഫിസർ-2,05,617

ആകെ-20,63,557

∙പ്രധാന പത്താം ക്ലാസ് നിലാവര തസ്തിക കളിൽ കൺഫർമേഷൻ നൽകിയവർ

തസ്തിക-കൺഫർമേഷൻ നൽകിയവർ

എൽഡി ക്ലാർക്ക്-12,42,999

ലാസ്റ്റ് ഗ്രേഡ് സർവന്റ്-4,95,380

അസിസ്റ്റന്റ് സെയിൽസ്മാൻ-7,36,429

സെക്രട്ടേറിയറ്റ് ഒാഫിസ് അറ്റൻഡന്റ്-7,92,573

പൊതുപരീക്ഷാ തീയതി സർക്കാർ മറുപടിക്കു ശേഷം

പത്താം ക്ലാസ് നിലവാരത്തിലുള്ള പ്രാഥമിക പൊതുപരീക്ഷാ തീയതികൾ കോവിഡ് സാഹചര്യം സംബന്ധിച്ച സർക്കാർ മറുപടിക്കു ശേഷമേ തീരുമാനിക്കൂ. 15 ലക്ഷത്തിലധികം അപേക്ഷകർക്ക് പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് പിഎസ്‌സി സർക്കാരിന്റെ അനുമതിക്കായി കത്ത് നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ  തീയതി ഉടൻ പ്രഖ്യാപിക്കും. അല്ലെങ്കിൽ പരീക്ഷ തൽക്കാലം മാറ്റിവയ്ക്കേണ്ടി വരും.  കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ അനുമതി തേടിയത്. പൊതുപരീക്ഷ നടത്താൻ കഴിയുന്നില്ലെങ്കിൽ ഫെബ്രുവരിയിൽ മറ്റു പരീക്ഷകളും നടക്കില്ല. ഉദ്യോഗാർഥികൾക്ക് മറ്റു പരീക്ഷകൾക്ക്  കൺഫർമേഷൻ നൽകാൻ അവസരം നൽകാത്ത സാഹചര്യത്തിലാണിത്.

ഈ വർഷം 24,754 നിയമന ശുപാർശ

നവംബറിൽ 2163 

നവംബറിൽ 2163 പേർക്ക് പിഎസ്‌സി നിയമന ശുപാർശ നൽകിയതോടെ 2020ലെ ആകെ നിയമന ശുപാർശ 24,754 ആയി വർധിച്ചു. കഴിഞ്ഞ വർഷം 35,422 പേർക്കാണ് നിയമന ശുപാർശ നൽകിയത്. പിണറായി സർക്കാർ അധികാരമേറ്റ ശേഷം 25–05–2016 മുതൽ 30–11–2020 വരെ 1,50,042 പേർക്ക് നിയമന ശുപാർശ നൽകിയിട്ടുണ്ട്.

 
English Summary: Kerala PSC Online Exam

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA