ADVERTISEMENT

‘‘വലിയ പഠിപ്പിസ്റ്റായിരിക്കണം, സ്‌കൂള്‍ കാലം മുതല്‍ തയ്യാറെടുപ്പ് തുടങ്ങണം. സൂര്യന് കീഴിലുള്ള സകല കാര്യങ്ങളെയും കുറിച്ച് അറിവുണ്ടായിരിക്കണം.'' സിവില്‍ സര്‍വീസ് പരീക്ഷ പാസ്സാകാനായി ഇത്തരത്തില്‍ പല യോഗ്യതകളും ഉണ്ടായിരിക്കണമെന്ന തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തില്‍ പൊതുവേയുണ്ട്

എന്നാല്‍ ഇതൊന്നും സിവില്‍ സര്‍വീസ് വിജയിക്കാന്‍ ആവശ്യമില്ലെന്നും ഈ പരീക്ഷ ഒരു ബാലികേറാ മലയല്ലെന്നും ചുറ്റുമുള്ള നിരവധി സിവില്‍ സര്‍വീസുകാര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. SSLC ക്ക് 242 മാർക്ക് മാത്രം വാങ്ങി കഷ്ടിച്ച് പാസായ അൽഫോൻസ് കണ്ണന്താനമടക്കം ജീവിക്കുന്ന ഉദാഹരണങ്ങള്‍ നിരവധി.

നിരവധി വര്‍ഷങ്ങള്‍ പഠിച്ച് നേടിയ വലിയ ശമ്പളവും പദവിയുമുള്ള ജോലി ഉപേക്ഷിച്ച് ജനസേവനത്തിനായി സിവില്‍ സര്‍വീസിലേക്ക് വരുന്ന ചെറുപ്പക്കാര്‍ ഇന്ന് നിരവധിയാണ്. കഴിവും നിശ്ചയദാര്‍ഢ്യവും താത്പര്യമുള്ളവര്‍ക്ക് യുപിഎസ്‌സി നിശ്ചയിക്കുന്ന പ്രായപരിധിക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിച്ച് തുടങ്ങാമെന്നതിന് ഉദാഹരണമാണ് ഇക്കുറി ഐഎഫ്എസ് കരസ്ഥമാക്കിയ പാലക്കാട് പുതുശ്ശേരി സ്വദേശി നിഥിന്‍. വിദേശജോലി ഉപേക്ഷിച്ച് സിവിൽസർവീസ് എന്ന സ്വപ്നത്തിനായി നിഥിൻ പരിശ്രമിച്ചത് ഒന്നും രണ്ടുമല്ല; അഞ്ചു വർഷമാണ്. 565ാം റാങ്കുമായി തന്റെ വിജയത്തിലേക്കുളള യാത്രയെ കുറിച്ച് പാലക്കാട് പുതുശ്ശേരി സ്വദേശി നിഥിൻ കുന്നേപറമ്പിൽ സംസാരിക്കുന്നു.

പഠനം 

സ്കൂൾ പഠനമൊക്കെ പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ ആയിരുന്നു. അതിനുശേഷം കുസാറ്റിൽ  ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് ചെയ്തു. പിന്നീട് ഐഐടി ഖരഗ്പുരിൽ എംടെക് ചെയ്തു. അതിനുശേഷം ജർമനിയിലും ബംഗളൂരുവിലും വർക്ക് ചെയ്തിരുന്നു. അതിനുശേഷമാണ് ജോലി ഉപേക്ഷിച്ചു മുഴുവൻ സമയ സിവിൽ സർവീസ് പരിശീലനത്തിലേക്ക് വരുന്നത്. ആദ്യം വർഷം തന്നെ പ്രിലിമിനറിയും മെയിൻസും വിജയിച്ച് ഇന്റർവ്യൂ വരെ എത്തിയിരുന്നു. പക്ഷേ ഭാഗ്യം തുണച്ചില്ല. പിന്നീട് സിവിൽ സർവീസ് ഉദ്യോഗാർഥികളെ പഠിപ്പിക്കാൻ തുടങ്ങി. കഴിഞ്ഞതവണയാണ് മുഴുവനായും പരീക്ഷാ പരിശീലനത്തിൽ മുഴുകിയത്. അതിന് ഫലവും ഉണ്ടായി. 

മോട്ടിവേഷൻ

ഞാനൊരു ചെറിയ ടൗണിൽ നിന്നാണ് വരുന്നത്. എന്റെ ഫാമിലിയിലോ ചുറ്റുവട്ടത്തോ ഒന്നും ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി കേട്ടിട്ടോ കണ്ടിട്ടോ ഇല്ല. അതുകൊണ്ടു തന്നെ സിവിൽ സർവീസ് എന്നത് ഒരു ബാലികേറാമലയായിട്ടാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ ബെംഗളൂരുവിൽ വർക്ക് ചെയ്തിരുന്ന സമയത്തു ഞാൻ ചില സാമൂഹിക പ്രവർത്തനങ്ങളിലൊക്കെ പങ്കാളിയായിരുന്നു. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള തോന്നൽ ശക്തമായത് ഈ കാലത്താണ്. സിവിൽ സർവീസാണ് ഇത്തരം കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ഏറ്റവും നല്ല മാർഗം എന്നു മനസ്സിലായപ്പോൾ പിന്നെ അതിനുവേണ്ടിയായി ശ്രമങ്ങൾ.

സപ്പോർട്ട്

സുഹൃത്തുക്കൾ ഒരുപാടു സപ്പോർട്ട് ചെയ്തിരുന്നു. നജീം എന്ന ഗൾഫിലുള്ള സുഹൃത്ത് സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. പിന്നെ അച്ഛൻ, അമ്മ, അനിയത്തി, ഞാൻ പഠിപ്പിച്ചിരുന്ന സ്റ്റുഡന്റസ് എല്ലാവരും ഒരുപാടു സഹായിച്ചു. 

കുടുംബം 

അച്ഛൻ പാലക്കാടു ഹോമിയോ ഡിഎംഒ ആയിരുന്ന ഡോ.ബാബുരാജൻ. അമ്മ ലത ഐസിഡിസിന്റെ ജില്ലാ പ്രോഗ്രാം ഓഫീസർ ആയിരുന്നു. രണ്ടുപേരും റിട്ടയർ ചെയ്തു. അനിയത്തി സാന്ദ്ര ഐഐടി കാൺപൂരിൽ നിന്നു എംടെക് പൂർത്തിയാക്കി. ഇപ്പോൾ സിവിൽ സർവീസ് പരിശീലനം തുടങ്ങി.

ഇന്റർവ്യൂ 

ഇന്റർവ്യൂ ഒക്കെ നല്ല രീതിയിൽ ചെയ്യാൻ പറ്റി. നമ്മളെ വളരെ കംഫർട്ട് ആക്കിയിട്ടാണ് അവർ ഇന്റർവ്യൂ നടത്തുന്നത്.  ആദ്യം തന്നെ ഒരു ഡീറ്റൈൽഡ് അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു കൊടുക്കുന്നുണ്ട്. വിഷയത്തെ പറ്റി നമുക്ക് പൂർണ ബോധ്യമുള്ള കാര്യങ്ങൾ അവർക്കു മുൻപിൽ അവതരിപ്പിക്കുക. ഞാൻ പഠിച്ചത് ബംഗാളിൽ ആയിരുന്നത് കൊണ്ട് ടാഗോറിനെ പറ്റി ചോദിച്ചു, ഹിസ്റ്ററിയിൽ ഇഷ്ട്ടപെട്ട ഹിസ്റ്റോറിയൻ ആരാണ് എന്തുകൊണ്ടാണ് എന്നൊക്കെ ചോദിച്ചു. സാമൂഹ്യപരിഷ്കർത്താക്കൾ, ഇന്ത്യയിലെ ശാസ്ത്രഞ്ജർ എന്നിവരെ കുറിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. പിന്നെ കുറച്ചു സിമ്പിൾ ആയിട്ടുള്ള കാര്യങ്ങളുമൊക്കെ ചോദിച്ചിരുന്നു. അതായിരുന്നു പറയാൻ കുറച്ചു ബുദ്ധിമുട്ടിയത്. ഫാസ്റ്റ്ടാഗിനെ കുറിച്ചുള്ള ചോദ്യത്തിന് അതിന്റെ സാങ്കേതിക കാര്യങ്ങളെ കുറിച്ചൊക്കെ പറയാൻ സാധിച്ചെങ്കിലും പേരുമാത്രം ഒാർമ വന്നില്ല. ഇത് ഇന്റർവ്യൂ ബോർഡിൽ ചിരിപടർത്തി. ജർമനിയിൽ ജോലി ചെയ്തത് കൊണ്ട് ജർമ്മൻ ഭാഷ അറിയാമായിരുന്നു. ജർമ്മൻ ഭാഷയെ കുറിച്ചും ഹിറ്റ്ലറിനെക്കുറിച്ചുമൊക്കെ ചോദിച്ചു. പിന്നെ ഇന്ത്യൻ ജുഡീഷ്യറിയെക്കുറിച്ചു ചോദിച്ചിരുന്നു.  

ഇംഗ്ലീഷിൽ ആയിരുന്നു എക്സാം എഴുതിയിരുന്നത്. ഹിസ്റ്ററി ആയിരുന്നു ഓപ്ഷണൽ. ഹിസ്റ്ററിയുടെ കാര്യത്തിൽ പറയാനുള്ളത് സിലബസ് വിശാലമാണ്. അതുകൊണ്ടു എല്ലാവരും ഒരുപാടു പഠിക്കും. പക്ഷെ അത്രയും പഠിക്കേണ്ട ആവശ്യമില്ല. 80 ശതമാനം ചോദ്യങ്ങൾ വരുന്നത് 20 ശതമാനം ടോപ്പിക്കിൽ നിന്നാണ്. ചോദ്യപേപ്പർ ഒക്കെ നോക്കി ആ  20 ശതമാനം ഏതാണെന്നു മനസ്സിലാക്കി എഴുതി എഴുതി പഠിക്കുക. ഒരു ചോദ്യം മനസ്സിലാക്കി ഉത്തരം എഴുതാൻ കിട്ടുന്നത് 9 മിനിട്ടാണ്. ടൈം മാനേജ് ചെയ്യാൻ പഠിക്കുക. എനിക്ക് മറ്റുള്ളവരോട് പറയാനുള്ളത് ഇതാണ് നോളജ് എത്ര പ്രധാനമാണോ അത്രയും പ്രധാനമാണ് അത്  വൃത്തിയായി അവതരിപ്പിക്കുക എന്നത്. അതിനുവേണ്ടി സ്മാർട്ടായി വർക്ക് ചെയ്യുക. 

nithin-kunneparambil

പരാജയം തളർത്തിയില്ല

പരീക്ഷകളെഴുതി കിട്ടാതെ ആകുമ്പോൾ ഒരുപാടു വിഷമം തോന്നിയിട്ടുണ്ട്. 2018 ൽ എക്സാം എഴുതി കിട്ടാതിരുന്നപ്പോൾ വലിയ വിഷമമായി. ആ  സമയത്താണ് പ്രളയം ഉണ്ടായത്. ആ  സമയത്തു വോളന്റിയർ ആയി പ്രവർത്തിച്ചിരുന്നു. ഇൻസ്പിരേഷണൽ ബുക്ക്സ് ഒക്കെ വായിച്ചു, ചെറിയ ചെറിയ യാത്രകൾ ഒക്കെ ചെയ്തു. അങ്ങനെ ആ വിഷമത്തെ അതിജീവിക്കാൻ ശ്രമിച്ചു. ഉൾവെലിയാൻ അല്ല കൂടുതൽ സോഷ്യലാവാനാണ് ശ്രമിച്ചത്. ഇതിപ്പോൾ കിട്ടിയില്ലായിരുന്നെങ്കിലും വിഷമിച്ചിരിക്കില്ല, കിട്ടിയില്ലെങ്കിൽ അടുത്ത് എന്തു ചെയ്യാം എന്ന് ആലോചിച്ചിരുന്നു. വിഷമകരമായ അവസ്ഥകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും എന്നെ തളർത്തിയിട്ടില്ല. 

സിവിൽ സർവീസ് എന്ന സ്വപ്നം കാണുന്നവർ അറിയാൻ

9 പേപ്പറും വൃത്തിയായി പഠിക്കുക. നമ്മുടെ സ്ട്രെങ്തും വീക്ക്നെസും നന്നായി മനസ്സിലാക്കുക. ഹാർഡ് വർക്ക് ചെയ്യുക. ആദ്യകാലം ഞാൻ 2 മണിക്കൂർ പത്രം വായിക്കും 3–4 മണിക്കൂർ പഠിക്കും എന്ന രീതിയായിരുന്നു. പരീക്ഷയോട് അടുപ്പിച്ച് 13 മണിക്കൂർ വരെ പഠിച്ചിരുന്നു. സോഷ്യൽ മീഡിയ, മൊബൈൽ ആപ്പുകൾ ഇതിലൊക്കെ വരുന്ന എക്സാം സംബന്ധമായിട്ടുള്ള എല്ലാ കാര്യങ്ങളും വായിക്കുമായിരുന്നു. അത് കൂടാതെ രാജ്യസഭാ ടിവി എന്ന ചാനൽ കാണുമായിരുന്നു.

English Summary: Civil Service Success Story Of Nithin Kunneparambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com