നഴ്സിങ് അവസരങ്ങൾ കൈനിറയെ

nurse
SHARE

വൈറസ് ഭീഷണി തുടരുന്ന 2021ലും ഏറ്റവും കൂടുതൽ അവസരങ്ങളുള്ള തൊഴിൽമേഖലകളിലൊന്നു നഴ്സിങ് തന്നെ; നാട്ടിലും വിദേശത്തും ഒരുപോലെ. സ്വദേശിവൽക്കരണം ഊർജിതമായ ഗൾഫിൽ ഉൾപ്പെടെ ഇന്ത്യൻ നഴ്സുമാർക്ക്, പ്രത്യേകിച്ച് മലയാളികൾക്കുള്ള സ്വീകാര്യത ഉയർന്ന തോതിൽ തുടരുന്നു. വിവിധ രാജ്യങ്ങളിലെ സാധ്യതകളിങ്ങനെ.

ബ്രിട്ടൻ: കേരള സർക്കാരുമായി കരാറുള്ളതിനാൽ ഒഡെപെക് (ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൗൺസിൽ) വഴി റിക്രൂട്മെന്റ് സൗജന്യം. 2025നകം 50,000 നഴ്സുമാരെ ആവശ്യമുണ്ടെന്നു നേരത്തേ അറിയിച്ചിരുന്നു. കോവിഡ് മൂലം ഇത് ഇനിയും കൂടാൻ സാധ്യത. ഇംഗ്ലിഷ് യോഗ്യതാപരീക്ഷയിൽ ഇളവില്ല. എന്നാൽ, പ്രവൃത്തിപരിചയത്തിൽ 2 വർഷത്തെ ഇടവേളയുള്ളവരെ വരെ ഇപ്പോൾ പരിഗണിക്കുന്നു. നേരത്തേ ഇത് ഒരു വർഷമായിരുന്നു. 6 മാസമെങ്കിലും പ്രവൃത്തിപരിചയം വേണമെന്നാണു നിബന്ധനയെങ്കിലും നിലവിലെ സാഹചര്യത്തിൽ 4–5 മാസം ജോലി ചെയ്തവർക്കും നിയമനം. റിക്രൂട്മെന്റ് ലഭിച്ചാൽ കോവിഡ് ടെസ്റ്റ് ആവശ്യമില്ല. അവിടെയെത്തിയാൽ 14 ദിവസം സർക്കാർ ചെലവിൽ ക്വാറന്റീൻ. ബ്രിട്ടനിലെ ബ്രിജ് കോഴ്സിനുള്ള ചെലവും സർക്കാരിന്റേത്.

യൂറോപ്പ്: ജർമനിയും ഒട്ടേറെ നഴ്സുമാരെ തേടുന്നുണ്ടെങ്കിലും ജർമൻ ഭാഷാനൈപുണ്യം അനിവാര്യം. ബി2 ലവൽ സർട്ടിഫിക്കറ്റാണു വേണ്ടത്. ബി1 ലവൽ നാട്ടിൽ പാസായി, അടുത്ത ഘട്ടം ജർമനിയിൽ പോയി പാസാകാനും സൗകര്യമുണ്ട്. ശമ്പള, അലവൻസ് പാക്കേജുകൾ ആകർഷം. മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ഉറപ്പ്. നെതർലൻഡ്സിലേക്കും നഴ്സുമാരെ ആവശ്യമുണ്ട്. അതേസമയം, ഡച്ച് ഭാഷാ പഠനം കടമ്പയാണ്. യോഗ്യതാപരീക്ഷ കടുപ്പം. ഡച്ച് പഠന സൗകര്യങ്ങളും വിരളം.

ഗൾഫ്: സൗദിയിലെ സർക്കാർ ആശുപത്രികളിലേക്ക് മിനിസ്ട്രി ഓഫ് ഹെൽത്ത് (എംഒഎച്ച്) പരീക്ഷ നാട്ടിൽ നിന്നു പാസാകാതെ തന്നെ റിക്രൂട്മെന്റ് അനുവദിക്കുന്നു. സൗദിയിലെത്തിയശേഷം പരീക്ഷ പാസാകാനുള്ള സമയത്തിലും ഇളവുണ്ട്. പ്രമുഖ സ്വകാര്യ ആശുപത്രികളിലേക്കും അഭിമുഖത്തിലൂടെ മാത്രം നിയമനം നടത്തുന്നു. ഈ മാസം ആദ്യ ആഴ്ചയിൽ മാത്രം 250 ഒഴിവുകളിലേക്കാണു മലയാളി നഴ്സുമാരുടെ റിക്രൂട്മെന്റ് നടക്കുന്നത്. യുഎഇക്കും നഴ്സുമാരെ അത്യാവശ്യം. ദുബായിലേക്ക് ഹെൽത്ത് അതോറിറ്റിയുടെ (ഡിഎച്ച്എ) പരീക്ഷയില്ലാതെ തന്നെ പരിഗണിക്കുന്നു. താത്കാലിക വർക് പെർമിറ്റിൽ നിയമിച്ചശേഷം സ്ഥിരപ്പെടുത്താനാണു നീക്കം. അബുദാബിയിലേക്ക് ‘ഹാഡ്’ പരീക്ഷ പാസാകണം. ഷാർജയാകട്ടെ, ഒട്ടേറെ മലയാളി നഴ്സുമാരെ പരീക്ഷയില്ലാതെ റിക്രൂട്ട് ചെയ്തു കഴിഞ്ഞു. കോവിഡ് കാലത്ത് ഗൾഫിൽ ജോലി കിട്ടുന്ന നഴ്സുമാർക്കു ശമ്പളവും കൂടി.

കുവൈത്തിൽ നിലവിൽ സർക്കാർ തലത്തിൽ റിക്രൂട്മെന്റ് നടക്കുന്നില്ല. ഖത്തറിലെ ഹമദ് മെഡിക്കൽ സെന്ററിലേക്കുള്ള നിയമനം സ്വകാര്യ ഏജൻസി വഴിയാണ്. ഒമാനിൽ യോഗ്യതാ പരീക്ഷയായ പ്രോമെട്രിക് കേരളത്തിൽ തന്നെ എഴുതാമെങ്കിലും വൈവയ്ക്ക് അവിടെ പോകണം.

anoop

ഒഡെപെക്കും നോർക്കയും റിക്രൂട്മെന്റ് ചാർജ് ആയി ഈടാക്കുന്നത് കേന്ദ്രസർക്കാർ അംഗീകരിച്ച 30,000 രൂപയും നികുതിയും മാത്രമാണ്. അതുതന്നെ, നിയമനത്തിന് തൊഴിലുടമ പണം നൽകുന്നില്ലെങ്കിൽ മാത്രമേ ഉദ്യോഗാർഥികളിൽനിന്നു വാങ്ങൂ. ചില തട്ടിപ്പുകാർ നഴ്സുമാരുടെ രേഖകൾ വാങ്ങി ഒഡെപെക്കിൽ റജിസ്റ്റർ ചെയ്തു ലക്ഷങ്ങൾ കൈക്കലാക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഒഡെപെക്കിനോ നോർക്കയ്ക്കോ ഇടനിലക്കാരില്ല. വഞ്ചനയിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. സ്വകാര്യ ഏജൻസികളാണെങ്കിൽ വിശ്വാസ്യത പരിശോധിച്ച് ഉറപ്പാക്കുക.

കെ.എ. അനൂപ്,

മാനേജിങ് ഡയറക്ടർ, 

ഒഡെപെക്

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA