ADVERTISEMENT

നാട്ടുമ്പുറത്തുകാരി രണ്ടുവയസ്സായ മകനെ ഒക്കത്തെടുത്ത് കൂട്ടുകാരിയുടെ വീട്ടിൽ കുശലം പറയാനെത്തി. കുഞ്ഞു വായ്‌പൊളിച്ചു തകർത്തുചിരിച്ചു. കൊച്ചരിപ്പല്ലും ചെമന്ന ചെറുമോണയും ചിരിയും ചേർന്നപ്പോൾ കൂട്ടുകാരിയുടെ മനംമയങ്ങി. അവന്റെ കൊഞ്ചുംമൊഴികൂടെയായപ്പോൾ അവർക്ക് സന്തോഷം താങ്ങാൻ വയ്യ.

‘എന്തു ഭംഗിയാടീ നിന്റെ കുഞ്ഞിന്? ഇവന്റെ അഴകുള്ള ചിരി നോക്ക്.’

‘നീ എന്തറിഞ്ഞാ ഇപ്പറയുന്നത്? നീ ഇവന്റെ ഫോട്ടോയൊന്നു കാണണം.’

അതെ. നിഴലാണു പ്രധാനം. വെള്ളിത്തിരയിലെ അഭിനയത്തികവുകൊണ്ട് പ്രേക്ഷകലക്ഷങ്ങളുടെ മനംകവർന്ന നടി, ഏതെങ്കിലും കമ്പനിയുടെ ഫ്ലാറ്റോ മോട്ടർ സൈക്കിളോ വാങ്ങാൻ ടെലിവിഷനിലെത്തി ശിപാർശ ചെയ്യുന്നു. ആരാധനയിൽ മയങ്ങിയവരിൽ ചിലരെങ്കിലും അവരുടെ ശിപാർശ സ്വീകരിക്കുന്നുണ്ടാവണം. അതുകൊണ്ടാണല്ലോ അത്തരം പരസ്യങ്ങൾ ആവർത്തിക്കുന്നത്. 

 

ബിൽഡറുടെ സാമ്പത്തികസ്ഥിതി, സത്യസന്ധത, ഫ്ലാറ്റിന്റെ ഉറപ്പും ഈടും അടക്കമുള്ള എൻജിനീയറിങ് വിവരങ്ങൾ എന്നിവ അറിയാവുന്നവരാണോ നടിയെന്ന് ചില ആരാധകർ ചിന്തിക്കുന്നില്ല. ഓട്ടൊമൊബൈൽ എൻജിനീയറിങ്ങിന്റെ ഹരിഃശ്രീപോലും അറിയാത്ത നടിയുടെ വാക്ക് കണ്ണടച്ചു വിശ്വസിക്കുന്ന ആരാധകർ പരസ്യത്തിലെ മോട്ടർസൈക്കിൾ വാങ്ങുന്നു. പണം ചെലവഴിക്കുമ്പോൾ വിവേകമുള്ളവർ യുക്തി പ്രയോഗിക്കും. പക്ഷേ അന്ധമായ ആരാധന മനസ്സിൽ നിറയുമ്പോൾ യുക്തി പുറത്തു ചാടും. മദ്യത്തിന്റെ കുത്തൊഴുക്കു ചെല്ലുമ്പോൾ, വിവേകം ചാടി രക്ഷപെടുംപോലെ. 

 

വെള്ളിത്തിരയിൽ നിഴലാണ് നാം കാണുക. വ്യക്തിയെയല്ല. കരുണാമയനായി അഭിനയിക്കുന്നയാൾ ജീവിതത്തിലും കരുണ കാട്ടുമെന്നു ചിലരെങ്കിലും ചിന്തിക്കുന്നു. ദേവീദേവന്മാരായി നടിക്കുന്നവരെ ഭക്തിയോടെ വണങ്ങുന്നവരേറെ. ചിലർ അവരുടെ പേരിൽ ക്ഷേത്രംവരെ പണിയും. അഭിനേതാവ് നേതാവാകുന്നതും നാം കാണുന്നു. കണ്ണടച്ചുതുറക്കുന്നതിനിടെ ഉന്നതനേതൃപദത്തിലെത്തിക്കളയും. അതിനും വേണം കഴിവ്.

 

നിഴലിനെ സ്നേഹിച്ചു തകർന്ന നാർസിസസിന്റെ കഥ യവനപുരാണത്തിലുണ്ട്. അഭൗമസൗന്ദര്യമുള്ള വേട്ടക്കാരൻ. അഴകുള്ളവയെ മാത്രം സ്നേഹിച്ചു. സ്വന്തസൗന്ദര്യത്തിൽ അതിരറ്റ അഹങ്കാരം. നാർസിസസിനോടു ചേരാൻ പലരും മോഹിച്ചു. തന്നെപ്പോലെ ഞെട്ടിക്കുന്ന സൗന്ദര്യമുള്ളവരെ മാത്രമേ സ്വീകരിക്കൂ. വിസ്മയസൗന്ദര്യത്തോടു ചേരാൻ കഴിയാത്തയാൾ ജീവനൊടുക്കിയ കഥയുമുണ്ട്. ഒടുവിൽ നാർസിസസ് തന്റെയത്ര സൗന്ദര്യമുള്ള രൂപം കണ്ടെത്തി. പക്ഷേ അത്, ദാഹിച്ചുചെന്നപ്പോൾ തെളിനീരിൽക്കണ്ട സ്വന്തം പ്രതിബിംബമായിരുന്നു. നിഴലിനോടു ചേരുക അസാധ്യമെന്നറിഞ്ഞ നാർസിസസ് തീക്ഷ്ണവികാരാഗ്നിയിൽ ഉരുകി, മരണത്തെ പുൽകി. സ്വർണവും പുഷ്പവുമായി മാറി. അങ്ങനെ രൂപം കൊണ്ടതാണത്രേ നാർസിസസ് പുഷ്പം. ലഹരിപിടിപ്പിക്കുന്ന പരിമളമുള്ള ഡാഫൊഡിൽ, നാർസിസസ് വർഗത്തിൽപ്പെടും. 

 

നാർസിസം എന്ന മനോരോഗത്തിന്റെ പേർ ഈ കഥാപാത്രത്തിൽനിന്ന്. സ്വന്തം രൂപസൗന്ദര്യത്തിലുള്ള അതിരറ്റ ഭ്രമം, അഹന്ത, അതിരുകവിഞ്ഞ പ്രാധാന്യം തനിക്കു കിട്ടണമെന്ന വാശി, തന്നെ മാത്രം ആരാധിക്കുകയും അന്യരെ നിന്ദിക്കുകയും ചെയ്യുന്ന പ്രകൃതം, സഹതാപമില്ലായ്ക എന്നിവ ഈ മനോവൈകൃതത്തിന്റെ ലക്ഷണങ്ങൾ. സ്വന്തം കഴിവുകൾ പെരുപ്പിച്ച്, ഇല്ലാത്ത നേട്ടങ്ങൾ സങ്കല്പിച്ച് സ്വപ്നം കാണും. ഈ സ്വപ്നം സമൂഹം അംഗീകരിക്കതെ വരുമ്പോൾ കൊടിയ നൈരാശ്യത്തിലാവും. സ്വയംപ്രണയം പല പെരുമാറ്റത്തകരാറുകൾക്കും വഴിവയ്ക്കും. ഇവരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് നിഴലാണ്, വസ്തുവല്ല. നിഴൽ കളിയല്ല, കാര്യമാണ്. മനുഷ്യരെ കുഴപ്പത്തിലാക്കാം.  

 

നിഴൽ കബളിപ്പിച്ച കുട്ടിക്കഥകളേറെ. മിക്കവർക്കും അറിയാവുന്നവ. സിംഹത്തിനു തിന്നാൻ ദിവസവും ഓരോ മൃഗമെത്തണമെന്നു കർശനവ്യവസ്ഥ. മുയലിന്റെ ഊഴം വന്നു. മുയൽ മനഃപൂർവം വൈകിയെത്തി. സിംഹം കോപിഷ്ഠനായി നിൽക്കുന്നു. വഴിയിൽ മറ്റൊരു സിംഹം തടഞ്ഞതുകൊണ്ട് വൈകിപ്പോയെന്നു മുയൽ. ഇവിടെ മറ്റൊരു സിംഹമോയെന്ന് സിംഹം അലറി. മുയൽ സിംഹത്തെ കിണറ്റിനരികത്തേക്കു കൊണ്ടു പോയി. കിണറ്റിനുള്ളിലേക്കു ന‌ോക്കാൻ പറഞ്ഞു. പ്രതിബിംബം കണ്ട് മറ്റൊരു സിംഹമെന്നു തെറ്റിദ്ധരിച്ചു. സിംഹം അലറി. കിണറ്റിൽ നിന്നു പ്രതിധ്വനി.  സിംഹം കിണറ്റിലേക്കു ചാടി. അവന്റെ കഥകഴിഞ്ഞു. ബുദ്ധിയുടെ വിജയത്തോടൊപ്പം നിഴലിനെ വിശ്വസിച്ചാലു‌ള്ള അപകടവും കുട്ടികളെ ബോധ്യപ്പെടുത്തുന്ന പഞ്ചതന്ത്രകഥ.

എല്ലും കടിച്ച് പാലം കടക്കുന്ന നായ വെള്ളത്തിലെ പ്രതിച്ഛായ കണ്ടു. വലിയ എല്ലാണ് മറ്റേ നായുടെ വായിലെന്നു തോന്നി. ദുരാഗ്രഹിയായ നായ അതു തട്ടിയെടുക്കാൻ വെള്ളത്തിലേക്കു ചാടി. വായിലിരുന്ന എല്ലും നഷ്ടപ്പെട്ട്, എങ്ങനെയോ കരപറ്റിയെന്ന് ഈസോപ്പ്കഥ. ദുരാഗ്രഹത്തോടൊപ്പം നിഴലിലെ വിശ്വാ‌സവും ദോഷമെന്ന സൂചന.

 

മഹാഭാരതയുദ്ധത്തിനു പെട്ടെന്നുണ്ടായ കാരണം നിഴൽ. അസുരശില്പിയായ മയനെ അർജുനൻ അഗ്നിയിൽ നിന്നു രക്ഷിച്ചു. അതു മനസ്സിൽവച്ച് മയൻ വാസ്തുശില്പത്തിന്റെ സമസ്തവൈഭവങ്ങളും ഉൾച്ചേർത്ത് അതിമനോഹരമായ സഭാമന്ദിരം പണിഞ്ഞ് പാണ്ഡവർക്കു നല്കി. പല വിസ്മയനിർമ്മിതികളും അതിലുണ്ടായിരുന്നു. മന്ദിരം കാണാനെത്തിയ ദുര്യോധനന്റെ മനസ്സിൽ അസൂയ കത്തിജ്വലിച്ചു. നിഴലുകൾ കണ്ട് ജലമെന്നു കരുതി വസ്ത്രം ഉയർത്തി നടന്നു. പക്ഷേ ആ സ്ഥലം തിളങ്ങുന്ന തറയായിരുന്നു. തറയെന്നു കരുതി നടന്ന് വെള്ളത്തിൽവീണ് ഇളിഭ്യനായി. ഈ സ്ഥലജലഭ്രമം കണ്ടവരെല്ലാം ചിരിച്ചു. അഹങ്കാരിയായ ദുര്യോധനന് അപമാനഭാരം താങ്ങാനാകാതെ വന്നു. ദ്രൗപദി പൊട്ടിച്ചിരിക്കുകയും അന്ധന്റെ പുത്രനും അന്ധനെന്നു പറയ‌ുകയും ചെയ്തു. ഇതിന്റെ പകയാണ് ചൂതുകളി, വസ്ത്രാക്ഷേപം, മഹാഭാരതയൂദ്ധം എന്നിവയിലേക്കു നയിച്ചത്.  നോക്കൂ, നിഴലിന്റെ ശക്തി.

 

ദുര്യോധനൻ ദുർമ്മന്ത്രവാദിയെക്കൊണ്ട് പാണ്ഡവരുടെ നിഴലിലേക്ക് അമ്പയപ്പിച്ച് അവരെ വധിച്ചെന്ന കഥ തമിഴിൽനിന്ന് മലായളത്തിലെത്തി, പ്രചരിച്ചു. ‘നിഴൽക്കുത്ത്’ എന്ന കഥ. മന്ത്രവാദിയുടെ ഭാര്യ എതിർമന്ത്രം ചൊല്ലി മരിച്ചവരെ ജീവിപ്പിച്ചത്രേ. ഇക്കഥയെ ആസ്പദമാക്കി വേലർപാട്ടും ഉണ്ടായിരുന്നു. കഥയിൽ മാറ്റം വരുത്തി, പന്നിശ്ശേരിൽ നാണുപിള്ള ‘നിഴൽക്കുത്ത്’ എന്ന കഥകളി രചിച്ചിട്ടുണ്ട്. നിഴലിനു വിലയുണ്ടെന്ന വിശ്വാസത്തിലൂന്നുന്ന കഥ. നിഴലിനെയെന്നല്ല, ഒന്നിനെയും അവഗണിക്കരുതെന്നു സൂചന.

 

നിഴൽയുദ്ധം നടത്തുന്ന പ്രവണത പലരെയും കുഴക്കാറുണ്ട്. ഇല്ലാത്ത ശത്രു ഉണ്ടെന്നു സങ്കല്പിച്ച് യുദ്ധം ചെയ്യുക, ശക്തനായ ശത്രുവിനെ നേരിടാൻ ധൈര്യമില്ലാതെ മറ്റ് ഏതിനെയെങ്കിലും എതിർത്തു തോല്പ്പിച്ചു ചാരിതാർത്ഥ്യമടയുക എന്നിവ ഇതിന്റെ ലക്ഷണമാണ്. നിഷ്പ്രയോജനമായ പ്രവൃത്തി.

ഇംഗ്ലിഷ് നാടകകൃത്തും കവിയുമായിരുന്ന ജെയിംസ് ഷെർലി (1596–1666), ‘സ്ഥാനവലിപ്പവും പ്രഭുതയും സജ്ജാതിയും വംശവും മാനുഷഗർവ്വവും’ എല്ലാം വെറും നിഴലാണെന്നു പാടി : ‘The glories of our blood and state are shadows, not substantial things.’ (Death The Leveller). അവയൊന്നും ശാശ്വ‌തമല്ല. അവയെയോർത്ത് തെല്ലും അഹങ്കരിക്കേണ്ട. ശാശ്വതമെന്തെന്നു കാട്ടുന്ന ചങ്ങമ്പുഴയുടെ  മനോഹരമായ വരികൾ : 

‘നിഴലും വെളിച്ചവും മാറി മാറി നിഴലിക്കും ജീവിതദർപ്പണത്തിൽ,

 ഒരുസത്യം മാത്രം നിലയ്ക്കുമെന്നും പരമാർത്ഥസ്നേഹത്തിൻ മന്ദഹാസം’ 

     – ബാഷ്പാഞ്ജലി (മാപ്പ്)

 

നിഴലുണ്ടെങ്കിലേ വെളിച്ചത്തിന്റെ വിലയറിയൂ. നിഴലുകൾ നമ്മെ നിരന്തരം പിൻതുടരും. അതിൽ നിന്നു രക്ഷപെടാനാവില്ല. നന്മയുടെ നിഴൽപോലെ, വിജയം നമ്മുടെ കൂടെവരുമെന്ന് സിസീറോ. കഷ്ടകാലത്ത് കൂടെക്കരയാൻ ആരുമില്ലെങ്കിലും നിഴൽ കൂടെക്കാണും. ‘പ്രകാശത്തിലേക്കു നോക്കിക്കൊള്ളുക; നിഴൽ പിന്നിൽ വീണുകൊള്ളും’ എന്ന് മാനവികതയുടെ വക്താവായ വാൾട് വിറ്റ്മൻ.

 

പ്രഭാതത്തിൽ നാമെല്ലാം സ്വന്തംനിഴൽ കണ്ണാടിയിൽ നോക്കിക്കണ്ടു സന്തോഷിക്കുന്നു. നിഴലുകൾക്കല്ല യഥാർത്ഥവസ്തുക്കൾക്കാവട്ടെ പ്രാധാന്യം. നിഴൽ കണ്ടു മയങ്ങാതിരിക്കുന്നതോടൊപ്പം, നിഴലുകളിലും ഒരു കണ്ണു വേണമെന്നും ഓർക്കാം.  

English Summary: Career Tips by B. S. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com