ADVERTISEMENT

പ്ലാസ്റ്റിക് കാരി ബാഗുകൾ പൂർണമായി നിരോധിച്ചുകൊണ്ടിരിക്കുന്നതിനു സമാന്തരമായി ബദൽ മാർഗങ്ങൾക്കു ഡിമാൻഡ് ഏറിവരികയാണ്. നോൺ വൂവൻ കാരി ബാഗുകൾ ഇപ്പോൾ ധാരാളം ഉണ്ടാക്കിവരുന്നുണ്ട്. അതിനേക്കാൾ സൗകര്യപ്രദവും കൂടുതൽ കാലം പുനരുപയോഗിക്കാവുന്നവയുമാണു കോറത്തുണി കൊണ്ടുള്ള കാരി ബാഗുകൾ. 

അൽപം തയ്യൽ അറിയാവുന്ന ആർക്കും ഇത്തരം തുണി ബാഗുണ്ടാക്കാം. കുറഞ്ഞ മുതൽമുടക്കിൽ ഒറ്റയ്ക്കു നടത്താവുന്ന സംരംഭവുമാണിത്. സാങ്കേതികപ്രശ്നങ്ങൾ കാര്യമായി ഇല്ലതാനും. ആവശ്യമെങ്കിൽ പ്രിന്റ് ചെയ്തും സിബ് പിടിപ്പിച്ചും കൂടുതൽ ആകർഷകമാക്കി വിൽക്കുകയും ചെയ്യാം. ഇതേ രീതിയിൽ തോൾ സഞ്ചികളും നിർമിക്കാം. 

നിർമാണരീതി 

പൊതുവിപണിയിൽനിന്നു കോറത്തുണി (വെളുത്ത വില കുറഞ്ഞ തുണി) വാങ്ങുക. വലിപ്പത്തിനും ഡിസൈനിനുമനുസരിച്ചു മുറിച്ച് തയ്ക്കുക. പിടിയും തുന്നിച്ചേർക്കുക. ആവശ്യമെങ്കിൽ സിബ്ബോ ബട്ടനോ പിടിപ്പിച്ചോ പ്രിന്റ് ചെയ്തോ ആകർഷകമാക്കാം. സ്ക്രീൻ പ്രിന്റിങ് നടത്തി ഭംഗിയുള്ള ഡിസൈനുകൾ കൊണ്ടുവരാനും കഴിയും. കട്ടിങ് വേസ്റ്റും ഉപയോഗിച്ച തുണികളും തുണിസഞ്ചിക്ക് ഉപയോഗപ്പെടുത്താമെന്ന മെച്ചമുണ്ട്. 

വിപണി 

നല്ല ഭാവിയുള്ള വിപണി ഈ മേഖലയ്ക്കുണ്ട്. സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ, പലചരക്കു കടകൾ, ബേക്കറികൾ, സ്റ്റേഷനറി ഷോപ്പുകൾ, പച്ചക്കറിക്കടകൾ, ആരാധനാലയങ്ങൾ തുടങ്ങി സെമിനാറുകളിലും ശിൽപശാലകളിലും പ്രദർശനകേന്ദ്രങ്ങളിലുമടക്കം തുണിസഞ്ചി ആവശ്യം വരുന്ന മേഖലകൾ വളരെ വിപുലമാണ്. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 150 ചതുരശ്ര അടിയുള്ളത്. 

മെഷിനറികൾ 

∙ഹൈസ്പീഡ് സ്റ്റിച്ചിങ് മെഷിൻ (2): 46,000.00 

∙ഫർണിച്ചറുകൾ, കട്ടിങ് സാമഗ്രികൾ: 5,000.00 

ആകെ: 51,000.00 

ആവർത്തന നിക്ഷേപം (ദിവസേന 70 മീറ്റർ തുണി ശരാശരി 20 രൂപ നിരക്കിൽ 10 ദിവസത്തേക്ക്) 

∙തുണി സ്റ്റോക്ക്: 14,000.00 

∙രണ്ടു പേർക്കു കൂലി (400 രൂപ നിരക്കിൽ): 8,000.00 

∙സ്റ്റിച്ചിങ് സാമഗ്രികൾ: 2,000.00 

∙പലിശ, കയറ്റിറക്ക് തുടങ്ങിയവ: 2,000.00 

ആകെ: 26,000.00 

ആകെ നിക്ഷേപം: 51,000+26,000=77,000.00 

പ്രതിമാസ അറ്റാദായം 

∙10 ദിവസത്തെ വരുമാനം (ദിവസേന 210 കാരി ബാഗുകൾ 20 രൂപ നിരക്കിൽ വിറ്റാൽ): 42,000.00 

∙10 ദിവസത്തെ അറ്റാദായം: 42,000–26,000=16,000.00 

∙ഒരു മാസത്തെ അറ്റാദായം: 1,600x25=40,000

English Summary: Career Scope Of Cloth Bag Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com