മകളുടെ പ്രശ്നങ്ങളെക്കുറിച്ചു പറയാൻ അടുത്തിടെ ഒരമ്മ വിളിച്ചു. രണ്ടു പ്രശ്നങ്ങളാണു മകൾക്ക്. ഇത്തിരി കോങ്കണ്ണുണ്ട്; മുഖത്ത് ഇത്തിരി വലുപ്പമുള്ളൊരു മറുകും. കൂട്ടുകാർ കളിയാക്കാൻ തുടങ്ങിയതോടെ അവളുടെ പഠനം മോശമായി, വീട്ടിൽ എല്ലാവരോടും വെറുപ്പായി, എപ്പോഴും വഴക്കായി. കൂടുതൽ സമയവും കണ്ണാടിയിൽ നോക്കി കരഞ്ഞുകൊണ്ടിരിക്കും. അമ്മയ്ക്കും കോങ്കണ്ണുള്ളതിനാൽ വെറുപ്പു മുഴുവൻ അമ്മയോടാണ്. ‘ഈ അമ്മയുടെ മകളായി ജനിച്ചതുകൊണ്ടാണല്ലോ ഇങ്ങനെയായിപ്പോയത്’ എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും.
നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന ആ അമ്മയോട്, മകളെയും കൊണ്ട് മാജിക് പ്ലാനറ്റിലേക്കൊന്നു വരാൻ കഴിയുമോയെന്നു ഞാൻ ചോദിച്ചു. വൈകാതെ അവർ വന്നു.
മാജിക് പ്ലാനറ്റിൽ, ഭിന്നശേഷി കുട്ടികൾക്കായുള്ള ഡിഫറന്റ് ആർട് സെന്ററിലെ 100 കുട്ടികളെയും അവരുടെ അമ്മമാരെയും ആ അമ്മയും മകളും കണ്ടു. പ്ലാനറ്റ് നടന്നുകാണുമ്പോഴൊക്ക ഞാൻ ശ്രദ്ധിച്ചത് ആ മോളെ മാത്രമായിരുന്നു. പലപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എല്ലാം കണ്ടു വന്നശേഷം ഞാൻ ചോദിച്ചു: ‘മോളേ, ജീവിതത്തിൽ ഒരിക്കൽപ്പോലും ഈ ലോകത്തെ ഒരുനോക്കു കാണാൻ വിധിയില്ലാത്ത, ഒരിക്കലെങ്കിലും സ്വന്തം അമ്മയുടെ മുഖംപോലും കാണാത്ത ഒരു പെൺകുട്ടിയെ പാട്ടുപാടുന്ന വേദിയിൽ കണ്ടിരുന്നോ? കണ്ണുകളേയില്ലാത്ത ആ കുട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ നിന്റെ ദുഃഖത്തിനെന്തു പ്രസക്തിയാണുള്ളത്?
‘എല്ലാ ദിവസവും രാവിലെ ഈ കുട്ടികൾ വ്യായാമം ചെയ്യുമ്പോൾ അതു നോക്കി വീൽ ചെയറിൽ ഇരിക്കുന്ന കുട്ടികളുടെ മനസ്സു വിങ്ങുന്നത് നമ്മൾ അറിയാറേയില്ല. ബുദ്ധിവികാസത്തിന്റെ പ്രശ്നവുമായി ജീവിതകാലം മുഴുവൻ കഴിഞ്ഞുകൂടാൻ വിധിക്കപ്പെട്ട എന്റെ കുട്ടികൾക്കു മുന്നിൽ ഈ കവിളിലെ കറുത്ത മറുക് ഒരു പ്രശ്നമാണോ?’
ആ പെൺകുട്ടി നിയന്ത്രണം വിട്ടു കരയുന്നുണ്ടായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞ് ആ അമ്മയും മകളും വീണ്ടും മാജിക് പ്ലാനറ്റിൽ വന്നു. അപ്പോഴേക്ക് അവൾ ആകെ മാറിയിരുന്നു. അവളുടെ മുഖത്തു ജീവിതത്തിന്റെ പ്രകാശം എനിക്കു കാണാൻ കഴിയുന്നുണ്ടായിരുന്നു.
ഒരു കുഞ്ഞു കഥ വായിച്ചിട്ടുണ്ട്. ഒരു ഗുരു ശിഷ്യരോടൊപ്പം യാത്രയിലായിരുന്നു. ഒരു രാത്രി ഗ്രാമത്തിലെ ഒരു വീട്ടിലാണ് അവർ തങ്ങിയത്. ആ വീട്ടുകാരൻ രണ്ടു വിവാഹം കഴിച്ചിരുന്നു. രാത്രി എല്ലാവരും ഉറക്കമായപ്പോൾ അയാൾ വന്നു ഗുരുവിനോടു പറഞ്ഞു: ‘ഗുരോ, ഞാൻ കുറേക്കാലമായി വല്ലാത്ത മാനസികപ്രശ്നത്തിലാണ്. അങ്ങു കണ്ടല്ലോ, എന്റെ ഭാര്യമാരിൽ ഒരാൾ സുന്ദരിയും മറ്റെയാൾ വിരൂപയുമാണ്. പക്ഷേ, ഞാൻ വിരൂപയായവളെ സ്നേഹിക്കുകയും സൗന്ദര്യമുള്ളവരെ വെറുക്കുകയും ചെയ്യുന്നു’.
ഗുരു ചോദിച്ചു: ‘എന്തുകൊണ്ട്?’. അയാൾ പറഞ്ഞു: ‘സൗന്ദര്യമുള്ളവൾക്ക് അവളുടെ സൗന്ദര്യത്തെക്കുറിച്ചുള്ള അഹങ്കാരവും അഭിമാനവും മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ അവളെ അടുത്തറിഞ്ഞ സമയത്ത് അകം മുഴുവൻ വിരൂപമാണെന്നു ഞാൻ തിരിച്ചറിഞ്ഞു. എന്നാൽ, മറ്റവൾ അവളുടെ വൈരൂപ്യത്തിൽ ബോധവതിയാണ്. അതോടൊപ്പം, അവളുടെ അകം അത്രമാത്രം നിഷ്കളങ്കമാണ്. എന്റെ കണ്ണിൽ അവളാണു ലോകത്തിലെ ഏറ്റവും വലിയ സുന്ദരി’.
ഇതാണു സൗന്ദര്യം. അതു കാണേണ്ടതു ഹൃദയത്തിലാണ്. അവിടെ മാത്രമാണ്.
English Summary: Magic Lamp podcsat