‘ഉപദേശിക്കാൻ എളുപ്പം. ഇതിനെക്കാൾ നല്ല ചിത്രം വരയ്ക്കാൻ അച്ഛനു കഴിയുമോ?'; പെരുന്തച്ചൻ കോപ്ളക്സായിരുന്നില്ല അത്....

HIGHLIGHTS
  • പ്രയോഗിക്കുന്തോറും സർഗ്ഗശേഷി വളരും, തേഞ്ഞുപോകില്ല
  • സർഗ്ഗശക്തിയുടെ അനുഗ്രഹമുള്ളവർ അലസരായി ഭാഗ്യം കളഞ്ഞുകുളിക്കരുത്
bs-warrior-motivational-column-how-to-develop-your-painting-skill-illustration
Representative Image. Photo Credit : Pixel-Shot / Shutterstock.com
SHARE

പ്രശസ്തചിത്രകാരൻ മകനെ ചിത്രകല പഠിപ്പിച്ചു. സർഗ്ഗധനനായ ബാലൻ അതിവേഗം ചിത്രരചനയുടെ സാങ്കേതികവശങ്ങൾ സ്വായത്തമാക്കി. അയാൾ ഓരോ ചിത്രം വരച്ചുകാണിക്കുമ്പോഴും അച്ഛൻ പറയും, ഇതിലും മെച്ചമായതു വരയ്ക്കണമെന്ന്. മകന്റെ ചിത്രങ്ങളാണ് അച്ഛന്റേതിനെക്കാൾ മനോഹരമെന്ന് ആസ്വാദകർ പറഞ്ഞുതുടങ്ങി. എന്നിട്ടും ഓരോ തവണയും കൂടുതൽ മെച്ചമായി വരയ്ക്കാൻ അച്ഛൻ പറഞ്ഞിരുന്നു. അച്ഛനാണെങ്കിലും തന്നെക്കാൾ മോശമായ ചിത്രകാരന്റെ  ഉപദേശം മകനു രസിക്കാതായി. ഒരുനാൾ അവൻ പൊട്ടിത്തെറിച്ചു, ‘ഉപദേശിക്കാൻ എളുപ്പം. ഇതിനെക്കാൾ നല്ല ചിത്രം വരയ്ക്കാൻ അച്ഛനു കഴിയുമോ?’

കണ്ണീരൊഴുക്കിക്കൊണ്ട് അച്ഛൻ : ‘എനിക്കു കഴിയില്ല മോനേ. വലിയ ഉയരങ്ങൾ താണ്ടാൻ കഴിവുള്ളവനാണു നീ. പക്ഷേ സമർത്ഥനായിക്കഴിഞ്ഞെന്ന് നീയിപ്പോൾ വിചാരിക്കുന്നു. ഇതോടെ നിന്റെ സർഗ്ഗശേഷിയുടെ വഴിയടഞ്ഞു. എനിക്കു ദുഃഖമുണ്ട്.’ അച്ഛനെ നയിച്ചത് ‘പെരുന്തച്ഛൻ കോംപ്ലെക്സ്’ ആയിരുന്നില്ല, മകൻ അർഹിക്കുന്ന ഉയരത്തിലെത്തണമെന്ന തീവ്രമായ ആഗ്രഹമായിരുന്നു.

ഭാവനയും ഒറിജിനൽ ചിന്തയും കൊണ്ട് കഥ, കവിത, ചിത്രം, ഗാനം, നൃത്തം, ശാസ്ത്രസാങ്കേതികരൂപങ്ങൾ തുടങ്ങിയവ, ആരും രചിച്ചിട്ടില്ലാത്ത രീതിയിൽ സൃഷ്ടിക്കാനുള്ള വൈഭവമാണ് സർഗ്ഗശേഷി. തീരെച്ചുരുക്കം പേർക്കു മാത്രമുള്ള ഭാഗ്യം. അനുകരണംകൊണ്ടും മോഷണംകൊണ്ടും രചനാശേഷി കൃത്രിമമായി പ്രകാശിപ്പിക്കുന്നവരുണ്ട്. പക്ഷേ ഏറെക്കാലം അംഗീകാരം നിലനിർത്താൻ അവർക്കു കഴിയില്ല. അനുകരണം ആത്മഹത്യയെന്ന് എമേഴ്സൻ.

സൃഷ്ടിയുടെ പ്രഭവകേന്ദ്രം കടുത്ത അനുഭവമാകാം. അതിനുള്ള പ്രചോദനം അനീതിക്കെതിരെ പോരാടാനുള്ള ആഗ്രഹമാകാം. പുതിയതു ചെയ്യാനുള്ള തീവ്രമോഹമാകാം. ജന്മസിദ്ധമായ താല്പര്യം മാത്രമാണെന്നും വരാം. ഗുരുവും ശിഷ്യനും ഒരേ ആളിൽ വസിക്കുന്ന പഠനപ്രക്രിയയാണ് സർഗ്ഗാത്മകവൃത്തി എന്ന് ആർതർ കെസ്റ്റ്ലർ. സർഗ്ഗസൃഷ്ടി ആൾക്കുട്ടം നടത്തുന്നതല്ല. തനതായ ആശയങ്ങൾ വിരിയുന്നത് ഏകാന്തതയിലാവും. ആശയങ്ങൾ പൂർണരൂപത്തിലുള്ള കഥയോ കവിതയോ ചിത്രമോ ഗാനമോ ആക്കി വിജയിക്കണമെങ്കിൽ ആ മേഖലയിലെ സാങ്കേതിക നൈപുണ്യം നേടിയിരിക്കണം. ബുദ്ധിയുടെ ചില ഭാഗങ്ങൾ സർഗ്ഗധനരിൽ നന്നായി വികസിച്ചിരിക്കും. നിരീക്ഷണശീലവും വിശകലനശേഷിയും കൃത്യമായിരിക്കും.

ഐൻസ്റ്റൈൻ ഇക്കാര്യത്തിൽ ഗൗരവത്തോടെ ചിലതു പറഞ്ഞിട്ടുണ്ട്: ‘ഭാവനയാണ് എല്ലാം. വരാൻ പോകുന്ന വശ്യരൂപങ്ങളുടെ തിരനോട്ടമാണത്. എന്റെ കണ്ടെത്തലുകളൊന്നും യുക്തിപൂർവം ചിന്തിച്ചു കൈവരിച്ചതല്ല.’ പ്രയോഗിക്കുന്തോറും സർഗ്ഗശേഷി വളരും, തേഞ്ഞുപോകില്ല. പക്ഷേ എല്ലാ രചനകളും ഒന്നാന്തരമായിരിക്കുമെന്ന സ്വപ്നം വേണ്ട. ചിലതു മോശമായിപ്പോകാമെന്നും ഓർത്താൽ ദുഃഖിക്കേണ്ടിവരില്ല. പല തെറ്റുകളിൽ നിന്നാവും ഒരു ശരി രൂപപ്പെടുക. പരാജയത്തിലും ആവേശജ്വാല അണയാതെ നിർത്തണം.

മികച്ച കവികളെപ്പോലെ അസാധാരണ സർഗ്ഗശേഷിയാൽ അനുഗൃഹീതരായവർക്കു ചേരുന്ന കാര്യം ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട് : കാമുകനെയും ചിത്തഭ്രമമുള്ളയാളെയും പോലെയാണ് കവി. മൂവർക്കുമുണ്ട് സാന്ദ്രമായ ഭാവന (എ മിഡ്സമ്മർ നൈറ്റ്’സ് ഡ്രീം – 5 :1). ഇതിനോടടുത്ത കാര്യം പ്രശസ്ത ഗ്രന്ഥകാരനും നരവംശശാസ്ത്രജ്ഞനുമായ എർണസ്റ്റ് ബെക്കർ എഴുതി : ‘സർഗ്ഗശേഷിയിലേക്കുള്ള പാത ഭ്രാന്താലയത്തിന് തൊട്ടടുത്താണ്. പലപ്പോഴും അത് അവിടെ ചെന്നെത്തുകയും ചെയ്യുന്നു’. ബ്രിട്ടീഷ് ദാർശനികൻ സി ഇ എം ജോഡ് നർമ്മം കലർത്തിപ്പറഞ്ഞു, ‘ആശയങ്ങൾ എവിടെനിന്നു കിട്ടിയെന്നത് മറയ്ക്കാനുള്ള കഴിവാണ് സർഗ്ഗശേഷി’. ഇവയെല്ലാം   അഭിപ്രായങ്ങളെന്നു കരുതിയാൽ മതി.

bs-warrior-motivational-column-how-to-develop-your-skill-set
Representative Image. Photo Credit : kan_chana / Shutterstock.com

അനന്യസർഗ്ഗശേഷിയുടെ ഉടമയായ ലിയണാർഡോ ഡാവിഞ്ചി : ‘ചിത്രകാരന്റെ മനസ്സിലെന്നപോലെ കൈയിലുമുണ്ട് പ്രപഞ്ചം’. പിക്കാസോ പറഞ്ഞതു മറ്റൊന്ന് : ‘സൂര്യനെ വെറും മഞ്ഞപ്പൊട്ടായി മാറ്റുന്ന ചിത്രകാരന്മാരുണ്ട്. മറ്റു ചിലരാകട്ടെ, കലയും ബുദ്ധിയും കൊണ്ട് മഞ്ഞപ്പൊട്ടിനെ സൂര്യനായി മാറ്റുന്നു’. വല നെയ്യുന്ന എട്ടുകാലിക്ക് സർഗ്ഗശേഷിയുണ്ടെന്നു കരുതിക്കൂടാ. സഹജാവബോധം കൊണ്ട് അങ്ങനെ ചെയ്യുന്നു. പുതിയൊരു ഡിസൈൻ ആവിഷകരിച്ച് വലയെ കൂടുതൽ മനോഹരമാക്കാൻ അതിനു കഴിവില്ല.  അതിന്റെ ആവശ്യവുമില്ല. കാരണം, സൗന്ദര്യം ആസ്വദിക്കാനോ, കൂടുതൽ സൗന്ദര്യമുള്ളതിനെ തിരിച്ചറിയാനോ അതിന് കഴിവില്ല. പെറ്റുവീണ പശുക്കിടാവ് എത്ര വേഗമാണ് പാൽതേടി അമ്മയുടെ മുലയിലെത്തുന്നത്! ആരും അതിനെ പഠിപ്പിക്കേണ്ടതില്ല. പ്രകൃതി കനിഞ്ഞു നല്കിയ സഹജാവബോധമില്ലെങ്കിൽ  അതിനു ജീവിതമില്ല. വളർത്തുമൃഗമാകുമ്പോൾ മനുഷ്യന്റെ സഹായം കിടാവിനു കിട്ടും. പക്ഷേ അതില്ലാത്ത സാഹചര്യങ്ങളിൽ സസ്തനജീവികളിൽ ഈ പ്രകൃതം വിസ്മയകരമായി പ്രവർത്തിക്കുന്നു. എട്ടുകാലിയുടെ കലയും ഇതുതന്നെ.

ഇക്കാര്യങ്ങളിലെല്ലാം സർഗ്ഗധനനായ മനുഷ്യൻ വേറിട്ടു നിൽക്കുന്നു. സർഗ്ഗശക്തികൊണ്ട് അനുഗൃഹിതരായവർ ശാസ്ത്രീയപരിശീലനവും നിരന്തരപരിശ്രമവും കൊണ്ട് അതിനെ പോഷിപ്പിക്കേണ്ടതുണ്ട്. സ്വന്തം ഭാഗ്യം കാണാതെ പോകരുത്. ഭാഷയിലെ പദങ്ങളത്രയും അർത്ഥസഹിതം പഠിക്കാൻ പരിശ്രമിക്കു കഴിഞ്ഞേക്കാം. പക്ഷേ ‘കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം’ എന്ന മട്ടിൽ പദങ്ങളെ വിന്യസിച്ചു കൂട്ടിയിണക്കി ഹൃദയഹാരിയാക്കാൻ സർഗ്ഗധനനേ കഴിയൂ. 

പദസമ്പത്തു തീരെക്കുറഞ്ഞ കുട്ടികൾ ആസ്വാദ്യമായ ചെറുകവിതകൾ രചിക്കാറുണ്ട്. പദകുബേരന്മാർ ഞെക്കിപ്പഴുപ്പിച്ച മാമ്പഴംകണക്കെ വിരസമായ വരികൾ കവിതയെന്ന പേരിൽ പടച്ചുവിട്ട് വായനക്കാരെ പീഡിപ്പിക്കാറുമുണ്ട്. ഇതിൽനിന്നു സർഗ്ഗശക്തിയുടെ മഹിമ വേഗം തിരിച്ചറിയാം. ഈ സിദ്ധിയില്ലാത്ത എത്രയോ പേർ കേവലം ആഗ്രഹംകൊണ്ടു മാത്രം കലയുടെ രംഗത്ത് കഷ്ടപ്പെട്ടു പ്രവർത്തിക്കുന്നു; പക്ഷേ പരാജയപ്പെട്ടുപോകുന്നു. സർഗ്ഗശക്തിയുടെ അനുഗ്രഹമുള്ളവർ അലസരായി ഭാഗ്യം കളഞ്ഞുകുളിക്കരുത്. പ്രോത്സാഹിപ്പിക്കാൻ ഗുണകാംക്ഷികളുടെ സഹായം സ്വീകരിക്കാം. സ്വയംപ്രോത്സാഹനം ശക്തമാക്കുകയുമാകാം. അണയാത്ത ആവേശജ്വാല അതീവ പ്രധാനം.

English Summary : B.S. Warrior Motivational Column - How to develop your skill set

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA