ADVERTISEMENT

ഒരു കാലമുണ്ടായിരുന്നു... ഹ്യൂമാനിറ്റീസ്, ആർട്സ് വിഷയങ്ങൾ പഠിക്കുന്നവർ സിവിൽ സർവീസിനോ മറ്റു സർക്കാർ ജോലികൾക്കോ കോളജ് അധ്യാപനത്തിനോ മാത്രമുള്ളവരാണെന്ന മുൻവിധിയിലായിരുന്നു സമൂഹം. അത്തരം അതിരുകൾ മായുന്നു. അടുത്തമാസം നടക്കുന്ന എൻജിനീയറിങ് ഉപരിപഠന പ്രവേശനപരീക്ഷ ‘ഗേറ്റി’ൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന പേപ്പർ ‘ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്’ ആണ്. ഹ്യുമാനിറ്റീസ്/ ആർട്സ് ബിരുദധാരികൾക്ക് ഈ പേപ്പറിൽ ‘ഗേറ്റ്’ എഴുതി മു‍ൻനിര സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്താം. ഐഐഎമ്മുകളിലേക്കും മറ്റുമുള്ള പ്രവേശനപരീക്ഷ ‘ക്യാറ്റി’ലും ഹ്യുമാനിറ്റീസ്/ ആർട്സ് ബിരുദധാരികൾ ഉന്നതവിജയം നേടുന്നു. ഐഐടികൾക്കു പിന്നാലെ ഐഐഎമ്മുകളും ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ പുതിയ പ്രോഗ്രാമുകൾ തുടങ്ങുന്ന കാലവുമാണിത്. മാനവിക വിഷയങ്ങൾക്കു മാനേജ്മെന്റ്, ടെക്നോളജി മേഖലകളിൽ പ്രസക്തിയേറുകയാണിപ്പോൾ. മനുഷ്യബന്ധങ്ങളെയും ജീവിതരീതിയെയും തന്നെ കോവിഡ് ഉടച്ചുവാർത്തതോടെ കാഴ്ചപ്പാടിലെ ഈ മാറ്റത്തിന് ആക്കം കൂടുകയും ചെയ്തു. 

iim-kozhikode-campus
Indian Institute of Management Kozhikode

ആർട്സ് @ ഐഐഎം

ഹ്യുമാനിറ്റീസ് പഠനത്തിൽ പുതിയ സാധ്യതകളുടെ മികച്ച ഉദാഹരണമാണ് കോഴിക്കോട് ഐഐഎമ്മിൽ (www.iimk.ac.in) കഴിഞ്ഞവർഷം തുടങ്ങിയ പിജി പ്രോഗ്രാം ഇൻ ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്‌മെന്റ്. ഭാവിയിൽ വേണ്ടത് സാമൂഹിക പ്രതിബദ്ധത പുലർത്തുന്ന മാനേജർമാരെയാണെന്ന കാഴ്ചപ്പാടോടെ രൂപപ്പെടുത്തിയ കോഴ്സാണിതെന്ന് ഐഐഎം അസോഷ്യേറ്റ് പ്രഫസർ ഡോ. അനുപം ദാസ് പറയുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ, കോർപറേറ്റ് മേഖലയിലെ അയയുന്ന തൊഴിൽ ബന്ധങ്ങൾ തുടങ്ങിയ വെല്ലുവിളികൾക്കു പരിഹാരമേകാൻ ആർട്‌സ്, ഹ്യൂമാനിറ്റീസ് പശ്ചാത്തലമുള്ള മാനേജർമാർക്കു കഴിയുമെന്നാണു കണക്കുകൂട്ടൽ. ക്യാറ്റ്, ജിആർഇ, ജിമാറ്റ് സ്‌കോറുകളുടെ അടിസ്ഥാനത്തിലാണു പ്രവേശനം. 2 വർഷമാണു കോഴ്സ് ദൈർഘ്യം. ആമസോൺ, അക്‌സഞ്ചർ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽ പ്ലേസ്‌മെന്റ് സാധ്യതയും കോഴ്‌സിന്റെ ആകർഷണമാണ്.

ഈ പാത പിന്തുടർന്ന് ഐഐഎം ബാംഗ്ലൂരിലെ ഇക്കണോമിക്‌സ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്മെന്റ് ലിബറൽ ആർട്‌സിൽ ബിഎ തുടങ്ങാൻ പദ്ധതിയിടുകയാണിപ്പോൾ. ഐഐഎം ഇൻഡോറിലെ (www.iimidr.ac.in) 5 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റിലും (ഐപിഎം) ഹ്യുമാനിറ്റീസ് പഠനത്തിനു വലിയ ഊന്നൽ നൽകുന്നു. 

ഐഐടികളിൽ ഇങ്ങനെ

ഐഐടി മദ്രാസിലെ (www.iitm.ac.in) 5 വർഷത്തെ ഇന്റഗ്രേറ്റഡ് എംഎ (ഇംഗ്ലിഷ് / ഡവലപ്മെന്റ് സ്റ്റഡീസ്) പ്രോഗ്രാം ഇപ്പോൾ തന്നെ ഏറെ ശ്രദ്ധേയമാണ്. ഐഐടി ഗാന്ധിനഗറിലെ (www.iitgn.ac.in) എംഎ സൊസൈറ്റി ആൻഡ് കൾചർ പ്രോഗ്രാം ഇന്റർഡിസിപ്ലിനറി പഠനസാധ്യതകൾക്കു മികച്ച ഉദാഹരണമാണ്. ഈ പ്രോഗ്രാമിലേക്ക് ഈ മാസം 31 വരെ അപേക്ഷിക്കാം. എംഎ ഡവലപ്മെന്റ് സ്റ്റഡീസ് പഠനസൗകര്യമുള്ള മറ്റൊരു ഐഐടിയാണ് ഗുവാഹത്തി (www.iitg.ac.in). 

എന്താണു മെച്ചം ?

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇങ്ങനെയായതുകൊണ്ട് എന്തു കാര്യമെന്നും സാധാരണ കോളജുകളിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ എന്തു മാറ്റം വരുമെന്നും ചോദ്യമുയരാം. ഇന്റർഡിസിപ്ലിനറി പഠന പ്രോഗ്രാമുകൾക്ക് എവിടെയും പ്രസക്തിയേറുകയാണ്. ഇതിന്റെ ആദ്യ പ്രതിഫലനം ഐഐഎമ്മുകളിലും ഐഐടികളിലും ഇപ്പോൾ കാണുന്നുവെങ്കിൽ അടുത്ത ഘട്ടത്തിൽ മറ്റു കോളജുകളിലും കാണാം. ലോകം മാനേജ്മെന്റ്, ടെക് വിദഗ്ധരുടെ കയ്യിലൊതുങ്ങുന്നുവെന്നും മാനവിക വിഷയങ്ങൾ പഠിക്കുന്നവർക്ക് ഇടമില്ലാതാകുന്നുവെന്നുമുള്ള തെറ്റിദ്ധാരണ കൂടിയാണു നീങ്ങുന്നത്. സാഹിത്യവും കലയും മറ്റു മാനവിക വിഷയങ്ങളും അറിയുന്നവരുടെ വില ലോകം തിരിച്ചറിയുകയാണ്. ടെക്നോളജി കമ്പനികളും മാനേജ്മെന്റ് സ്ഥാപനങ്ങളും വരെ അവരെ തേടിവരുന്നു. 

English Summary : Career Guru - IITs have lot to offer to humanities students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com