ADVERTISEMENT

തിരുവനന്തപുരത്ത് സ്വിഗ്ഗി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിൽ ജോലി ചെയ്യുന്ന മനു (പേര് യഥാർഥമല്ല) ഒരു വർഷം മുൻപു വരെ നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ആ ജോലി നഷ്ടമായതോടെയാണ് സ്വിഗ്ഗിയിലെത്തിയത്. ആദ്യ സ്ഥാപനത്തിൽ രാവിലെ കൃത്യം ഒൻപതിനു ജോലിക്കെത്തണമായിരുന്നു. ജോലിയൊക്കെ തീർന്നാലും രാത്രി 9 വരെ ഓഫിസിലുണ്ടാകണം. ഇന്നാകട്ടെ മനു എത്ര മണിക്കൂർ ജോലിക്ക് ഹാജരാകുന്നുവെന്നതു പ്രശ്നമല്ല. ഇഷ്ടമുള്ള സമയത്തു തിരിച്ചുപോകാം. വേണമെങ്കിൽ അധികസമയം ജോലി ചെയ്തു കൂടുതൽ സമ്പാദിക്കാം. ഏൽപിക്കുന്ന ജോലി കൃത്യസമയത്തു വൃത്തിയായി ചെയ്യുകയല്ലാതെ ബാധ്യതകളൊന്നുമില്ല. 

 

അപ്‍വർക്ക് എന്ന ഫ്രീലാൻസിങ് വെബ് പ്ലാറ്റ്ഫോമിലൂടെ കണ്ടന്റ് റൈറ്റിങ് ജോലികൾ ചെയ്യുന്ന ജോസ്ബിന്റെ ജീവിതവും സമാനം. ജോലി തരുന്നത് ആരാണെന്നതു പോലും പ്രശ്നമല്ല.

 

ഫുൾടൈം ജോലിക്കുപകരം ഹ്രസ്വകാല കോൺട്രാക്ടിനും ഫ്രീലാൻസിങ്ങിനും പ്രാധാന്യം നൽകുന്ന ‘ഗിഗ് ഇക്കോണമി’യുടെ ഭാഗമാണിവരെല്ലാം. സ്ഥിരജോലിയെ ആശ്രയിക്കാതെ ഓൺലൈനായി പലവിധ ജോലികൾ സ്വന്തമായി ഏറ്റെടുത്തു ചെയ്യുന്ന പുതിയ കരിയർ രീതിക്കു പ്രോത്സാഹനമാണ് ഇത്തവണത്തെ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. സ്ഥിര ജോലിയല്ലാത്തതുകൊണ്ട് ‘ഗിഗ് തൊഴിലാളികൾ’ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്കു പ്രോവിഡന്റ് ഫണ്ട്, ആരോഗ്യ ഇൻഷുറൻസ്, വായ്പ തുടങ്ങിയ പരിഹാരമാർഗങ്ങളാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. സാധ്യതകൾക്കൊപ്പം തന്നെ വെല്ലുവിളികളുമാണ് ഗിഗ് ഇക്കോണമിയിൽ കാത്തിരിക്കുന്നതെന്നു വ്യക്തം.

 

എന്തുകൊണ്ട് ഗിഗ് ഇക്കോണമി ?

കോവിഡിനു ശേഷം ‘വർക് ഫ്രം ഹോം’ രീതി വ്യാപകമായത് ഗിഗ് ഇക്കോണമിയെ ശക്തമാക്കിയെന്നാണു വിലയിരുത്തൽ. ഒരു നിശ്ചിത സമയപരിധിയിൽ പൂർത്തിയാക്കേണ്ട ജോലിക്കായി മുഴുവൻസമയ ജീവനക്കാരനെ വയ്ക്കുകയെന്ന രീതിയിൽനിന്നു പല കമ്പനികളും പിന്നാക്കം പോയിത്തുടങ്ങി. ഒരു പ്രത്യേക ജോലിക്കു വേണ്ട കഴിവുകളെല്ലാം ഒരു മുഴുവൻസമയ ജീവനക്കാരനുണ്ടാകണമെന്നില്ല. അതിനുപകരം ഒന്നിലധികം ഫ്രീലാൻസർമാർക്കു ജോലി വിഭജിച്ചു നൽകാം. ഹ്രസ്വകാല കരാർ മാത്രമാകും ജീവനക്കാരും തൊഴിൽദാതാവും തമ്മിലുണ്ടാവുക. മിക്ക ഗിഗ് ഇക്കോണമി ജോലികളും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ കേന്ദ്രീകരിച്ചായതിനാൽ കേരളത്തിനു മികച്ച അവസരമാണിതെന്നാണു വിലയിരുത്തൽ. വൻകിട കമ്പനികളുടെ ജോലികളുടെ ഒരു ഭാഗം കേരളത്തിലെ ഒരു വിദൂരഗ്രാമത്തിലിരുന്നു വരെ ചെയ്യാനാകും. ഭൂമിശാസ്ത്രപരമായ അതിരുകൾ ബാധകമല്ല.

 

ഓക്സഫഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ ലേബർ ഇൻഡക്സ് പ്രകാരം ഇന്ത്യയിലാണ് ഏറ്റവുമധികം ഓൺലൈൻ ഗിഗ് തൊഴിലാളികളുള്ളത്. ഇതു രാജ്യാന്തര ഓൺലൈൻ തൊഴിൽസേനയുടെ 24 ശതമാനമാണ്.

 

വെല്ലുവിളികളേറെ

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള ഗിഗ് ജോലികൾക്കു വെല്ലുവിളികളും ഏറെയാണ്. അപ്പപ്പോഴത്തെ ജോലികളുടെ അടിസ്ഥാനത്തിനുള്ള താൽക്കാലിക കരാറുകളായതിനാൽ സാമൂഹിക സുരക്ഷ ചോദ്യചിഹ്നമാണ്. ചൂഷണസാധ്യതയാണ് മറ്റൊരു വെല്ലുവിളി. ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ പലതും തുടക്കത്തിൽ മികച്ച സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയിരുന്നെങ്കിൽ ഇന്നതു തീർത്തും കുറഞ്ഞു. ഇതു രാജ്യത്തിനകത്തും പുറത്തും പലതരം പ്രതിഷേധങ്ങൾക്കു വഴിവച്ചിരുന്നു. ഇത്തരം വിടവുകൾ പരിഹരിക്കാൻ സർക്കാർ ഇടപെടലുകൾ അനിവാര്യമാണ്. 

 

സർക്കാരിന്റെ റോൾ

കമ്പനികൾക്കു മുഴുവൻ സമയ ജീവനക്കാരായോ ഫ്രീലാൻസായോ ആളുകളെ റിക്രൂട്ട് ചെയ്യാൻ പറ്റുന്ന തരത്തിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ–ഡിസ്ക്) നേതൃത്വത്തിൽ സജ്ജമാക്കുന്നത്. അടുത്തമാസം റജിസ്ട്രേഷൻ ആരംഭിക്കും. പുതുതലമുറ ജോലികൾക്ക് ആവശ്യമായ കഴിവില്ലാത്തവർക്ക് അതിനാവശ്യമായ പരിശീലനവും ഇതേ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കാനാണു പദ്ധതി.

 

കോവിഡിനു ശേഷം ഗിഗ് ഇക്കോണമിയിലെ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് മിക്ക റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസമുണ്ടായിട്ടും മുഴുവൻ സമയജോലിക്കു പോകാൻ കഴിയാത്തവർക്ക് ഇതൊരു അവസരമാണ്. ഉദാഹരണത്തിന് ഐടി പശ്ചാത്തലമുണ്ടെങ്കിലും ഇപ്പോൾ ജോലിയില്ലാത്ത ഒരു സ്ത്രീക്ക് 100 മണിക്കൂർ ദൈർഘ്യമുള്ള സോഫ്റ്റ്‍വെയർ ടെസ്റ്റിങ് സ്വന്തം വീട്ടിലിരുന്നു ചെയ്യാം. വീട്ടിൽ ഇന്റർനെറ്റ് ബാൻഡ്‍വിഡ്ത്ത് ഇല്ലെങ്കിൽ സർക്കാർ നിർമിക്കുന്ന ‘വർക് നിയർ ഹോം’ സെന്ററുകളിൽ പോയിരുന്ന് ഇഷ്ടമുള്ള സമയത്തു ജോലി ചെയ്യാം.

 

മുഹമ്മദ് സഫിറുല്ല

അഡീഷനൽ സെക്രട്ടറി, ഐടി വകുപ്പ്

English Summary: Career Scope of Online Jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com