ADVERTISEMENT

യുഎസിലെ ഹാർവഡ് സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി ജോലി കിട്ടിയെന്നു പറഞ്ഞ് കബളിപ്പിക്കപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തക നിധി റസ്ദാന്റെ അനുഭവം ഇന്നത്തെ കാലത്തെ തൊഴിൽ തട്ടിപ്പിന്റെ വ്യാപ്തിയും ശേഷിയും വ്യക്തമാക്കുന്നു. ‘കരിയർ ഗുരു’വിൽ തന്നെ മുൻപ് ഒന്നിലേറെ തവണ ചർച്ച ചെയ്ത വിഷയമാണെങ്കിലും ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ എത്ര ആവർത്തിച്ചാലും തെറ്റില്ലെന്നു ബോധ്യപ്പെടുത്തുന്നതാണ് അനുദിനം ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ.

പ്രധാന കാര്യങ്ങൾ എപ്പോഴും ഓർക്കാം

∙ ഓൺലൈനായി വരുന്ന ജോബ് ഓഫറുകൾ എല്ലാം സത്യമല്ല; പ്രത്യേകിച്ചും അപേക്ഷിക്കാതെ ലഭിക്കുന്നവ. ലഭിക്കുന്ന മെയിൽ യഥാർഥമോ വ്യാജമോ എന്നുറപ്പാക്കാൻ അയച്ച സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ള കോണ്ടാക്ട് ഇമെയിൽ അഡ്രസിൽ നേരിട്ടു ബന്ധപ്പെടുക. നിയമന നടപടിക്രമങ്ങളിൽ കാലതാമസമുണ്ടായപ്പോൾ ഇങ്ങനെ അധികൃതരെ ബന്ധപ്പെട്ടതിനാലാണ് താൻ തട്ടിപ്പിന് ഇരയാകുകയായിരുന്നുവെന്നു നിധി തിരിച്ചറിഞ്ഞത്.

∙ ജോബ് ഓഫർ മാത്രമല്ല, ഇന്റർവ്യൂ ഉൾപ്പെടെ നിയമനത്തിനുള്ള വിവിധ പ്രാരംഭ നടപടികൾ വരെ വ്യാജമായി നടത്തി തട്ടിപ്പിനിരയാക്കുമെന്നു നിധി റസ്ദാൻ സംഭവം ഓർമിപ്പിക്കുന്നു. ആദ്യ ഘട്ടത്തിൽ ഇന്റർവ്യൂവോ എഴുത്തുപരീക്ഷയോ എന്തോ ആകട്ടെ, അതിനു മുൻപു തന്നെ സ്ഥാപനവുമായി നേരിട്ടു ബന്ധപ്പെടേണ്ടത് അനിവാര്യം. സർക്കാർ സ്ഥാപനങ്ങളുടെ പേരിലും വ്യാജ നോട്ടിഫിക്കേഷനുകളും ഓഫറുകളുമൊക്കെ എത്താറുണ്ട്. ഇതു കാണുന്ന പക്ഷം അതതു സ്ഥാപനങ്ങളുടെ അധികാരികളെ വിവരമറിയിക്കുക.

∙ ഹാർവഡിലെ നിയമന അറിയിപ്പ് ലഭിച്ചതിനു പിന്നാലെ നിധി റസ്ദാൻ എൻഡിടിവിയിലെ ജോലി ഉപേക്ഷിച്ചിരുന്നു. ഇത്തരമൊരു തീരുമാനത്തിനു മുൻപു കൂടുതൽ ജാഗ്രത വേണമെന്നു ഗുണപാഠം.

∙ നിധി റസ്ദാനു ലഭിച്ച അറിയിപ്പുകളെല്ലാം ഇമെയിലിലും ഇന്റർവ്യൂവും മറ്റും ഓൺലൈനിലുമായിരുന്നു. തട്ടിപ്പിനുള്ള സാധ്യത ഓൺലൈനിൽ കൂടുതലാണെന്ന് ഓർക്കുക.

∙ ഏതു സാഹചര്യത്തിലും പണം അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള മെയിലുകൾ അവഗണിക്കുക. പ്രമുഖ സ്ഥാപനങ്ങളൊന്നും നിയമനങ്ങൾക്കു പണം ഈടാക്കില്ലെന്ന് ഓർക്കുക.

English Summary: Nidhi Razdan and Online Job Frauds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com