ADVERTISEMENT

ഫീനിക്സ് പക്ഷിയെപ്പോലെ’ എന്ന പ്രയോഗം നമ്മളെല്ലാവരും ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ടാവാം. ഇല്ലെങ്കിൽ കേട്ടിട്ടെങ്കിലും ഉണ്ടാകുമെന്നുറപ്പ്. സ്ഥിരമായി ഈ പ്രയോഗം നടത്തുന്നവർപോലും എന്താണ് ഇതിനു പിറകിലെ കഥയെന്ന് അറിഞ്ഞിട്ടുണ്ടാകുമോ എന്നു സംശയം. 

 

ഫീനിക്സ് പക്ഷിയുടെ കഥ ഗംഭീരമാണ്. ഇണകളൊന്നുമില്ലാതെ ഏകാന്തതയിൽ ജീവിക്കുന്ന സാങ്കൽപിക പക്ഷിയാണു ഫീനിക്സ്. അതിന്റെ കൊക്ക് പുല്ലാങ്കുഴൽ പോലെ നീണ്ടതാണ്. കൊക്കിലെ നൂറു ദ്വാരങ്ങളിലൂടെ അത് നൂറുതരത്തിലുള്ള സംഗീതം പുറപ്പെടുവിച്ചുകൊണ്ടേയിരിക്കും. അതു കേൾക്കുമ്പോൾ ആകാശത്തിലെ എല്ലാ പറവകളും സമുദ്രത്തിലെ എല്ലാ മത്സ്യങ്ങളും കാട്ടിലെ എല്ലാ മൃഗങ്ങളും നിശബ്ദരാവുകയും ഒരുതരം ആനന്ദമൂർഛയിൽ എത്തുകയും ചെയ്യും. 

 

ഫീനിക്സ് ആയിരം വർഷത്തോളം ജീവിക്കുമെന്നാണു പറയുന്നത്. മരണമടുക്കുമ്പോൾ അതിനു സ്വയം തിരിച്ചറിയാൻ കഴിയും. അതോടെ ഫീനിക്സ് പക്ഷി മരങ്ങൾ ശേഖരിച്ച് സ്വയം ഒരുക്കിയ ചിതയുടെ നടുവിൽ പോയി നിൽക്കും. കൊക്കിലെ ദ്വാരങ്ങളിലൂടെ ഹൃദയഭേദകമായ സംഗീതം പുറപ്പെടുവിക്കും. അതു കേൾക്കെ നിശ്ചലരായി നോക്കിനിൽക്കുന്ന പക്ഷികളെയും മൃഗങ്ങളെയും സമുദ്രജീവികളെയുമൊക്കെ സാക്ഷിയാക്കി ഫീനിക്സ് ചിതയിൽ എരിഞ്ഞടങ്ങും. 

പക്ഷേ, ഫീനിക്സ് അവിടെ അവസാനിക്കുന്നില്ല. ആ കൽക്കരി മുഴുവൻ ചാരമായിത്തീരുമ്പോൾ അതിൽ ഒരു തീപ്പൊരി മാത്രം അവശേഷിക്കുന്നുണ്ടാകും. അതിൽനിന്നു പുതിയൊരു ഫീനിക്സ് പക്ഷി പറന്നുയരുന്ന സമയത്ത് പുതിയൊരു മാസ്മരിക സംഗീതം മുഴങ്ങുമെന്നാണു കഥ. 

 

എന്താണ് ഈ കഥ നമ്മോടു പറയുന്നതെന്നുകൂടി ചിന്തിക്കണം. ലോകത്തെ മുഴുവൻ ആനന്ദത്തിലാഴ്ത്താൻ കഴിവുണ്ടായിരുന്ന ഫീനിക്സിനെപ്പോലെ നമ്മോടൊപ്പമുള്ളവരെ ആനന്ദത്തോടെ ചേർത്തുനിർത്താൻ നമുക്കും ശ്രമിച്ചുകൂടേ? മരണം മുന്നിലെത്തിയെന്നറിയുമ്പോഴും സ്വയം ചിതയൊരുക്കിയിരിക്കുമ്പോഴും ചുറ്റിലും സംഗീതം നിറയ്ക്കാനാവുന്നത് ജീവിതകാലം മുഴുവൻ നൻമയിലൂടെ മാത്രം ഫീനിക്സ് ജീവിച്ചതുകൊണ്ടാണ്. അതു നമുക്കും പാഠമാക്കാവുന്നതാണ്. കത്തിയെരിഞ്ഞു ചാരമായിട്ടും ഒരു തീപ്പൊരി മാത്രം അവശേഷിക്കുമ്പോഴും അതിൽനിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ള ആത്മവിശ്വാസം, ഇച്ഛാശക്തി–അതാണു ഫീനിക്സ് പറഞ്ഞുതരുന്ന ഏറ്റവും വലിയ പാഠം. 

 

മത്സരപ്പരീക്ഷകൾ പലതിനും തയാറെടുക്കുന്നുവരാണു നിങ്ങൾ. മാസങ്ങളോ വർഷങ്ങളോ നീണ്ട തയാറെടുപ്പിനൊടുവിൽ നടക്കുന്ന പരീക്ഷയ്ക്കുവേണ്ടി കാത്തിരിക്കുന്നവർ. അതുവഴി നേടാൻ കൊതിക്കുന്ന ജോലി സ്വപ്നം കാണുന്നവർ. പക്ഷേ, ഒരു തവണയോ രണ്ടു തവണയോ മൂന്നു തവണയോ ഉള്ള ശ്രമംകൊണ്ടു ലക്ഷ്യത്തിലെത്താൻ പലർക്കും സാധിക്കാറില്ല. പരാജയത്തിന്റെ ഓരോ പടവിലും സ്വന്തം ആത്മവിശ്വാസത്തെ ചാരമാക്കുന്നവരാണു പലരും. എന്നാൽ, പരാജയമെന്ന ചാരത്തിൽനിന്ന് വിജയമെന്ന ചിറകു മുളപ്പിച്ചു പറയുന്നയരാൻ കഴിയുമ്പോഴേ നമുക്കു നമ്മോടുതന്നെ ബഹുമാനം തോന്നുന്നുള്ളൂ എന്നതാണു സത്യം. 

 

ചെറിയൊരു പരാജയത്തിനു മുന്നിൽപ്പോലും, മുൻപിൻ നോക്കാതെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുക്കുന്നവർ മനസ്സിൽ കൊണ്ടുനടക്കേണ്ടതാണ് ഫീനിക്സ് പക്ഷിയെക്കുറിച്ചുള്ള ഈ കഥ. ഉയിർത്തെഴുന്നേൽപിന്റെ ഈ മനോഹരമായ കഥ ഉള്ളിലുണ്ടെങ്കിൽ പരാജയങ്ങൾ നമ്മെ തളർത്തില്ല. ഓരോ പരാജയത്തിന്റെയും ചാരത്തിൽനിന്നു നമ്മൾ പുതിയ ചിറകുകൾ കണ്ടെത്തും, സ്വപ്നങ്ങളുടെ ആകാശത്തോളം പറന്നുയരുകയും ചെയ്യും. ആ വിശ്വാസം എപ്പോഴും മനസ്സിൽ നിലനിർത്തുകയും വേണം. 

English Summary: Magic Lamp Podcast By Gopinath Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com