ADVERTISEMENT

കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ സാമൂഹിക ഉത്തരവാദിത്തം എന്നത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം പോരാ, വ്യക്തികള്‍ക്കും  ആവശ്യമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുന്ന ചിലരുണ്ട്. ഛത്തീസ്ഗഢിലെ ഗൊറീലയിലെ പോലീസ് സൂപ്രണ്ടായ സൂരജ് സിങ്ങ് പരിഹാര്‍ അത്തരത്തിലൊരാളാണ്. യുപിഎസ് സി പരീക്ഷാര്‍ത്ഥികള്‍ക്ക് സൗജന്യമായി പ്രതിവാര ക്ലാസെടുത്തും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയുമാണ് സൂരജ് സിങ്ങ് പരിഹാര്‍ തന്റെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നത്. 

 

ഹിന്ദി മീഡിയത്തില്‍ പഠിച്ച് 2013ലും 2014ലും സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായ സൂരജ് സിങ്ങിന് പകര്‍ന്നു നല്‍കാന്‍ പാഠങ്ങള്‍ അനവധിയാണ്. ആദ്യ തവണ 334 ഉം രണ്ടാം തവണ 189-ാം റാങ്കുമാണ് സൂരജ് നേടിയത്. 

 

തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും പുതുതലമുറയ്ക്കായി ഇദ്ദേഹം സമയം കണ്ടെത്തും. വെബിനാറുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് സൂരജ് സിങ്ങ് ആയിരക്കണക്കിന് യുപിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെന്ററായി മാറുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ സമാഹരിച്ച് ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെയാണ് സൂരജ് മറുപടി നല്‍കുക. 

 

2500 ഓളം ഉദ്യോഗാര്‍ത്ഥികളാണ് സൂരജിന്റെ ആദ്യ ഓണ്‍ലൈന്‍ സെഷന് എത്തിയത്. രണ്ടാമത്തെ സെഷനില്‍ അത് 3000മായും മൂന്നാമത്തേതില്‍ 13,000 മായും ഉയര്‍ന്നു. ഉദ്യോഗാര്‍ത്ഥികള്‍ തന്നെ ഉന്നയിച്ച ചോദ്യങ്ങള്‍ സമാഹരിച്ച് തയ്യാറാക്കിയ ചോദ്യ ബാങ്കുമായിട്ടാണ് സൂരജ് സെഷന് എത്തുക. അവയ്‌ക്കെല്ലാം മറുപടി നല്‍കി കഴിഞ്ഞാല്‍ മറ്റു ചോദ്യങ്ങളും സ്വീകരിക്കും. ഒന്നൊന്നര മണിക്കൂര്‍ വരെ ഇത്തരം ഓണ്‍ലൈന്‍ വെബിനാറുകള്‍ നീളും. 

 

യുപിഎസ് സിക്ക് ഉയര്‍ന്ന റാങ്ക് നേടിയ മറ്റ് ഉദ്യോഗസ്ഥരെയും ഇത്തരം സെഷനുകള്‍ക്കായി സൂരജ് കൊണ്ടു വരാറുണ്ട്. അവസാനം നടത്തിയ ഓണ്‍ലൈന്‍ സെഷനില്‍ വിവിധ സര്‍വീസുകളിലെ ഒന്‍പത് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

 

യുപിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സൂരജ് നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

 

1. ജോലി ചെയ്തു കൊണ്ടുള്ള പഠനം എങ്ങനെ?

 

ജോലി ചെയ്യവേ പരീക്ഷയ്ക്ക് ഒരുങ്ങുന്നവര്‍ ഇതിനായി സമയം കണ്ടെത്തണം. ജോലിയില്‍ 100 ശതമാനം ഊന്നല്‍ നല്‍കുന്നത് പോലെ, പഠിക്കുന്ന സമയത്ത് 100 ശതമാനം ശ്രദ്ധയും അതിലായിരിക്കണം. 

 

2. പഠനം പാചകം പോലെ

പാചകം ചെയ്യുമ്പോള്‍ നാം വിവിധ സാധനങ്ങള്‍ ചേരുംപടി ചേര്‍ത്താണ് കറികളും മറ്റും ഉണ്ടാക്കുന്നത്. അതേ പോലെ സിലബസ് നന്നായി ഉപയോഗിച്ച് പഠനത്തിനായുള്ള എല്ലാ സാമഗ്രികളും ഒരുക്കി വയ്ക്കണം. 

 

3. വെല്ലുവിളികളെ നേരിടുക

ആശയവിനിമയ ശേഷി മെച്ചപ്പെടുത്താന്‍ ബോധപൂര്‍വമുള്ള ശ്രമം വേണം. ഇംഗ്ലീഷില്‍ സംസാരിക്കാനും കഴിയുന്നത്ര ഇംഗ്ലീഷ് പത്രങ്ങള്‍ വായിക്കാനും ഇംഗ്ലീഷ് പരിപാടികള്‍ വീക്ഷിക്കാനും ശ്രദ്ധിക്കണം. കണ്ണാടിക്ക് മുന്നില്‍ നിന്ന് പ്രാക്ടീസ് ചെയ്യുന്നതും മികച്ച ആശയവിനിമയ ശേഷിയുള്ളവരോട് കൂട്ടു കൂടാന്‍ ശ്രമിക്കുന്നതും സഹായിക്കും. 

 

4. പ്ലാന്‍ ബി മുഖ്യം

സിവില്‍ സര്‍വീസ് പരീക്ഷ വിവിധ കടമ്പകള്‍ നിറഞ്ഞതായതിനാല്‍ അനിശ്ചിതത്വം ഉണ്ട്. അതിനാല്‍ ജീവിക്കാന്‍ വേണ്ടി എപ്പോഴും ഒരു പ്ലാന്‍ ബി ഉണ്ടായിരിക്കണം. സിവില്‍ സര്‍വീസിനൊപ്പം മറ്റ് മത്സര പരീക്ഷകള്‍ എഴുതുന്നത് സഹായകമാകും. നിങ്ങളുടെ സമാധാനത്തേക്കാളും 

ആത്മാഭിമാനത്തേക്കാളുംവലുതല്ല ഒരു പരീക്ഷയും എന്ന ബോധ്യമുണ്ടാകണം. നല്ല പോലെ പരിശ്രമിക്കുക, ഫലം എന്തായാലും അംഗീകരിക്കാന്‍ പഠിക്കുക. 

English Summary: A Police Officer Who Is A Beacon to Prospective Civil Servants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com