ADVERTISEMENT

ഫെലോഷിപ്പുകളിലെ സൂപ്പർതാരമാണു ഫുൾബ്രൈറ്റ്. ലോകത്തെ ഏറ്റവും മികച്ച അധ്യാപകർക്കൊപ്പം യുഎസിലെ സർവകലാശാലകളിൽ ഗവേഷണം. 2020– 21 ബാച്ചിൽ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ വിഭാഗങ്ങളിലായി ഫെലോഷിപ് നേടിയ 11 മലയാളികളെയും അവരുടെ വിഷയങ്ങളെയും പരിചയപ്പെടാം.

ഡോക്ടറൽ ഫെലോഷിപ്: 6 പേർ

  •  കുരുമുളകിന്റെ ഫ്യൂച്ചർ മാർക്കറ്റ് 

കുരുമുളകിനും ഏലത്തിനും എന്തുകൊണ്ട് ഫ്യൂച്ചർ മാർക്കറ്റ് ഇല്ല എന്നതാണു ഐഐടി ബോംബെ സോഷ്യോളജി വകുപ്പിൽ പിഎച്ച്ഡി ചെയ്യുന്ന അങ്കമാലി മൂക്കന്നൂർ സ്വദേശി ടോണി കുര്യന്റെ പഠനവിഷയം. ഫുൾബ്രൈറ്റിലൂടെ മാസച്യുസിറ്റ്‌സ് സർവകലാശാലയിൽ 6 മാസം ഗവേഷണം നടത്തും. ജന്മനാ കാഴ്ചയില്ലാത്ത ടോണി, യുഎസ് സർവകലാശാലകളുടെ ഭിന്നശേഷി സൗഹൃദ സമീപനം എടുത്തുപറയുന്നു. ഫുൾബ്രൈറ്റ് തിരഞ്ഞെടുപ്പു പ്രക്രിയയിലും ഇതു മനസ്സിലാക്കാനായി.

  •  എന്തുകൊണ്ട് അസമത്വം

വികസനം സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക അസമത്വങ്ങളെ എങ്ങനെ സമീപിക്കണം എന്നതാണ് ബെംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പിഎച്ച്ഡി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ആർ.ബി. ചന്ദനയുടെ വിഷയം. ഫുൾബ്രൈറ്റിന്റെ ഭാഗമായി കലിഫോർണിയ സർവകലാശാലയിലേക്കാണു പോകുന്നത്.

  •  സ്ത്രീ വായനാചരിത്രങ്ങൾ

തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽ പിഎച്ച്ഡി ചെയ്യുന്ന തൃശൂർ സ്വദേശി മീര ചന്ദ്രശേഖരൻ 19, 20 നൂറ്റാണ്ടുകളിലെ സ്ത്രീകളുടെ വായനാചരിത്രങ്ങളെക്കുറിച്ചാണു പഠിക്കുന്നത്. യുഎസിലെ വിസ്‌കോൻസെൻ സർവകലാശാലയിലേക്കാണു പോകുന്നത്. ‌

  •  ഫെമിനിസവും മതവും

കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ ചരിത്ര, ജീവിത പഠനമാണ് കോഴിക്കോട് പാവങ്ങാട് സ്വദേശി പി.ശബ്നയെ ഫെലോഷിപ്പിന് അർഹയാക്കിയത്. ഐഐടി മദ്രാസ് ഹ്യുമാനിറ്റീസ് വകുപ്പിൽ ‘ഫെമിനിസവും മതവും’ എന്ന വിഷയത്തിലാണ് ഗവേഷണം. യുഎസിലെ സാൻഡിയാഗോ സർവകലാശാലയിലാണു ഫെലോഷിപ്പിന്റെ ഭാഗമായുള്ള ഗവേഷണം. ‌

  •  ‘ന്യൂറോ’ ഗവേഷണം

തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ അധ്യാപികയാണ് വിനീത സാറ ഫിലിപ്; തിരുവനന്തപുരം സ്വദേശി. മൈസൂർ സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്നു. ന്യൂറോ കമ്യൂണിക്കേഷൻ തകരാറുകൾക്കു സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാനുള്ള ഗവേഷണത്തിന്റെ ഭാഗമായി ഇനി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിലേക്ക്.

  •  നാനോ മെറ്റീരിയൽ സുരക്ഷിതമോ 

ശരീരത്തിൽ വിവിധ നാനോ മെറ്റീരിയലുകൾ സൃഷ്ടിക്കുന്ന ഗുണദോഷങ്ങളെക്കുറിച്ചാണ് തിരുവനന്തപുരം സ്വദേശി അഷ്ടമി ജയകുമാർ ഗവേഷണം നടത്തുന്നത്. ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പിഎച്ച്ഡി ചെയ്യുന്ന അഷ്ടമിയുടെ ഫെലോഷിപ് ഗവേഷണം ഹൂസ്റ്റൺ സർവകലാശാലയിലാണ്.

പോസ്റ്റ് ഡോക്ടറൽ: 5 പേർ

  •  പ്രമേഹമില്ലാത്ത അന്നജം

അന്നജത്തിൽ നിന്നുണ്ടാകുന്ന പ്രമേഹം തടയാൻ ഗ്ലൈസിമിക് ഇൻഡക്സ് കുറഞ്ഞ അന്നജം വികസിപ്പിക്കാനാണ് തൃശൂർ തൃക്കൂർ സ്വദേശിയായ ഡോ.വേദ കൃഷ്ണൻ ശ്രമിക്കുന്നത്. ഡൽഹി ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയാണ്. യുഎസിലെ പർദ്യു സർവകലാശാലയിലാണ് ഫുൾബ്രൈറ്റ് ഗവേഷണം.

  •  സ്റ്റെം സെൽ തെറപ്പി

തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഗവേഷകയാണ് ഡോ. രമ്യ കൊമ്മേരി. കണ്ണൂർ പള്ളിക്കുളം സ്വദേശി. സ്റ്റെം സെൽ തെറപ്പി വഴി ഹൃദയകോശങ്ങളെ വീണ്ടെടുത്ത് ഹൃദ്രോഗചികിത്സാ രംഗത്തു വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണു ഗവേഷണ ലക്ഷ്യം. പിറ്റ്സ്ബർഗ് സർവകലാശാലയുടെ മക്ഗോവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീജനറേറ്റീവ് മെഡിസിനിൽ ഇനി 2 വർഷം ഗവേഷണം.

  •  ക്വാണ്ടം കംപ്യൂട്ടറുകൾ

ആലപ്പുഴ തലവടി സ്വദേശിയായ ഡോ.ടിജു ചെറിയാൻ ജോൺ ഡൽഹി സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പോസ്റ്റ് ഡോക്ടറൽ ഫെലോയാണ്. മാത്‌സിലാണു ഗവേഷണം. ക്വാണ്ടം കംപ്യൂട്ടറുകളുടെ കാര്യക്ഷമത കൂട്ടാൻ സഹായകരമായ ക്വാണ്ടം ഗോസിയൻ സ്റ്റേറ്റുകളുടെ മാത്തമാറ്റിക്കൽ തിയറിയാണു വിഷയം. സൗത്ത് കാരലീന സർവകലാശാലയിൽ 2 വർഷത്തേക്കാണു ഫെലോഷിപ്.

  •  രോഗ നിർണയത്തിന് 3ഡി ഇമേജിങ്

പാലക്കാട് പെരിങ്ങോട് സ്വദേശിയായ ഡോ.അപർണ നീട്ടിയത്ത് ഐഐടി ധൻബാദിലെ ബയോ എൻജിനീയറിങ് അധ്യാപികയാണ്. ഹാർവഡ് മെഡിക്കൽ സ്കൂളിലാണ് ഫുൾബ്രൈറ്റ് ഗവേഷണം.

അതിവേഗ രോഗനിർണയത്തിനായി 3ഡി ഇമേജിങ് ഫ്ലോ സൈറ്റോമെട്രി സാങ്കേതികവിദ്യ വികസിപ്പിക്കുകയാണു ലക്ഷ്യം.

  •  ഇന്ത്യൻ  സർക്കസ്

സർക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിയാണ് ഡോ. പി.ആർ. നിഷയുടെ സ്വദേശം. ഗവേഷണവും ഇന്ത്യൻ സർക്കസ് തന്നെ. ഒട്ടേറെ രാജ്യാന്തര ഫെലോഷിപ്പുകൾ നേടിയിട്ടുണ്ട്. നിഷയുടെ ‘ജംപോസ് ആൻഡ് ജംപിങ് ഡെവിൾസ്; എ സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യൻ സർക്കസ്’ എന്ന പുസ്തകം ഓക്സഫഡ് സർവകലാശാല പ്രസിദ്ധീകരിച്ചിരുന്നു. യേൽ സർവകലാശാലയിലാണ് പോസ്റ്റ്ഡോക്ടറൽ ഗവേഷണം.

തിരഞ്ഞെടുപ്പു പ്രക്രിയ ഒരു വർഷം

കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ അപേക്ഷാ സമയക്രമം ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഒരു വർഷത്തോളം നീളുന്ന തിരഞ്ഞെടുപ്പു പ്രക്രിയയാണ്. യുഎസ് സർവകലാശാലകളിൽ അധ്യാപകരുമായി മുൻകൂട്ടി ധാരണയിലെത്തുന്നതു നല്ലതാണ്. പഠനം, താമസം, യാത്ര എന്നിവയുടെ ചെലവ്, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയവ ഫെലോഷിപ്പിന്റെ ഭാഗമായി ലഭിക്കും.

വെബ്സൈറ്റ്: www.usief.org.in

English Summary : Career Guru- Fulbright Scholarship 2021 - 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com