തൊട്ടാവാടിയും അഹന്തപ്പൂമ്പാറ്റയും വേണ്ട, സമചിത്തതയാണ് വിജയവാതിലിന്റെ താക്കോൽ

HIGHLIGHTS
  • ചെറുസംഘത്തിലെ അതിസമർഥൻ ഒന്നോർക്കണം, പലേടത്തും ആ സ്ഥാനം കിട്ടില്ലെന്ന്
  • അഹന്തയും സ്വാഭിമാനവും തമ്മിലുള്ള അതിർരേഖ തീരെ നേർത്തത്
b-s-warrior-column-how-to-succeed-in-stress-interviews-article-smiley-photo
Representative Image. Photo Credit : Selenophile / Shutterstock.com
SHARE

അവൻ ഏതു പരീക്ഷയിലും ഒന്നാമൻ. അവനെക്കണ്ടു പഠിക്കാൻ അധ്യാപകർ മറ്റു കുട്ടികളോടു പറയും. ഗ്രാമീണ സ്കൂളാണ്. വീട്ടിലും അവന് സഹോദരങ്ങളെക്കാൾ പ്രാധാന്യം. താൻ‌ തന്നെയാണ് ഏറ്റ‌വും സമർഥൻ എന്ന് അവന് ഉറപ്പായി. അന്യരോടെല്ലാം കറതീർന്ന പുച്ഛം. സ്കൂളിലെ അവസാനപരീക്ഷയിലും ഒന്നാമനായി വിജയിച്ചു.

തുടർന്നു പഠിക്കാൻ നഗരത്തിലെ കോളജിൽ ചേർന്നു. തന്റെ സാമർഥ്യത്തെയും അനന്യവിജയങ്ങളെയും കുറിച്ച് അവൻ സഹപാഠികളോട് നിരന്തരം വിവരിച്ചു. ‘എന്നെ ശ്രദ്ധിക്കുക’ എന്നു വിളംബരം ചെയ്യുംവിധം തലയുയർത്തി നെഞ്ചുവിരിച്ചു നടക്കും; സൂര്യൻ ഉദിക്കുന്നത് താൻ കൂവുന്നതു കേൾക്കാനാണെന്നു കരുതി, അടിവച്ച് അടിവച്ച് കുലുങ്ങിക്കുലുങ്ങി മുന്നോട്ടു നീങ്ങുന്ന പൂവൻകോഴിയെപ്പോലെ. സഹപാഠികൾ പലരും അവനെ പരിഹസിച്ചു. അവൻ അതു പാടേ അവഗണിച്ചു.

അങ്ങനെയിരിക്കെ, ക്ലാസ്ടെസ്റ്റ് നടന്നു. പലർക്കും അവനെക്കാൾ വളരെക്കൂടുതൽ മാർക്ക്. അപ്രതീക്ഷിത ഷോക്ക്. അവനു താങ്ങാനായില്ല. ആകെത്തളർന്നു. ആരുടെയും മുഖത്തു നോക്കാൻ കഴിവില്ലാതായി. പരീക്ഷയിലെ ഉയർന്ന മാർക്കെന്ന അവന്റെ തുറുപ്പുചീട്ട് ആരോ കീറിക്കള‍ഞ്ഞതുപോലെ. തോൽക്കാൻ അവനെ ആരും പഠിപ്പിച്ചിരുന്നില്ല. സഹതാപം തോന്നിയ സഹപാഠികൾ അവനെ ആശ്വസിപ്പിച്ചു. മെല്ലെമെല്ലെ അവൻ കരകയറി. അവന് അതു വലിയ പാഠമായി.

ചെറുസംഘത്തിലെ അതിസമർഥൻ ഒന്നോർക്കണം, പലേടത്തും ആ സ്ഥാനം കിട്ടില്ലെന്ന്. അഹന്തയ്ക്ക് അടിമയായിക്കൂടാ. എവിടെച്ചെന്നാലും ‘മഴവില്ലിൻ നാട്ടിലെ കന്യകൾ ചൂടുന്ന മരതകമാണിക്യമണി’ എന്ന മട്ടിൽ സ്വീകരണം കിട്ടില്ല. 

പഴയ പൂമ്പാറ്റക്കഥ കേട്ടിട്ടില്ലേ? പറന്നുപറന്നു പൂക്കൾതോറും ചെന്നു തേൻ നുകർന്നു രസിച്ചു മദിച്ചു നടന്ന പൂമ്പാറ്റ. ഒരുനാൾ വഴിയിലൊരു കുട്ടിയാനയെക്കണ്ടു. അവന്റെ പുറത്തിരുന്നായി യാത്ര. 

b-s-warrior-column-how-to-succeed-in-stress-interviews-article-photo
Representative Image. Photo Credit : Syda Productions / Shutterstock.com

‘നീയാരാണ് എന്റെ പുറത്തു വന്നിരിക്കാൻ?’

‘നിനക്കെന്നെ അറിയില്ലേ തടിയാപിള്ളേ? അതിലോലമായ വർണ്ണച്ചിറകുള്ള  ചിത്രശലഭം. എന്റെ മനോഹാരിതയിൽ മനുഷ്യരെല്ലാം മതിമയങ്ങുന്നതു നീ കാണുന്നില്ലേ? എന്നോളം ഭാരംകുറഞ്ഞ ആരെങ്കിലുമുണ്ടോ? നിനക്കു നാലു കാലേയുള്ളൂ. എനിക്കു  കാലുകളാറ്. നിനക്കു തുമ്പിക്കൈയുണ്ട്. എനിക്കുമുണ്ട് അതുപോലെയൊന്ന്. ഞാൻ അതുപയോഗിച്ച് അഴകുള്ള പൂവിലെ നറുന്തേൻ നുകരുന്നു. നീ നാറുന്ന തോട്ടിലെ മലിനജലം കുടിക്കുന്നു.’

കുട്ടിയാന സാധുമൃഗം. കേട്ടതെല്ലാം സമ്മതിച്ചു. പൂമ്പാറ്റയെ പരിചയപ്പെട്ടതു ഭാഗ്യമെന്നു പറഞ്ഞു. അപ്പോഴാണ് അതിശക്തമായ കാറ്റു വീശിയത്. ഭാരംകുറഞ്ഞ പൂമ്പാറ്റയ്ക്കു പിടിച്ചുനിൽക്കാനായില്ല. കാറ്റ് അതിനെ പറത്തിയുയർത്തി ചുഴറ്റിയടിച്ചു തറയിലേക്കു കൂപ്പുകുത്തിച്ചു. അതോടെ അതിന്റെ കഥ കഴിഞ്ഞു. എവിടെപ്പോയി ആ വീരവാദങ്ങളെല്ലാം?

ഇതെല്ലാം അഹന്തയുടെ കഥകൾ. അഹന്തയോട് അടുത്തു നിൽക്കും സ്വാഭിമാനം. ഏവർക്കും അവശ്യം വേണ്ട ഗുണം. അഹന്തയും സ്വാഭിമാനവും തമ്മിലുള്ള അതിർരേഖ തീരെ നേർത്തത്. അഹന്തയുടെ ഫലം മിക്കപ്പോഴും വലിയ വീഴ്ച. സ്വാഭിമാനം വിജയത്തിന്റെ ഭാഗവും.

ഇനി, അതിസമർഥനായ യുവാവിന്റെ അനുഭവം. ഉയർന്ന നിലയിൽ പ്രഫഷനൽ കോഴ്സ് ജയിച്ചു. വലിയ കമ്പനിയിലെ എക്സിക്യൂട്ടിവ് ജോലിക്കുള്ള ആദ്യകടമ്പകളെല്ലാം മികവോടെ കടന്നു. എഴുത്തുപരീക്ഷയും ഗ്രൂപ്ചർച്ചയും മുഖാമുഖപരിശോധനയും. ഇനിയുമൊരു ഇന്റർവ്യൂ കൂടിയുണ്ടെന്ന് അറിയിപ്പു കിട്ടി. അയാൾ ചെന്നു. മുറിയിലേക്കു കടന്നപ്പോൾത്തന്നെ ഇന്റർവ്യൂ ബോർഡംഗങ്ങൾ അയാളെ ചൂണ്ടി പൊട്ടിച്ചിരിച്ചു. തനിക്കെന്തോ കുഴപ്പമുണ്ടെന്നു സംശയം.

ഇരിക്കാൻ പറഞ്ഞു. ഇരുന്നു. ‘നിങ്ങളിത്ര സമർഥനായിട്ടും ഈ നക്കാപ്പിച്ച ശമ്പളത്തിനു വരാൻ നാണം തോന്നുന്നില്ലേ?’ അപ്രതീക്ഷിത ചോദ്യത്തിൽ യുവാവു ഞെട്ടി. മറുപടി ആലോചിക്കുമ്പോഴേക്കും മറ്റൊരു ബോർഡ് മെംബർ: ‘നിങ്ങളെ ആരെല്ലാം എവിടെവച്ചെല്ലാം ആക്ഷേപിച്ചിട്ടുണ്ട്?’ ആക്ഷേപമോയെന്നു ചിന്തിക്കുമ്പോഴേക്കും അടുത്ത ചോദ്യം, ‘നിങ്ങളെന്താ മലമറിച്ച് ഈ കമ്പനി നന്നാക്കിക്കളയാമെന്നു കരുതി വന്നിരിക്കുകയാണോ?’ തെരുതെരെ ചോദ്യങ്ങൾ. ടെലിവിഷൻ ക്വിസിലെ റാപിഡ്ഫയർ പോലെ. ശരവർഷം തുടർന്നു. ‘ഈ പരീക്ഷാബിരുദംകൊണ്ട് ഇവിടെ എന്തു ചുക്കാ നിങ്ങൾ ചെയ്യാൻ പോകുന്നത്?’

യുവാവിനു സഹികെട്ടു. തന്റെ സ്വാഭിമാനത്തെ  ഇന്റർവ്യൂബോർഡ് തകർക്കുകയാണെന്നു തോന്നി. ‘ജോലിയില്ലെങ്കിൽ വേണ്ടാ. ആരും  എന്നെ അപമാനിക്കാൻ ശ്രമിക്കേണ്ട.’ യൂവാവ് പൊട്ടിത്തെറിച്ചു. ഇതുകണ്ട് ബോർഡംഗങ്ങൾ പൊട്ടിച്ചിരിച്ചു. തുടർന്ന്, അവർ കാര്യങ്ങൾ സൗമ്യമായിപ്പറഞ്ഞ് യുവാവിനെ ബോധ്യപ്പെടുത്തി.

b-s-warrior-column-how-to-succeed-in-stress-interviews-article-image
Representative Image. Photo Credit : tsyhun / Shutterstock.com

‘നോക്കൂ, നമ്മുടേത് വലിയ കമ്പനിയാണ്. മാർക്കറ്റിങ്ങിലാണ് നിങ്ങൾ ജോലി ചെയ്യാൻ പോകുന്നത്. ഉപഭോക്താക്കൾ ചിലപ്പോൾ പഴിക്കും. വാക്കുകൊണ്ട് തൊഴിക്കും. നമ്മോടു മത്സരിക്കുന്ന കമ്പനികളുടെ ഉല്പന്നങ്ങളുടെ ഗുണമേന്മ പ്രകീർത്തിച്ച് നിങ്ങളെ ആക്ഷേപിക്കും. വാക്കുകൊണ്ടുള്ള ആക്രമണം ഉണ്ടാകാം. അത്തരം കല്ലേറുകളെ പുഞ്ചിരിയുടെ ജാലവിദ്യകൊണ്ട് പൂമ‌ഴയായി മാറ്റണം. കുലുങ്ങരുതു നിങ്ങൾ. അത്തരം സാഹചര്യങ്ങളെ നിങ്ങൾ എങ്ങനെ നേരിടുമെന്ന് പരിശോധിക്കുകയായിരുന്നു. തനി റിഹേഴ്സൽ. അപമാനിക്കുകയെന്ന ചിന്തയേ ഈ അഗ്നിപരീക്ഷയിലില്ല. സ്ട്രെസ് ഇന്റർവ്യൂ രീതി മനസ്സിലാക്കിയിരുന്നില്ലാത്തതുകൊണ്ടാണ് നിങ്ങൾ തെറ്റിദ്ധരിച്ചത്. നിങ്ങളെ ഞങ്ങൾ നിയമിക്കുകയാണ്. ഇക്കാര്യങ്ങളും മനസ്സിൽവച്ച് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുക.’

താൻ കഥയറിയാതെ ആട്ടം കാണുകയായിരുന്നെന്നു തിരിച്ചറിഞ്ഞ യുവാവ് പുഞ്ചിരിയോടെ ചുമതലയേൽക്കാനൊരുങ്ങി. അക്ഷോഭ്യനായിരിക്കുന്നതിന്റെ പ്രസക്തി മനസ്സിലാക്കി.

‘അക്ഷോഭ്യനായിഗ്ഗംഗതന്നിലെ ഹ്രദംപോലെ‌‌

രക്ഷിച്ചു ധർമ്മത്തെയും വാണീടുന്നവൻ വിദ്വാൻ’

‘ഗംഗാനദിയിലെ കയംപോലെ  അക്ഷോഭ്യനായി സ്വധർമ്മം പാലിച്ചു കഴിയുന്നയാളാണ് വിദ്വാൻ’ എന്ന് വിവേകത്തിന്റെ ആൾരൂപമായ വിദുരർ (വിദുരവാക്യം, ഉദ്യോഗപർവം, ശ്രീമഹാഭാരതം, എഴുത്തച്ഛൻ).

രാഷ്ട്രീയക്കാരിലുമുണ്ട് പഠിക്കാൻ പലതും. മന്ത്രിയായിപ്പോയാൽ നിത്യവും ആക്ഷേപം കേൾക്കേണ്ടിവരും. എന്തെങ്കിലും കാരണം കണ്ടുപിടിച്ച് ‘രാജിവയ്്ക്കണം, രാജിവയ്്ക്കണം’ എന്ന ആവശ്യം നിരന്തരം നിരത്തുന്നവർ കാണും. അത് അനുസരിക്കാൻ പോയാൽ, രണ്ടു ദിവസംപോലും അധികാരത്തിലിരിക്കാൻ കഴിയില്ല. പിടിച്ചുനിൽക്കാൻ പല അവശ്യഗുണങ്ങളും വേണം. കൂട്ടത്തിൽ കാണ്ടാമൃഗത്തിന്റെ നേരിയ അംശവും.

‘മനുഷ്യന്റെ അനാവശ്യത്തിരക്കിനും അക്ഷമയ്ക്കും നേർവിപരീതമാണ് പ്രകൃതിയുടെ ശാന്തത. തൊട്ടടുത്ത് ഏതോ പ്രതിസന്ധിയുണ്ടെന്ന മട്ടാണ് മനുഷ്യന്. പ്രകൃതി എപ്പോഴും നിശ്ശബ്ദയും വിനയവതിയും’ എന്ന് ബഹുമുഖപ്രതിഭയായ ഹെൻറി ഡേവിഡ് തോറാ (1817–1862). അത്യാഹിതത്തിനുള്ള ഔഷധമാണ് സമചിത്തതയെന്ന് ലാറ്റിൻ എഴുത്തുകാരൻ പബിളിയസ് സീറസ് (ബിസി 85–43). 

യോഗസൂത്രകർത്താവായ പതഞ്ജലി നിർദ്ദേശിക്കുന്നതിങ്ങനെ : ‘സന്തുഷ്ടരോടു സന്തോഷം, ദുഃഖിതരോട് അനുകമ്പ, ദുഷ്ടരോട് സമചിത്തത.’ ‘ഏതു സന്തുഷ്ടജീവിതത്തിലും കാണും തെല്ല് കൂരിരുട്ട്. ദുഃഖംകൊണ്ട് സന്തുലിതമല്ലെങ്കിൽ, സന്തോഷമെന്ന വാക്കിന് അർത്ഥംതന്നെ നഷ്ടമാവും. കാര്യങ്ങൾ വരുംപോലെ വരട്ടെ. അവയെ ക്ഷമയോടും സമചിത്തതയോടും നേരിടാം’ എന്ന് മനോരോഗചികിത്സകനായ കാൾ യങ് (1875 – 1961).

എതിർവാക്കു കേട്ടാലുടൻ തളർന്നുപോകുന്ന തൊട്ടാവാടിയാകരുത് നാം.

English Summary : B.S. Warrior Column - How to succeed in stress interviews

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA