ADVERTISEMENT

കായികമത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യം തീർത്തും കുറ്റമറ്റതായേ പറ്റൂ. ഇത് ഉറപ്പാക്കുന്നതിൽ ഫലപ്രദമായ പോഷകാഹാരനിയന്ത്രണത്തിനു ഗണ്യമായ പങ്കുണ്ട്. ഇക്കാര്യം മുൻനിർത്തി, കേന്ദ്ര യുവജനകാര്യ–സ്പോർട്സ് മന്ത്രാലയവും ന്യൂട്രീഷ്യൻ പരിശീലനരംഗത്തെ ശ്രേഷ്‌ഠ സ്‌ഥാപനമായ ഹൈദരാബാദ് എൻഐഎന്നും കൈകോർത്ത് ‘സ്പോർട്സ് ന്യൂട്രീഷ്യൻ എംഎസ്‌സി’ പ്രോഗ്രാം നടത്തുന്നു. National Institute of Nutrition National Institute of Nutrition, Hyderabad. ബിരുദം നൽകുന്നത് ഓസ്മാനിയ സർവകലാശാല. 50% എങ്കിലും മാർക്കോടെ എംബിബിഎസ് അഥവാ ഡെന്റൽ/ആയുർവേദ/ഫിസിയോതെറപ്പി/മെഡിക്കൽ–അനുബന്ധ/ലൈഫ് സയൻസ്/ന്യൂട്രീഷ്യൻ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 

 

ചുമതലകളേറെ

രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങൾക്കു വരെ ഉപദേശം നൽകുക, സ്പോർട്സ് അക്കാദമികളിലും ജിംനേഷ്യങ്ങളിലും ഉൾപ്പെടെ പോഷകാഹാര സംബന്ധമായ ആസൂത്രണവും തുടർനടപടികളും കൈക്കൊള്ളുക മുതലായ ചുമതല വഹിക്കാൻ ഈ യോഗ്യത നേടിയവർക്ക് അവസരം ലഭിക്കും. പല സ്വകാര്യ സ്ഥാപനങ്ങളും സ്പോർട്സ് ന്യൂട്രീഷ്യനിൽ ഹ്രസ്വകാല പരിശീലനവും ഓൺലൈൻ കോഴ്സുകളും നടത്തുന്നുണ്ട്. 

 

സ്പോർട്സ് മസാജ്

കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പേശികൾ, സ്നായുക്കൾ, ഞരമ്പുകൾ, അസ്ഥിബന്ധങ്ങൾ, ത്വക്ക് മുതലായവ ഏറ്റവും മെച്ചപ്പെട്ടതാക്കി നിലനിർത്താനുള്ള മസാജാണിത്. തടവൽ, തിരുമ്മൽ, ഉഴിയൽ മുതലായവ ഇതിൽപ്പെടും. അത്‌ലറ്റിക്സിൽ പങ്കെടുക്കുന്നവർക്ക് ഇതു വിശേഷിച്ചും ഗുണകരം. പ്രീ–ഇവന്റ്, പോസ്റ്റ്–ഇവന്റ്, മെയിന്റനൻസ് എന്നു 3 ഘട്ടങ്ങളായി ഇതു വിഭജിച്ചിട്ടുണ്ട്. പരിക്കുകൾ തടയാനുള്ള പ്രതിരോധശൈലികളുമുണ്ട്.

ഓരോ കളിയിലും പരമാവധി പ്രവർത്തനക്ഷമത വേണ്ട പേശികൾ തിരിച്ചറിഞ്ഞ് അവയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. പേശികളുടെ വഴക്കം മെച്ചപ്പെടുത്തുന്നത് അത്‌ലീറ്റുകളുടെ ആവശ്യമാണ്. അസ്ഥിയിലോ തരുണാസ്ഥിയിലോ അല്ല, മൃദുവായ ശരീരകലകളിലാണു മസാജിന്റെ ഊന്നൽ. ശരീരക്ഷമതയ്ക്കുള്ള നമ്മുടെ കളരിയിലെപ്രവർത്തനങ്ങൾക്ക് ഇതുമായി ബന്ധമുണ്ട്.

തിരുവനന്തപുരം എൽഎൻസിപിഇയിൽ സയൻസ് പ്ലസ് ടുക്കാർക്ക് 6 മാസത്തെ പരിശീലനവും 6 മാസത്തെ ഇന്റേൺഷിപ്പുമടങ്ങുന്ന സ്പോർട്സ് മസാജ് പ്രോഗ്രാം ‘സായി’ അനുവദിച്ചിട്ടുണ്ടെങ്കിലും അതിപ്പോൾ നടത്തുന്നില്ല. ചെന്നൈ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷനിൽ പ്ലസ് ടുക്കാർക്കു 3 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോർട്സ് മെഡിസിൻ ഉണ്ട്. ചില സ്വകാര്യ സ്ഥാപനങ്ങൾ ഈ രംഗത്തു സേവനമനുഷ്ഠിക്കുന്നു.

 

ഫിസിക്കൽ എജ്യുക്കേഷനിൽ വേറെയും സൗകര്യങ്ങൾ    

 

∙കാലിക്കറ്റ് സർവകലാശാല: ബിപിഎഡ് (ബിരുദം കഴിഞ്ഞ് 2 വർഷം), ഇന്റഗ്രേറ്റഡ് ബിപിഎഡ് (12 കഴിഞ്ഞ് 4 വർഷം), എംപിഎഡ്. 

∙ഗവ. കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ: ബിപിഎഡ്, എംപിഎഡ്. 

∙കണ്ണൂർ സർവകലാശാല: ബിപിഎഡ്, എംപിഎഡ്, എംഫിൽ. 

∙എംജി സർവകലാശാല,‌ കോട്ടയം: എംപിഎഡ്. 

∙ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട: ബിപിഎഡ്. 

∙സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ & റിസർച്, അറക്കുളം, ഇടുക്കി: പ്ലസ് ടു കഴിഞ്ഞവർക്ക് 4 വർഷ ബിപിഇഎസ്, ബിരുദം കഴിഞ്ഞവർക്കു 2 വർഷ ബിപിഎഡ് (സി) ബിപിഇഎസ് അഥവാ ബിപിഇഎസ് ഉള്ളവർക്കു 2 വർഷ എംപിഎഡ്. 

English Summary: Career Scope Of Physical Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com