തോൽക്കാനല്ല, ജയിക്കാനുള്ള വഴികളാണു തേടേണ്ടത്, നാളെ നിങ്ങളുടെ ദിവസവും വരും

HIGHLIGHTS
  • മനുഷ്യന്റെ വ്യക്തിത്വത്തിനു മൂന്ന് അടുക്കുകളുണ്ട്– ശരീരം, മനസ്സ്, വിവേകം
  • സംഘർഷം നിറയുമ്പോൾ ആരോടെങ്കിലും അതു തുറന്നുപറയുക
magic-lamp-column-by-magician-gopinath-muthukadu
Representative Image. Photo Credit : Gutesa / Shutterstock.com
SHARE

വലിയ പരീക്ഷകൾക്കു തയാറെടുക്കുകയാവും, തൊഴിൽ വീഥിയുടെയും കോംപറ്റീഷൻ വിന്നറിന്റെയും വായനക്കാരെന്നറിയാം. മാസങ്ങളോ വർഷങ്ങളോ നീണ്ട തയാറെടുപ്പുകൾക്കു ശേഷം സ്വപ്ന ജോലിക്കായുള്ള വാതിലിനടുത്തെത്തുമ്പോൾ പലരിലും ഉയരുന്നുണ്ടാവാം, വിവരിക്കാനാവാത്തൊരു ആശങ്കയും സംഘർഷവുമൊക്കെ. സ്വാഭാവികമാണത്.

ആയിരക്കണക്കിനു വേദികളിൽ ജാലവിദ്യ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നാളെ പുതിയൊരു വേദിയിൽ കയറുംമുൻപ് എനിക്കുമുണ്ടാകും, അത്തരമൊരു നേരിയ വിറയൽ. പക്ഷേ, പണ്ടത്തെപ്പോലുള്ള ആശങ്ക ഇപ്പോൾ എനിക്കില്ല. അനുഭവസമ്പത്തും ആത്മവിശ്വാസവും മാത്രമല്ല കാരണം. നമ്മുടെ വിചാരങ്ങളെ വിവേകത്തിലേക്കു സമന്വയിപ്പിച്ചുകൊണ്ടുള്ള ആത്മനിയന്ത്രണവും ചേരുമ്പോഴേ ഈ സാഹചര്യത്തിലേക്കെത്തൂ. പരീക്ഷകളെ നേരിടാൻ പോകുന്നവർക്കും ഇതു ബാധകമാണ്.

പരാജയത്തിന് ഇരുട്ടിലേക്കുള്ള ഒരൊറ്റ വഴിയേ ഉള്ളൂ. എന്നാൽ, വിജയത്തിനു പല വഴികളുണ്ട്–ഇക്കാര്യം എപ്പോഴും മനസ്സിലുണ്ടാകണം. നമുക്കു ചുറ്റുമുള്ള സാധ്യതകളുടെ വെറും രണ്ടു ശതമാനം മാത്രമേ നമുക്കു കൂടുതലായി കാണാൻ സാധിക്കുന്നുള്ളൂ എന്നാണു ശാസ്ത്രപഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. അതായത് ബാക്കി 98 വാതിലുകൾ നമുക്കു ചുറ്റും തുറക്കാൻ തയാറായി നിൽക്കുന്നുണ്ട്. പക്ഷേ, നമ്മൾ അതിന്റെ അരികിലേക്കുപോലും പോകാതെ നമ്മുടെ വാതിലിലൂടെ മാത്രം പുറത്തേക്കു കടക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ആ വാതിലുകൾ തുറക്കാതെ വരുമ്പോൾ ആ ഇരുട്ടിൽപ്പെട്ടു നാം നിരാശരാകുന്നു. ആ നിരാശ, മറ്റു വഴികൾ തേടാനുള്ള കഴിവിനെപ്പോലും ഇല്ലാതാക്കുന്നു.

magic-lamp-column-by-magician-gopinath-muthukadu1
Representative Image. Photo Credit : AJP / Shutterstock.com

മനുഷ്യന്റെ വ്യക്തിത്വത്തിനു മൂന്ന് അടുക്കുകളുണ്ട്–ശരീരം, മനസ്സ്, വിവേകം. ശരീരത്തിന് അതിന്റേതായ ആസക്തികളും ആകർഷണങ്ങളും ആവശ്യങ്ങളുമുണ്ട്. മനസ്സിനാകട്ടെ കാമനകളും വികാരങ്ങളുമാണുള്ളത്. മൂന്നാമത്തെ അടുക്കായ വിവേകം സമൂഹത്തിന്റെ നിയമങ്ങളെയും മറ്റുള്ളവരുടെ കണ്ണിലൂടെ നമ്മെ കാണുന്ന ചിന്തകളെയുമൊക്കെ പരിഗണിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ ഏറ്റെടുക്കുന്നുമുണ്ട്. അതായത്, ശരീരത്തിന് ഒരു കാര്യം ആവശ്യമുണ്ട്. എന്നാൽ, മനസ്സ് മറ്റൊന്നാണ് ആഗ്രഹിക്കുന്നത്. വിവേകം വേറൊന്നു നിർദേശിക്കുകയും ചെയ്യുന്നു. ഈ മൂന്നു പേർ തമ്മിലുള്ള സംഘർഷം നമ്മിൽ അസ്വസ്ഥതയുണ്ടാക്കുന്നു.

ഈ മൂന്ന് അടുക്കുകളെയും ഒരേ നേർരേഖയിൽ കൊണ്ടുവരുമ്പോഴാണു സംഘർഷം കുറയുന്നതും വിജയത്തിന്റെ വാതിലുകൾ തുറക്കുന്നതും. അതിനുള്ള തീവ്രശ്രമം നമ്മളിൽനിന്നു തന്നെ ഉണ്ടാകണം. അതായത്, ശരീരത്തിന്റെ ആവശ്യങ്ങളെയും മനസ്സിന്റെ വികാരങ്ങളെയും വിവേകത്തിന്റെ ബോധത്തെയും ഒരു പരിധി വരെയെങ്കിലും നിയന്ത്രിക്കാൻ നമുക്കു കഴിയണം. ഉണർവും ശാന്തതയും കിട്ടുന്ന അന്തരീക്ഷങ്ങളാണ് അതിന് ഏറ്റവും അനുയോജ്യം.

നല്ല വായന, തുറന്നു സംസാരിക്കാൻ കഴിയുന്ന കുടുംബാംഗങ്ങളും കൂട്ടുകാരും, ശാരീരികവ്യായാമങ്ങൾ എന്നിവയൊക്കെ ഈ സാഹചര്യം എളുപ്പത്തിൽ നേടിത്തരും. ഏതു സംഘർഷത്തെയും കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക എന്നതാണു പരമപ്രധാനം. പരീക്ഷകളെ നേരിടാൻ പോകുന്നവർക്ക് ഇത് ഏറെ നിർണായകമാണ്. ഏതു കോൺക്രീറ്റ് ഡാമിലും വെള്ളം നിറഞ്ഞുകവിയാറാകുമ്പോൾ തുറന്നു വിട്ടില്ലെങ്കിൽ ചില ഘട്ടങ്ങളിൽ തകർന്നുപോകും.

ജീവിക്കാൻ പല വഴികളുണ്ട്. ഏതെങ്കിലും ഒരു വാതിൽ നമ്മെ വെളിച്ചത്തിലേക്കു നയിക്കുമെന്ന് ഉറപ്പാണ്. മനസ്സിൽ സംഘർഷമുണ്ടാകാനുള്ള സാധ്യതകൾ അവരവർ തന്നെ ഒഴിവാക്കുക. സംഘർഷം നിറയുമ്പോൾ ആരോടെങ്കിലും അതു തുറന്നുപറയുക. നമുക്ക് തോൽക്കാനല്ല, ജയിക്കാനുള്ള വഴികളാണു തേടേണ്ടത്. നാളെ നിങ്ങളുടെ ദിവസവും വരുമെന്ന് ഉറപ്പിച്ചുകൊള്ളൂ.

English Summary : Success tips column by magician Gopinath Muthukadu

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA